ഇ മനുഷ്യൻ ഇല്ലെങ്കിൽ ജയ് ഭീം സിനിമ ഉണ്ടാകില്ല ഇ സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല

EDITOR

സാധാരണ ഒരു ഹൈക്കോടതി ജസ്റ്റിസ് വിരമിച്ചാൽ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ ഒരു യാത്രയപ്പുണ്ടാവും. ഗ്രൂപ്പ് ഫോട്ടോ, ചായസത്കാരം, ഏതെങ്കിലും മുന്തിയ ഹോട്ടലിൽ അത്താഴം, അതാണ് അതിന്റെ ഒരു നടപടിക്രമം. എന്നാൽ, 2013ൽ മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഒരു ജസ്റ്റിസ് വിരമിച്ചപ്പോൾ അദ്ദേഹം ചീഫ് ജസ്റ്റിസിനു ഒരു കത്തെഴുതി. എനിക്ക് യാത്രയപ്പു ചടങ്ങുകൾ നടത്താൻ ഓർഡർ ഇടരുത്. അത്യപൂർവമായിരുന്നു അങ്ങനെയൊരു ആവശ്യം.അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകി. അതു നൽകാൻ തയ്യാറായ അപൂർവം ന്യായാധിപരിൽ ഒരാൾ. ഇറങ്ങുന്നതിനു മുൻപു അടുത്തുള്ള സംഗീത റസ്റ്റോറന്റിൽ പോയി ഒരു കാപ്പി കുടിച്ചു, അന്നുരാവിലെ തന്നെ ഔദ്യോഗികവാഹനം തിരിച്ചേൽപ്പിച്ചതിനാൽ ബീച്ച് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി തിരിച്ചു വീട്ടിലേക്കു മടങ്ങി.

ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ഏഴുവർഷ കാലയളവിൽ 96,000 കേസുകൾ തീർപ്പാക്കിയ, ഒരുദിവസം 75 കേസുകൾ വരെ കേട്ടിരുന്ന, ചരിത്രപരമായ പല വിധികളും പ്രസ്താവിച്ച, ജനങ്ങളുടെ ജസ്റ്റിസെന്നു പേരെടുത്ത ഒരു ന്യായാധിപന്റെ ഔദ്യോഗികജീവിതം അവസാനിച്ചത് അങ്ങനെ ആയിരുന്നു.ചേമ്പറിലേക്ക് കടന്നുവരുമ്പോൾ ദുഫേദാർ അധികാരത്തിന്റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരം അദ്ദേഹം ഒഴിവാക്കിയിരുന്നു, സുരക്ഷയ്ക്കായി നൽകിയ സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഗൺമാനെ നിയോഗിച്ചിരുന്നില്ല, കാറിന്റെ ഉച്ചിയിൽ ചുവന്ന ബീക്കൺ ലൈറ്റു പിടിപ്പിച്ചിരുന്നില്ല, വീട്ടിൽ സേവകരെ നിയമിച്ചിരുന്നില്ല, അഭിഭാഷകരെ മൈ ലോർഡ് എന്നുവിളിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു, വിരമിച്ച ശേഷം കമ്മീഷനോ ട്രൈബ്യുണലോ ഓംബുഡ്സ്മാനോ ഗവർണറോ ആവാൻ നിന്നില്ല.

സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാവാം പൊതുശ്മശാനങ്ങളിൽ ജാതീയമായ വേർതിരിവുകൾ പാടില്ല തുടങ്ങിയ സുപ്രധാന വിധികൾ എഴുതിയത് ഈ ന്യായാധിപൻ ആയിരുന്നു.ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ജയ് ഭീം എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ഇരുളർ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. രാജാക്കണ്ണിന്റെ അനാഥമര  ണത്തിനു നീതി ലഭിക്കുമായിരുന്നില്ല, പകരം നൽകാമെന്നു പറഞ്ഞ പണം വേണ്ടെന്നുവച്ചു തിരിഞ്ഞുനടക്കാനുള്ള ത്രാണി സെങ്കനിക്ക് ഉണ്ടാകുമായിരുന്നില്ല.പ്രതിഫലമില്ലാതെ സെങ്കനിയുടെ കേസ് നടത്തിയ, സ്വാധീനിക്കാൻ പണക്കെട്ടുമായി എത്തിയ ഏമാന്മാരെ പടിയിറക്കിവിട്ട വക്കീൽ പിന്നീട് ഹൈക്കോടതി ന്യായാധിപനായ ജസ്റ്റിസ് ചന്ദ്രു.

എഴുതിയത് : ഷിബു ഗോപാലകൃഷ്‌ണൻ