പ്രശാന്ത് മധുസൂദനൻ എഴുതുന്നു ഇത് പോലെ ഒരുപാടു കുട്ടികൾ നമുക്ക് ചുറ്റും ഉണ്ട് അവരുടെ മാതാപിതാക്കളും കുട്ടികളും അറിയാൻ കഴിഞ്ഞ ജൂണിൽ അവന് എട്ട് വയസ്സ് പൂർത്തിയായി. അവൻ നടന്നുതുടങ്ങി മൂന്ന് വയസ്സൊക്കെ ആയതിനുശേഷം സാധാരണ കുട്ടികളിൽ കാണുന്നതിൽ നിന്നും അധികമായി വികൃതിയും കുരുത്തക്കേടുകളുമൊക്കെ കാണിക്കാൻ തുടങ്ങി.വീടിനുള്ളിലും പുറത്തുമൊക്കെ വേഗത്തിൽ വെറുതേ കിടന്നോടുക ഉയരത്തിൽ നിന്ന് താഴേക്ക് എടുത്ത് ചാടുക തലകുത്തി മറിയുക അങ്ങനെയൊക്കെ. ഇതൊക്കെ ചെയ്യുമ്പോൾ അവൻ വിയർക്കുകയും കിതക്കുകയുമൊക്കെ ചെയ്യും.എന്നാലും അവനതൊക്കെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടേയിരുന്നു.ആ സമയത്ത് അവനെ അടക്കിനിർത്താൻ ഞങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു.
അവന്റെ ഇങ്ങനുള്ള വികൃതികളും ഓട്ടവും ചാട്ടവുമൊക്കെ കണ്ട് പലരും അവളോട് തമാശ രൂപേണ ചോദിച്ചിട്ടുണ്ട്. “ഗർഭിണിയായിരുന്നപ്പോ വല്ല റബ്ബർ പന്തും വിഴുങ്ങിയായിരുന്നോ?? എന്ന്.അവരോടൊക്കെ ഹൈപ്പർ ആക്ടീവിനെക്കുറിച്ച് പറയുന്നത് അവൻ കേട്ടിട്ടുമുണ്ട്.പകൽ ഇങ്ങനൊക്കെയാണെങ്കിലും രാത്രി കിടക്കുന്നതിന് മുമ്പ് അവൻ കട്ടിലിൽ കിടന്ന് ഞങ്ങളോട് വളരെ പക്വതയോടെ പലതും സംസാരിക്കാറുണ്ട്.വളരെ ചിന്തിച്ചുള്ള ചോദ്യങ്ങളും പണ്ട് നടന്ന കാര്യങ്ങളുമൊക്കെ വളരെ താല്പര്യത്തോടെ ചോദിച്ചറിയും. ഒടുവിൽ എന്നെയും കെട്ടിപ്പിടിച്ചാണ് ദിവസവും കിടന്ന് ഉറങ്ങാറുള്ളത്.
കുറച്ച് നാളുകൾക്ക്മുമ്പ് ഒരു ദിവസം അവന്റെ വികൃതി മൂലം കുട്ടികൾക്കിടയിലുണ്ടായ ഒരു ചെറിയ സംഭവം മുതിർന്നവരിലേക്കെത്തി വാക്കുതർക്കം ഉണ്ടായി.മറ്റേ കുട്ടിയുടെ മാതാപിതാക്കൾ ഇവനെക്കുറിച്ച് മോശമായി സംസാരിച്ചു.അത് കേട്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും സഹിക്കാനായില്ല.ഞാൻ അവനെ ഒരുപാട് തല്ലി.ഇനി എന്റെടുത്ത് മിണ്ടണ്ട എന്നൊക്കെ അവനോട് പറഞ്ഞു.അവൻ അന്ന് അടികൊണ്ട് ഒരുപാടുനേരം ഇരുന്നു കരഞ്ഞു.അന്ന് ഞാൻ അവനോട് മിണ്ടിയതേയില്ല.ഇടയ്ക്കൊക്കെ എന്നെ കാണുമ്പോ മുഖത്തേക്ക് ദയനീയമായി നോക്കും.എന്നിട്ടും ഞാൻ മുഖം കൊടുത്തില്ല.ദേഷ്യത്തോടെ നിന്നു.അന്ന് രാത്രി കിടക്കാനായി റൂമിലെ വെളിച്ചമെല്ലാം അണച്ചു. അവൻ എന്റെയടുത്ത് കിടക്കുകയാണ്. ഞാൻ അപ്പോഴും ഒന്നും മിണ്ടിയില്ല.കുറച്ചുനേരം കണ്ണുതുറന്ന് കിടന്നതിന് ശേഷം, ചെറിയൊരു പേടിയോടെ നേർത്ത ശബ്ദത്തോടെ അവൻ എന്നോട് ചോദിച്ചു.
എനിക്ക് പന്ത്രണ്ട് വയസ്സാവാൻ ഇനി എത്ര നാളുംകൂടിയുണ്ടച്ഛാ?? അല്ല ഡോക്ടറ് പറഞ്ഞത് പന്ത്രണ്ട് വയസ്സാവുമ്പോ എന്റെ കുരുത്തക്കേടൊക്കെ മാറുവെന്നല്ലേ?അച്ഛാഞാൻ അച്ഛനെയൊന്നു കെട്ടിപ്പിടിച്ചോട്ടെ? അച്ഛനെ കെട്ടിപ്പിടിക്കാതെ കെടന്നാ എനിക്കൊറക്കം വരിത്തില്ല അതാ.ആ മുറിയിൽ അപ്പോൾ വെളിച്ചം ഇല്ലാതിരുന്നത് നന്നായി എന്നെനിക്ക് തോന്നി. അല്ലെങ്കിൽ എന്റെ കണ്ണ് നിറയുന്നത് അവൻ കണ്ടേനെ.ഞാൻ മറുപടിയൊന്നും പറയാതെ അവന്റെ മുഖമുയർത്തി എന്റെ വലത് തോളിലെക്ക് കിടത്തി. നിമിഷനേരത്തിനുള്ളിൽ അവൻ ഉറങ്ങി.പക്ഷേ ഞാൻ അന്നുറങ്ങാൻ വൈകി എന്റെ മനസ്സ് മുഴുവൻ അവനെ അടിച്ചതിലുള്ള കുറ്റബോധമായിരുന്നു.അവനെ അടിച്ച ഓരോ അടിയും പതിന്മടങ്ങ് ശക്തിയോടെ തിരിച്ച് എന്റെ പുറത്തേക്ക് തന്നെ വീണതുപോലെ തോന്നി.അന്ന് ഞാൻ അടിച്ചത് എന്നെത്തന്നെയാണെന്ന് എനിക്ക് തോന്നി.ജീവിതത്തിൽ മറ്റാരിൽ നിന്നും മനസ്സിലാക്കാത്ത ചില പാഠങ്ങളൊക്കെ കുട്ടികൾ നമ്മളെ പഠിപ്പിക്കും.ഒരു മനുഷ്യായുസ്സ് മുഴുവൻ ജീവിച്ചു തീർത്താലും പഠിക്കാത്ത ചില പാഠങ്ങൾ