കഴിഞ്ഞ ദിവസം മയ്യത്തു നാട്ടിലേക്ക് അയച്ചപ്പോൾ കൂടി നിന്നവരെ പോലും കണ്ണീരിലാക്കി ഒരു സംഭവം

EDITOR

ഇന്നലെ അയച്ച മയ്യത്ത് പാലക്കാട് സ്വദേശിയായ ബക്കറിൻ്റെതാണ്. ബക്കറിൻ്റെ മയ്യത്ത് നമ്മൾ അടങ്ങുന്ന മനുഷ്യസമൂഹത്തിന് ഒരു വലിയ പാഠം നൽകുന്നുണ്ട്.അത് ഇവിടെ പറയാതെ പോയാൽ ശരിയാവില്ലയെന്ന് തോന്നി. മൃഗങ്ങളോടും ഇതര ജീവികളോടും വളരെയധികം സ്നേഹവും കരുണയും കരുതലും കാണിക്കണമെന്ന് പ്രവാചക തിരുമേനി നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.ഈ അടുത്തകാലത്ത് ദുബായിലെ ഒരു പ്രദേശത്ത് വലിയ ഒരു കെട്ടിടം പണിയാൻ തീരുമാനിച്ചപ്പോൾ അവിടെ പറവകളും പറക്കമുറ്റാത്ത കുറച്ച് കുഞ്ഞുങ്ങളും അവിടെ കൂട് കൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ അവിടത്തെ വമ്പൻ കെട്ടിടത്തിൻ്റെ നിർമ്മാണ പണി നിർത്തിവെക്കുകയായിരുന്നു ദുബെ ഭരണകൂടം,അത്രക്ക് വലിയ വിശാല മനസ്സാണ് ഇവിടെ ഭരണാധികാരികൾക്ക് മിണ്ടാപ്രാണികളോടുളളത്.

ഇനി വിഷയത്തിലേക്ക് വരാം ഇവിടെ മിണ്ടാപ്രാണികൾക്ക് അതിൻ്റെ ഉടമയോട് എത്രത്തോളം സ്നേഹമുണ്ടായിരുന്നുവെന്ന് പറയുവാൻ പോവുകയാണ്.ബക്കർ ഉമ്മുൽ ഖുവെെനിലെ ഒരു ഗ്രോസറി ജോലിക്കാരനാണ്.മൂന്ന് നേരം ബക്കറിനെ കാണുവാൻ കുറച്ച് അതിഥികളെത്തുമായിരുന്നു.അത് മറ്റാരുമല്ല,കുറച്ച് പൂച്ചകളായിരുന്നു. മൂന്ന് നേരം താൻ കഴിച്ചില്ലെങ്കിലും പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുവാൻ ബക്കർ താൽപര്യം കാണിച്ചിരുന്നു.ആദ്യം ഒന്ന് രണ്ട് പൂച്ചകളായിരുന്നു എങ്കിൽ ഇന്ന് ഒട്ടനവധി പൂച്ചകൾ കൂട്ടത്തോടെ വരുമായിരുന്നു ബക്കറിൻ്റെ സൽക്കാരം സ്വീകരിക്കാൻ.എല്ലാ പൂച്ചകളും ഭക്ഷണം കഴിച്ച് പോയതിന് ശേഷമെ ബക്കർ ആഹാരം കഴിക്കുകയുളളു. അത്രക്ക് സ്നേഹവും കരുതലുമാണ് ബക്കറിന് ഈ മിണ്ടാപ്രാണികളോട്.

കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പൂച്ചകൾ കൂട്ടത്തോടെ വന്നപ്പോൾ തങ്ങൾക്ക് ഭക്ഷണം നൽകുന്ന ആ നല്ല മനുഷ്യനെ കാണുവാൻ ഇല്ലായിരുന്നു.കുറച്ച് അലറി വിളിക്കുവാൻ തുടങ്ങിയപ്പോൾ അടുത്ത അയൽവാസികളായ കുറച്ച് ആൾക്കാർ ബക്കറിൻ്റെ മുറി തുറന്ന് നോക്കിയപ്പോൾ അവിടെ ബക്കർ മരിച്ച് കിടക്കുന്നതായി കണ്ടു. മറ്റുളളവർ ഭക്ഷണം കൊടുക്കുവാൻ ശ്രമിച്ചപ്പോഴും അതിൽ ഒന്ന് പോലും കഴിക്കാതെ അവിടെ കിടന്ന് കരയുന്ന കാഴ്ച മറ്റുളളവരെയും കണ്ണീരിലാക്കി ആ ഒരു കാഴ്ച വല്ലാത്ത ഒരു അത്ഭുതം തന്നെ ലോകത്തിന് കാണിച്ച് തന്നു.ഇന്നത്തെ കാലത്ത് സഹായിക്കുന്നവരോട് നന്ദി പോലും കാണിക്കാത്ത മനുഷ്യസമൂഹത്തിന്, തങ്ങൾക്ക് ആഹാരം തന്ന ആ വലിയ മനുഷ്യൻ ഇനി തിരിച്ച് വരില്ലായെന്ന് മനസ്സിലാക്കി മറ്റുളളവർ നൽകിയ ഭക്ഷണം പോലും,വേണ്ടെന്ന് വെച്ച് അലമുറിയിട്ട് കരയുന്ന ഈ,മിണ്ടാപ്രാണികളിൽ നിന്നും പഠിക്കുവാനുളള വലിയ പാഠം ഇതിലുണ്ട്.
അഷ്റഫ് താമരശ്ശേരി