ആദ്യത്തെ വേനൽ മഴയോട് കൂടി അവൻ വരവായി മുപ്ലി വണ്ട് എന്ന് പേരുള്ള ചെള്ള് ഇവന്റെ ശല്യം ഉള്ളവർ ഒന്ന് കണ്ടോളൂ

EDITOR

ആദ്യത്തെ വേനൽ മഴയോട് കൂടി അവൻ വരവായി “മുപ്ലി” വണ്ട് എന്ന് പേരുള്ള ചെള്ള്. ഒറ്റക്ക് വരാൻ അവൻ മോൺസ്റ്റ്ർ അല്ല. അതിനാൽ കൂട്ടം ആയിട്ടാണ് വരവ്. വന്നു തുടങ്ങിയാൽ എണ്ണാമെങ്കിൽ എണ്ണിക്കോ, ലക്ഷം ലക്ഷം പിന്നാലെ…പല വീടുകളിലെയും അവസ്ഥ ഇതാണ്.കേരളത്തിലെ മഴരീതി അനുസരിച്ച് വടക്കൻ കേരളത്തിൽ ആണ് ഈ ചെള്ളുകൾ കൂടുതലായുള്ളത്. പ്രജനനം നടത്താൻ കൂടുതൽ സമയം വടക്കോട്ടു ലഭിക്കും എന്നുള്ളതാണ് ഇതിന് കാരണം. മഴയും തണുപ്പും ഭയം ആയതു കാരണം ആണ് ഇവ കൂട്ടമായി ഷെൽട്ടർ തേടിയിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ മുൻഗാമികൾ താമസിച്ചു പോയ ഭാഗത്ത് തന്നെയാകും ഇവ ആദ്യം പറന്നിരിക്കുന്നത്.തൃശൂർ ജില്ലയിലെ മുപ്ലി എന്ന പ്രദേശത്താണ് കേരളത്തിൽ ആദ്യമായി ഇവയുടെ ആക്രമണം കണ്ടത് എന്നൊരു കഥ നിൽക്കുന്നുണ്ട്. അതിനാലാണ് മുപ്ലി വണ്ട് എന്ന പേര് വീണത്. കറുത്ത കോട്ട് പോലെ ആവരണം ഉള്ളത് കൊണ്ട് #കോട്ടെരുമ, ഓടിനുള്ളിൽ ഇരിക്കുന്നതിനാൽ #ഓട്ടെരുമ, ഓലക്കിടയിൽ ഇരിക്കുന്നതിനാൽ ഓലചാത്തൻ, കറുത്ത നിറം കാരണം #കരിഞ്ചെള്ള്, #കരിവണ്ട് എന്നൊക്കെയുള്ള വട്ടപ്പേരുകൾ ഉണ്ട്.

കടിക്കില്ല, കുത്തില്ല, മാന്തില്ല, പരദൂഷണം പറയില്ല എന്നാണ് വെപ്പെങ്കിലും മുകളിലെ പിടിവിട്ടു ആഹാരത്തിലെക്ക് വന്നുവീണു ഒരു കിടപ്പുണ്ട്. പിന്നെ സമയം കിട്ടിയാൽ ചെവിയാണ് ഇവറ്റയുടെ വിനോദസഞ്ചാരകേന്ദ്രം. ചെറുപ്പത്തിൽ ഇത് രണ്ടും പലതവണ ഈയുള്ളവൻ അനുഭവിച്ചിട്ടുണ്ട്.ഇവറ്റകളെ മറ്റു ജീവികൾ ആക്രമിക്കാത്തതിന് കാരണം ഇവയുടെ കട്ടിയുള്ള പുറം തോട്, ദുർഗന്ധം, ഇവ പുറപ്പെടുവിക്കുന്ന അസിഡിക് ആയിട്ടുള്ള ദ്രവം എന്നിവയാണ്. ഈ ദ്രവം ദേഹത്ത് പുരണ്ടാൽ ചെറിയ നിറവ്യത്യാസം, പൊള്ളൽ ഒക്കെയുണ്ടാകാം.റബ്ബറിൻ്റെ തളിരിലകൾ ആണ് ഇഷ്ട ഭക്ഷണം. പക്ഷേ അങ്ങനെ ആഹാര കാര്യത്തിൽ പ്രത്യേക നിർബന്ധമൊന്നുമില്ല.ഇവയെ എങ്ങനെ തുരത്താം ധാരാവി ഒഴിപ്പിക്കുന്നത് പോലെ ഒറ്റരാത്രികൊണ്ട് നടക്കില്ല എന്നറിയാം.വേനൽ മഴക്ക് മുൻപ് #കരിയില തൂത്ത് കൂട്ടി തീയിടുക. എല്ലായിടത്തും ഇത് നടക്കില്ല.വീടിനകത്തേക്ക് കടക്കാതിരിക്കാൻ ഓപ്പണിങ് എല്ലാം പറ്റുന്ന രീതിയിൽ (mosquito net ഉൾപ്പെടെയുള്ളവ) അടക്കുക. ഓടിട്ട രീതിയിലുള്ള വീടുകളിൽ ഓപ്പണിങ് അടക്കുന്നത് പ്രയാസം ആകും.മണ്ണെണ്ണ, ടെർമിനേറ്റർ, ഡീസൽ, പെട്രോൾ മുതലായവ സ്പ്രേ ചെയ്താൽ അല്പം ആശ്വാസം കിട്ടും. കുറെയൊക്കെ ചത്തുപോകും. പക്ഷേ.

വളക്കടകളിൽ വാങ്ങാൻ കിട്ടുന്ന ജൈവ കീടനാശിനി ഉപയോഗിച്ചാൽ കുറെയൊക്കെ ചത്തുപോകും. വീണ്ടും പക്ഷേ…. മാസ്സിവ് കില്ലിംഗ് ഈസ് ഇംപോസിബിൾ ഹിറ്റ്, ജംപ് മുതലായ വർദ്ധിത കീടനാശിനികൾ “വീടിനകത്ത്” അടിക്കുന്നത് ഒട്ടും ആശ്വാസ്യമല്ല. റിസ്ക് എടുത്തു ചെയ്യുന്നത് അവരവരുടെ ഇഷ്ട്ടം.പാറ്റകളെ കൊല്ലാൻ ഉപയോഗിക്കുന്ന ചോക്ക് വെള്ളത്തിൽ അല്പം കൂടുതൽ കലക്കി നേരിട്ട് സ്പ്രേ ചെയ്യാം. അതും റിസ്കാണ്. ചോക്ക് ഉപയോഗിച്ച് വര ഇടുന്നതു കൊണ്ട് പ്രയോജനമില്ല.ചെള്ള് മടിയന്മാർ ആണ്. വര മുറിച്ചു കടക്കാനൊന്നും അത് മെനക്കെടില്ല.പ്രൊഫഷണൽ പെസ്റ്റ് കൺട്രോൾ രീതികളോട് എനിക്ക് വ്യക്തിപരമായി ഒരു താല്പര്യവുമില്ല ചെള്ള് വരുന്ന ദിശയറിഞ്ഞാൽ പകുതി പണി കഴിഞ്ഞു. ആ ദിശയിലെ പുറം ഭിത്തിയിൽ ഒരു ലൈറ്റ് പ്രകാശിപ്പിച്ചിടുക. അതിനു ചുറ്റും വർദ്ധിത കീടനാശിനി അടിക്കുക.

പല ദിവസം ആവർത്തിച്ചാൽ ശത്രു ശല്യം തീരും.ഒരു ബക്കറ്റിൽ ഡിറ്റേർജെൻ്റ് കലക്കി അതിനു തൊട്ടുമുകളിൽ ഒരു ലൈറ്റ് ഇടുക. എല്ലാം കുളിക്കാനായി അതിലേക്ക് പൊക്കോളും.ഒരു തുണി അയകെട്ടി ഇട്ടു അതിൽ ചേർത്ത് മുട്ടാതെ ലൈറ്റും ഇടുക. രാവിലെ എല്ലാത്തിനെയും കീടനാശിനി സ്പ്രേ ചെയ്ത് കൊന്നു, തൂത്തു കൂട്ടി തീയിടുക. വെളിച്ചം ആണ് ഇവയെ ആകർഷിക്കുന്നത്. സന്ധ്യ സമയത്താണ് കൂട്ടമായി വരുന്നത്. വീടിനു പുറത്തു ശക്തിയുള്ള ലൈറ്റും വീടിനകത്തു ശക്തി തീരെ കുറഞ്ഞ ലൈറ്റും ഉപയോഗിക്കുന്നത് ചെള്ളുകൾ ഇല്ലാതാവുന്നത് വരെ നന്നായിരിക്കും.മേല്പറഞ്ഞതു കൂടാതെയുള്ള പുതിയ/പഴയ ഐഡിയകൾ ഉണ്ടെങ്കിൽ ഷെയർ ചെയ്യുക. നമ്മുടെ ശരീരത്തിന് ദോഷകരമല്ലാത്ത ഏതു രീതി വേണമെങ്കിലും പരീക്ഷിക്കാം.
Jayan Koodal
Vasthu Consultant,