കേട്ടുകേൾവി ഇല്ലാത്ത തട്ടിപ്പ് ഭർത്താവ് ഗൾഫിൽ ഉള്ള വീട്ടമ്മമാരെ പറ്റിക്കുന്നത് ഇങ്ങനെ ജാഗ്രത

EDITOR

ഒരു മിസ്സ്ഡ് കോൾ നിങ്ങളേയും തേടിയെത്താം.കരുതിയിരിക്കുക.കഴിഞ്ഞദിവസം തൃശൂരിനടുത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണാഭരണങ്ങളും നാലുലക്ഷം രൂപയും തട്ടിയെടുത്ത വിരുതൻമാർ പ്രയോഗിച്ച സൂത്രം ഒരു മിസ്സ്ഡ് കോൾ മാത്രമാണ്.ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്സ്ഡ് കോൾ വരുന്നു. ആരാണ് എന്നറിയാനുള്ള ആകാംക്ഷയിൽ നിങ്ങൾ തിരിച്ചു വിളിക്കുന്നു. വളരെ മാന്യമായ രീതിയിൽ അവർ നിങ്ങളോട് ഇടപഴകുന്നു. ഡോക്ടർ, എഞ്ചിനിയർ അതുമല്ലെങ്കിൽ ബിസിനസ്സ് നടത്തുന്ന അവിവാഹിതൻ തുടങ്ങി വളരെ മാന്യമായ രീതിയിലായിരിക്കും അവരെ നിങ്ങൾക്കു പരിചയപ്പെടുത്തുക. ക്ഷമാപണം നടത്തുന്ന മാന്യൻ പിന്നീട് നിങ്ങളുമായി സൌഹൃദം തുടങ്ങുന്നു. വളരെ പെട്ടന്നുതന്നെ അവർ സൌഹൃദം വളർത്തിയെടുക്കും.

നിങ്ങളുടെ സാമ്പത്തിക,കുടുംബ പശ്ചാത്തലങ്ങളെല്ലാം അവർ വേഗത്തിൽ മനസ്സിലാക്കും. ഇവരുടെ വാക്ക്സാമർത്ഥ്യത്തിൽ വീഴാത്തവർ വിരളമാണ്.നിങ്ങളുടെ കുടുംബാംഗങ്ങളും,അച്ഛനും അമ്മയും കുട്ടികളുമായി പോലും അവർ കൂട്ടുകാരായി ഭാവിക്കും. നിങ്ങളെ ഏതു സമയത്തും,ഏതു സന്ദർഭത്തിലും സഹായിക്കുന്ന ഉത്തമ സുഹൃത്താണ് ഇയാളെന്ന് നിങ്ങളെ ധരിപ്പിക്കാൻ അവരുടെ വാക് സാമർത്ഥ്യം കൊണ്ട് കഴിയും. ഇവരുടെ കുടുംബാംഗങ്ങളെന്ന രീതിയിൽ അവർ നിങ്ങൾക്ക് പലരേയും പരിചയപെടുത്തും. സിനിമാക്കഥയെപ്പോലും വെല്ലുന്ന രീതിയിൽ അഭിനയിക്കാൻ അവരോടൊപ്പം വ്യാജ അച്ഛനും അമ്മയും സഹോദരങ്ങളും സഹോദരിമാരുമൊക്കെയുണ്ട്. ഇനി ഇവരുടെ ഫോട്ടോ നിങ്ങൾ ആവശ്യപ്പെട്ടു എന്നു കരുതുക. അവർ തന്നെ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ തപ്പി നോക്കി,നല്ല ഒന്നാംതരം ഫോട്ടോ നിങ്ങൾക്ക് അയച്ചു തരും. നിങ്ങൾ അത് വിശ്വസിക്കുകയും ചെയ്യും.

നിങ്ങൾ അവരുടെ കെണിയിൽ വീണു എന്നുറപ്പാക്കിക്കഴിഞ്ഞാൽ നിങ്ങളോട് അവർ പല ആവശ്യങ്ങൾ പറഞ്ഞ് പണവും സ്വർണ്ണാഭരണങ്ങളും സഹായമായി അഭ്യർത്ഥിക്കും. തിരിച്ചു നൽകാമെന്ന ഉറപ്പായിരിക്കും നിങ്ങൾക്ക് അവർ നൽകുക. അതുമല്ലെങ്കിൽ, ആത്മാർത്ഥ സുഹൃത്തിന്റെ അത്യാവശ്യം നിങ്ങൾക്ക് നിരാകരിക്കാൻ കഴിയാത്ത അവസ്ഥ. അങ്ങിനെ നിങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഇവർ നിങ്ങളിൽ നിന്നും തട്ടിയെടുക്കും.കഴിഞ്ഞദിവസം പിടിയിലായ തട്ടിപ്പുകാരുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നാണക്കേടു ഭയന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും ഇക്കാര്യം പുറത്തുപറയാതെ നിൽക്കുകയാണ് പലരും. വലയിൽ വീഴുന്ന ഇരയെ വിശ്വസിപ്പിക്കാൻ ഏതടവും പയറ്റാൻ കരുതിയിരിക്കുന്ന ഇത്തരക്കാരുടെ കെണിയിൽ ഒരു സിനിമാതാരംവരെ പെട്ടുപോയിട്ടുണ്ട്. വിദേശത്ത് ജോലിചെയ്യുന്ന ഭർത്താക്കൻമാരുള്ള സ്ത്രീകളുടെ മൊബൈലിലേക്കാണ് കൂടുതലും ഇവരുടെ മിസ്സ്ഡ് കോൾ ചെന്നെത്തുന്നത്.കരുതിയിരിക്കുക. സൈബർ കുറ്റവാളികൾ നമുക്ക് ചുറ്റുമുണ്ട്. കുറ്റവാളികളുടെ കെണികളിൽ വീഴാതിരിക്കാൻ കേരളാ പോലീസ് ദിനംപ്രതി നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്രദ്ധയോടെ ഉൾക്കൊള്ളുക.