ഓപിയിൽ വരുന്ന സ്റ്റോൺ പേഷ്യന്റ്സ് പലരും പച്ചമരുന്ന് ചികിത്സ കഴിഞ്ഞേ വരാറുള്ളൂ. വളരെ ചെറിയ സ്റ്റോണുകൾ യാതൊരു ചികിത്സയും ചെയ്തില്ലെങ്കിലും മൂത്രത്തിൽ കൂടി പുറത്ത് പോകും. 6 മില്ലീമീറ്ററിൽ താഴെ ഉള്ളവ. ചിലപ്പോൾ പത്ത് മില്ലീമീറ്റർ അടുപ്പിച്ച് വലിപ്പം ഉള്ളവയും പോകാറുണ്ട്. അത് അലോപ്പതി, ആയുർവേദം, പച്ചമരുന്ന്, ഹോമിയോ ഇതിന്റെയൊന്നും പ്രവർത്തനം കൊണ്ടല്ല. ശരീരത്തിന്റെ സ്വയം പ്രവർത്തനമാണ്. ആ സമയത്ത് ബീൻസ് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചവർ പറയും, ബീൻസ് ഇട്ട് വെള്ളം കുടിച്ചാൽ കല്ല് പോകും. പേരയുടെ ഇലയിട്ട് വെള്ളം കുടിച്ചവർ പറയും, പേരയിലയാണ് സ്റ്റോണിന് നല്ലതെന്ന്. ശരീരം സ്വയം ചെറിയ കല്ലുകളെ പുറംതള്ളുന്നതാണ്. ഇതായിരിക്കും എല്ലാ മഹാന്മാരും പച്ചമരുന്ന് ചികിത്സയ്ക്ക് പോകുന്നത്.
കഷ്ടം അതല്ല പച്ചമരുന്ന് തിന്ന് തിന്ന് കല്ല് വലുതായി കിഡ്നിയുടെ പ്രവർത്തനം നഷ്ടപ്പെട്ട് വരുന്നത് കാണുമ്പോഴാണ് വിഷമം തോന്നുന്നത്. സ്റ്റോൺ ചികിത്സയുടെ പരസ്യങ്ങൾ സമാന്തര ചികിത്സക്കാർ മാധ്യമങ്ങളിൽ കൊടുക്കുന്നുണ്ട്. അതിന് കുറേ followers ഉം ഉണ്ട്. ഞാൻ കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജിസ്റ്റാണ്. സമാന്തര ചികിത്സകരെ ഞാൻ ഒരു പരീക്ഷണത്തിന് ക്ഷണിക്കുന്നു. എല്ലാ പരിശോധനകളും ചെയ്ത് രോഗിയുടെ അവസ്ഥയും കല്ലിന്റെ വലിപ്പവും കിഡ്നിയുടെ പ്രവർത്തനവും എല്ലാം മനസിലാക്കി, consent എടുത്ത ശേഷം, സ്റ്റോൺ രോഗികളെ നിങ്ങൾക്ക് ചികിത്സിക്കാം. രോഗികൾക്ക് ഒരു കുഴപ്പവും വരാതെ കൃത്യമായി പരിശോധനകൾ ഞങ്ങൾ നടത്തും. കല്ലിന്( ഒരു സെന്റീമീറ്ററിന് മേൽ) ചികിത്സിക്കാൻ ആയുർവേദം, ഹോമിയോ, സിദ്ധം, യൂനാനി, പച്ചമരുന്ന് ( ഇനി മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അവരും) വിഭാഗങ്ങളിലെ ഏത് ഡോക്ടർക്ക് വേണമെങ്കിലും പങ്കെടുക്കാം. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ക്ഷണിക്കുകയാണ്. അവിടെ ഇരിക്കാനും ചികിത്സിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുന്നതാണ്.
പ്രതിഫലം തരാൻ നിവൃത്തിയില്ല. പക്ഷേ, നിങ്ങളുടെ ചികിത്സാരീതിയുടെ ഫലം തെളിയിക്കാൻ ഉള്ള അവസരമാണ് ഇത്. രോഗിയുടെ ടെസ്റ്റുകൾ എല്ലാം സൗജന്യമായി മെഡിക്കൽ കോളേജിൽ ചെയ്യാം. എത്രകാലം വേണമെങ്കിലും ചികിത്സ ചെയ്യാം. വെല്ലുവിളി സ്വീകരിക്കാൻ തയ്യാറുള്ളവർ അവരുടെ ഫോൺ നമ്പർ താഴെ എഴുതുക. (ചികിത്സയ്ക്ക് സർക്കാരിന്റെ ലൈസൻസ് ഉള്ളവരെ മാത്രമേ പങ്കെടുപ്പിക്കൂ)[ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്യുമ്പോൾ ഈ പരീക്ഷണത്തിന് ഹോമിയോ ആയുർവേദ മെഡിക്കൽ കോളേജുകളിൽ ഞാൻ നേരിട്ട് പോയി ഡോക്ടർമാരെ ക്ഷണിച്ചതാണ്. ആരും വന്നില്ല. ഇപ്പോൾ ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ യൂറോളജി മേധാവിയാണ്.
അതുകൊണ്ട് എനിക്ക് കുറേ കാര്യങ്ങൾ സ്വതന്ത്രമായി ഈ മേഖലയിൽ ചെയ്യാൻ കഴിയും. പുതിയൊരു ചികിത്സ കണ്ടെത്താൻ കഴിഞ്ഞാൽ ലോകം മുഴുവൻ ഉള്ള സ്റ്റോൺ രോഗികൾക്ക് അതൊരു വലിയ ആശ്വാസമാകും. ഓപ്പറേഷൻ ഒഴിവാക്കി മരുന്ന് കൊണ്ട് ചികിത്സ ചെയ്യാമെല്ലോ)NB: തർക്കത്തിന് വേണ്ടിയുള്ള പോസ്റ്റ് അല്ല. വെറുതെ ചോദ്യങ്ങൾ ചോദിച്ച് സ്പേസ് കളയരുത്. Trial ന് താത്പര്യം ഉള്ളവർ മുന്നോട്ട് വരിക. സൗജന്യമായി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ICMR പോലെയുള്ള ഏജൻസികളുടെ സാമ്പത്തിക സഹായം തേടാം)
ഡോക്ടർ ഹാരിസ് ഹസ്സൻ