ലക്ഷങ്ങൾ മുടക്കിയ വീട്ടിൽ ഒരു മാസം കഴിയും മുൻപ് ഇങ്ങനെ കാണുമ്പോ ചങ്ക് പിടയാറുണ്ടോ എങ്കിൽ വായിക്കൂ

EDITOR

ശ്രീ. സുജിത് കുമാർ എഴുതുന്നു.നമ്മുടെ നാട്ടിലെ ചുവരുകളിൽ തറയോട് ചേർന്ന ഏതാനും അടി ഉയരത്തിൽ പെയിന്റ് പൊളിഞ്ഞ് പോവുകയും വെളുത്ത നിറത്തിൽ പൂപ്പൽ പിടിച്ചതുപോലെ ഒരു പൊടി കാണപ്പെടുകയും ചെയ്യുന്നത് സർവ്വ സാധാരണമാണ്. ഇതിന്റെ കാരണങ്ങൾ കോണ്ട്രാക്റ്റർമ്മാരോടോ നാടൻ മേസ്തിരിമാരോടോ എന്നു വേണ്ട എഞ്ചിനീയർമ്മാരോട് വരെ ചോദിച്ചാൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നത് കേൾക്കാം. പക്ഷേ സൊലൂഷനുകൾ മിക്കവാറും ഫലപ്രദവും ആകാറില്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?ചിലർ പറയും തറയിൽ നിന്ന് നനവ് കയറുന്നതുകൊണ്ടാണെന്ന് പക്ഷേ ബഹുനില വീടൂകളുടെയും ഫ്ലാറ്റുകളുടെയുമൊക്കെ ചുവരുകളിൽ ഇത് കാണാം. ചിലർ പറയും ഉപ്പുള്ള മണൽ കൊണ്ട് വീട് പണിതിട്ടാണെന്ന്, മറ്റ് ചിലർ പറയും വീടീന്റെ പ്ലംബിംഗിൽ തകരാറുണ്ട് എവിടെയെങ്കിലും വെള്ളം കിനിയുന്നുണ്ടാകുമെന്ന് അങ്ങനെ പല അഭിപ്രായങ്ങൾ കേൾക്കാം.

വാട്ടർ പ്രൂഫിംഗ് ബിസിനസ് ചെയ്യുന്നവരാകട്ടെ അവരുടെ കയ്യിലുള്ള ഒരേ ഒരു സൊലൂഷൻ ആയ വാട്ടർ പ്രൂഫിംഗ് ആണ് ഏക പരിഹാരം എന്നൊക്കെ നിർദ്ദേശിച്ച് കളയും. ഈ പറഞ്ഞ അഭിപ്രായങ്ങളിലൊക്കെ വസ്തുതകളുടെ അംശം ഉണ്ടെങ്കിലും ഒന്നിൽ കൂടുതൽ കാര്യങ്ങൾ ഒരുമിച്ച് ചേരുന്നതാണ് പ്രശ്നകാരണമെന്നാലും ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത തരം പ്രശ്നങ്ങൾ ഉള്ളതിനാലും ഇക്കാര്യത്തിൽ ഒരു സ്വിച്ചിട്ടാൽ ലൈറ്റ് കത്തുന്നതുപോലെയുള്ളതോ ശാശ്വതമായതോ ആയ പരിഹാരം ഇല്ല എന്നതാണ് വസ്തുത. സ്വന്തം വീട്ടീൽ കറന്റ് പോയാൽ ജനൽ തുറന്ന് നോക്കുമ്പോൾ അടുത്ത വീട്ടിലും പോയിട്ടുണ്ടെന്ന് കാണുമ്പോൾ ഒരു ആശ്വാസം ലഭിക്കുന്നതുപോലെ ആശ്വാസം ലഭിക്കാനായി പറയാം , ഇത് നിങ്ങളുടെ വീട്ടീലെ മാത്രം പ്രശ്നമല്ല, ലോകത്തെല്ലായിടത്തും ഏറിയും കുറഞ്ഞുമൊക്കെ പല തരത്തിൽ കാണപ്പെടൂന്ന ഒരു പ്രതിഭാസം ആണ്. എന്തായാലും ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം.

ശാസ്ത്രീയ ഭാഷയിൽ പറഞ്ഞാൽ ‘എഫ്ലോറസെൻസ്‘ എന്ന പ്രതിഭാസം ആണ് ഈ പറഞ്ഞ കുഴപ്പങ്ങൾക്ക് കാരണം. എന്താണ് എഫ്ലോറസൻസ് ? കോൺക്രീറ്റിനകത്തുള്ള ലവണാംശം കലർന്ന ഈർപ്പം ബാഷ്പീകരിക്കപ്പെടുമ്പോൾ വെള്ളം ബാഷ്പമായിപ്പോവുകയും ബാക്കിയുള്ള ലവണങ്ങൾ പൊടിയായി പ്രതലങ്ങളിൽ അവശേഷിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് എഫ്ലൊറസെൻസ്. സംഗതി വളരെ ലളിതമാണെങ്കിലും അതിന്റെ കാരണങ്ങൾ സങ്കീർണ്ണമായതിനാൽ പരിഹാര മാർഗ്ഗങ്ങൾ മിക്കപ്പോഴും യാതൊരു ഫലവും നൽകാറില്ല.
എഫ്ലോറസൻസ് രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് പ്രൈമറി എഫ്ലോറസൻസ് രണ്ടാമത്തേത് സെക്കന്ററി എഫ്ലോറസൻസ്കോൺക്രീറ്റും പ്ലാസ്റ്ററിംഗും എല്ലാം സെറ്റാകുന്ന ക്യൂറിംഗ് സ്റ്റെജിൽ ഉള്ളതാണ് പ്രൈമറി എഫ്ലോറസൻസ്. അതായത് കോൺക്രീറ്റിന്റെയും തേപ്പിന്റെയുമൊക്കെ അകത്തുള്ള അമിത ജലാംശം പുറത്ത് വന്ന് ബാഷ്പീകരിക്കപ്പെടുമ്പോൾ അവശേഷിക്കുന്ന ലവണങ്ങൾ മൂലം ഉണ്ടാകുന്നതാണ് ഇത്. സെക്കന്ററി എഫ്ലോറസൻസ് ആകട്ടെ പുറത്തു നിന്നുള്ള ജലാംശവും ലവണാംശവുമൊക്കെ സെറ്റായിക്കഴിഞ്ഞ കോൺക്രീറ്റിലേക്കും ചുവരിലേക്കുമൊക്കെ കടന്നു കയറി പിന്നീട് കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് പുറത്ത് വന്ന് ബാഷ്പീകരിക്കപ്പെടുമ്പോൾ ലവണാംശങ്ങൾ അവശേഷിപ്പിക്കുന്നത്.

പൊതുവേ പുതിയതായി നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളിൽ കൂടുതലായി കാണപ്പെടുന്നതിനാൽ ഇതിനെ “new building bloom“ എന്നും വിളിക്കാറുണ്ട്. കാരണം വ്യക്തമാണല്ലോ . അകത്തുള്ള ലവണാംശത്തിലെ നല്ലൊരു ശതമാനം ഇതുപോലെ എഫ്ലോറസെൻസ് വഴി പുറത്ത് പോയിക്കഴിഞ്ഞാൽ കാലക്രമേണ ഇത് കുറഞ്ഞ് കുറഞ്ഞ് വരും. പക്ഷേ നിർമ്മാണ സാമഗ്രികളുടെ പ്രത്യേകതകൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങളും കണ്ടേക്കാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീടൂപണി തീർക്കുന്നത് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഇക്കാലത്ത് ചുവരുകൾക്കുള്ളിൽ അകപ്പെട്ടിരിക്കുന്ന ഈർപ്പത്തിനു പുറത്ത് പോകാനുള്ള സമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു. അങ്ങനെ നിർമ്മാണ ഘട്ടത്തിലെ ഓരോ സ്റ്റേജിലും ആവശ്യമായ ചുരുങ്ങിയ ഇടവേളകൾ പോലും ലഭിക്കാത്തതിനാൽ പ്ലാസ്റ്റർ ചെയ്ത് പുട്ടിയും ഇട്ട് അതിനു മുകളിൽ പെയിന്റും അടിച്ച് പണി തീർക്കുമ്പോൾ അകത്ത് അകപ്പെട്ടിരിക്കുന്ന ഈർപ്പത്തിന് എങ്ങിനെ എങ്കിലും പുറത്ത് വന്നേ മതിയാകൂ എന്നതിനാൽ അത് പുട്ടിയും പെയിന്റും പൊളിച്ച് തന്നെ പുറത്ത് വന്നിരിക്കും.

കോൺക്രിറ്റും പ്ലാസ്റ്ററിംഗും വേണ്ട രീതിയിൽ നനച്ചു കൊടുത്ത് ക്യൂറീംഗ് നടത്താത്തതും ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ആക്കം കൂട്ടുന്ന ഒരു ഘടകം ആണ്. അതായത് ശരിയായ രീതിയിൽ ക്യൂറിംഗ് നടത്തിയാൽ കോൺക്രിറ്റും പ്ലാസ്റ്ററുമൊക്കെ നന്നായി സെറ്റാവുകയും അതിലെ സൂഷ്മ സുഷിരങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഇത് തുടർന്നുള്ള വെള്ളത്തിന്റെ ആഗിരണത്തെ വലിയൊരളവ് വരെ കുറച്ച് കോൺക്രീറ്റിനെയും പ്ലാസ്റ്ററിംഗിനെയും വാട്ടർ പ്രൂഫ് ആക്കി മാറ്റുന്നു. ഇത് പുറത്തുനിന്ന് ജലാംശം വലിച്ചെടൂക്കുന്നതു വഴി ഉണ്ടാകുന്ന ‘സെക്കന്ററി എഫ്ലോറസൻസ്’ കുറയ്ക്കുന്നു.ഈ രണ്ട് തരം പ്രശ്നങ്ങളുടെയും കാരണങ്ങൾ വ്യത്യസ്തമായതിനാൽ അവയുടെ പ്രതിരോധവും പരിഹാരമാർഗ്ഗങ്ങളുമെല്ലാം വ്യത്യസ്തമാണ്.നിർമ്മാണ വസ്തുക്കളിലെ ലവണാംശം : സിമന്റ്, കട്ട, മണൽ, വെള്ളം ഇവയൊക്കെയാണല്ലൊ നിർമ്മാണ വസ്തുക്കൾ. ഇവയിലൊക്കെ ലവണാംശം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തുക വളരെ പ്രയാസമായതിനാലും ഏതിലായിരിക്കാം അടങ്ങിയിരിക്കുക എന്ന് തിരിച്ചറിയാൻ കഴിയാതിരിക്കുകയും ചെയ്യുന്നതിനാൽ പൂർണ്ണമായും ഒഴിവാക്കുക അസാദ്ധ്യമാണ്. അതുകൊണ്ട് മിക്കപ്പോഴും ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒരു തലവേദന ആയി ഇത് മാറാറുണ്ട്.

എങ്കിലും ലവണാംശമുള്ള മണൽ, ബോർവെല്ലിൽ നിന്നുള്ള ലവണാംശമുള്ള വെള്ളം തുടങ്ങിയവ ഒഴിവാക്കാൻ കഴിയുകയാണെങ്കിൽ ഒഴിവാക്കുന്നത് നല്ലതാണ്. നിർമ്മാണ ശേഷം പരിഹാരം കാണാൻ കഴിയുന്ന വിഷയം അല്ല ഇത്. ലവണങ്ങളെ ജലാംശവുമായി കൂടിക്കലരാതെ പൂട്ടി വയ്ക്കുന്ന കോൺക്രീറ്റ് അഡിറ്റീവുകളും വിപണിയിൽ ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ അതൊന്നും പൊതുവേ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അതായത് നിർമ്മാണ വസ്തുക്കളുടെ തെരഞ്ഞെടുപ്പും അവയൂടെ സ്റ്റോറേജും നിർമ്മാണ രീതികളും കെട്ടിട നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങൾക്കിടയിൽ കൊടുക്കേണ്ട ഇടവേളകളും എല്ലാം വിവിധ തരത്തിൽ പ്രൈമറി എഫ്ലോറസൻസിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണെന്നതിനാൽ എത്ര ശ്രമിച്ചാലും നൂറു ശതമാനം ഉണ്ടാകില്ല എന്ന് ആർക്കും ഉറപ്പ് നൽകാൻ കഴിയില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ തണുപ്പു കാലത്ത് ഈ പ്രശ്നം കൂടുതലായി കാണപ്പെടാറുണ്ട്. ഇതിനു കാരണം പൊതുവേ അന്തരീക്ഷ താപനില കുറവായതിനാൽ ചുവരുകളിലും തറയിലുമൊക്കെ ആഗിരണം ചെയ്യപ്പെട്ടിരിക്കുന്ന ജലാംശം വളരെ പതുക്കെ മാത്രമേ ബാഷ്പീകരിക്കപ്പെടൂ എന്നതിനാൽ ജലത്തിനു കൂടൂതൽ നേരം പ്രതലങ്ങളുമായി പ്രതിപ്രവർത്തിച്ച് ലവണാംശത്തെ ലയിപ്പിച്ച് ചേർക്കാനുള്ള അവസരം ലഭിക്കുന്നു.

അങ്ങനെ ലവണാംശം കൂടൂതൽ ഉള്ള ഈർപ്പം പ്രതലങ്ങളിൽ എത്തി ബാഷ്പീകരിക്കപ്പെടുമ്പോൾ കൂടുതൽ ലവണങ്ങൾ അവിടെ നിക്ഷേപിക്കപ്പെടുന്നു. അങ്ങനെ തണുപ്പു കാലത്ത് ഈ വെളുത്ത പൊടിയുടെ ശല്ല്യം കൂടുതൽ ആയി കാണപ്പെടുന്നു.ചൂടു കൂടുതൽ ഉള്ള കാലാവസ്ഥയിൽ ഇതിനു നേർ വിപരീത പ്രവർത്തനം നടക്കുന്നു. പ്രതലങ്ങളിൽ എത്താതെ തന്നെ ജലത്തിനു ബാഷ്പീകരണവും ആഗിരണവുമൊക്കെ സംഭവിക്കുന്നതിനാൽ അവശേഷിക്കുന്ന ലവണങ്ങൾ പുറത്തെത്തുന്നില്ല.എഫ്ലോറസൻസും പൂപ്പലും – എല്ലാ പൊളിഞ്ഞിളകലുകളും എഫ്ലോറസൻസ് ആകണമെന്നില്ല. ഈർപ്പത്തിന്റെ ബാഷ്പീകരണത്തിലൂടെ ലവണാംശം അവശേഷിക്കുന്നുണ്ടെങ്കിൽ മാത്രമേ അത് എഫ്ലോറസൻസ് ആകുന്നുള്ളൂ. തൊട്ട് നോക്കിയാൽ വെളുത്ത പൊടിയുടെ സാന്നിദ്ധ്യം അറിയാൻ കഴിയും. അല്ലാതെ സ്ഥിരമായി ഈർപ്പം നിലനിൽക്കുന്നതുകൊണ്ട് മാത്രം ലവണാംശമില്ലാതെ തന്നെ പുട്ടിയും മറ്റും പൊളിഞ്ഞിളകുന്നതും അവിടെ പൂപ്പൽ പിടിക്കുന്നതും കാണാവുന്നതാണ്. രണ്ടായാലും പ്രധാന വില്ലൻ ജലാംശം തന്നെ.

എഫ്ലോറസൻസിന്റെ മൂന്ന് അടിസ്ഥാന കാരണങ്ങൾ ആയ ഈർപ്പം, ലവണാംശം, കോൺക്രീറ്റിലെയും ചുവരിലെയും പ്ലാസ്റ്ററിലെയും മറ്റുമുള്ള സൂഷ്മ സുഷിരങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിനെ തടഞ്ഞാൽ മാത്രം മതി പ്രതിവിധി ആയി. പക്ഷേ അതത്ര എളുപ്പമുള്ള കാര്യം അല്ല. കാരണം പ്രധാന പ്രതിരോധ മാർഗ്ഗങ്ങളിൽ പലതും നിർമ്മാണ ഘട്ടത്തിൽ തന്നെ ചെയ്യേണ്ടി വരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. അത്തരം കാര്യങ്ങൾ ചെയ്യാതെ പിന്നീട് ചെയ്യുന്ന പ്രവർത്തികൾ എല്ലാം കതിരിൽ വളം വയ്ക്കുന്ന ഫലം മാത്രമേ ചെയ്യൂ. എന്തായാലും പുതിയ വീട് നിർമ്മിക്കുന്നവർ ഇക്കാര്യം ഒരു പരിധി വരെ എങ്കിലും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പരിശോധിച്ച് നോക്കാം.1. നിർമ്മാണ വസ്തുക്കളുടെ തെരഞ്ഞെടുപ്പ് – ലവണാംശം ഇല്ലാത്ത വെള്ളവും മണലും മറ്റ് നിർമ്മാണ വസ്തുക്കളുമെല്ലാം ഉപയോഗിക്കുക – നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം പലപ്പോഴും അപ്രായോഗികം ആണെന്ന് തന്നെ പറയേണ്ടി വരും.

2. Damping Proof Course (DPC) നിർബന്ധമായും ചെയ്തിരിക്കുക. എന്താണീ ഡാമ്പിംഗ് പ്രൂഫ് കോഴ്സ് എന്നായിരിക്കും. നമ്മുടെ നാട്ടിലെ പരമ്പരാഗത കെട്ടിട നിർമ്മാണ രീതിയ്ക് അധികം പരിചയമില്ലാത്ത ഒന്നായിരിക്കും ഇത്. കെട്ടിടങ്ങളുടെ ഫൗണ്ടേഷനും ചുവരും ചേരുന്ന ഭാഗത്ത് തറയിൽ നിന്നുള്ള ഈർപ്പം മുകളിലേക്ക് പടർന്ന് കയറാതിരിക്കാനായി തറയ്ക്കും ചുവരിനും ഇടയിലായി പ്രത്യേക വാട്ടർ പ്രൂഫിംഗ് ആവരണം കൊണ്ട് ഒരു അതിർവരമ്പ് ഉണ്ടാക്കുന്ന രീതിയാണ് ഡാമ്പിംഗ് പ്രൂഫ് കോഴ്സ്. എല്ലായിടത്തും എല്ലാ കെട്ടിടങ്ങൾക്കും ഇത് ആവശ്യമാണെന്നില്ല. പക്ഷേ വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, എപ്പോഴും മണ്ണിൽ ഈർപ്പം നിലനിൽക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ എല്ലാം നിർബന്ധമായും ചെയ്തിരിക്കേണ്ടതാണ്. മുൻപൊക്കെ നമ്മുടെ നാട്ടിൽ വീടുകൾ വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ ആയിരുന്നു നിർമ്മിച്ചിരുന്നതെന്നതിനാൽ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല, അതിനാൽ ഇതിനെക്കുറിച്ചുള്ള അറിവുകളും ഉണ്ടായിരുന്നില്ല. പക്ഷേ സ്ഥല ദൗർലഭ്യം മൂലം നിലം നികത്തിയ പ്രദേശങ്ങളിലൊക്കെ വീടൂകൾ ഉണ്ടാക്കാൻ നിർബന്ധിതരാകുമ്പോൾ പരമ്പരാഗത കെട്ടിട നിർമ്മാണ രീതികളിൽ നിന്ന് മാറി ഇതുപോലെയുള്ള സാങ്കേതിക വിദ്യകൾ കൂടി ഉപയോഗിക്കേണ്ടി വരുന്നു. പൊതുവേ നമ്മുടെ നാട്ടിൽ മഴയുടെ അളവ് കൂടി വരുന്നതിനാൽ എല്ലാ കെട്ടിടങ്ങളിലും മാറിയ കാലാവസ്ഥയിൽ ഡാമ്പിംഗ് പ്രൂഫ് കോഴ്സുകൾ കൂടി സ്ട്രക്ചറിന്റെ ഭാഗമാക്കുന്നത് അല്പം ചെലവ് കൂട്ടുമെങ്കിലും ഗുണം മാത്രമേ ചെയ്യൂ.

ഡാമ്പിംഗ് പ്രൂഫ് കോഴ്സുകൾ സെക്കന്ററി എഫ്ലോറസൻസിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായ Rising Dampness നെ തടയുന്നു. നിർമ്മാണ ഘട്ടത്തിൽ തന്നെ ഇത് ചെയ്തില്ലെങ്കിൽ പിന്നീട് എന്തെല്ലാം ചെയ്താലും മണ്ണിൽ നിന്ന് ഈർപ്പം മുകളിലോട്ട് കയറുന്ന പ്രതിഭാസമായ റൈസിംഗ് ഡാമ്പ്നെസ്സിനെ തടയിടാൻ കഴിയില്ല. ഇതുകൊണ്ട് തന്നെ പല വിദേശ രാജ്യങ്ങളിലും ഡാമ്പിംഗ് പ്രൂഫ് കോഴ്സുകൾ കെട്ടിട നിർമ്മാണച്ചട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.3. സിമന്റ് മിക്സിനോടൊപ്പം ചേർക്കുന്ന ആന്റി എഫ്ലോറസൻസ് ആഡ് മിക്സുകൾ – നിർമ്മാണ വസ്തുക്കളിലെ ലവണാംശവുമായി പ്രതിപ്രവർത്തിച്ച് അവയെ നിർവീര്യമാക്കുന്ന രാസവസ്തുക്കളും ലവണാംശത്തെ വെള്ളവുമാഇ പ്രതിപ്രവർത്തിക്കാതെ പൊതിഞ്ഞ് സൂക്ഷിക്കുന്ന എണ്ണമയമുള്ള ചില പ്രത്യേക മിക്സുകളും എല്ലാം എഫ്ലോറസൻസിനെ തടയാനായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇവയ്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. വെള്ളത്തെ ആഗിരണം ചെയ്യുന്നത് തടയാനുള്ള വാട്ടർ പ്രൂഫിംഗ് സൊലൂഷനുകൾ കോൺക്രീറ്റിൽ ഉപയോഗിക്കുന്നത് മാത്രമാണ് പൊതുവേ കണ്ടിട്ടുള്ളത്.

4. ക്യൂറിംഗ് – നന്നായി സെറ്റായി തുടർന്നുള്ള ഈർപ്പത്തിന്റെ ആഗിരണം തടയാനായി നന്നായി നനച്ചു കൊടുക്കുകയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾക്കിടയിൽ ഇടവേളകൾ നൽകിക്കൊണ്ട് അമിതമായി ആഗിരണം ചെയ്യപ്പെട്ട ജലാംശം പുറത്ത് പോകാനുള്ള അവസരം നൽകുകയും ചെയ്യുക. ഇതിൽ ഇടവേളകൾ നൽകുന്നത് പലപ്പോഴും പ്രായോഗികമാകാറില്ല എങ്കിലും ചുരുങ്ങിയത് പ്ലാസ്റ്ററിംഗിന്റെയും പുട്ടി ഇടുന്നതിന്റെയും ഇടയിൽ എങ്കിലും കൂടുതൽ സമയം നൽകുന്നത് നന്നായിരിക്കും.5. മഴ കൂടുതൽ ആയ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക് ഒട്ടൂം അനുയോജ്യമല്ലെങ്കിലും ഇപ്പോൾ നാടോടുമ്പോൾ നടുവേ ഓടാനായി നിർമ്മിക്കപ്പെടുന്ന ബോക്സ് ടൈപ്പ് കണ്ട‌പററി ശൈലിയിലുള്ള വീടുകളുടെ പുറം ചുവരുകൾ എപ്പോഴും നനഞ്ഞിരിക്കാനും ഈർപ്പം അകത്തേയ്ക് വലിച്ചെടുക്കപ്പെടാനുമുള്ള സാഹചര്യങ്ങൾ ഉള്ളതിനാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി പുറം ചുവരുകളിൽ നല്ല ഗുണ നിലവാരമുള്ള , വെള്ളത്തെ പ്രതിരോധിക്കുന്ന പെയിന്റുകളൂം വാട്ടർ പ്രൂഫിംഗ് സംവിധാനങ്ങളും ഒക്കെ ആവശ്യമായി വരുന്നു എന്ന് മാത്രവുമല്ല ഇവയിൽ വിള്ളലുകൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണ്ടി വരുന്നു. ഈ വിള്ളലുകളിലൂടെയെല്ലാം അകത്തേയ്ക്ക് കടക്കുന്ന ജലാംശം സെക്കന്ററി എഫ്ലോറസൻസസിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ചുവരുകൾ മഴയത്ത് നനയാത്ത രീതിയിൽ ഉള്ള ഡിസൈൻ ആണ് നമ്മുടെ കാലാവസ്ഥയ്ക് ഏറ്റവും അനുയോജ്യം. അല്ലെങ്കിൽ നല്ല രിതിയിൽ വാട്ടർ പ്രൂഫിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുക.

6. ബാത് റൂമുകളുടെയും മറ്റും ചുവരുകളിൽ ടൈൽസ് ഇടുന്നതിനു മുൻപ് വാട്ടർ പ്രൂഫിംഗ് ചെയ്യുന്നത് ഈർപ്പം ആഗിരണം ചെയ്ത് ചുവരിന്റെ മറുവശത്തെത്തി എഫ്ലോറസൻസ് ഉണ്ടാക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും നിർമ്മാണ ഘട്ടത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല പക്ഷേ ഇത് വലിയ ഒരു പ്രശ്നമായി തൂടരുന്നു. എന്താണ് പരിഹാര മാർഗ്ഗം?
1. എഫ്ലോറസൻസ് പൊതുവേ കാഴ്ചയ്ക് ഒരു ഭംഗികേട് എന്നതിനപ്പുറമായി വേറെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എങ്കിലും ഇതിന്റെ പ്രധാന കാരണമായ ഈർപ്പത്തിന്റെ തുടർച്ചയായ ആഗിരണം പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്.
2. പെട്ടന്ന് പണീ കഴിച്ച പുതിയ കെട്ടിടം ആണെങ്കിൽ എഫ്ലോറസൻസ് പ്രത്യക്ഷപ്പെട്ടൽ ഉടൻ തന്നെ ചുരണ്ടിക്കളഞ്ഞ് പെയിന്റടിക്കാൻ മിനക്കെടുന്നത് അബദ്ധമായിരിക്കും. കൂടുതൽ ഈർപ്പം പൂറത്തു നിന്ന് അകത്തേയ്ക് കടക്കാൻ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് വാട്ടർ പ്രൂഫിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തടയുക. അതിനു ശേഷം അകത്ത് കുടുങ്ങിയിരിക്കുന്ന ഈർപ്പത്തിനു പുറത്ത് പോകാൻ സമയം നൽകിക്കൊണ്ട് മാത്രം ഭംഗികേട് മറയ്കാനായി ആസിഡ് വാഷും മറ്റും ചെയ്ത് ഉരച്ച് കളഞ്ഞ് പുതിയ പെയിന്റടിക്കാവുന്നതാണ്.

3. പലപ്പോഴും എഫ്ലോറസൻസ് ഒഴിവാക്കാനുള്ള പെയിന്റിംഗ് പോലെയുള്ള പ്രതിവിധികൾ താൽക്കാലികം മാത്രമായിരിക്കും. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങൾ അതേ പോലെ നിലനിൽക്കുന്നതിനാൽ നിശ്ചിത ഇടവേളകളിൽ ഇത് ആവർത്തിക്കേണ്ടി വരുന്നു.4. പൊതുവേ തറ നിരപ്പിൽ നിന്ന് നിശ്ചിത ഉയരത്തിൽ മാത്രമേ ഇത് കാണാറുള്ളൂ എന്നതിനാൽ എന്തെല്ലാം ചെയ്തിട്ടൂം പരിഹാരം കാണാത്തവർ പലപ്പോഴും ഒരു അന്തിമ പ്രതിവിധി എന്ന നിലയിൽ ടൈൽസ് ഉപയോഗിച്ച് ക്ലാഡിംഗ് ചെയ്യാറുണ്ട്. ഇവിടെയും ഉള്ള പ്രശ്നം ചെറിയ ടൈൽസ് ഉപയോഗിച്ച് ക്ലാഡിംഗ് ചെയ്താൽ അവ വളരെ പെട്ടന്ന് തന്നെ പൊളിഞ്ഞ് പോകാൻ സാദ്ധ്യത ഉണ്ട് എന്നതാണ്. അതോടൊപ്പം തന്നെ വീടിന്റെ ഡിസൈനിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ഇത്തരത്തിലുള്ള ക്ലാഡിംഗുകൾ പലപ്പോഴും ഏച്ച് കെട്ടലുകൾ ആയി തോന്നുകയും ചെയ്യും. വലിയ ടൈൽസുകൾ ഉപയോഗിച്ച് ക്ലാഡിംഗ് ചെയ്ത് എഫ്ലോറസൻസ് വഴി ഉണ്ടാകന്ന അഭംഗി മറയ്കാൻ കഴിയും എങ്കിലും ടൈൽസിനും ചുവരിനും ഇടയിൽ ഒരു ലവണാംശം രൂപപ്പെട്ട് അടർന്നു പോകാതിരിക്കാനുള്ള സംവിധാനങ്ങൾ കൂടി ഒരുക്കേണ്ടി വരും. ചുവരിൽ സ്കൂ ചെയ്ത് ഉറപ്പിക്കുന്ന പി വിസി ക്ലാഡിംഗുകളും മറ്റും ഭംഗികേട് ഒഴിവാക്കാനായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.

5. റൈസിംഗ് ഡാമ്പ്നെസ് ഒഴിവാക്കാനുള്ള ഡാമ്പിംഗ് പ്രൂഫ് കോഴ്സ് ഫൗണ്ടേഷനിൽ ചെയ്തിട്ടീല്ലെങ്കിൽ , അതാണ് കാരണമായി കണ്ടെത്തിയത് എങ്കിൽ പിന്നീട് തറയിൽ സുഷിരങ്ങൾ ഇട്ട് അതിലേക്ക് വാട്ടർ പ്രൂഫിംഗ് കോമ്പൗണ്ട് ഇൻജക്റ്റ് ചെയ്ത് കയറ്റുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഒക്കെ നിലവിലുണ്ടെങ്കിലും നമ്മുടെനാട്ടിലെ സാഹചര്യങ്ങളിൽ അവയൊക്കെ എത്രമാത്രം പ്രായോഗികമാണെന്നും ഫലം ചെയ്യുന്നതാണെന്നും ഉറപ്പില്ല .എല്ലാവർക്കും പ്രായോഗികമാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള പ്രതിരോധ പരിഹാര മാർഗ്ഗങ്ങൾ ഈ വിഷയത്തിൽ ഇല്ല എങ്കിലും നിങ്ങൾ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടോ? അഭിമുഖീകരിച്ചിട്ടുണ്ടോ? കാരണമായി എന്താണ് കണ്ടെത്തിയത്? എങ്ങിനെയാണ് പരിഹരിക്കാൻ ശ്രമിച്ചത്? പൂർണ്ണമായി ഫലം കിട്ടിയിട്ടുണ്ടോ? ഇക്കാര്യങ്ങൾ കമന്റായി ചേർത്താൽ പലർക്കും ഉപകാരപ്രദമായേക്കാം വാൽക്കഷണം : ഇത്രയുമൊക്കെ എഴുതിയ സ്ഥിതിക്ക് ഞാനൊരു ‘ എഫ്ലോറസൻസ് വിദഗ്ദൻ’ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. എല്ലാവരെപ്പോലെയും ഈ പ്രശ്നം പല സാഹചര്യങ്ങളിലും അഭിമുഖീകരിക്കേണ്ടി വന്നതിനാൽ അതിന്റെ പിറകിലെ കാരണങ്ങളും പ്രതിവിധികളും തേടി അലഞ്ഞപ്പോൾ കിട്ടീയ വിവരങ്ങൾ ഒരുമിച്ച് ചേർത്തു എന്നേ ഉള്ളൂ.”