മൂത്രശങ്ക സഹിക്കാതെ ടോയ്ലറ്റിന് മുന്നിലെത്തി അവിടെ ബോർഡ് ക്ലീനിംഗ് എന്ന് അത് വകവെക്കാതെ ഞാൻ അകത്തുകയറി ഒരു സ്ത്രീ അവിടെ

EDITOR

അതിയായ മൂത്രശങ്ക സഹിക്കാനാവാതെ ഞാൻ ടോയ്ലറ്റിന് മുന്നിലെത്തിയപ്പോൾ, ഡോറിന് മുന്നിൽ ഒരു ബോർഡ് തൂക്കിയിട്ടിരിക്കുന്നു.ക്ലീനിംഗിന് വേണ്ടി തൽക്കാലത്തേക്ക് അടച്ചിരിക്കുന്നു’. അതൊന്നും വകവെക്കാതെ ഞാൻ അകത്തുകയറി കാര്യം സാധിച്ചു. തിരിച്ച് ഇറങ്ങിയപ്പോഴാണ് ഞാൻ ആ സ്ത്രീയെ കണ്ടത്‌. (ജോലിസ്ഥലത്ത് (UK) ടോയ്ലറ്റും, കാന്റീനും, ഭക്ഷണം കഴിക്കുന്ന മേശകളും, തറയുമൊക്കെ വൃത്തിയാക്കുന്ന ഒരു ഇംഗ്ലീഷുകാരിയായ സ്ത്രീ. ഏകദേശം 50-60 വയസ്സ്‌ പ്രായം വരും). ബോർഡ് വച്ചിരുന്നിട്ടും കയറിയതിന് അവർ അന്നെന്നെ കുറേ വഴക്ക് പറഞ്ഞു. ഞാൻ അവരോട് അതിന് ക്ഷമയൊക്കെ ചോദിച്ചിട്ട് ഇറങ്ങി വന്നു.ഇപ്പോഴുള്ള ജോലിസ്ഥലത്തെ എന്റെ ആദ്യ ദിവസങ്ങളിലുണ്ടായ ഒരു സംഭവമാണ് അത്‌. അതിനുശേഷം ഞാൻ ആ സ്ത്രീയെ കണ്ടപ്പോൾ, അവരോട്‌ ചിരിക്കുകയും അവരെ വിഷ് ചെയ്യുകയുമൊക്കെ ചെയ്തു. പക്ഷെ, അവർ അത് മൈൻഡ് ചെയ്തത് പോലുമില്ല. അവിടെ റേസിസം കൊണ്ടുനടക്കുന്നവരുടെ കൂട്ടത്തിൽ ഒരാളായിരിക്കും അവരുമെന്ന് ഞാൻ കരുതി.

പക്ഷേ പിന്നീട് ഞാനവരെ ശ്രദ്ധിച്ചപ്പോൾ, അവർ സ്ഥിരമായി തന്റെ അതേ പ്രായത്തിലുള്ള മറ്റൊരു സ്ത്രീയുമായി മാത്രം സംസാരിക്കുന്നത് കണ്ടു. അവിടെയുള്ള മറ്റാരുമായും അവർ അങ്ങനെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവരുടെ ആ പ്രകൃതം കണ്ടിട്ടോ, അവരുടെ മുഖത്ത് സ്ഥിരമായുള്ള ആ വിഷാദഭാവം കണ്ടിട്ടോ, അവരിലുള്ള ആ നിശബ്ദത കണ്ടിട്ടോ എന്തോ, എനിക്ക് അവരോട് ഒരു താല്പര്യം തോന്നി. അവരെപ്പറ്റി കൂടുതൽ അറിയണമെന്ന് തോന്നി. അവരോട് സംസാരിക്കണമെന്ന് തോന്നി.അവരെ കാണുമ്പോഴുള്ള ചിരിയും വിഷ് ചെയ്യലുമൊന്നും ഞാൻ നിർത്തിയില്ല. അത് അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ, പ്രതികരണം ഒന്നും ഉണ്ടായില്ല. ഞാൻ കാന്റീനിൽ വരുന്ന സമയത്ത് അവർ അവിടെ എന്തെങ്കിലും ജോലി ചെയ്തുകൊണ്ട് നിൽക്കുകയാണെങ്കിൽ ഞാൻ അവരെ അതിൽ സഹായിച്ചു തുടങ്ങി. ടിഷ്യു പേപ്പർ, സാനിട്ടൈസർ എന്നിവ നിറച്ച് വക്കുക, വെള്ളം കുടിക്കുന്ന ഗ്ലാസ് തീർന്നിട്ടുണ്ടെങ്കിൽ അത് നിറച്ച് വക്കുക, വേസ്റ്റിടുന്ന ബിൻ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് മാറ്റി പുതിയ കവർ ഇടുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളൊക്കെ ചെയ്തു.

അതൊക്കെ അവർ അവിടെനിന്ന് കാണുന്നുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടിയില്ല. ദൂരെ നിന്ന് എന്നെ നോക്കിക്കൊണ്ട് നിൽക്കുക മാത്രം ചെയ്തു.അങ്ങനെയിരിക്കെ രണ്ട് മൂന്ന് ദിവസം അസുഖം കാരണം ഞാൻ ലീവെടുത്തു. നാലാം ദിവസം തിരിച്ച് വന്നപ്പോൾ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവർ എന്നെക്കുറിച്ച് ആ സുഹൃത്തിനോട് അന്വേഷിച്ചുവെന്ന്. അത്‌ കേട്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി.അന്ന് ഭക്ഷണം കഴിക്കാൻ ഞാൻ കാന്റീനിലേക്ക് ചെന്ന് ഒരു മേശയ്ക്ക് മുന്നിലിരുന്നു. അവർ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും അവർ ഞാനിരുന്ന മേശയിൽ എനിക്ക് അഭിമുഖമായി വന്നിരുന്നുകൊണ്ട് ചോദിച്ചു.എന്താ പറ്റിയെ??”
ഞാൻ മുഖമുയർത്തി ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു.എനിക്ക് നല്ല സുഖമില്ലായിരുന്നു. അതാ വരാഞ്ഞത്.അത് പറഞ്ഞുനിർത്തി ബാഗിൽ നിന്ന് കഴിക്കാനുള്ള ലഞ്ച്ബോക്സ് എടുത്തതും എനിക്കൊരു കാര്യം ഓർമ്മ വന്നു. മൂന്നുദിവസത്തെ ലീവിന് ശേഷം ജോലിക്ക്‌ വന്നതുകൊണ്ട് എന്റെ സ്പൂൺ എടുക്കാൻ മറന്നു. (ഇവിടെ ആരും കൈ കൊണ്ട് വാരി കഴിക്കാറില്ല).

അവരത് മനസ്സിലാക്കിയതും അവിടെ നിന്നും എഴുന്നേറ്റുപോയി അവരുടെ സ്പൂണെടുത്ത് കഴുകി എനിക്ക് കൊണ്ടുതന്നു.ഞാൻ നന്ദി പറഞ്ഞിട്ട് സംസാരം തുടർന്നു.എന്റെ സുഹൃത്ത് പറഞ്ഞിരുന്നു കഴിഞ്ഞ ദിവസം എന്നെക്കുറിച്ച് ചോദിച്ചിരുന്നെന്ന്”.അവർ അതിന്‌ ആവേശത്തോടെ മറുപടി പറഞ്ഞു.
അതെ, ഞാൻ ചോദിച്ചിരുന്നു. രണ്ടുമൂന്നു ദിവസം വരാഞ്ഞപ്പോൾ ഞാൻ കരുതി വേറെ എന്തെങ്കിലും ജോലി കിട്ടി പോയിട്ടുണ്ടാവുമെന്ന്. അങ്ങനെ പോയിരുന്നെങ്കിൽ എനിക്ക് വലിയ വിഷമമായേനേ. നീ പലപ്രാവശ്യം എന്നോട് ചിരിക്കുകയും എന്റടുത്ത് സംസാരിക്കാൻ ശ്രമിക്കുകയും എന്നെ പലവട്ടം ഓരോ കാര്യങ്ങളിൽ സഹായിക്കുകയും ഒക്കെ ചെയ്തിട്ടില്ലേ? ഞാൻ അപ്പോഴൊന്നും നിന്നോട്‌ മിണ്ടിയിട്ടുമില്ല. എന്നോട് ഇങ്ങനെയൊന്നും ആരും ഇതുവരെ പെരുമാറിയിട്ടില്ല. ഞാൻ ആരോടും അധികം അങ്ങനെ മിണ്ടാറില്ല. എന്റെ ആ സ്വഭാവം കാരണം എന്നോടും ആരും അങ്ങനെ മിണ്ടാറില്ല. നീ ഇങ്ങനൊക്കെ ചെയ്തിട്ടും, എനിക്ക് ഒരു വാക്ക് പോലും പറയാൻപറ്റാതെ നീ ഇവിടെനിന്നും പോയിരുന്നെങ്കിൽ, എനിക്കതൊരു വല്ലാത്ത സങ്കടമായേനേ.

അതുകൊണ്ടാ ഞാൻ ചോദിച്ചത്. ഒരു നെടുവീർപ്പിട്ടുകൊണ്ട് അവരത് പറഞ്ഞു തീർത്തു. അത് പറയുമ്പോൾ അവരുടെ ശബ്ദം ഇടറിയിരുന്നു.അതിനുശേഷം കാണുമ്പോഴോക്കെ അവരെന്നോട് നല്ലതുപോലെ സംസാരിച്ചു. ചായ കുടിക്കാനോ ഭക്ഷണം കഴിക്കാനോ ഞാൻ കാന്റീനിൽ പോകുമ്പോൾ, അവരവിടെ ഉണ്ടെങ്കിൽ എന്റടുത്ത് വന്നിരുന്ന് സംസാരിക്കും. ചിലപ്പോഴൊക്കെ ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിക്കും. ഞാൻ അവരുമായി കൂടുതൽ അടുത്തു. അവിടെയുള്ളവരൊക്കെ ഇപ്പോൾ എന്നെ കളിയാക്കിപ്പറയുന്നത്, അവർ എന്റെ ‘ഗേൾ ഫ്രണ്ട് ‘ ആണെന്നാണ്.
ഇക്കഴിഞ്ഞ എന്റെ ജന്മദിനത്തോടനുബന്ധിച്ച് ഞാൻ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അവർ അവരുടെ ബാഗുമായി വന്ന് എന്റെ മുന്നിലിരുന്ന് അതിൽനിന്നും ഒരു ലഞ്ച്ബോക്സ് എടുത്ത് മുമ്പിൽ വച്ചിട്ട് പറഞ്ഞു.ഇന്ന് നീ കൊണ്ടുവന്ന ഭക്ഷണം തിരിച്ചു ബാഗിൽ വച്ചേക്ക്. ഇത് ഞാൻ നിനക്കുവേണ്ടി പാചകം ചെയ്ത് കൊണ്ടുവന്നതാണ്. നിനക്കിത് ഇഷ്ടമാകുമോ എന്നെനിക്കറിയില്ല.

എന്നാലും നീ കഴിച്ച് നോക്ക്. നിനക്കുള്ള എന്റെ ജന്മദിന സമ്മാനമാണിത്.അത് പറഞ്ഞിട്ട് അവരെന്നെ ജന്മദിനം ആശംസിച്ചു. പാത്രം തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ ഫ്രൈഡ്റൈസും ചിക്കൻ കറിയും ആയിരുന്നു. ഞാനത്‌ കഴിച്ചു; എനിക്ക്‌ അത്‌ ഇഷ്ടപ്പെട്ടു. ഞാൻ അവരുടെ കുഴിഞ്ഞ, വിഷാദം നിറഞ്ഞ വെള്ളാരം കണ്ണുകളിലേക്ക്‌ നോക്കി പറഞ്ഞു.കൊള്ളാം, നല്ല രുചിയുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. Thank you my dear Girl Friend! മുഖത്ത് തമാശ കലർന്ന ഒരു ചിരിയോടെയാണ് ഞാനത്‌ പറഞ്ഞത്‌. അത് കേട്ടതും സിഗററ്റ് വലിച്ച് കറ പിടിച്ച പല്ലുകൾ പുറത്തുകാട്ടി പൊട്ടിച്ചിരിച്ചുകൊണ്ട്, ചെറിയ ചുളുവുകൾ വീണ അവരുടെ പഞ്ഞിപോലെയുള്ള കൈകൾ കൊണ്ട് വളരെ അലസമായി എന്റെ തോളുകളിൽ പിടിച്ച്‌ കുലുക്കിക്കൊണ്ട് അവർ എന്നോട് പറഞ്ഞു.

മനുഷ്യരുടെ മനസ്സ്‌ കീഴടക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവരെ സ്നേഹിക്കുക എന്നത് തന്നെയാണ്. എത്ര വലിയ കഠിനഹൃദയരും അതിന്റെ മുൻപിൽ തോറ്റുപോകും. കാരണം, അവരുടെയുള്ളിലും ഉണ്ടാവും കാലങ്ങളോളം ഉപയോഗശൂന്യമായി ഉറഞ്ഞുപോയ സ്നേഹം. കുറച്ചു സമയമെടുത്താലും അത് അലിയുക തന്നെ ചെയ്യും. സ്നേഹത്തിന്റെ ചൂട് കൊണ്ട് വെട്ടിത്തിളക്കുന്ന പഞ്ചസാര ലായനിയിലേക്ക് വീണ ഒരു കൽക്കണ്ട കഷണം പോലെയാണവർ. അതിലേക്ക് ചേരാതിരിക്കാൻ എത്ര ശ്രമിച്ചാലും അവർക്കാവില്ല.

എഴുതിയത് : പ്രശാന്ത് മധുസൂദനൻ