വാവ സുരേഷ് ഈ പണിക്ക് ഇറങ്ങിയത് ധനസമ്പാദനത്തിന് അല്ല ഈ ഒറ്റ തൊഴില്‍ കാരണം ഭാര്യ പോലും ഇട്ടിട്ട് പോയി വിമർശിക്കുന്നവർ അറിയാൻ

  0
  53

  എന്നൊക്കെ ഈ മനുഷ്യനെ പാമ്പ് കടി ഏറ്റിട്ടുണ്ടോ, അന്നൊക്കെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്, ആഗ്രഹിച്ചിട്ടുണ്ട് തിരിച്ചു വരണേ എന്ന്. വീണ്ടും പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്നു. കോട്ടയം കുറിച്ചിയില്‍ വച്ച് വൈകുന്നേരം നാല് മണിക്ക് ആയിരുന്നു സംഭവം.പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഉപദേശങ്ങളും വിമര്‍ശനങ്ങളും ഈ വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.വാവ സുരേഷിനെ പലരും വിമര്‍ശിക്കുന്നതിന്റെ കാരണം, അദ്ദേഹം സ്വന്തം സുരക്ഷയിൽ ശ്രദ്ധിക്കുന്നില്ല എന്നതുകൊണ്ടാണ്.ഈ സമയത്ത് വിമര്‍ശനത്തേക്കാള്‍ അഭികാമ്യം, ആ പാവം മനുഷ്യന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുക , പരമാവധി മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ്.പാമ്പിനെ പിടിക്കുന്നതിനായി കിലോ മീറ്ററുകള്‍ കാറില്‍ വന്നിട്ട്, ഡീസല്‍ കാശ് പോലും കിട്ടാത്ത സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ചില ഇന്റര്‍വ്യൂകളില്‍ കേട്ടിട്ടുണ്ട്.

  വാവ സുരേഷ് ഈ പണിക്ക് ഇറങ്ങിയത് ധനസമ്പാദനത്തിന് അല്ല. ഈ ഒറ്റ ‘തൊഴില്‍’ കാരണം ഭാര്യ പോലും ഇട്ടിട്ട് പോയി. അടച്ചുറപ്പുള്ള ഒരു വീട് പോലും ഈ മനുഷ്യന് ഉണ്ടോ എന്ന് സംശയമാണ്.വാവ സുരേഷിന് വനം വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തതാണെന്നും അദ്ദേഹം അത് നിരസിച്ചതാണെന്നും എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അതിന് അദ്ദേഹം പറഞ്ഞത് കൂട്ടിൽ അകപ്പെട്ടു പോകുമെന്നും സാധാരണക്കാരെ സഹായിക്കാൻ പറ്റില്ലെന്നുമാണ്. ഏതാനും നാളുകള്‍ മുമ്പ് പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത ഒരു വീട്ടിൽ നിലത്ത് ഉറങ്ങിയ പത്ത് വയസ്കാരി പാമ്പ് കടിയേറ്റ് മരണപ്പെട്ടു. ആ വീട്ടിൽ വാവ സുരേഷ് എന്ന എത്തുകയും തനിക്ക് ഏതോ സംഘടന സ്പോൺസർ ചെയ്ത ലക്ഷങ്ങളുടെ വീട് വേണ്ടന്ന് വച്ച് അത് ആ മോളുടെ ഓർമ്മയ്ക്കായി വീട്ടുകാർക്ക് നല്‍കുകയും ചെയ്തു. അത്രയ്ക്ക് നല്ല ജീവകാരുണ്യ പ്രവർത്തകന്‍ കൂടിയാണ് വാവ.

  കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സമാനതകളില്ലാത്ത മാനസിക പീഡനമാണ് വാവ സുരേഷ് അനുഭവിച്ചത്. ഉത്ര കേസില്‍ നിര്‍ണ്ണായകമായ തുമ്പ് ഉണ്ടാക്കാന്‍ കാരണമായ അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ക്ക് ശേഷമാണ് ഈ പീഡനങ്ങള്‍ എന്നും പറയപ്പെടുന്നു.വാവ സുരേഷിന് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന് വാഹനം നല്‍കുന്നുണ്ടെന്നും വ്യാജപ്രചരണം നടത്തിയവര്‍ കുറവല്ല. ഇക്കാരണത്താല്‍ പലപ്പോഴും, പല സ്ഥലങ്ങളില്‍ നിന്നും വെറും കയ്യോടെ മടങ്ങേണ്ട സാഹചര്യവും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്.ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാത്തത് കാരണം മണ്ണെണ്ണ ഒഴിച്ച് ആ  ത്മ  ഹത്യ ചെയ്യുമെന്ന് വരെ വാവ സുരേഷ് കുറച്ച് നാളുകള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

  അര്‍ഹത ഇല്ലാത്ത എത്രയോ പേര്‍ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ജോലി കരസ്തമാക്കുന്ന കേരളത്തിലാണിതും .എത്ര എത്ര വീട്ടുകാര്‍ക്ക് വാവ സുരേഷ് രക്ഷകനായിരിക്കുന്ന എത്ര എത്ര ബോധവത്ക്കരണ ക്ലാസുകള്‍ നടത്തിയിരിക്കുന്നു.എന്തെങ്കിലും ആദരം അദ്ദേഹത്തിന് കിട്ടിയതായി അറിവില്ല. അതൊന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല. പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. താരജാഡകളില്ലാത്ത തലപ്പൊക്കം കാണിക്കാത്ത അപൂര്‍വ്വ വ്യക്തിത്വം. നൂറു കണക്കിന് ആൾക്കാർ പാമ്പ് കടിയേൽക്കാതെ സന്തോഷത്തോടെ ഇരിക്കുന്നതും അദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം കൊണ്ടാണ്. സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമായിട്ടുള്ള ഇക്കാലത്ത് ഇങ്ങനെ ഒരപകടം അശ്രദ്ധയും മുന്‍കരുതല്‍ ഇല്ലാത്തതിനാലും സംഭവിച്ചതാണ്. എന്തായാലും ഈ അവസരം കുറ്റപ്പെടുത്താനുള്ളതല്ല.
  വാവ സുരേഷ് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ച് വരണം. മാത്രമല്ല snake catcher ഉം stick ഉം ഒക്കെ ഉപയോഗിച്ച് ഈ പ്രവൃത്തി വളരെ ശാസ്ത്രീയമായി തുടരണം. അതിലൂടെ ഇനിയും മാതൃകയാവണം. അതിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക. വാവാ സുരേഷ് തിരിച്ചു വരട്ടെ.

  കടപ്പാട് : ഭദ്ര കുമാർ ഭദ്രൻ