വീട് നിർമ്മിക്കുന്നവർ വീടിന്റെ കന്നിമൂലക്ക് പ്രത്യേക പ്രാധാന്യം നൽകി നിർമ്മിച്ചില്ലെങ്കിൽ ഉടമസ്ഥന്റെ കാര്യം ഠിം കുറിപ്പ്

EDITOR

വീട് നിർമ്മിക്കുന്നവരുടെ ശ്രദ്ധക്ക്! വീടിന്റെ കന്നിമൂലക്ക് പ്രത്യേക പ്രാധാന്യം നൽകി നിർമ്മിച്ചില്ലെങ്കിൽ ഉടമസ്ഥന്റെ കാര്യം “ഠിം”. കന്നിമൂലയിൽ നിരൃതി എന്ന ഭീകരരൂപമാണ് ഉള്ളത്. ഇങ്ങനെ കേൾക്കാത്തവർ എണ്ണത്തിൽ വളരെ കുറവാണ് അല്ലെ?അല്ല, എന്താണ് ഈ കന്നിമൂല അഥവാ കന്നിമൂലക്ക് എന്താ കൊമ്പുണ്ടോ? ഒന്ന് വിശകലനം ചെയ്താലോ.മുൻകൂർ ജാമ്യം: താഴെ എഴുതിയിരിക്കുന്നത് പഠനങ്ങളിലൂടെയും,നിരീക്ഷണത്തിലൂടെയും കിട്ടിയ അറിവ് വെച്ചുള്ളതാണ്. അറിവുകൾക്ക് പരിധിയില്ല എന്നറിയാം. കൂടുതൽ അറിയാവുന്നവർക്ക് കമന്റ് ബോക്സ് ഓപ്പൺ ആണ്.എന്താണ് കന്നിമൂല? വസ്തുവിന്റെ മൂലയാണോ? വാസ്‌തുമണ്ഡലത്തിന്റെ മൂലയാണോ? കൃത്യമായ ദിക് നിർണ്ണയം നടത്തി കിട്ടിയ മൂല ആണോ? വാസ്‌തുമണ്ഡലത്തിൽ വരുന്ന വീടിന്റെ മൂല ആണോ? നിരൃതി ഖണ്ഡത്തിന്റെ മൂലയാണോ? സ്ഥായീ ഗൃഹത്തിന്റെ മൂല ആണോ??? ഇവയിൽ ഏതെങ്കിലും ഒന്നല്ലങ്കിൽ മൊത്തം എത്ര കന്നിമൂല ഉണ്ട്??? ചോദ്യങ്ങൾ അനവധിയാണ്.

കന്നിമൂല എന്നൊരു വാക്ക് ഒരു “അടിസ്ഥാന” വാസ്തു ഗ്രന്ഥങ്ങളിലും (ഗ്രന്ഥങ്ങളെ പറ്റി മറ്റൊരു പോസ്റ്റിൽ പറയാം) ഉപയോഗിച്ചതായി അറിവില്ല. കന്നിമൂല എന്ന വാക്ക് മലയാളികളുടെ മനസ്സിൽ ഇത്രയധികം വേരോടാൻ ചില ഗാനങ്ങൾ ഒട്ടും ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.കന്നിമൂല ഗണപതി ഭഗവാനെ എന്നൊക്കെ തുടങ്ങുന്ന ഭക്തി ഗാനങ്ങൾ ഇവയിൽ ഒന്ന് മാത്രം ആണ്. രാശിചക്രം (പുരാതന കലണ്ടർ അഥവാ ആകാശത്തിലെ ഘടികാരം) അനുസരിച്ചു തെക്കുപടിഞ്ഞാറ് ഭാഗത്തിന് കന്നി (കന്യാ) രാശി എന്നാണ് പറയുന്നത്. രാശിചക്രം ദീർഘവൃത്താകൃതിയിൽ ആണ്. അത് ഏതെങ്കിലും മൂലയിൽ ഒതുങ്ങി നിൽക്കുന്നതല്ല. എന്നാൽ സൗകര്യത്തിനു വേണ്ടി വൃത്തത്തിനെ ചതുരത്തിൽ 16 കളങ്ങൾ ആക്കി 12നും പേര് കൊടുത്തു മൂലവൽക്കരിച്ചിരിക്കുന്നു. അതായത്..ശരിയായ രാശിപ്രമാണം അനുസരിച്ചു കന്നിമൂല എന്നൊന്നില്ല.വാസ്തുപ്രമാണത്തിലെ പദകല്പനയിൽ തെക്കു പടിഞ്ഞാറ് കോണിൽ വരുന്ന ഭാഗം ആണ് നിരൃതിപദം. നിരൃതി എന്ന് പറയാനും മനസ്സിലാക്കാനും പ്രയാസം വന്നതുകൊണ്ട് കന്നിമൂല എന്ന് പറഞ്ഞു തുടങ്ങിയതും ആകാം.

ഒരു പ്രമാണ ഗ്രന്ഥമായ ശില്പ ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത് ഒരു വീടിന്റെ തെക്കു പടിഞ്ഞാറേ മൂല എന്ന് പറയുന്നത് വീടിന്റെ പ്രധാന (സ്ഥായീ) ഭാഗത്തിന്റെ അഥവാ ഉത്തര (പഴയ കാലത്തു) ഭാഗത്തിന്റെ തെക്കുപടിഞ്ഞാറേ #മൂല ആണ് എന്നാണ്. അവിടെ നിന്നും പുറത്തേക്കു തള്ളി പോർച് സിറ്റ് ഔട്ട്, വരാന്ത സ്റ്റോർ മുതലായവ കൊടുക്കുന്നതിനു ഒരു തടസ്സവും ഇല്ല.കന്നിമൂല മുറിഞ്ഞു വരുന്നു, കന്നിമൂലയിൽ പോർച് പാടില്ല എന്നൊക്കെ പറയുന്നതിൽ ഒരു കഴമ്പും ഇല്ല.ഇനി കന്നിമൂല എന്ന് വിളിപ്പേരുള്ള തെക്കു പടിഞ്ഞാറേ കോണിൽ ശൗചാലയം (കേന്ദ്രം പറയുന്ന പേര്……മ്മ്‌ടെ കക്കൂസ്) നിർമ്മിക്കാമോ എന്ന് നോക്കാം.വീട് വെക്കുന്നത് വാസ്തു അനുസരിച്ചാണെങ്കിൽ പദവിന്യാസം നടത്തി മുറികളുടെ സ്ഥാനം സ്വീകരിക്കുന്നതാണ് പതിവ്. ഉദാ: ഏകാശീതി പദകല്പന പ്രകാരവും എന്നാൽ വാസ്‌തുമണ്ഡലം മുഴുവനും ഉപയോഗിച്ചും വീട് ചെയ്യുമ്പോൾ പുറമെയുള്ള ആവൃത്തി വിട്ട് അകപദങ്ങളിൽ ആണ് വീടിന്റെ സ്ഥാനം.അങ്ങനെ വന്നാൽ സ്വാഭാവികമായും വീടിന്റെ തെക്കു പടിഞ്ഞാറേ ഭാഗം ഇന്ദ്ര/ഇന്ദ്രജിത് പദം ആകുന്നു. ഈ ഭാഗം ആണ് #വാസ്തു പുരുഷ മൂലാധാരം.

വാസ്തു ശാസ്ത്രത്തിൽ തന്ത്ര ശാസ്ത്രം, ജ്യോതിഷം, യോഗശാസ്ത്രം, നിമിത്തലക്ഷണം മുതലായ ശാഖകളുടെ പ്രഭാവം ഉണ്ട്. ഇവ ഒരു പാരഗ്രാഫ് പോലെ അല്ല ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്. അത് നന്നായി പഠിച്ചു മനസ്സിലാക്കേണ്ടതാണ്. യോഗശാസ്ത്രത്തിൽ മൂലാധാരത്തിനു ചില പ്രത്യേകതകൾ ഉണ്ട്. വാസ്തുവും യോഗശാസ്ത്രവും ബന്ധപ്പെടുത്തുമ്പോൾ വാസ്തുപുരുഷ സങ്കൽപ്പത്തിൽ മൂലാധാരം മുതൽ സഹസ്രാരം വരെ വരുന്ന സ്ഥാനങ്ങൾ ഉണ്ട്. അതിൽ മൂലാധാര ഭാഗം കുണ്ഡലിനി പ്രമാണത്തിനു പ്രാധാന്യം കൊടുക്കുന്ന ഭാഗം ആണ്. അത് കൂടാതെ തന്നെ തന്ത്ര രീതിയിൽ മൂലാധാര ദേവതയായി ഗണപതിയേയും കണക്കാക്കുന്നു. കുണ്ഡലിനിയെ പറ്റി പറയുവാൻ എനിക്ക് യോഗ്യതയില്ല. ശ്രീരാമകൃഷ്ണപരമഹംസരും, സ്വാമി വിവേകാനന്ദനും ഒക്കെ വിശദമായി പറഞ്ഞിട്ടുണ്ട്. ഇന്ദ്ര/ഇന്ദ്രജിത് പദത്തെ മൂലാധാരം, കുണ്ഡലിനി തുടങ്ങിയ സംഹിതകളുമായി ബന്ധപ്പെടുത്തി പറയുന്നത് കാരണം ആണ് തെക്കു പടിഞ്ഞാറേ മൂലയ്ക്ക് ശൗചാലയം വേണ്ട എന്ന് പറയുന്നത്. ഞാൻ അങ്ങനെയാണ് അത് മനസ്സിലാക്കുന്നത്.

ഗ്രന്ഥ കാലത്തിനുശേഷം വന്നിട്ടുള്ള ഭാഷാ ശ്ലോകങ്ങളിൽ പുരീഷാലയത്തെ ശൗചാലയം കുറിച്ച് ശ്ലോകങ്ങൾ ഉണ്ട്. അതിൽ തന്നെ “ഈശാനനെെര്യത്യോസ്ത്ര” എന്ന് തുടങ്ങുന്ന ശ്ലോകം പറയുന്നത് ഈശനിലും നിര്യതിയിലും പുരീഷാലയം പാടില്ല എന്നാണ്. ചില ആചാര്യ സിദ്ധാന്തത്തിൽ കോണുകളിൽ കൂടിയുള്ള സൂത്രങ്ങൾ വരുന്നിടത്തു “മലോച്ഛിഷ്ടാ” വേധം വരരുത് എന്നും കണ്ടിട്ടുണ്ട്.എന്നാൽ വാസ്‌തുമണ്ഡല പദകല്പന പ്രകാരം പ്രോപ്പർ ആയി ഏകശാല രീതിയിൽ കിഴക്കിനിയും, വടക്കിനിയും ചെയ്യുമ്പോൾ എന്നെ സംബന്ധിച്ചു ഇത് ഒരു തർക്ക വിഷയം ആകുന്നു. കാരണം അവിടെ ഇന്ദ്ര/ഇന്ദ്രജിത് പദം, നിര്യതി കോൺ എന്നിവ വീടിന്റെ ഭാഗങ്ങളിൽ വരുന്നില്ല.എന്നാൽ കന്നിരാശിക്ക് തൊട്ടടുത്തുള്ള ചിങ്ങം രാശിയിലും ശൗചാലയം പണിയരുത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിലും ഒരു കഴമ്പും തോന്നിയിട്ടില്ല.ശുഭം യാമ്യേതദ്യുുച്യതേ എന്ന ശ്ലോകം പറയുന്നത്.

വീടിന്റെ തെക്കു ഭാഗത്തിനെ ഒൻപതാക്കി ഒരു ഭാഗം തെക്കുപടിഞ്ഞാറ് നിന്നും മാറ്റി ഉചിതമായ രീതിയിൽ ശൗചാലയം പണിയാം എന്നാണ്.ആദ്യകാല വാസ്തു ഗ്രന്ഥങ്ങൾ പറയുന്നത് തെക്കു പടിഞ്ഞാറ്, നിരൃതി ഭാഗത്തു അജ (ആട്) തൊഴുത്ത്‌ (അപി ച. ജാവികാനാം) ആകാം,പ്രസവ മുറിയും (നിരൃതൗ സൂതി ഗൃഹം ച) ആകാം എന്നാണ്. നിരൃതി ഭാഗം എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് സ്ഥായീ ഗൃഹത്തിന് വെളിയിൽ.ഇനി തെക്കു പടിഞ്ഞാറ് കോണിൽ #അടുക്കള ആകാമോ എന്ന് ചോദിച്ചാൽ വൈശ്യ സമുദായത്തിനു (നൈരൃത്യാ പചനവൈശ്യാനാം) ആകാം എന്നാണ് ശൈവ ആഗമങ്ങൾ പറയുന്നത്.അവസാനമായി പറയാനുള്ളത്… കന്നിമൂല എന്ന് പൊതുവിൽ പറയപ്പെടുന്ന ഭാഗത്ത് മേൽപ്പറഞ്ഞ രീതിയിൽ ഉള്ള ശരിയായ നിർമ്മിതികൾ ഒന്നും പൊളിച്ചു കളയല്ലേ..എന്നാണ്.It’s too complicated അടുത്ത അവസരത്തിൽ വീടിന്റെ മദ്ധ്യസൂത്രത്തെ കുറിച്ചും അവിടെ വരുന്ന ശൗചാലയത്തെക്കുറിച്ചും അറിയാവുന്നത് എഴുതാൻ ശ്രമിക്കാം….അതോടൊപ്പം പഴയ കാലത്തു വീടിനുള്ളിൽ ശൗചാലയം ഉണ്ടായിരുന്നോ എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കൂടി.
Jayan Koodal
9400996226