ലൈംഗീക വിദ്യാഭ്യാസം എന്ത് ?വേദിക ടീച്ചർ പറയൂ കൗൺസിലറുടെ ചോദ്യം കേട്ട് ടീച്ചറുടെ മുഖം നാണം കൊണ്ട് ചുമന്നു അത് പോലെ പല ടീച്ചറുമാരും

EDITOR

ലൈംഗീക വിദ്യാഭ്യാസം എന്നാലെന്താണ് വേദിക ടീച്ചർ പറയൂ. Education കൗൺസിലറുടെ ചോദ്യം പെട്ടെന്ന് വന്നു ടീച്ചറുടെ മുഖം നാണം കൊണ്ട് ചുമന്നു, മുഖം കുനിച്ചു, കണ്ണുകൾ താഴേക്ക് പതിച്ചു. അടുത്ത് നിന്ന ടീച്ചറുടെ കൈകളിൽ തോണ്ടി പിറു പിറുത്തു ടീച്ചറെ ടീച്ചര് പറ ടീച്ചർ പറ.വേദിക ടീച്ചറോടാണ് ചോദിച്ചത്. ടീച്ചർ പറയൂ. ടീച്ചറുടെ ചുണ്ടുകൾ വിറയ്ക്കുന്നു, വിയർക്കുന്നു. അത് അത്, എനിക്ക് നാണമാ പറയാൻ. എന്നോട് പറയാൻ പറയല്ലേ.ഉം കൗൺസിലർ ഒന്ന് മൂളി.ആരാധ്യ ടീച്ചർ പറയൂ ടീച്ചർക്ക് വെള്ളിടി വെട്ടിയ പോലെ തോന്നി. മുഖം വിളറി വെളുത്തു. എങ്കിലും ടീച്ചർ പറഞ്ഞൊപ്പിച്ചു. അത്, സ്ത്രീയും പുരുഷനും ബന്ധപ്പെടുന്ന രീതി പഠിപ്പിക്കുക.ബാലു മാഷ് പറ.കല്ല്യാണം കഴിഞ്ഞതിനു ശേഷം മാത്രമേ സെക്സ് ചെയ്യാവൂ. അത് പഠിപ്പിക്കണം സർ.ഉത്തരം കേട്ടതും കൗൺസിലർ സീറ്റിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് ചോദിച്ചു ഇതാണോ ലൈംഗീക വിദ്യാഭ്യാസം?

ടീച്ചിംഗ് സ്റ്റാഫ് ഒന്നും മിണ്ടാതെ നിന്നു.ആദ്യം നിങ്ങൾക്ക് വേണം നല്ല ഒന്നാം തരം ക്ലാസ്സ്. ( എല്ലാവരെയും ഉദ്ദേശിച്ചല്ല, ചില ടീച്ചർമാർ പ്രൊഫെഷണൽ ആണ്) ലൈംഗീകത എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് കിടപ്പറയിൽ ഇരുട്ടത്ത് തപ്പി തടഞ്ഞ് ബന്ധപ്പെടുന്ന രീതി പഠിപ്പിക്കൽ ആണെന്നാണ് നിങ്ങളിൽ മിക്കവരുടെയും ചിന്ത. ഇനി അഥവാ അങ്ങനെ അല്ലെങ്കിൽ തന്നെ സെക്സ് എന്ന വാക്ക് തന്നെ പറയാൻ നാണം, ശങ്ക, വിറയൽ, കാലിന് പെരുപ്പ് തുടങ്ങിയവ.സ്കൂളിൽ ഒരാങ്കുട്ടിയും, പെൺകുട്ടിയും ഒരുമിച്ച് നടന്നാൽ, മിണ്ടിയാൽ ആട്ടി പായിക്കുന്ന പാരമ്പര്യ മനോഭാവം മാറ്റണം. ഇന്നും എത്രയോ സ്കൂളുകളിൽ ഇത്തരം ടീച്ചർമാരുണ്ട്. ഇങ്ങനെ ഇടുങ്ങിയ ചിന്ത കൊണ്ട് പഠിപ്പിക്കാൻ പോയാൽ കുട്ടികൾ പഞ്ഞിക്കിടും, കാരണം ഇന്നത്തെ കുട്ടികൾക്ക് എങ്ങനെ സെ ക്സ് ചെയ്യണം എന്നൊന്നും ആരും പഠിപ്പിച്ച് കൊടുക്കണ്ട. അവർക്ക് വേണ്ടത് സെക്സിൻ്റെ ശാസ്ത്രീയ, സാമൂഹിക, കുടുംബ, വ്യക്തിപരമായ വശമാണ്.

18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ/ആൺകുട്ടികൾ മുതിർന്ന വ്യക്തികളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് നിയമ വ്യവസ്ഥ അറിഞ്ഞാൽ മുതിർന്നവർ ജെയിലിൽ പോകേണ്ടി വരുമെന്ന നിയമ ബോധം ആൺകുട്ടിക്കും പെൺകുട്ടിക്കും വേണം. 18 ന് മുൻപ് സെ ക്സ് ചെയ്താൽ ഉണ്ടാവുന്ന എല്ലാ നിയമ വ്യവസ്ഥകളും, പോക്സോ അറിവുകൾ, അബോർഷൻ മെഡിക്കൽ സയൻസിൻ്റെ അടിസ്ഥാനത്തിൽ, അതിൻ്റെ പ്രശ്നങ്ങളും, നടപടികളും, പരിഹാരവും.വ്യക്തി സ്വാതന്ത്യം, ലൈംഗീക സ്വാതന്ത്ര്യം, കുഞ്ഞി കുട്ടികൾക്ക് ഗുഡ് ടച്ച് ബാഡ് ടച്ച്, നിർബന്ധിത ലൈം ഗീക പ്രേരണ ഉണ്ടായാൽ പ്രതികരിക്കാനുള്ള ശേഷി വളർത്തുക, ആരോട് പറയണം, എന്ത് പറയണം എന്ന അവബോധം ഉണ്ടാക്കിയെടുക്കുക.ഗർഭ ധാരണം, ആദ്യ ആർത്തവം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്. സ്ത്രീ ശരീരത്തെക്കുറിച്ച് ആൺകുട്ടികൾക്കും ആൺ ശരീരത്തെ കുറിച്ച് പെൺകുട്ടികൾക്കും അവരവരുടെ ശരീരത്തെ കുറിച്ച് അവരവർക്കും വ്യക്തമായ ധാരണ ഉണ്ടാക്കി കൊടുക്കുക.

ഒരു സ്ത്രീ എങ്ങനെ ഗർഭം ധരിക്കുന്നു അതിൻ്റെ ശാരീരിക മാനസ്സിക ശാസ്ത്രീയ തലങ്ങൾ വ്യക്തമായി പഠിപ്പിക്കണം. അല്ലാതെ തവിട് കൊടുത്ത് വാങ്ങി ഇഞ്ചക്ഷൻ വെച്ചപോൾ ഉണ്ടായി ആകാശത്ത് നിന്ന് വന്നു എന്നൊക്കെയുള്ള ബാലിശ പരിപാടികൾ നിർത്തണം.പ്രേമം ഇഷ്ടം തുടങ്ങിയവ പറയാനും പ്രകടിപ്പിക്കാനും ആർക്കും അവകാശമുണ്ട്. എന്നാല് വിവേകത്തോടെ അവ കൈകാര്യം ചെയ്യാനുള്ള പക്വത ഉണ്ടാക്കി കൊടുക്കണം. ഇഷ്ടം നിരസിച്ചാൽ ഉണ്ടാവുന്ന പ്രതികാര മനസ്സ് തുടങ്ങിയ കാര്യങ്ങൾക്ക് മനശാസ്ത്രപരമായ ക്ലാസ്സുകൾ കൊടുത്ത് നിങ്ങളുടെ ഇഷ്ടത്തെ ഒരാൾക്ക് സ്വീകരിക്കാനും അവഗണിക്കാനും അവകാശമുണ്ടെന്ന അവബോധം കൊണ്ട് സൃഷ്ടിച്ചെടുക്കണം.

വികല ലൈംഗീകപരമായ എന്തെങ്കിലും സ്പർശനം നോട്ടം വർത്തമാനം,അശ്ലീല സന്ദേശം അയയ്ക്കുക വീഡിയോ അയക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് നേരിടേണ്ടി വന്നാൽ ധൈര്യ പൂർവ്വം അത് മാതാപിതാക്കളോടും അല്ലെങ്കിൽ ഇഷ്ടം തോന്നുന്ന സ്കൂൾ ടീച്ചർമാരോടും പറയണം. ഇനി സ്കൂൾ ടീച്ചർമാരിൽ നിന്ന് അത്തരം പ്രവൃത്തികൾ ഉണ്ടായാൽ പേടിച്ചിട്ട് പറയത്തിരിക്കരുത് എന്ന മാനസിക ബലവും ഉണ്ടാക്കിയെടുക്കണം. (ചില സ്കൂളുകളിൽ പീഡനം നടന്ന വാർത്തകൾ കേട്ടിട്ടുണ്ട്)എല്ലാത്തിലും ഉപരി ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ബഹുമാനിക്കാൻ പഠിക്കണം. പരസ്പരം സൗഹൃദം കൂടണം, മിണ്ടാനും, ഒരുമിച്ച് കളിക്കാനും പ്രോത്സാഹിപ്പിക്കണം. സ്കൂളിൽ കളികൾക്ക് ആൺകുട്ടിയെ പെൺകുട്ടിയെ വേർ തിരിക്കരുത്. ഒരുമിച്ച് ഇരുന്ന് ആഹാരം കഴിക്കട്ടെ, വർത്തമാനം പറയട്ടെ, തമാശകൾ പറയട്ടെ, അങ്ങനെ രണ്ടും തൊട്ട് കൂടായ്ക പാലിക്കേണ്ടവർ അല്ലെന്ന് സ്വയം മനസ്സിലാവാട്ടെ. സ്ക്കൂൾ ബസിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കട്ടെ തുടങ്ങി ഒരുപാട് വിഷയങ്ങൾ പഠിപ്പിക്കാൻ ഉണ്ട്. ഇതിൽ വിട്ടത് നിങൾ എഴുതിയാൽ എനിക്കും ചിലർക്കും അറിവ് കിട്ടും.
ജെപി