ഭാര്യയെ നഷ്ടപെട്ട ഒരുവനെ പറയുന്ന പേരാണ്ല്ലോ വിഭാര്യൻ.അത്ര സ്നേഹത്തിൽ ഇരിക്കുമ്പോ പെട്ടന്നൊരു ദിവസം ഭാര്യ അങ്ങ് പോയാൽ ഈ ഭർത്തക്കന്മാർ എങ്ങനെ ആയിരിക്കും സഹിക്കുന്നുണ്ടാവുക.അതിനെ ഒക്കെ വളരെ പെട്ടന്ന് തരണം ചെയ്യുന്ന ഒരു കൂട്ടം ഉണ്ടാവാം.എന്നാൽ ഇനി അവൾ ഇല്ലല്ലോ എന്ന ആ സത്യത്തെ ഉൾകൊള്ളാൻ ആവാതെ ജീവിതത്തിന് മുന്നിൽ പകച്ചു പോയ ഒരു കൂട്ടവും ഉണ്ടാവില്ലേ.ഉണ്ടാവും അല്ലെങ്കിൽ ഉണ്ട്. അങ്ങനൊരാളുണ്ട് എന്റെ അയല്പക്കത്തുള്ള ചന്ദ്രേട്ടൻ.ഇപ്പൊ അദ്ദേഹത്തിന് ഒരു 75 വയസ്സിനടുത്തുണ്ടാവും.പുള്ളിക്കാരന്റെ 60 വയസ്സിനോടടുത്താണ് ശാന്തേച്ചി മരിക്കുന്നതു അത് വളരെ പെട്ടന്നുള്ളൊരു മരണം ആയിരുന്നു.ഒരു ഉച്ചക്ക് ഊണ് കഴിഞ്ഞു കിടന്ന ശാന്തേച്ചി പിന്നെ എണീറ്റില്ല.
ഉച്ചയുറക്കം രണ്ടാളും വേറെ വേറെ ആണ് ചേട്ടൻ അകത്തെ മുറിയിലും ചേച്ചി ടിവി കണ്ടു അകത്തളത്തിലും.ചായ തിളപ്പിച്ച് അതും അവൽ നനച്ചതോ മധുരക്കിഴങ്ങ് പുഴുങ്ങിയതോ ഒക്കെ ആയി ചന്ദ്രേട്ടനെ വിളിച്ചുണർത്താൻ അന്ന് ചേച്ചി ഉണർന്നില്ല.. ഞങ്ങൾ വിവരം അറിഞ്ഞു ചെല്ലുമ്പോൾ ചന്ദ്രേട്ടൻ വളരെ നിർവികാരനായ ഒരു കുടുംബനാഥൻ ആയി അകത്തേക്ക് ചെല്ല് അവൾ അകത്തുണ്ട്.ഒന്നും പറയാതെ പോയ് കളഞ്ഞു എന്നൊക്കെ അങ്ങനെ ഇരുന്നു പറയുന്നുണ്ട്‍.മക്കൾ എല്ലാരും എത്തി ചുറ്റിലും ഇരുന്നു കരയുമ്പോളും ചന്ദ്രേട്ടൻ ഇടക്കിടക്ക് വന്നു നോക്കും.ഇടക്ക് നെറ്റിയിൽ ഒന്ന് തലോടും.ദഹിപ്പിക്കാൻ എടുക്കുമ്പോളും ആ മനുഷ്യൻ ഒന്ന് കരയുന്നു പോലുമില്ല..എല്ലാം കഴിഞ്ഞു എല്ലാരും പോയി.ചന്ദ്രേട്ടനും വേണ്ടപ്പെട്ടവരും മാത്രമായി വീട്ടിൽ.. വൈകുന്നേരം എല്ലാരും നിർബന്ധിച്ചു കുറച്ചു കഞ്ഞി കുടിച്ചു നേരത്തെ കിടക്കാൻ പോയി.
അപ്പൊ ആ മുറിയിൽ കയറിയ ഒരു നിമിഷത്തിൽ അദ്ദേഹത്തിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞു.ഇനി തന്റെ ചേരെ കിടക്കാൻ അവൾ ഇല്ലാലോ എന്ന് തിരിച്ചറിയുന്നൊരു നേരം.കിടക്കയിൽ കിടന്നു ജനലിലൂടെ നോക്കുന്നത് പുകഞ്ഞു തീരാറായ ചിതയായിരുന്നു.തന്റെ എല്ലാമായിരുന്നവൾ ഒരു പിടി ചാരമായി തീരുന്നതും നോക്കി കിടന്നപ്പോൾ അദ്ദേഹം വിതുമ്പി പോയി.നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അങ്ങനെ ഒഴുകികൊണ്ടേ ഇരുന്നു.കഴിഞ്ഞ മാസം ഒരു നെഞ്ച് വേദന വന്നത് ചന്ദ്രേട്ടനായിരുന്നു അന്ന് ചേച്ചിയുടെ കൈ നെഞ്ചോടു ചേർത്തു ചന്ദ്രേട്ടൻ ചോദിച്ചു ഞാനങ്ങു പോയാൽ നീ പെട്ടന്ന് ഒറ്റക്കായി പോകുമല്ലോടീ അപ്പോളും ശാന്തേച്ചി ധീരമായി പറഞ്ഞു ഞാൻ മക്കടെ അടുത്തെങ്ങും പോയി നിൽക്കില്ല എനിക്ക് നിങ്ങടെ ഓർമ്മകൾ ഉറങ്ങുന്ന ഇവിടുന്നു എവിടേം പോകണ്ട നിങ്ങൾ എന്റെ കൂടെ തന്നെ ഉണ്ടാവുമല്ലോ.
ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ മരിക്കണം എന്ന എനിക്ക് കാരണം നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച് ഒന്നും ഒരുക്കാനും നിൽക്കാനും മക്കൾക്കും മരുമക്കൾക്കും ആവില്ല നിങ്ങളാണെങ്കിൽ അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഒന്നും പറയുകേം ഇല്ല.. എല്ലാം ഉള്ളിൽ ഒതുക്കി നിങ്ങൾ അങ്ങനെ ജീവിക്കുന്നതിലും നല്ലത് ഞാൻ ഉള്ളപ്പോ നിങ്ങൾ അങ്ങ് പോകുന്നതാ. എന്നിട്ടിപ്പോ.എനിക്ക് മുന്നേ നീ പോയല്ലോ എന്നെ ഒന്ന് ഓർക്കുക പോലും ചെയ്യാൻ നിക്കാതെ.ഒരു വാക്ക് പോലും എന്നോട് മിണ്ടാതെ പറഞ്ഞാൽ ഞാൻ സമ്മതിക്കില്ലെന്നു നിനക്കറിയാം.അതല്ലേ നീ ഇങ്ങനങ്ങു പൊയ്ക്കളഞ്ഞത്.ഓർമകളിൽ അലഞ്ഞു എപ്പോളോ ഉറങ്ങിപ്പോയി.ആവശ്യം ഒക്കെ കഴിഞ്ഞു മക്കൾ തിരികെ അവരവരുടെ തിരക്കുകളിൽ പോകാൻ ഒരുങ്ങി.അച്ഛന്റെ കാര്യത്തിൽ എന്താ തീരുമാനം എന്ന് അവർ ചോദിച്ചപ്പോൾ ഇവിടം വിട്ട് ഞാൻ എങ്ങുമില്ല.എനിക്ക് വേണ്ടി ആരും നിൽക്കുകയും വേണ്ട. അതിൽ ഒരു വിഷമവും ഇല്ല എന്ന് കടുപ്പിച്ചു പറഞ്ഞു.. അച്ഛന്റെ നിർബന്ധബുദ്ധി അറിയുന്ന മക്കൾ എല്ലാം തിരികെ പോയി.
ചന്ദ്രേട്ടൻ പതുക്കെ ജീവിതത്തിലേക്കു തിരിച്ചെത്തി എങ്കിലും എല്ലാത്തിലും ഒരു ശൂന്യത അവശേഷിച്ചു എന്ത് ചെയ്യുമ്പോളും ഒരു പൂർണത വരാത്ത പോലെ ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നിയ സാഹചര്യത്തിൽ ഒരു പോംവഴി കണ്ടെത്തി പുള്ളിക്കാരൻ ശാന്തേച്ചി ഇപ്പോളും ആ വീട്ടിൽ ഉണ്ടെന്നു തന്നെ സങ്കല്പിച്ചായി പിന്നെ ജീവിതം.കാലത്തു ചായ തിളപ്പിക്കുന്നത് മുതൽ രണ്ടാൾക്കുമായി ഉണ്ടാക്കാൻ തുടങ്ങി ഇല്ലാത്തോരാളെ ഉണ്ടെന്നു സങ്കല്പിച്ചൊരു ജീവിതം എന്തിനും ഏതിനും അഭിപ്രായം ചോദിക്കലും ടിവി യിൽ കണ്ട തമാശകൾ പങ്കു വെക്കലും.വായിച്ച പത്രത്തിലെ കമ്പോള നിലവാരം ചർച്ച ചെയ്യലും ഒക്കെ ആയി ചന്ദ്രേട്ടൻ ഹാപ്പി ആയി അങ്ങനെ ജീവിച്ചു തുടങ്ങി.വല്ലപോളും വിളിക്കുന്ന മക്കൾ അച്ഛന്റെ മാറ്റം ശ്രദ്ധിക്കാൻ തുടങ്ങി നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ മൂത്ത മകൾ എത്തി ഇവിടെ അച്ഛന്റെ ചെയ്തികൾ എല്ലാം കണ്ടു അമ്പരന്ന അവൾ ബാക്കി സഹോദരങ്ങളെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു. അറിയാവുന്ന ഡോക്ടർ സുഹൃത്തുക്കളുമായി ചർച്ച നടത്തി ഒടുവിൽ ഒരു തീരുമാനത്തിലെത്തി പെട്ടന്നുണ്ടായ അമ്മയുടെ നഷ്ടം താങ്ങാനാവാതെ അച്ഛന്റെ മനോനില തകരാറിലായി.
ചെറിയൊരു ബോഡി ചെക്കപ് എന്ന് പറഞ്ഞു വൈകാതെ സൈക്കാട്രിസ്റ്റിന്റെ അടുത്തേക്ക് അച്ഛനെ അവർ എത്തിച്ചു.എന്നാൽ ഡോക്ടറോട് ചന്ദ്രേട്ടൻ പറഞ്ഞ മറുപടിയിൽ എല്ലാവരും തോറ്റുപോയി.ഡോക്ടറെ എനിക്കറിയാം അവൾ പോയെന്നു. പക്ഷെ എന്റെ മനസ്സ് അത് അംഗീകരിക്കുന്നില്ല.ഞാൻ മരിച്ചിട്ടേ അവൾ മരിക്കാവൂ എന്ന് പ്രാർത്ഥിച്ചിരുന്നവൾ, എന്റെ ശൂന്യതയിലും ഒറ്റക്ക് ജീവിക്കാൻ എന്റെ ഓർമ്മകൾ മാത്രം മതിയെന്ന് പറഞ്ഞവൾ, ആ അവൾ ഞാൻ മരിച്ചാലേ മരിക്കൂ. എനിക്ക് മാത്രം കാണാവുന്ന ദൂരത്തിൽ അവളിപ്പോളും എനിക്കരികിൽ ഉണ്ട്.ആ അവളെ കണ്ടില്ലെന്നു നടിച്ചു എനിക്ക് ജീവിക്കാൻ ആവില്ല.ഇതിനെ ഭ്രാന്ത് എന്ന് വിളിക്കാൻ ആണ് നിങ്ങൾക്കിഷ്ടമെങ്കിൽ എനിക്ക് ഈ ഭ്രാന്തിൽ ഒരു മുഴു ഭ്രാന്തനായി ജീവിക്കാൻ ആണ് എനിക്കിഷ്ടം.
അതും പറഞ്ഞു പുറത്തേക്കിറങ്ങിയ അദ്ദേഹത്തിന്റെ മക്കളോട് ഡോക്ടർ പറഞ്ഞുവത്രെ ഓർമകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹത്തെ അതിനനുവദിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത് എന്ന് ഇന്നും ചന്ദ്രേട്ടൻ എന്തൊരു സന്തോഷത്തിലും സമാധാനത്തിലും ആണെന്നോ ജീവിക്കുന്നത് ഓണം വന്നാൽ ശാന്തേച്ചിക്കുള്ള ഓണക്കോടിയും വിഷു വന്നാൽ ഒന്നിച്ചു പൊട്ടിക്കാനുള്ള പടക്കങ്ങളും ഒക്കെ വാങ്ങി വളരെ സന്തോഷവാനായി പൂർണ ആരോഗ്യവനായി. താൻ മരിച്ചാലല്ലേ അവൾ മരിക്കൂ ആ ഒരു വിശ്വാസത്തിൽ മരണത്തിന്റെ കയ്യെത്താ ദൂരത്തിലേക് അങ്ങനെ പറന്നു പറന്നു പോയികൊണ്ടേ ഇരിക്കുന്നു.ഒരു വിഭാര്യൻ അല്ലാതെ. ഭാര്യയുള്ള മറ്റാരേക്കാളും സന്തോഷത്തിൽ.ആത്മാവിന് നിർവൃതി കൊടുത്തു കൊണ്ട്.ശാന്തേച്ചിയുടെ ഓർമകളിൽ അല്ല.ശാന്തേച്ചിയോടൊപ്പം തന്നെ മനസ്സാണല്ലോ ഏറ്റവും വലിയ ശക്തി.അവിടെ ജയിക്കാനായാൽ പിന്നെ എവിടെ തോൽക്കാൻ
എഴുതിയത് : ഷാനു ജിതൻ