പണ്ടുള്ള ആളുകൾക്ക് അയലത്തുകാരുടെ ഉൾപ്പെടെ പത്തു ഫോൺനമ്പർ എങ്കിലും കാണാപ്പാഠം ആയിരുന്നു എന്നാൽ ഇന്നത്തെ കുട്ടികൾക്കോ

EDITOR

മൊബൈലും മറവിയും പണ്ട് നിങ്ങൾക്ക് ഒരുപാട് ആളുകളുടെ നമ്പറുകൾ കാണപ്പാഠമായിരിക്കും. പക്ഷെ ഇന്ന് മറ്റൊരാളുടെ നമ്പർ പോലും ഓർത്തുവെക്കാൻ പറ്റുന്നില്ല എന്ന് തോന്നിയിട്ടില്ലേ? അതിന്റെ കാരണമായി പലരും പറയുന്നത് ഫോൺ ഉപയോഗം കാരണം ഓർമ്മശക്തി കുറഞ്ഞു എന്നതാണ്. ശരിക്കും ഫോൺ നിങ്ങളുടെ ഓർമ്മയെ നശിപ്പിച്ചിട്ടുണ്ടോ? എന്റെ ചെറിയ അറിവിൽ മനസ്സിലായ കാര്യം പറയാം. പണ്ട് നമ്മുടെ വീട്ടിൽ ഒരു നമ്പർ ഉണ്ടെന്ന് കരുതുക. രാജാവിന്റെ മകൻ എന്ന സിനിമയിൽ ലാലേട്ടൻ പറയുന്ന നമ്പർ ഓർമ്മയുണ്ടോ? My phone number is 2255. ആ നമ്പർ ഉദാഹരണമായി എടുക്കാം. അന്ന് വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമാണ് ടെലിഫോൺ ഉണ്ടായിരുന്നത്. പിന്നീട് അതിന് മുന്നിൽ രണ്ട് digit നമ്പർ കൂടെ വന്നു. ഉദാ: – 33 2255 എന്നായി. പിന്നീട് വീണ്ടും BSNL ലാൻഡ്‌ലൈനിൽ 2 എന്ന digit കൂടി വന്നു. അപ്പോളത് 2 33 2255 എന്നായിമാറി. ഈ പാറ്റേൺ കൃത്യമായി അറിയുന്നവർക്ക് പുതുതായി വന്ന ആദ്യത്തെ അക്കവും ബാക്കി രണ്ട് അക്കവും common ആയത് കൊണ്ട് ഓർത്തുവെക്കേണ്ടതില്ല. ഇനിയുള്ളത് ബാക്കി 4 അക്കമാണ്. 2 എന്നതിന് വലിയ പ്രസക്തി ഇല്ല. അത് ഇന്ത്യ മുഴുവനായും ഉള്ള BSNL ന്റെ fixed line ഫോണുകളിലും ഒരേ നമ്പർ ആണ്. അടുത്തതായി 33 എന്നത് മാഹിയിലെ Telephone exchange പരിധിയിൽ ആയത് കൊണ്ട് എനിക്ക് അറിയാം മാഹിയിലെ കൂടുതൽ ഫോണുകളും 33 ആയിരിക്കുമെന്ന്.

തലശ്ശേരി കണ്ണൂർ വടകര പോലുള്ള ഓരോ സ്ഥലങ്ങളിലും 33 നു പകരം മറ്റൊരു നമ്പർ ആയിരിക്കും. ഇതിൽ 33 എന്ന നമ്പർ ഓരോ, Telephone exchange തിരിച്ചുള്ളതാണെന്ന് മനസ്സിലാക്കുക. ഓരോ എക്സ്ചേഞ്ചിനും ആദ്യത്തെ രണ്ട് നമ്പർ മാറ്റമുണ്ടാവും. ബാക്കി വരുന്ന 4 നമ്പർ ആയിരിക്കും ഒരാളുടെ ഫോൺ നമ്പർ. അപ്പോൾ ഓർത്തു വെക്കാനുള്ളത് ബാക്കിയുള്ള നമ്പർ മാത്രമാണ്. അത് പലപ്പോഴായി നമ്മൾ ഒരാളെ വിളിക്കുമ്പോൾ കയ്യിലെ ഡയറിയിൽ നോക്കും. അത് ഡയൽ ചെയ്യുമ്പോൾ വിരൽ കൊണ്ട് അമർത്തുമ്പോഴും നമ്മൾ പലപ്പോഴായി നോക്കും. ഇത് ആവർത്തിക്കുമ്പോൾ നമ്പർ നോക്കാതെ തന്നെ ഓർമ്മയിൽ ഉണ്ടാവും. അന്ന് ഓർത്തുവെക്കാൻ 4 നമ്പർ മാത്രം മതിയായിരുന്നു.മൊബൈൽ നമ്പർ വന്നപ്പോൾ കേരളത്തിൽ 9895 എയർടെൽ ആണെന്നും 9846 BPL അല്ലെങ്കിൽ Hutch ആണെന്നും 9847 Escotel അഥവാ iDea ആണെന്നും പലർക്കും അറിയാം. അന്ന് ഒറ്റ സീരീസ് ആയിരുന്നു ഓരോ കമ്പനിയും. ഇവിടെയും ആദ്യത്തെ 4 നമ്പർ എളുപ്പത്തിൽ ഓർക്കാം. ബാക്കിയുള്ള 6-digit എന്നത് 4 നമ്പർ ഓർക്കുന്നത് പോലെ നിസ്സാരമാണ്.

പിന്നീട് പുതിയ സീരീസ് വന്നത് കൊണ്ടും നമ്പർ പോർട്ടബിലിറ്റി വന്നത് കൊണ്ടും പല സീരീസ് ആയി നമ്പറുകൾ വരാൻ തുടങ്ങി. ആദ്യകാലത്ത് മൊബൈൽ നമ്പറുകൾ 9 ൽ തുടങ്ങുന്നവയാണെങ്കിൽ ഇപ്പോളത് 8,7,6 സീരിസിലും എത്തി നിൽക്കുന്നു. ഒന്നിലും പ്രത്യേക കോമ്പിനേഷൻ ഇല്ലാത്തത് കൊണ്ട് പത്ത് ഡിജിറ്റും ഓർക്കാൻ വളരെ ബുദ്ധിമുട്ടായി മാറി. ഇന്ന് Coin ഇട്ട് വിളിക്കുന്ന ഫോണുകളൊന്നും ഇല്ലാത്തത് കൊണ്ട് നമ്പർ ഞെക്കി വിളിക്കേണ്ടുന്ന ആവശ്യവുമില്ല. ഇത്രയും നമ്പർ ഓർമിച്ചു വെച്ചിട്ട് നമ്മുക്കും ഒരു കാര്യവുമില്ല. ജീവിതത്തിലെ ബാക്കിയുള്ള തിരക്കുകളും പ്രശ്നങ്ങളും ഉള്ളത് കൊണ്ട് ഇത്രയും complicated ആയുള്ളത് ഓർത്തുവെക്കാൻ ആരും ബുദ്ധിമുട്ടില്ല എന്നതാണ് സത്യം. ഇതിൽ നിങ്ങളുടെ ഓർമ്മ ശക്തി കുറഞ്ഞതല്ല പണ്ട് ഒരു വീട്ടിലെ ആരെ വിളിക്കാനും 4 നമ്പർ ഓർത്താൽ മതി പക്ഷെ ഇന്ന് ആളുകളുടെ എണ്ണത്തിന് അനുസരിച്ച് നമ്പർ കൂടിയതിനാൽ നമ്പർ ഓർത്തു വെച്ചിട്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലാക്കി പലരും ഓർത്തുവെക്കാൻ ശ്രമിക്കില്ല. ഇന്ന് നിങ്ങൾക്ക് സ്വന്തം നമ്പർ ഓർമ്മയുണ്ടെങ്കിൽ ഇനി കുറച്ചു കാലം കഴിഞ്ഞാൽ അതും ഓർമ്മയിൽ ഉണ്ടാവില്ല.

കാരണം റീചാർജ്‌ ചെയ്യാൻ UPI ആപ്പിൽ ഒരു തവണ നമ്പർ ടൈപ്പ് ചെയ്താൽ പിന്നീട് ഓർക്കേണ്ട കാര്യമില്ല. WHATSAPP ചാറ്റ് ചെയ്യാൻ നിങ്ങൾക്ക് ഒരാളുടെ QR code സ്കാൻ ചെയ്താൽ അവരുടെ ഡീറ്റെയിൽസ് കിട്ടും. അതൊക്കെ ഉപയോഗിക്കാൻ തുടങ്ങിയാൽ സ്വന്തം നമ്പർ പോലും ഓർക്കേണ്ട കാര്യമില്ല. കാരണം ടെക്നോളജി കൂടുതൽ എളുപ്പമായിക്കൊണ്ടിരിക്കുകയാണ്. ഒരു കാര്യം കൂടെ നോക്കാം ആദ്യ കാലത്ത് ഒരാളോട് സംസാരിക്കാൻ അയാളുടെ അടുത്ത് പോവണമായിരുന്നു. പിന്നീട് പോവുന്നതിനു പകരം പ്രാവിന്റെ ചിറകിലൊക്കെ കാര്യങ്ങൾ എഴുതി അയച്ചു. പിന്നീട് ടെലിഗ്രാം വന്നു, പിന്നെ കറക്കി വിളിക്കുന്ന ലാൻഡ്‍ഫോൺ വന്നു, cordless ഫോൺ വന്നു, പേജർ വന്നു, മൊബൈൽ ഫോൺ വന്നു, മൊബൈലിൽ ബട്ടൻ അമർത്തുന്നതിന് പകരം touch screen വന്നു, അവസാനം artificial intelligent ആയുള്ളതും വന്നു. ഇന്ന് ഒരാളെ വിളിക്കാൻ ഫോണിനോട് പറഞ്ഞാൽ Siri അല്ലെങ്കിൽ ഗൂഗിൾ അല്ലെങ്കിൽ bixby വഴി അയാളെ കൃത്യമായി വിളിക്കും. നാളെ നിങ്ങൾ മനസ്സിൽ ഒരാളോട് സംസാരിക്കണമെന്ന് വിചാരിച്ചാൽ ഒരുപക്ഷെ അതും നടക്കും. നിങ്ങൾ ഇതൊക്കെ ഉപയോഗിക്കുമ്പോൾ കൂടുതൽ smart ആവുന്നു എന്നതാണ് സത്യം. അല്ലാതെ നിങ്ങളൊരിക്കലും ഓർമ്മയില്ലാത്ത ഒരാളായി മാറുകയല്ല ചെയ്യുന്നത്.
സ്നേഹത്തോടെ അനു മാഹി
കടപ്പാട് : ANU MAHE | CAPITAL THOUGHTS