ആകർഷണം എന്നതിലുപരി സ്ത്രീകളെ ഇഷ്ടമാണ് ജീവിതത്തിൽ മറക്കാൻ കഴിയാത്ത നാല് സ്ത്രീകൾ ഒരു ചേച്ചി ഒരു കാമുകി ഒരു അനിയത്തി അവസാനത്തെ ആൾ

EDITOR

പ്രശാന്ത് മധുസൂദനൻ എഴുതുന്നു ഓപ്പോസിറ്റ് ഒരു ആകർഷണം എന്നതിനേക്കാൾ ഉപരിയായി പെൺകുട്ടികളെ അല്ലെങ്കിൽ സ്ത്രീകളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതിപ്പോ എന്റെ സമപ്രായക്കാർ ആയാലും എന്നേക്കാൾ പ്രായം കൂടിയവർ ആയാലും, കുറഞ്ഞവരായാലും. അതുകൊണ്ട് തന്നെ, ഞാൻ അറിഞ്ഞോ അറിയാതെയോ ഇന്നുവരെയുള്ള എന്റെ ജീവിതത്തിലേക്ക് ഒട്ടനേകം സ്ത്രീകൾ കടന്നുവന്നിട്ടുണ്ട്. അവരിൽ സുഹൃത്തുക്കളുണ്ട്, ചേച്ചിമാരേപ്പോലെ സ്നേഹിച്ചവരുണ്ട്, അനിയത്തിമാരുണ്ട്, എനിക്ക്‌ പ്രേമം തോന്നിയവരുണ്ട്, അമ്മയെപ്പോലെ കണ്ടവരുണ്ട്, വൃദ്ധരായവരുണ്ട്. അതായത് എന്റെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് സ്ത്രീ എന്നത്.അങ്ങനെ ജീവിതത്തിൽ കണ്ടുമുട്ടിയവരിൽ എന്റെ മരണം വരെ ദിവസവും അവർ എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചത്, എന്റെ കുടുംബത്തിലുള്ളവരോട് എന്നപോലെ എനിക്ക് അറ്റാച്ച്മെന്റ് തോന്നിയത് നാല് പേരോടാണ്. ഒരു ചേച്ചി, ഒരു കാമുകി, ഒരു അനിയത്തിക്കുട്ടി. നാലാമത്തേതും ഒരു കാമുകി ആയിരുന്നു. പക്ഷേ, ഇപ്പോൾ അവൾ എന്റെ ഭാര്യയാണ്‌.

ബാക്കി മൂന്നുപേരും അവരുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള വഴിയിൽ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്ത് വച്ചപ്പോൾ എനിക്ക് പിരിയേണ്ടി വന്നവരാണ്. അവരുടെ മൂവരുടെയും വേർപാടിലാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഡിപ്രെഷൻ അനുഭവിച്ചിട്ടുള്ളത്. തുടർച്ചയായി ഒന്നോ രണ്ടോ മൂന്നോ ആഴ്ചകൾ അല്ലെങ്കിൽ ഒരു മാസത്തോളം.അങ്ങനെയുള്ള ബന്ധങ്ങൾ ഇനിയൊരിക്കലും ഉണ്ടാവരുതേ എന്ന് ഞാൻ അന്നൊക്കെ പ്രാർത്ഥിച്ചിരുന്നു; ഇനിയുണ്ടാവില്ലെന്നും കരുതിയതാണ്. അതിനെയൊക്കെ മറികടന്ന് കൊണ്ടായിരുന്നു ഈ കുട്ടിയുമായുള്ള എന്റെ പരിചയപ്പെടൽ. എറിട്രിയ എന്ന് പേരുള്ള ഒരു ദരിദ്ര രാജ്യത്ത് നിന്നും അവിടുത്തെ ജീവിതസാഹചര്യങ്ങൾ സഹിക്കാനാവാതെ വന്നപ്പോ നിയമവിരുദ്ധമായി യുകെയിലേക്ക് വന്ന്, ഇപ്പോൾ യുകെ വിസയോട് കൂടി ഇവിടെ ജോലി ചെയ്യുന്ന ഒരു കുട്ടി. നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും സഹോദരൻമാർക്കും സഹോദരിക്കുമെല്ലാം ഇപ്പഴും അവിടുത്തേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഇവിടെ നിന്നും കയറ്റി അയച്ചു കൊടുക്കുന്ന അദ്ധ്വാനിയായ ഒരു മിടുക്കി പെൺകുട്ടി.

ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്ത് വച്ച് വളരെ സാധാരണമായ ഒരു പരിചയപ്പെടൽ ആയിരുന്നു അവളുമായി. കാലക്രമേണ ദിവസേന കണ്ടും കൂടുതൽ സംസാരിച്ചും ഇരുവരും തമ്മിലുള്ള അടുപ്പവും കൂടി. ഞാൻ നേരത്തേ പറഞ്ഞ അറ്റാച്ച്മെന്റ് എന്നേക്കാൾ മുമ്പേ അവൾക്ക് തോന്നി. ഞാനും അതിലേക്ക്‌ എത്തും എന്ന് തോന്നിയ ഒരു ദിവസം ഞാൻ അവളോട്‌ പഴയ കഥകളൊക്കെ പറഞ്ഞു. എന്നോട്‌ കൂടുതൽ അടുക്കണ്ട എന്നും, വീണ്ടും അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ലെന്നും ഞാൻ അവളോട്‌ പറഞ്ഞു. അതിന് മറുപടിയായി അവൾ അന്ന് പറഞ്ഞത്‌ ഇങ്ങനെയാണ്.പ്ലീസ്…ദയവ് ചെയ്ത് എന്നോട്‌ അങ്ങനെ പറയരുത്. എന്നോ വരാനിരിക്കുന്ന ഒരു ദിവസത്തെയോർത്ത് നീ എന്തിനാണ് ഇപ്പോഴേ ടെൻഷനടിക്കുന്നത്? അതിനുവേണ്ടി എന്തിനാണ്‌ അതുവരെയുള്ള നമ്മളുടെ ഈ സൗഹൃദം വേണ്ടെന്ന് വെക്കുന്നത്? എനിക്ക് നിന്നെ ഇഷ്ട്ടമാണ്! നിന്റെടുത്ത് സംസാരിക്കുന്നത് ഇഷ്ടമാണ്!! നിന്റെ കൂടെ സംസാരിക്കുമ്പോൾ ഞാൻ വളരെ കംഫോർട്ടബിളാണ്, ഫ്രീയാണ്, ഓപ്പൺ മൈൻഡഡ് ആണ്!!! എന്റെ ബോയ് ഫ്രണ്ടിനോട് പോലും പറയാത്ത ചില കാര്യങ്ങൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.

പ്ലീസ്‌…എന്നോട് ഒരിക്കലും അങ്ങനെ ചെയ്യരുത്!”അതിനേക്കാളേറെ 24 വയസ്സുള്ള അവളിൽ നിന്നും വളരെ പക്വമായ ചില വാക്കുകളാണ് ഒരു ഉപദേശമെന്ന രീതിയിൽ അടുത്തതായി എന്നോട്‌ പറഞ്ഞത്.നോക്ക്, നമ്മുടെ ജീവിതത്തിലേക്ക് പലരും കടന്ന് വരും; പലരും ഇറങ്ങിപ്പോവുകയും ചെയ്യും. അതൊക്കെ സർവ്വസാധാരണമാണ്. അതാണ് ജീവിതംഅവൾ പറഞ്ഞത് സത്യമാണെങ്കിലും അതിൽ എനിക്കുള്ള അനുഭവത്തിന്റെ വിയോജിപ്പ് ഞാൻ ഇങ്ങനെ പറഞ്ഞു തീർത്തു. ശരിയായിരിക്കാം.പക്ഷേ, തൊട്ടടുത്ത് നേരിട്ട് കാണാൻ പറ്റാത്ത, അവരുടെ ശബ്ദം അടുത്ത് നിന്ന് കേൾക്കാൻ പറ്റാത്ത, അവരെ സ്പർശിച്ചു തൊട്ടറിയാൻ പറ്റാത്ത എല്ലാ ബന്ധങ്ങളും എനിക്ക് വെറും ഓർമ്മപുതുക്കൽ മാത്രമായേ തോന്നാറുള്ളൂ.എന്റെ ആ മറുപടിയും അവളെ പിന്നോട്ട് ചിന്തിപ്പിച്ചില്ല. അങ്ങനെ അവളുടെ വാക്കുകൾ കാരണം ആ സൗഹൃദം വീണ്ടും ഉറച്ചു. ജോലിസ്ഥലത്ത് എല്ലാവരും അറിഞ്ഞിരുന്ന, എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു സൗഹൃദമായിരുന്നു അത്‌. അവളില്ലാത്ത ദിവസം എന്നോടും, ഞാനില്ലാത്ത ദിവസം അവളോടും മറ്റുള്ളവർ ഞങ്ങളുടെ അവധിയുടെ കാരണങ്ങൾ തിരക്കിയറിഞ്ഞു.

ജോലിസമയത്ത് ഇടക്കൊക്കെ ഞങ്ങൾ സംസാരിക്കാറുണ്ട്. ഒരു ദിവസത്തെ ജോലി അവസാനിക്കുന്ന സമയം വൈകിട്ട് 6 മണിയാണ്. ഏകദേശം 5.50 ആകുമ്പോഴേക്കും അവൾ എല്ലാം ഒതുക്കി, തിരിച്ചിറങ്ങുന്ന വാതിലിന് അടുത്തേക്ക് വരും. അവിടെയാണ് വിരലടയാളം ഉപയോഗിച്ച് ക്ലോക്ക് ഔട്ട് ചെയ്യുന്ന സ്ഥലം. ആ വാതിൽ എത്തുന്നതിന് മുമ്പ് ഇടതുവശത്തായി രണ്ടുപേർക്ക് ഇരിക്കാൻ പാകത്തിന് വീതിയുള്ള ഒരു സ്റ്റീൽ മേശയുണ്ട്. അത്‌ ഇരിക്കാനുള്ളതല്ല. അതിൽ ആരും ഇരിക്കാറുമില്ല. എങ്കിലും ദിവസവും അവൾ അവിടെ ചെന്ന് ആ മേശ തുടച്ച് വൃത്തിയാക്കി,എനിക്കിരിക്കാനുള്ള സ്ഥലം ഒഴിച്ചിട്ട്, ബാക്കി സ്ഥലത്ത് എന്നെയും കാത്ത് അവളിരിക്കും. 5.55 ആകുമ്പോഴേക്കും ഞാൻ അവിടെയെത്തി എന്റെ സ്ഥലത്ത്‌ കയറിയിരുന്ന് ബാക്കിയുള്ള 5 മിനിറ്റ് ഞങ്ങൾ എന്തെങ്കിലും സംസാരിക്കും.
ഒരിക്കൽ അവളെന്നോട് പറഞ്ഞിട്ടുണ്ട്;നമ്മൾ ദിവസവും സംസാരിക്കാറുണ്ടെങ്കിലും, അവിടെ ഇരുന്ന് സംസാരിക്കുന്ന ആ 5 മിനിറ്റാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന്.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി. അത്‌ രണ്ട് വർഷമായി. ഒടുവിൽ ഞാൻ പ്രതീക്ഷിച്ചതും അന്ന് അവളോട്‌ പറഞ്ഞതും സംഭവിച്ചു. അവൾക്ക് മെച്ചപ്പെട്ട, ഉയർന്ന ശമ്പളമുള്ള മറ്റൊരു ജോലി കിട്ടി. അവൾ അവിടെ നിന്നും പോവുകയാണ്. അവളുടെ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള പണം സ്വരൂപിക്കാനായി അവൾക്കതിന് പോയേ പറ്റൂ. അവൾ അതെന്നോട്‌ പറഞ്ഞ നിമിഷം എനിക്ക് നല്ല വിഷമമുണ്ടായി. അതിനുശേഷം ഞാൻ അവളിൽ നിന്ന് അകലാൻ ശ്രമിച്ചു. പതിയെ അവളോടുള്ള സംസാരം കുറച്ചു. അത് മനസ്സിലാക്കിയ അവൾ എന്നെ അതിൽ നിന്നും വിലക്കി. അവൾ അവിടെ നിന്നും പോകുന്നത് വരെയും പഴയതുപോലെ പെരുമാറണമെന്ന് എന്നോട്‌ കെഞ്ചിപ്പറഞ്ഞു. അന്ന് എന്നെ ഓഫീസിന് വെളിയിൽ വിളിച്ചുകൊണ്ടുപോയി അവൾ കുറേ ഫോട്ടോസ് എടുത്തു.

അങ്ങനെ അവളുടെ അവിടുത്തെ അവസാന ദിവസമെത്തി. പതിവുപോലെ 5.50 ആയപ്പോൾ അവൾ എല്ലാം തീർത്ത്, ഇറങ്ങാനുള്ള വാതിലിന് അടുത്തേക്ക് നടന്നു. 5.55 ആയപ്പോഴേക്കും ഞാനും അവിടെയെത്തി. എനിക്കുള്ള സ്ഥലം ഒഴിച്ചിട്ട് പതിവ്‌ പോലെ അവൾ മേശപ്പുറത്ത് ഇരിപ്പുണ്ട്. ഞാൻ അവിടെ പോയിരുന്നു. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിരിപ്പുണ്ട്. എനിക്ക് വാക്കുകളൊന്നും പുറത്തേക്ക്‌ വന്നില്ല. ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു.എന്താ നീ ഒന്നും മിണ്ടാത്തത്??പതിഞ്ഞ ശബ്ദത്തിൽ ഞാൻ മറുപടി പറഞ്ഞു.എനിക്കറിയില്ല നീ ഇന്ന് പോകുവല്ലേ? ചിലപ്പോ അതായിരിക്കും.വീണ്ടും കുറച്ചുനേരം ഞങ്ങൾ നിശബ്ദരായി ഇരുന്നു. ഞാൻ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 5.58. അവൾ മേശയിൽ നിന്നെഴുന്നേറ്റ് എനിക്ക് അഭിമുഖമായി നിന്ന് പറഞ്ഞു.എനിക്ക് മെസ്സേജ് അയക്കണം എന്നോട്‌ ചാറ്റ് ചെയ്യണം എന്നെ വിളിക്കണം!!! ഇതൊക്കെ ഞാൻ ചെയ്യാൻ വേണ്ടി കാത്തിരിക്കരുത്. നിനക്ക് എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം. നീ എപ്പോ വിളിച്ചാലും ഞാനെടുക്കും.I am really going to miss you!ഇത്രയും പറഞ്ഞ് മേശയുടെ അറ്റത്ത് പിടിച്ചിരുന്ന എന്റെ വലത് കൈ വലിച്ചെടുത്ത് കൈപ്പത്തിയുടെ മറുഭാഗത്ത് ഒരു മുത്തം തന്നിട്ട് അവൾ അവിടെ നിന്നും നടന്നകന്നു.

ആ നിമിഷത്തിൽ എനിക്കൊരു ശൂന്യത അനുഭവപ്പെട്ടു. അവിടെയുണ്ടായിരുന്ന എന്റെ സന്തോഷത്തിന്റെ വലിയൊരു ഭാഗമാണ് ആ മറഞ്ഞു പോയത്‌. അതുവരെ ഞാൻ അടക്കി പിടിച്ചിരുന്ന സങ്കടമെല്ലാം എന്നിലേക്ക് ഇരമ്പി വന്നു. എന്റെ കണ്ണുകളിലേക്ക് ചൂട് ഇരച്ചുകയറി കണ്ണുകൾ പുകഞ്ഞ് അവയിലേക്ക് വെള്ളം നിറയാൻ തുടങ്ങി. ക്ലോക്കിലേക്ക് നോക്കിയ ഞാൻ വളരെ അവ്യക്തമായി ഒരു മങ്ങലോടെ 6 മണി എന്നുറപ്പിച്ചു. ഷർട്ടിന്റെ വലതുകൈ ഭാഗം കൊണ്ട് കണ്ണുകൾ ഒപ്പിയപ്പോൾ എന്റെ കൈപ്പത്തിയുടെ പുറം ഭാഗത്ത് അവളുടെ കണ്ണുനീർ തുള്ളികൾ വീണ് നനഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.വീട്ടിൽ വന്നതിന് ശേഷമുള്ള അന്നത്തെ വൈകുന്നേരം എനിക്ക് ഓർമ്മയില്ല. അതിന് ശേഷമുള്ള രണ്ട് ആഴ്ചകൾ ഞാൻ ആ പഴയ ഡിപ്രഷനിലേക്ക് പോയി. അതിന്റെ അവസാനം സ്വയം ആശ്വസിക്കാനെന്നവണ്ണം അവൾ പറഞ്ഞ വാക്കുകൾ തന്നെ ഞാൻ കടമെടുത്തു. ആ വാക്കുകളെക്കുറിച്ച് ആലോചിക്കുമ്പോൾ അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്ന് എന്നോടായി പറയും.നോക്ക്, നമ്മുടെ ജീവിതത്തിലേക്ക് പലരും കടന്ന് വരും; പലരും ഇറങ്ങിപ്പോവുകയും ചെയ്യും.അതൊക്കെ സർവ്വസാധാരണമാണ്. അതാണ് ജീവിതം അത്‌ പറഞ്ഞുതീർന്നിട്ട് ആ മുഖം മാഞ്ഞു പോകും.ജോലിസ്ഥലത്ത് വച്ച് ഇപ്പോൾ ഞാൻ അവളെക്കുറിച്ച് ചിന്തിക്കാറേയില്ല. എങ്കിലും, വൈകുന്നേരം പുറത്തേക്കുള്ള വാതിലിനടുത്ത് എത്തുമ്പോൾ ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ ആ ഒഴിഞ്ഞ സ്റ്റീൽ മേശയിലേക്ക് നോക്കിപ്പോകും. അന്ന് അവൾ ഒഴിച്ചിട്ടിട്ട് പോയ ആ ശൂന്യത ഇപ്പോഴും അവിടെത്തന്നെയുണ്ട്.

എഴുതിയത് :പ്രശാന്ത് മധുസൂദനൻ