വീണാ വിജയൻ എന്ത് തെറ്റാണ് ചെയ്തത്?ഏതൊരാൾക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്ന ഒരാളാണ് വീണ വിജയൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവർക്ക് നല്ല വിദ്യാഭ്യാസമുണ്ട്. ഒരു ഐ.ടി കമ്പനി നടത്തിക്കൊണ്ടുപോവുന്ന ആളായതിനാൽ സ്വന്തമായ വരുമാനവും ഉണ്ട്. വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും സ്ത്രീശാക്തീകരണത്തിലേയ്ക്കുള്ള ചവിട്ടുപടികളാണ് എന്ന കാര്യം പറയാതെ തന്നെ അറിയാമല്ലോ.ഡിവോഴ്സിനെ പാപമായി കണക്കാക്കുന്ന സമൂഹമാണ് നമ്മുടേത്. വിവാഹബന്ധം വേർപെടുത്തുന്ന സ്ത്രീകളാണ് കൂടുതൽ അധിക്ഷേപങ്ങൾ നേരിടാറുള്ളത്.ഭർത്താവ് ചിലപ്പോൾ തല്ലിയെന്ന് വരും. അതിന് ഇറങ്ങിപ്പോരുന്നത് മര്യാദയാണോ.
നീയൊരു പെണ്ണല്ലേ? കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടതല്ലേ…?നിൻ്റെ മക്കളെ ഓർത്തെങ്കിലും ഡിവോഴ്സ് ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചുകൂടേ?ഇതുപോലുള്ള മൊഴിമുത്തുകൾ നാം പതിവായി കേൾക്കുന്നതല്ലേ? നാട്ടുകാരുടെ വിഷം പുരട്ടിയ നാവുകളോടുള്ള ഭയം മൂലം പല സ്ത്രീകളും ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ കടിച്ചുതൂങ്ങാറുണ്ട്.എന്നാൽ പൊതുബോധത്തിൻ്റെ താളത്തിനനുസരിച്ച് തുള്ളാൻ വീണ ഒരുക്കമായിരുന്നില്ല. ആദ്യ ഭർത്താവുമായി യോജിച്ചുപോകാൻ സാധിക്കാതെ വന്നപ്പോൾ വീണ ആ ബന്ധത്തോട് ഗുഡ്ബൈ പറഞ്ഞു. ‘മതമല്ല,മനുഷ്യനാണ് വലുത് എന്ന മഹത്തായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മുഹമ്മദ് റിയാസിനെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
വീണയെ കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നവരോട് ഒരു ചോദ്യമേയുള്ളൂ. വീണയുടെ ജീവിതത്തിൽ നിങ്ങൾ കാണുന്ന പോരായ്മ എന്താണ്? പിണറായി വിജയൻ്റെ മകളായി പിറന്നു എന്നതാണോ വീണയിൽ നിങ്ങൾ കാണുന്ന കുറ്റം? എങ്കിൽ നിങ്ങളുടെ അസുഖം ഗുരുതരമാണ്.അകാരണമായി ഇത്രയേറെ അധിക്ഷേപിക്കപ്പെട്ട മറ്റൊരു സ്ത്രീ കേരളത്തിൻ്റെ ചരിത്രത്തിലുണ്ടാവില്ല. റിയാസ്-വീണ ദാമ്പത്യത്തെ വ്യഭിചാരം എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള നാലാം കിട വ്യക്തിഹത്യകൾ ഒരുഭാഗത്ത്. വീണയുടെ കമ്പനിയ്ക്കെതിരെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ പരാതികൾ മറുഭാഗത്ത്!വീണയെക്കുറിച്ച് അനാവശ്യം പറയാൻ മുതിർന്ന രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും വരെ ക്യൂ നിൽക്കുകയാണ്. ഈ വൃത്തികേട് അവസാനിപ്പിക്കാനുള്ള സമയമായി.മുഹമ്മദ് റിയാസ് ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ എല്ലാവരും അംഗീകരിക്കണമെന്നോ ഇഷ്ടപ്പെടണമെന്നോ ശഠിക്കാനാവില്ല. പക്ഷേ റിയാസിനെ രാഷ്ട്രീയം പറഞ്ഞ് എതിരിടാനാണ് ശീലിക്കേണ്ടത്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്ക് കടന്നുവന്ന ആളാണ് റിയാസ്. ഒട്ടനവധി സമരങ്ങളുടെ ചരിത്രം അദ്ദേഹത്തിനുപുറകിലുണ്ട്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിൽവാസം അനുഭവിച്ച ആളാണ്. ഈ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി റിയാസാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.അങ്ങനെയുള്ള റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകൻ,വീണയുടെ ഭർത്താവ് എന്നെല്ലാം വിളിക്കുന്ന ആളുകൾ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക. നിങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വളരെ വികലമാണ്. ആധുനിക സമൂഹത്തിന് നിങ്ങളൊരു ബാദ്ധ്യതയാണ്.തോറ്റുപോയ ജനതയാണ് നാം. സ്ത്രീവിരുദ്ധതയെ ജയിക്കാൻ നമുക്ക് ഇന്നും കഴിഞ്ഞിട്ടില്ല. മതങ്ങൾക്കുമേൽ മനുഷ്യനെ പ്രതിഷ്ഠിക്കാൻ നമുക്ക് ഇനിയും നൂറ്റാണ്ടുകൾ വേണ്ടിവരും. അതെ,നാം പരാജിതർ തന്നെയാണ്.പക്ഷേ അതിങ്ങനെ കൂടെക്കൂടെ ഓർമ്മിപ്പിക്കുന്നതെന്തിന്.
Written by-Sandeep Das