രാത്രി ഒരു പെൺകുട്ടി പാലത്തിന്റെ സൈഡിൽ നിൽക്കുന്ന കണ്ടു സംശയം തോന്നി സത്യാവസ്ഥ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി ശേഷം

EDITOR

കഴിഞ്ഞ ദിവസം അർദ്ധരാത്രി, മണ്ണുത്തി പോലീസ് സ്റ്റേഷനിലേക്ക് വന്ന ഒരു ടെലിഫോൺ കോൾ.ഒരു വീട്ടിൽ വഴക്ക് നടക്കുന്നു. വീട്ടുകാർ തമ്മിലുള്ള പ്രശ്നമാണ്. ഉടനെ എത്തിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കും.നൈറ്റ് ഡ്യൂട്ടി ഓഫീസർ വേണുഗോപാലും, സിവിൽ പോലീസ് ഓഫീസർ ഷനൂപ്, ഹോം ഗാർഡ് തോമസ് എന്നിവർ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.പോലീസെത്തി, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഒന്നു രണ്ടു തവണ ദ്വേഷ്യപ്പെട്ടു സംസാരിക്കേണ്ടി വന്നു. പോലീസ് അവിടെ എത്തിയതുകൊണ്ട്, വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു.ഒന്നു രണ്ടു മണിക്കൂറിലധികം സമയം അവിടെ ചിലവഴിക്കേണ്ടി വന്നു. പിറ്റേന്ന് രാവിലെ അവരോട് പോലീസ് സ്റ്റേഷനിൽ എത്താൻ പറഞ്ഞ് തിരികെ പോന്നു.പോലീസ് സ്റ്റേഷനിൽ നിന്നും അഞ്ചാറു കിലോമീറ്റർ അകലെയാണ് ആ സ്ഥലം. ആൾതാമസമില്ലാത്തതും കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശമാണിത്.പോലീസ് ജീപ്പ് റോഡിലൂടെ പോകവെ, ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആരോ ഒരാൾ അതിവേഗം നടന്നു പോകുന്നത് ശ്രദ്ധിച്ചു.

അത് ഒരു പെൺകുട്ടിയാണല്ലോ വാഹനം ഓടിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർ ഷനൂപ് ആണ് ആദ്യം കണ്ടത്.പെൺകുട്ടി അതിവേഗം നടക്കുകയാണ്.പോലീസ് ജീപ്പ് അവളുടെ അടുത്തെത്തി.അപ്പോഴും, പോലീസ് ജീപ്പ് കണ്ടില്ലെന്ന മട്ടിൽ പെൺകുട്ടി അതിവേഗം നടന്നു പോകുകയായിരുന്നു.പന്തികേടു മണത്ത സബ് ഇൻസ്പെക്ടർ വേണുഗോപാലൻ, ആ പെൺകുട്ടിയോട് പേര് എന്താണെന്നു ചോദിച്ചു.അവൾ മിണ്ടിയില്ല. പിന്നേയും നടക്കാൻ ശ്രമിച്ചു.നിൽക്കൂ പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും ഇറങ്ങി, പെൺകുട്ടിയോട് കാര്യങ്ങൾ ആരാഞ്ഞു.പേരെന്താണ് ?എവിടെയാണ് വീട് ?ഈ അർദ്ധരാത്രിയിൽ എങ്ങോട്ടാണ് പോകുന്നത് ?
അപ്പോഴും പെൺകുട്ടി തല കുനിച്ച് നിർവ്വികാരയായി നിന്നു.അപ്പോഴാണ് രണ്ടു ചെറുപ്പക്കാർ അതുവഴി വന്നത്.സർ,ഈ പെൺകുട്ടി, കുറച്ചു നേരം മുമ്പ്, ആ പാലത്തിന്റെ കൈവരിയുടെ അടുത്ത് നിൽക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടപ്പോൾ അതിവേഗം നടന്നു പോകുകയായിരുന്നു.

ഇക്കാര്യം പറയാൻ ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തിട്ടുണ്ടായിരുന്നു.ഇതെല്ലാം കേട്ടിട്ടും പെൺകുട്ടി, നിർവ്വികാരയായി നിൽക്കുകയാണ്. ഒരക്ഷരം പോലും പറയുന്നില്ല.പോലീസുദ്യോഗസ്ഥരോടൊപ്പം വനിതാ പോലീസുദ്യോഗസ്ഥർ ആരും തന്നെ ഉണ്ടായിരുന്നില്ല. സബ് ഇൻസ്പെക്ടർ വേണുഗോപാലൻ തൊട്ടടുത്ത വീട്ടിൽ കയറി, കോളിങ്ങ് ബെൽ അടിച്ചു.നേരം പുലർച്ചെ രണ്ടുമണിയായിക്കാണും.പോലീസുദ്യോഗസ്ഥരാണെന്നറിഞ്ഞ് വീട്ടുകാർ വാതിൽ തുറന്നു. അവിടത്തെ ഗൃഹനാഥനോടും, കുടുംബാംഗങ്ങളോടും കാര്യം പറഞ്ഞു.അവർക്കും ആ പെൺകുട്ടിയെ തിരിച്ചറിയാനാകുന്നുണ്ടായിരുന്നില്ല.ഇതേ സമയം, പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന വനിതാ ASI ശ്രീജയെ ഇക്കാര്യം വിളിച്ചുപറഞ്ഞു. വീട്ടിൽ നിന്നും വേഗം തന്നെ ശ്രീജ അവിടേക്കെത്തി. പെൺകുട്ടിയുമായി ഏറെ നേരം സംസാരിച്ചു. അതോടെ പെൺകുട്ടി വികാരാധീനയായി പൊട്ടിക്കരഞ്ഞു.അവിടെ നിന്നും അധികം ദൂരെയല്ലാത്ത സ്ഥലത്തായിരുന്നു അവളുടെ വീട്. ശ്രീജയുടെ വീടും അതിനടുത്തു തന്നെയാണ്. പെൺകുട്ടിയുടെ വീട്ടുകാരേയും ശ്രീജ അവിടേക്ക് വിളിച്ചു വരുത്തി.

പെൺകുട്ടിയുടെ അച്ഛൻ മരിച്ചു. അച്ഛന്റെ മരണത്തെത്തുടർന്ന് പെൺകുട്ടി മാനസികമായി തളർന്നു. ഈയിടെയായി വളരെയധികം മാനസിക സമ്മർദ്ദം കാണിച്ചിരുന്നതായും വീട്ടുകാർ പറഞ്ഞു. വീട്ടുകാരറിയാതെ അർദ്ധരാത്രി, പുറത്തിറങ്ങിയ പെൺകുട്ടി പാലത്തിൽനിന്നും പുഴയിലേക്ക് ചാടി ആത്മഹത്യചെയ്യാനുള്ള ശ്രമമായിരുന്നു. ചെറുപ്പക്കാരെ കണ്ടതോടെ പെൺകുട്ടി നേരെ നടന്നു. അപ്പോഴാണ് പോലീസുദ്യോഗസ്ഥരുടെ ജീപ്പ് അതുവഴി വന്നത്.പിറ്റേന്ന് പെൺകുട്ടിയുടെ വീട്ടുകാരെ പോലീസ് സ്റ്റേഷനിൽ നിന്നും വിളിക്കുകയും പെൺകുട്ടിക്ക് മാനസികാരോഗ്യ വിദഗ്ദന്റെ സേവനം ലഭ്യമാക്കുന്നതിന് നിർദ്ദേശിക്കുകയും ചെയ്തു.ഉത്തരവാദിത്വത്തോടെ ഡ്യൂട്ടി നിർവ്വഹിച്ച മണ്ണുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.കെ.വേണുഗോപാൽ, സിവിൽ പോലീസ് ഓഫീസർ ഷനൂപ്, ഹോം ഗാർഡ് തോമസ്, അസി. സബ് ഇൻസ്പെക്ടർ കെ.ശ്രീജ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ദരുടെ സഹായം തേടുക. വിളിക്കൂ: 1056, 0471 – 2552056.24 മണിക്കൂറും പോലീസ് സഹായത്തിന് വിളിക്കൂ 112