പള്ളിയിൽ വരാതെ വിനോദയാത്ര പോയ നിങ്ങളുടെ വാഹനം മറിച്ചിടുന്ന ക്രൂരനായൊരു മനുഷ്യനല്ല ദൈവം വൈറൽ കുറിപ്പ്

EDITOR

നീ എങ്ങനെയാണ് ഇത്രയും സന്തോഷമുള്ളവനായിരിക്കുന്നത് ?‌ അന്നംക്കുട്ടി ജോസായിട്ടു കാണുകയില്ലെങ്കിൽ ഞാനൊരു കാര്യം പറയാം 1.മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക.ലോകം തുടർച്ചയായി നിങ്ങളോടു പറഞ്ഞുകൊണ്ടേയിരിക്കും. നിങ്ങൾ എത്തിപ്പെട്ട ഇടമൊന്നും ഒരിടമല്ല, ഇതിലും വലിയത് നിങ്ങളെ കാത്തിരിക്കുന്നുവെന്ന്. അവർ നിങ്ങളുടെ വിജയങ്ങളെയൊക്കെ നിസ്സാരവൽക്കരിക്കും.നാട്ടിൽ ജോലിയുള്ള നിങ്ങളോട് ഗൾഫിൽ എത്താനുള്ള വഴി ആലോചിക്കാൻ പറയും ഗൾഫിലെത്തിയാലോ ? ഇവിടം ഇനി അധികനാള് ഇങ്ങനെ നിൽക്കില്ല യൂറോപ്പിലേക്ക് പോകാനുള്ള വഴി കണ്ടെത്താൻ പറയും. ഞാനിതൊക്കെ കേട്ടൊരാളാണ്.ഇവിടെയെത്തിയപ്പോൾ കേൾക്കുന്നത് ഓസ്ട്രേലിയയിലേക്കു പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സുഹൃത്തുക്കളെപ്പറ്റിയാണ്. അല്ലെങ്കിൽ അമേരിക്കയിലെ സാധ്യതകളെപ്പറ്റിയാണ്.

അങ്ങനെ പോകുന്നവരെ കുറ്റപ്പെടുത്തികൊണ്ടു പറയുകയല്ല ഞാൻ ആലോചിക്കുകയാണ് ഒരു 200 വർഷം ആയുസുള്ളവരാണ് മനുഷ്യനെങ്കിൽ മുപ്പതാമത്തെ വയസ്സിലും പുതിയ ഇടങ്ങളിലേക്ക് ചേക്കാറാനുള്ള ഓട്ടപ്പാച്ചിലുകളേ നമുക്ക് ന്യായീകരിക്കാം. പക്ഷെ 50 വയസുപോലും അല്ല ഇന്നത്തെ ദിവസം പോലും പൂർത്തിയാക്കുമെന്ന് നിശ്ചയമില്ലാത്ത നാമൊക്കെ എപ്പോഴാണ് ഒന്നിരിക്കുക.
ജീവിക്കുക എന്നത് ജീവിതത്തിന്റെ ഏറ്റവും പരമപ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് നാമൊക്കെ മറന്നു പോകുന്നുണ്ട്.കുറഞ്ഞ പക്ഷം 30 ആം വയസ്സിലെങ്കിലും നമ്മുടെ ജീവിതം ആയിരിക്കുന്ന ഇടങ്ങളിൽ അതെ കരകളിൽ തീരത്തോട് അടുപ്പിച്ചില്ലെങ്കിൽ ഈ ഒഴുക്കിൽ നാം മരണം വരെ അന്തമില്ലാതെ തുടരും.ഏറ്റവും അവസാനത്തെ സംഖ്യ എത്രയാണെന്ന് പറയാൻ കഴിയുമോ ? ആയിരക്കണക്കിൽ ശമ്പളം കിട്ടിയിരുന്ന എനിക്ക് പതിനായിരക്കണക്കിൽ സാലറികിട്ടിത്തുടങ്ങിയ കാലത്തു സുഭിക്ഷതയായിരുന്നു.

ചെറിയൊരു കാലം വരെ. പിന്നീട് അടുത്ത സുഹൃത്തുക്കളുടേതുമായി താരതമ്യം ചെയ്തുതുടങ്ങിയപ്പോൾ അതും നിസ്സാരമായി. പിന്നീട് ലക്ഷങ്ങൾ ശമ്പളം കിട്ടിത്തുടങ്ങിയപ്പോൾ മുതലാണ് ഞാൻ സമയത്തിനും സന്തോഷത്തിനും ഒരു നിശ്ചിത മൂല്യം കണക്ക് കൂട്ടി നോക്കിയത്. അതിൽ പിന്നെഞാൻ ഉയർന്ന സാലറിക്കുവേണ്ടിയുള്ള ഓട്ടം അവസാനിപ്പിച്ചു.ലക്ഷത്തിലെത്തുന്നവനു കോടികളുടെതാണ് ചെലവ്. അങ്ങനെ ഒരു സാമൂഹ്യവ്യവസ്ഥയുടെ ചതിയിൽ നാമൊക്കെ അറിയാതെ പെട്ടുപോകുന്നുണ്ട്.കംഫർട്ടിൽ മുക്കിയില്ലെങ്കിൽ തുണികൾക്ക് നാറ്റമുണ്ടാകും എന്ന് ആരാണ് പറഞ്ഞത്? വീട്ടിൽ എല്ലാവരുടെയും പിറന്നാളിന് കേക്ക് മുറിക്കണമെന്നു നാമൊക്കെ തീരുമാനിച്ചത് എന്ന് മുതലാണ്. പ്രസവകാലത്തു ഫോട്ടോ ഷൂട്ട്‌ നടത്തിയില്ലെങ്കിൽ കുറച്ചിലായിപ്പോകും എന്ന് തോന്നുന്നില്ലേ ? ആനകളെപ്പോലെ വായ തുറക്കാൻ അണ്ണാൻ കുഞ്ഞുങ്ങളും നിര്ബന്ധിതരായിപോകുന്ന കാലം.

ഗവണ്മെന്റിലാണോ പ്രൈവറ്റാണോ ? പ്രൈവറ്റാണ്.ഓഹ് പ്രൈവറ്റാ അല്ലെ ലോകം നിങ്ങളെ മടുപ്പിച്ചുകൊണ്ടേയിരിക്കും. ഈ വെള്ളത്തിലേക്ക് കൂപ്പുകുത്താൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുന്നവരോട് എനിക്ക് നീന്തൽ വശമില്ല എന്ന് തുറന്നു സമ്മതിക്കാൻ നാണിക്കേണ്ടതില്ല. ഒഴിഞ്ഞു നിൽക്കുന്നതിന് പലപ്പോഴും വലിയ ധൈര്യം വേണ്ടിവരും. ധൈര്യമുള്ളവരാവുക 2.ചെറിയ കാര്യങ്ങളിൽ സന്തോഷമുള്ളവരായിരിക്കുക.പാതിരാത്രി രണ്ടുമണിക്ക് പഞ്ചായത്തു പൈപ്പിൽ നിന്ന് ഊറിവരുന്ന കുടിവെള്ളം പിടിക്കാൻ വഴിയിലെ പട്ടികളെ ഭയന്ന് പതുങ്ങിപ്പോയതുകൊണ്ടാവും അടുക്കളയിലെ പൈപ്പിൽ യഥേഷ്ടം കിട്ടുന്ന വെള്ളം എനിക്കൊരു അത്ഭുതമാവുന്നത്.മഴപെയ്യുമ്പോൾ അടുക്കളയിലേക്കു അരഞ്ഞാണം പോലെ ചോർന്നൊലിക്കുന്ന വെള്ളം കഴിക്കുന്ന പാത്രത്തിലേക്ക് വീഴാതെ വാതിൽക്കലേക്കു മാറിയിരുന്ന് ഓടിച്ചിട്ട് പിടുത്തം കളിച്ചതുകൊണ്ടാവും ഡൈനിങ് ടേബിളിലെ അത്താഴം എനിക്ക് ആഡംബരമാകുന്നത്.

പൊരിവെയിലത്തു മണിക്കൂറുകളോളം ബസ്സുകാത്തു നിന്ന് കരിഞ്ഞു പോയതുകൊണ്ടാകും ബൈക്കില് മഴ നനഞ്ഞു പോകുമ്പോൾ കാറില്ലാത്തത് എനിക്ക് നാണക്കേടാകാത്തത്. താഴത്തെ പടിയിൽ നിന്ന് യാത്ര തുടങ്ങിയാൽ ഇങ്ങനെ ചില ഗുണങ്ങളുണ്ട്, ജീവിതത്തിൽ വന്നുചേരുന്നതൊക്കെ ബോണസ്സാണ്.3.നിങ്ങൾക്ക് സമയം കൊടുക്കുക.കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ എത്ര പാക്കറ്റ് മിഠായികൾ കൊണ്ടുപോയിരുന്നു എന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷെ അതിലൊന്നുപോലും ഞാൻ കഴിച്ചില്ല എന്ന് മാത്രം ഇപ്പോൾ ഓർക്കുന്നു.അവധിയായിട്ട് എന്ത് ചെയ്തു ?ഒന്നുമില്ല. വീട്ടിൽ തന്നെയിരുന്നു.വെറുതെയിരുന്ന്‌ ഒരു ദിവസം കളഞ്ഞു അല്ലെ ?അല്ല ,ഞാൻ രാവിലെ കൗസല്യാ സുപ്രഭാതം കേട്ടു. ജനാലക്കരികിലിരുന്നു പക്ഷികളെയും നോക്കി ചായകുടിച്ചു. പാതിയാക്കിവച്ച ഒരു പുസ്തകം വായിച്ചു തീർത്തു.

പാർക്കിലൂടെ കൈയും വീശി നടന്നു. പാട്ടും പാടി കുളിച്ചു. കളർ പെൻസിലുകളുപയോഗിച്ചു ക്യാൻവാസിലൊരു ചിത്രം വരച്ചു. കഴിഞ്ഞ ആറു മാസങ്ങളായി ഒഴിഞ്ഞു കിടന്ന ക്യാൻവാസ്. ജനാലക്കരികിൽ വലനെയ്ത ചിലന്തിയുടെ കരവിരുതിൽ അമ്പരന്നു. നരച്ചു തുടങ്ങിയ എന്റെ മുടിയിഴകളെ സ്നേഹത്തോടെ തലോടി.വെറുതെയിരിക്കുക എന്നത് ഒരു നിസ്സാര സംഗതിയല്ല. എല്ലാ ഒച്ചകളും തിരക്കുകളും ഒഴിഞ്ഞു നിങ്ങളുടെ മനസിനെ തെളിഞ്ഞൊരു കണ്ണാടിയിലെന്നതുപോലെ നോക്കിയിരിക്കാൻ ഈ നേരം നിങ്ങളെ സഹായിക്കും. അറിയണ്ടേ, നിങ്ങള്ക്ക് മാറ്റങ്ങളുണ്ടാവുന്നത് ? പരിപൂർണ്ണ നഗ്‌നരായി നിങ്ങളെ നിങ്ങൾ ഏറ്റവും അവസാനം കണ്ടതെന്നാണ് ? ചോദ്യത്തെ ചിരിച്ചു തള്ളണ്ട.എന്തിനാണ് ഓടുന്നത് ? എല്ലാം ഭംഗിയാക്കി സ്വസ്ഥമായിരിക്കാൻ .എന്നാണ് എല്ലാം സ്വസ്ഥമാകുന്നത് ? ഏറ്റവും അവസാനത്തെ സംഖ്യ നിങ്ങൾ കണ്ടെത്തുന്ന ദിവസം.

4.ദൈവങ്ങൾക്ക് ആവശ്യത്തിലേറെ സമയം കൊടുക്കാതിരിക്കുക.ഏതു തനിച്ചാവുന്ന നേരത്തും കൂടെയുള്ളൊരു ഊർജ്ജം എന്നതിനപ്പുറം ദൈവത്തെ തെറ്റിദ്ധരിക്കരുത് . സദാ സ്തുതിച്ചുകൊണ്ടിരിക്കേണ്ട ഒരു അൽപ്പനല്ല ദൈവം. മണിക്കൂറുകളോളം കൈകൊട്ടി സ്തുതിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ സാഹസം കണ്ടല്ല അദ്ദേഹം സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് തരാൻ പോകുന്നത്. നെയ്യഭിഷേകവും പാലാഭിഷേകവും അദ്ദേഹത്തിന് ഇക്കിളിയുണ്ടാക്കുന്നെന്നു നിങ്ങൾ വിശ്വസിക്കുന്നോ ? കൊടിമരത്തിന് സ്വർണ്ണം പൂശുമ്പോൾ നിങ്ങളുടെ ദൈവം മറ്റുള്ള ദൈവങ്ങളുടെ മുന്നിൽ ഉദയനാണ് താരത്തിലെ സലിം കുമാറിനെപോലെ ഞെളിഞ്ഞിരിക്കുമെന്നു നിങ്ങൾ കരുതുന്നതിൽ യുക്തി എന്താണ്?അതുകൊണ്ട് ദൈവങ്ങൾക്ക് സുഖം കിട്ടുന്ന കാര്യങ്ങളെപ്പറ്റി ആലോചിച്ചു സമയം കളയാതിരിക്കുക. ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള അദ്ദേഹം നിങ്ങൾ ജപമാല ചൊല്ലുമ്പോൾ എണ്ണം തെറ്റിയാൽ പിണങ്ങിയിരിക്കാനൊന്നും പോകുന്നില്ല.

അതിലുമധികം മാനസികാവളർച്ച അദ്ദേഹത്തിനുണ്ട്.പള്ളിയിൽ വരാതെ വിനോദയാത്ര പോയ നിങ്ങളുടെ വാഹനം മറിച്ചിടുന്ന ക്രൂരനായൊരു മനുഷ്യനല്ല ദൈവം. ദൈവത്തിലേക്ക് കൂടുതലായി മനുഷ്യരെ അടുപ്പിക്കാൻ സദാ വേദനകൾ തന്നുകൊണ്ടിരിക്കുന്ന മാനസികരോഗിയാണെന്നൊക്കെ പുള്ളിയെക്കുറിച്ചു അപവാദം പറയുന്ന പുരോഹിതവർഗ്ഗത്തെ പുള്ളിതന്നെ ചാട്ടവാറിനടിക്കും, കണ്ടോ. അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടേണ്ടതില്ല. കണ്ണും പൂട്ടി വിശ്വസിക്കുന്ന അന്ധന്മാരായ അനുയായികളേക്കാളും ചിന്തിക്കുന്ന മനുഷ്യരുടെ പിന്തുണ ദൈവങ്ങളും ആഗ്രഹിക്കുന്നുണ്ടാവണം.അപ്പൊ സന്തോഷമുള്ളവരായിരിക്കുക സ്വർഗ്ഗത്തെ ഭൂമിയെന്നു തെറ്റിദ്ധരിക്കാതിരിക്കുക . ഇപ്പോളെടുത്തുകൊണ്ടിരിക്കുന്ന ഈ വായുവിന്റെ പേരുകൂടിയാണ് ജീവിതമെന്ന് സദാ ഓർമ്മയിലിരിക്കട്ടെ.

കടപ്പാട് : ടെന്നി പി മാത്യു