അക്ഷയ ചേച്ചിയുടെ ജാഡ തിരക്ക് പുച്ഛവും സർക്കാർ ഓഫീസിനേക്കാൾ വലിയ ആളാണെന്നുള്ള അഹങ്കാരവും ഒന്നും കാണേണ്ടതില്ല കുറിപ്പ്

EDITOR

ആധാർ കാർഡ് ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അക്ഷയയിൽ പോയി അവരുടെ മുഖവും തിരക്കും പുച്ഛവും സർക്കാർ ഓഫീസിനേക്കാൾ വലിയ ആളാണെന്നുള്ള അഹങ്കാരവും ഒന്നും കാണേണ്ടതില്ല. നിങ്ങളുടെ അടുത്തുള്ള മെയിൻ പോസ്റ്റ് ഓഫീസിലോ ഏതെങ്കിലും ബാങ്കുകളിലോ പോയാൽ വളരെയെളുപ്പം ശരിയാക്കിയെടുക്കാം.ഞങ്ങൾ പോയത് കൂത്താട്ടുകുളം ഇസാഫ് ബാങ്കിലാണ്. റാമ്പ് ഫെസിലിറ്റി(കെട്ടിടങ്ങളിലേയ്ക്കൊക്കെ ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ റാപ് ഫെസിലിറ്റി എല്ലാ ഓഫീസുകൾക്കും വേണം എന്ന് നിയമം ഉണ്ട്), കസ്റ്റമർ കെയർ, മാന്യമായ ബഹുമാനത്തോടെയുള്ള പെരുമാറ്റം, കാത്തിരിപ്പ് ആവശ്യമാണെങ്കിൽപ്പോലും അതിൽപ്പോലും മാന്യമായ സംസാരം,
പിന്നെ പേര് മാറ്റാൻ എസ് എസ് എൽ സി ബുക്ക് കൊടുത്തപ്പോൾ അതിലെ പടം നോക്കി, “ഇത് പഴയ പടമാണല്ലോ, നിങ്ങളാണെന്നു തെളിയിക്കാൻ സർക്കാർ ഓഫീസിൽ പോയി അറ്റസ്റ്റ് ചെയ്തുകൊണ്ട് വാ” എന്നും പറഞ്ഞില്ല.

എസ് എസ് എൽ സി ബുക്കിൽ പിന്നെ ഏറ്റവും പുതിയ പടം ഒട്ടിച്ചു വയ്ക്കാമോ എന്നൊന്നും ചോദിക്കരുത്, പക്ഷെ അക്ഷയക്കാർക്ക് അതൊക്കെ പ്രശ്നമാണ്! അതിനും കൂടി 20 രൂപാ കിട്ടിയാൽ പുളിക്കില്ലല്ലോ.പിന്നെ വീൽ ചെയറിലാണ് ഒരു കസ്റ്റമർ എന്ന് പറഞ്ഞപ്പോൾ, “ആ സ്റ്റപ്പൊക്കെ എടുതിങ്ങു കെട്ടിക്കോ, ഒരു നാല് പേര് ഇരിപ്പുണ്ട്, അത് കഴിഞ്ഞാ വിളിക്കാം, സ്റ്റെപ്പ് കയറ്റാൻ ആരെയെങ്കിലും സഹായത്തിനു വിളി”, എന്നിങ്ങനെ പറയില്ല!-രണ്ടാം നിലയുടെ മുകളിൽ ഇരുന്നുകൊണ്ടാണ് ഈയൊരു സംസ്കാരമില്ലാത്ത പറച്ചിൽ. (മുകൾ നിലയിലെ സാധന സാമഗ്രികൾ താഴെ കൊണ്ട് വരാൻ പറ്റില്ലെന്ന് മര്യാദയ്ക്ക് പറഞ്ഞാലും മനസിലാകും!)ചിലപ്പോൾ പ്രൈവറ്റ് ബാങ്കുകൾ ആണെങ്കിൽ അവർ തന്നെ ചെറിയ സഹായങ്ങളൊക്കെ നമുക്ക് ചെയ്തും തരും ( ഞങ്ങൾക്ക് ആർക്കും അക്കൗണ്ട് ഇല്ലാത്ത ബാങ്കാണ് എന്ന് എടുത്തു പറയുന്നു).

കസ്റ്റമർ കെയർ എന്നത് ഒരു സംസ്കാരമാണ്. മാന്യമായും ബഹുമാനത്തോടെയും ആവശ്യങ്ങൾ നടപ്പാക്കിക്കിട്ടാൻ ആർക്കും അവകാശമുള്ള ഇടമാണിത്. ഒരിടത്ത് നിന്ന് മോശമായ അനുഭവമുണ്ടായാൽ പിന്നെ ആ ഇടത്ത് ഞാൻ പോകാറില്ല. ഞാൻ കാരണം അവർക്ക് ഒരു വിഷമം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. പക്ഷെ ഇങ്ങോട്ട് കിട്ടുന്നത് പോലെയേ ആർക്കും എന്തും തിരിച്ച് കിട്ടൂ അത് ബഹുമാനം ആണെങ്കിലും കെയർ ആണെങ്കിലും.ഇപ്പോൾ എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. പറ്റുന്നവർ അങ്ങനെ തന്നെ ചെയ്യുക. ആധാർ സംബന്ധമായ കാര്യങ്ങൾ അടുത്തെവിടെയെങ്കിലും ബാങ്കുകളിൽ അന്വേഷിച്ച് അവിടെ ഫ്രീ സമയം നോക്കി പോവുക. കാര്യങ്ങൾ നടക്കും എന്നതല്ല, കാര്യങ്ങൾ മാന്യമായി നടക്കും എന്നതാണ് കാര്യം.ഇന്നലത്തെ പോസ്റ്റിൽ ഇങ്ങനെയൊരു ഓപ്‌ഷൻ പറഞ്ഞു തന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

ശ്രീ പാർവതി