വലിയ ടൈൽ ഷോപ്പ് മുതലാളിയുടെ മകൻ മറ്റൊരിടത്തു മാർക്കറ്റിങ് ജോലി ചെയ്യുന്നു കാരണം അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു

EDITOR

ഈ ചിത്രത്തിൽ ഉള്ളത് ഒരു ഫാക്ടറി ആയിരുന്നു.. ഒരു സമയത്ത് ഇവിടെ നിന്ന് പിവിസി പൈപ്പുകൾ കയ്യറ്റി കൊണ്ട് ഒരുപാട് ലോറികൾ പല നാടുകളിലേക്ക് പോയിരുന്നു.സംഭവം ഏതാണ്ട് ഒരു പത്തിരുപതു വർഷം മുൻപ് എന്റെ അങ്കിൾ തുടങ്ങിയതാണ്.എട്ട് പത്തു ജീവനക്കാരും ഒക്കെ അന്ന് ഇവിടെ ഉണ്ടായിരുന്നു. എന്നാൽ അധികം നാൾ ഈ കമ്പനി ഓടിയില്ല.. ഒരുപാട് ലോണും മറ്റും എടുത്താണ് ഇത് ആരംഭിച്ചത്.അതിന് ഒപ്പിച്ചുള്ള വരുമാനം ലഭിക്കാതെ വന്നപ്പോൾ പതിയെ അടച്ചു പൂട്ടേണ്ടി വന്നു.ഇതൊക്കെ കണ്ടാണ് ഞാൻ വളർന്നു വന്നതു.. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് എപ്പോൾ പറഞ്ഞാലും ഈ കഥ എന്റെ വീട്ടുകാർ ഓർമ്മിപ്പിക്കും. നിന്റെ അങ്കിൾ എന്തോരം കഴിവുള്ള മനുഷ്യനാ അങ്ങേര് നോക്കിയിട്ട് നടന്നില്ല പിന്നെയാണോ നീ.എന്നൊരു ചോദ്യവും ചോദിക്കും..
വർഷങ്ങൾ കഴിഞ്ഞു ഞാൻ വളർന്നു വലുതായി.

അപ്പോൾ മറ്റൊരു കാഴ്ച്ച എനിക്ക് കാണാൻ കഴിഞ്ഞു.എന്റെ മറ്റൊരു അങ്കിളിന്റെ മകൻ പഠിത്തം ഒക്കെ കഴിഞ്ഞു ഒരു ടൈൽസ് കമ്പനിയിൽ മാർക്കറ്റിങ് ജോലിക്ക് കയറി. ആ അങ്കിളിനു ഒരു ടൈൽസ് ഷോപ്പ് ആണ് ഉള്ളത്.ഇനി ഇവന് ബിസിനസ് ആണ് താല്പര്യം എങ്കിൽ ആ കട നോക്കി നടത്തിയാൽ പോരേ.കാരണം അവൻ തന്നെ ജോലിയുടെ കഷ്ടപ്പാടുകൾ എന്നോട് പറയുമായിരുന്നു.വെയിലും മഴയും കൊണ്ട് ജില്ലകൾ തോറും കടകൾ കയറിയിറങ്ങി വേണം ഓർഡർ പിടിക്കാൻ അത്യാവശ്യം നല്ല കഷ്ടപ്പാട് ഉണ്ട്.അങ്ങനെ രണ്ടു മൂന്നു വർഷം കടന്നുപോയി അവന്റെ അനിയനും ഇതുപോലെ തന്നെ ചെയ്തു.പിന്നെ ഞാൻ കാണുന്നത് ഇവർ രണ്ടാളും കൂടെ ടൈൽസ് ന്റെ wholesale ബിസിനസ് സ്വന്തമായി ആരംഭിക്കുന്നതാണ് അപ്പോൾ വെറുതെ ആയിരുന്നില്ല ഇത്രയും നാൾ കഷ്ടപ്പെട്ട് കറങ്ങി നടന്നത് ഈ രണ്ടുമൂന്നു വർഷം കൊണ്ട് മധ്യ കേരളത്തിലെ ഒട്ടുമിക്ക ടൈൽസ് കടകളുമായി ഇവൻ പരിചയം ഉണ്ടാക്കി എടുക്കുക ആയിരുന്നു.പോരാത്തതിന് ടൈൽസ് ന്റെ ബിസിനസ് നന്നായി മനസിലാക്കാനും കഴിഞ്ഞിട്ടുണ്ടാകും.

സംഭവം കൊള്ളാമല്ലോ ഒരു സുപ്രഭാതത്തിൽ ബിസിനസ് ആയിട്ട് ഇറങ്ങുക അല്ല ഇവർ ചെയ്തത് കുറച്ചു വർഷങ്ങൾ മറ്റൊരു രീതിയിൽ വിയർപ്പ് ഒഴുക്കിയതിനു ശേഷം അതിനെ വഴി തിരിച്ചു തങ്ങൾക്ക് അനുകൂലമാക്കി കൊണ്ടുവന്നിരിക്കുന്നു.
ഇനി കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഇവർ ഒരു ഫാക്ടറി തുടങ്ങിയാലും അത്ഭുതപ്പെടാനില്ല.തുടർന്ന് ഞാൻ അങ്കിളിന്റെ പഴയ പൈപ്പ് കമ്പനി ഈ രീതിയിൽ ഒന്ന് ആലോചിച്ചു നോക്കി ഏതാനും വർഷം മാർക്കറ്റിങ് ജോലി ചെയുന്നു.തുടർന്ന് wholesale അല്ലെങ്കിൽ സ്വന്തം ബ്രാൻഡിൽ മറ്റ് ഏതെങ്കിലും ഫാക്ട്ടറിയിൽ നിന്ന് പൈപ്പ് ഉണ്ടാക്കിപ്പിച്ചു അത് സ്വന്തം നിലയിൽ വിൽക്കുന്നു.ഇങ്ങനെ ഒക്കെ ചെയ്യാൻ ബാങ്ക് ലോൺ ഒന്നും വേണ്ടിവരില്ല അല്ലെങ്കിൽ തീരെ കുറച്ചു മതിയാകും ഇനി ബിസിനസ് കുറഞ്ഞു പൂട്ടേണ്ടി വന്നാലും വലിയ നഷ്ടങ്ങൾ ഒന്നും ഉണ്ടാവില്ല
നേരെ തിരിച്ചു മെച്ചപ്പെട്ടാലോ സ്വന്തം മെഷീൻ ഒക്കെ കൊണ്ടുവന്നു നിർമ്മിക്കാം, വളരുന്നത് അനുസരിച്ചു ജീവനക്കാരെ വയ്ക്കാം അങ്ങനെ എന്ത്‌ വേണമെങ്കിലും ചെയ്യാൻ കഴിയും.കഴിഞ്ഞ പോസ്റ്റിൽ ഒരു തുടക്കം വേണമെന്ന് പറഞ്ഞു.. ഈ പോസ്റ്റിൽ എങ്ങനെ തുടങ്ങണം എന്നും.ഈ രണ്ട് കഥകളും എനിക്ക് വലിയ പാഠങ്ങൾ ആയിരുന്നു വായിച്ചതിന് ശേഷം അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുമല്ലോ

അനൂപ് ജോസ്
സംരംഭകൻ