സ്ഥലത്തിന്റെ കടം തീരുമ്പോ വീട് പണി തുടങ്ങാം എന്ന് കരുതി പക്ഷെ കടങ്ങൾ ഇരട്ടിയായി തിരിച്ചടക്കാൻ ഒരു വഴിയും ഇല്ല ശേഷം

EDITOR

മനുഷ്യൻ ഏറ്റവും അധികം ആശ്വാസം ആഗ്രഹിക്കുന്ന പ്രതീക്ഷിക്കുന്ന സ്ഥലമാണു സ്വന്തം വീട്‌.വലുപ്പത്തിലൊ ഭംഗിയിലൊ സൗകര്യങ്ങളിലൊ അല്ല വീടിന്റെ സൗന്ദര്യം നിലനിൽക്കുന്നത്‌.അത്‌ വീട്ടകങ്ങളിലെ സ്നേഹപൂർണ്ണമായ കരുതലിലും സ്വസ്ഥതയിലും സമാധാനത്തിലും ആണു.സ്വസ്ഥമായ മനസ്സുണ്ടെങ്കിൽ നമുക്ക്‌ എവിടെയും സുഖമായി ഉറങ്ങാൻ സാധിക്കും.ഉറക്കം ഉണർന്നതിനു ശേഷം മാത്രമേ താൻ കിടക്കുന്നത്‌ സ്റ്റാർ ഹോട്ടലിലാണോ സ്വന്തം വീട്ടിലാണൊ പീടികകോലായിലാണോ എന്ന് പോലും നാം അറിയുന്നുള്ളൂ. അതും ആ ഉറക്കം ഉണർന്നെങ്കിൽ മാത്രം.അടുത്ത തലമുറക്ക്‌ നമുക്ക്‌ കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ അനുഗ്രഹവും അത്യാവശ്യവുമായ കാര്യവും എന്താണെന്ന് ചോദിച്ചാൽ സ്നേഹവും സമാധാനവും സുരക്ഷിതബോധവും നിലനിൽക്കുന്ന ഒരു ഗൃഹാന്തരീക്ഷം ഒരുക്കി കൊടുക്കുക എന്നതാണു എന്നാണു എന്റെ അഭിപ്രായം. കാരണം ഞാനടക്കം എന്റെ തലമുറയിലെ മിക്കവരുടെയും ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണു അത്‌.

അത്‌ കൊണ്ടു തന്നെ വീടുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ ചില സങ്കൽപങ്ങൾ ഉണ്ടായിരുന്നു.താമസിക്കുന്ന വീടിന്റെ നിർമ്മാണം അത്ര സുരക്ഷിതമായിരുന്നില്ല.
പഴക്കം ചെല്ലുന്തോറും താമസയോഗ്യമല്ലാതാവുകയും ചെയ്യുന്നുണ്ടായിരുന്നു.
അനുഭവത്തിൽ നിന്ന് ‘അടുത്ത ബന്ധുക്കൾ അയൽക്കാരായി ഉണ്ടാവുന്നത്‌ നല്ല കുടുംബബന്ധങ്ങളെയും നശിപ്പിക്കും എന്ന ചിന്തയാൽ ആ വീട്‌ പൊളിച്ച്‌ അവിടെ മറ്റൊരു വീട്‌ പണിയാൻ എനിക്ക്‌ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.മറ്റൊന്ന് കുറച്ച്‌ പച്ചപ്പുകൾക്ക്‌ നടുവിൽ, കാലത്തെ കുളിരും തണുത്ത കാറ്റും ഒക്കെയുള്ള ഒരു വയൽക്കരയിൽ ഒരു നൊസ്റ്റാൾജിയ ഫീലിൽ ഒരു വീട്‌ എടുക്കണം എന്നത്‌ ആയിരുന്നു ആഗ്രഹം.ആഗ്രഹിച്ചത്‌ പോലെ തന്നെ ഒരു സ്ഥലം, അതും അച്ഛന്റെ നാട്ടിൽ, എനിക്കേറെ ഇഷ്ടമുള്ളൊരിടത്ത്‌ കണ്ടെത്തുകയും ഭാര്യയുടെ സ്വർണ്ണവും അത്യാവശ്യം സമ്പാദ്യങ്ങളും വലിയൊരു ലോണും എടുത്ത്‌ ഇഷ്ടപ്പെട്ട ആ സ്ഥലം സ്വന്തമാക്കുകയും ചെയ്തിരുന്നു ഞാൻ.

സ്ഥലം വാങ്ങിയതിന്റെ കടം തീരുന്ന മുറക്ക്‌ വീടിന്റെ പണി തുടങ്ങാം എന്നതായിരുന്നു അന്ന് ചിന്ത.തീരുമെന്ന് പ്രതീക്ഷിച്ച കടങ്ങൾ ഇരട്ടിയാകുകയും, തിരിച്ചടക്കാൻ മറ്റൊരു വഴിയും ഇല്ലാതാകുകയും ചെയ്തതോടെയാണു അപ്രതീക്ഷിതമായി ഒട്ടും ഇഷ്ടമില്ലാതെ പ്രവാസജീവിതം സ്വീകരിക്കേണ്ടി വന്നത്‌.
തുടർന്ന് അപ്രതീക്ഷിതമായി ഉണ്ടായ അച്ഛന്റെ വിയോഗത്തോടെ ഞാൻ ആ സ്ഥലത്ത്‌ വീട്‌ എടുക്കാനുള്ള എന്റെ ഏറ്റവും വലിയ ഇഷ്ടം തന്നെ ഉപേക്ഷിച്ചു.അച്ഛന്റെ വിയോഗം വലിയൊരു ശൂന്യതയും ഭയവും ആണു എന്നിൽ ഉണ്ടാക്കിയത്‌.അച്ഛൻ പോയപ്പോൾ ഞങ്ങളുടെ വീട്‌ അക്ഷരാർത്ഥത്തിൽ ആണുങ്ങളില്ലാത്ത വീടായി ഞങ്ങൾക്ക്‌ രണ്ട്‌ പേർക്കും അച്ചനോ സഹോദരന്മാരോ ഇല്ല.രണ്ടാൾക്കും അമ്മയും ഓരോ സഹോദരിയും അവരുടെ കുടുംബവും മാത്രേ ഉള്ളൂ.

ഒരു ഗ്യാരണ്ടിയും ഇല്ലാത്ത, ആകെയുള്ള ഒരിത്തിരി ശ്വാസത്തിന്റെ ബലത്തിൽ, അതെപ്പൊ നിൽക്കുന്നൊ അവിടെ തീരും നമ്മുടെ ഒക്കെ ജീവിതമെന്ന് അച്ഛന്റെ വിയോഗത്തോടെ കൂടുതൽ ബോധ്യപ്പെട്ടപ്പോൾ, എന്റെ ശ്വാസം നിൽക്കുന്നിടത്ത്‌ എന്റെ‌ രണ്ട്‌ കുടുംബത്തിന്റെയും തണൽ പൂർണ്ണമായും നഷ്ടമാകും എന്ന് തിരിച്ചറിഞ്ഞിടത്ത്‌,അത്‌ എവിടെ വച്ചും ഏത്‌ നിമിഷവും സംഭവിക്കാം എന്ന് കൂടി ഞാൻ ഭയപ്പെട്ടു.അങ്ങനെയാണു‌ ഞാൻ വീട്‌ എടുക്കുന്നതിനു എന്റെ നാട്ടിൽ നിന്നും ഏകദേശം എട്ട്‌ കിലോമീറ്റർ മാത്രം ദൂരവ്യത്യാസമുള്ള ഭാര്യവീട്‌‌ തിരഞ്ഞെടുത്തത്‌.
അതിനു പ്രധാനമായും ഒരു കാരണം കൂടിയുണ്ട്‌.അവളുടെ കൂടെ പിറന്നില്ലെങ്കിലും എന്തിനും ഓടിയെത്തി ചുറ്റും നിൽക്കുന്ന അവളുടെ ഏട്ടന്മാർക്കും ബന്ധുക്കൾക്കുമിടയിൽ അവളും ഞങ്ങളുടെ മക്കളും ഒരിക്കലും ഒറ്റക്കാവില്ല എന്ന ചിന്ത തന്നെയായിരുന്നു.അവരുടെ വീട്‌ ഒരു പഴയ തറവാട്‌ വീട്‌ ആയിരൂന്നു. പുറമെ കാണുമ്പോൾ വലിയ വീട്‌ ആണെങ്കിലും ഉൾഭാഗം ക്ഷയിച്ച്‌ തുടങ്ങിയിയിരുന്നു.
പൊളിക്കുക എന്നല്ലാതെ പുതുക്കുക എളുപ്പമല്ലായിരുന്നു.

അതിനുള്ള സമ്മതവും തീരുമാനങ്ങളും വന്നതിൽ പിന്നെ എന്റെ ചിന്തകളിലും സ്വപ്നങ്ങളിലും മുഴുവൻ ആ പഴയ വീട്‌ നിന്നിടത്ത്‌ അത്രയും പ്രൗഢിയുള്ള മറ്റൊരു വീട്‌ തന്നെ ആയിരുന്നു.വെറുതെ ഇരിക്കുമ്പോളൊക്കെ വരച്ചും കുറിച്ചും ഞാനതിനു നിറങ്ങളേകി. എവിടെയും കണ്ടിട്ടുള്ള മാതൃകയല്ല എങ്കിലും ഞാൻ മനസ്സിൽ കണ്ടത്‌ പോലെ ഒരു എലിവേഷൻ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ സുഹൃത്ത്‌ വരച്ച്‌ തന്നു.
ആ എലിവേഷനും കൊണ്ട്‌ ഏകദേശം പത്ത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ എന്റെ അളിയന്റെ വീടിനു കുറ്റിയിട്ട തലശ്ശേരിയിലെ പ്രധാന വാസ്തുവിദ്യക്കാരനായ
ശ്രീ: ഭാഗ്യനാഥിനെ പോയി കണ്ടു. അദ്ദേഹത്തെ കാണാനും എന്റെ വീടിനു അദ്ദേഹം കുറ്റിയടിച്ചാൽ മതി എന്നും തീരുമാനിക്കാൻ ഒരു കാരണം ഉണ്ട്‌.അളിയന്റെ വീടിന്റെ കുറ്റിയടി കഴിഞ്ഞപ്പോൾ ആരോ ചോദിച്ചു.അല്ലപ്പാ വീട്‌ എപ്പൊ പൂർത്തിയാകും?’ സാധാരണനിലയിൽ ഉത്തരം മുട്ടിക്കുന്ന അത്തരം ചോദ്യങ്ങളെ ബുദ്ധിമാന്മാരായ കുറ്റിക്കാർ ഗുളികന്റെയും വായുവിന്റെയും സൂര്യന്റെയും ഒക്കെ തലയിലിട്ട്‌ കൈകഴുകുന്നതാണു മിക്ക കുറ്റിയടിക്ക്‌ പോയാലും ഇത്തരം ചോദ്യങ്ങൾക്ക്‌ കേൾക്കാറുള്ള മറുപടി.

എന്നാൽ അദ്ദേഹം അന്ന് പറഞ്ഞ മറുപടി “കൈയ്യിൽ പൈസ ഉണ്ടെങ്കിൽ വേഗത്തിലും ഒരു വർഷത്തിനുള്ളിലും വീടാകും, ഇല്ലെങ്കിൽ പൈസ വരുന്നത്‌ വരെ സാവകാശമുണ്ടാകും” എന്നാണു.അന്നെ ഞാൻ തീരുമാനിച്ചതാണു എനിക്കൊരു വീട്‌ എടുക്കുന്നെങ്കിൽ അയാൾ തന്നെ കുറ്റിയടിക്കണം എന്ന്.അദ്ദേഹത്തിന്റെ കൂടെ പ്രാർത്ഥന കൊണ്ടും അളിയന്റെ കഠിനാദ്ധ്വാനം കൊണ്ടും അളിയന്റെ വീട്‌ ഒരു വർഷത്തിനുള്ളിൽ തന്നെ ഗൃഹപ്രവേശനം നടന്നിരുന്നു.ഞാൻ എന്റെ കൈയ്യിലെ എലിവേഷനും ഞാൻ വരച്ച ഐഡിയയും നേരെ അദ്ദേഹത്തെ ഏൽപിച്ചു.
അത്‌ വച്ച്‌ ചില ചെറിയ മാറ്റങ്ങളോടെ വീടിനു കുറ്റിയടിച്ചു.തറ കെട്ടിയതിനു ശേഷം ഉണ്ടായ മൂന്ന് മാസത്തെ സാവകാശത്തിനിടയിൽ എലിവേഷൻ ചെയ്ത്‌ തന്ന സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ നിന്നും ആ എലിവേഷൻ കളഞ്ഞ്‌ പോകുകയും വീടിന്റെ പുറംഭാഗങ്ങളിലെ കണക്കുകൾ ‘ഗുദാഗവാ’ ആവുകയും ചെയ്തു.

അതിനു ശേഷം ഒക്കെയും സ്വന്തം തീരുമാനപ്രകാരം,ജോലി ചെയ്യുന്നവരുടെ കൂടെ അഭിപ്രായപ്രകാരം ഞാനും വീടുപണിയിലെ എന്റെ ‘മാനേജർ ഭാര്യയും’ കൂടിയാണു ആ വീട്‌ പൂർത്തിയാക്കിയത്‌.ഒരു കോൺട്രാക്റ്ററെയൊ എഞ്ചിനീയർമാരെയൊ ആരെയും ഏൽപിച്ചിട്ടല്ല പണി തീർത്തത്. (സൗഹൃദത്തിലുള്ള ‘വീടുപണി നൽകണം’ എന്ന് ആവശ്യപ്പെട്ട്‌ ‘തന്നില്ലെന്നും മറ്റാർക്കോ നൽകി’ എന്നും കരുതി പിണങ്ങി നിൽക്കുന്ന ചിലർ അറിയാനും മനസ്സിലാക്കാനും കൂടിയാണു)ചെലവ്‌ പരമാവധി ചുരുക്കുക എന്ന ഉദ്ദേശത്തിൽ ആണു അങ്ങനെ ചെയ്തത്‌.അതിന്റെ ചില നേട്ടങ്ങളും ചിലരുടെ കണ്ണിലെ കോട്ടങ്ങളും ആ വീടിനുണ്ട്‌, ഉണ്ടാകണം.അതിൽ പലരും ചൂണ്ടിക്കാണിച്ചതാണു ബെഡ്‌റൂമിൽ അറ്റാച്ച്ഡ്‌ബാത്ത്‌റൂം കൊടുക്കാത്തത്‌.
ഞാൻ കൊടുത്തത്‌ മുകളിലും താഴെയും ആയി ‌ ഏത്‌ മുറിയിൽ ഉള്ളവർക്കും (രാത്രിയിൽ മാത്രം)ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ രണ്ട്‌ കോമൺ ബാത്ത്റൂമുകൾ അകത്ത്‌ തന്നെ കൊടുക്കുകയാണു ചെയ്തത്‌.

അങ്ങനെ ചിലർക്ക്‌ തെറ്റുകളും ഞങ്ങൾക്ക്‌ ശരികളുമായി ഞങ്ങളുടെ സ്വപനം പൂവണിഞ്ഞിട്ട്‌ ഒരു വർഷം പിന്നിടുകയാണു.എന്റെ മക്കൾക്കും അവരുടെ അടുത്ത തലമുറക്കും സ്വസ്ഥമായി സന്തോഷത്തോടെ കഴിയാൻ പറ്റുന്ന വിധത്തിലും, ഞാനില്ലായ്മയിലും ആ വീടിന്റെ ബാധ്യതകൾ അവരെ ബാധിക്കാത്ത രീതിയിലുമാണു ‌’സാധാരണക്കാരനായ ഞാൻ ഇത്രയും വലിയൊരു വീട്‌’ എന്ന സാഹസം പൂർത്തിയാക്കിയത്‌.ഓർമ്മിക്കാൻ ഒരുപാട്‌ പേരുണ്ട്‌.ആ പഴയ വീട്‌ പൊളിച്ച്‌ സാമഗ്രികൾ നീക്കുവാൻ സഹായിക്കുകയും സാരമായി ചില പരിക്കുകൾ പോലും ഏൽക്കുകയും ചെയ്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാർ അനിയന്മാർ, തറമുതൽ വീടിന്റെ മുഴുവൻ മേസ്‌തിരിപണിയും ഏറ്റെടുത്ത്‌ ഭംഗിയായി നിർവ്വഹിച്ച അളിയൻ,ഫില്ലർ മുതൽ അടുക്കള തട്ട്‌ വാർക്കുന്നത്‌ വരെ പണി നിർത്താതെ തീർത്ത് തരും’ എന്ന് വാക്ക്‌ തന്ന് അത്‌ പൂർണ്ണമായും പാലിച്ച വാർപ്പ്‌ മേസ്തിരിയും സുഹൃത്തുമായ പ്രകാശാട്ടൻ,വയറിംഗും പ്ലംബ്ബിംഗും ഒട്ടും ടെൻഷനടിപ്പിക്കാതെ തീർത്ത്‌ തന്ന സനോജ്‌, ആശാരിപണിയും മറ്റ്‌ അനുബന്ധപണികളും സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്ത്‌ തന്ന സന്തോഷ്‌, എല്ലാ കാര്യത്തിനും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്ത്‌ കൂടെ തന്നെ ഉണ്ടായിരുന്ന പ്രവീണാട്ടൻ,
ഫ്ലോറിംഗും,പ്ലാസ്റ്ററിംഗും‌,പെയിന്റിയും മുറ്റവും എന്ന് വേണ്ട സ്വന്തം വീട്ടിലെ,
ഒരു കൂടപ്പിറപ്പിന്റെ എന്നത്‌ പോലെ എന്റെ ഇടക്കിടയുള്ള നെറ്റ്‌വിളികളെയും വാട്ട്സപ്പ്‌ ശല്ല്യപ്പെടുത്തലുകളെയും ക്ഷമയോടെ കേട്ട്‌ ഞങ്ങളുടെ കൂടെ നിന്ന് വീടുമായി ബന്ധപ്പെട്ട്‌ എല്ലാം ചെയ്ത്‌ തന്ന ഞങ്ങളുടെ പ്രിയപ്പെട്ടവർ

.അത്‌ പോലെ തന്നെ ഈ വീട്‌ മുഴുവനും ചെയ്തത്‌’ഹൗസിംഗ്‌ലോൺ’ എടുത്തിട്ടാണു. അതിന്റെ യാതൊരു നൂലാമാലകളും ഞങ്ങളെ അറിയിക്കാതെ, ആവശ്യത്തിനുള്ള പണവുമായി ബാങ്ക്‌ അടച്ച നേരത്ത്‌ പോലും ഞങ്ങൾക്ക്‌ വേണ്ടി കാത്തിരുന്ന് ഞങ്ങളുടെ കൂടെ നിന്ന സൗത്ത് ഇന്ത്യൻ ബാങ്ക്‌ മമ്പറം ശാഖയുടെ ഇപ്പോഴത്തെയും തൊട്ടു മുന്നെയുമുള്ള മാനേജർമാർ ജീവനക്കാർ.എല്ലാറ്റിനും അപ്പുറം നല്ലത്‌ വരാൻ എന്നും പ്രാർത്ഥിക്കുകയും എന്നും കൂടെ നിൽക്കുകയും ചെയ്യുന്ന പ്രിയപ്പെട്ടവരിൽ ഏറ്റവും പ്രിയപ്പെട്ട ഏവരുടെയും മുന്നിൽ ഞാനും എന്റെ കുടുംബവും കൈകൂപ്പുകയാണു.ഒപ്പം തന്നെ എന്റെ ഈ ‘വാചകാക്രമണങ്ങളിലും’ ബഡായിയിലും തളരാതെ എല്ലാറ്റിനും കൂടെയുണ്ടെന്ന് പറയുകയും ആശംസകൾ
അറിയിക്കുകയും നല്ലത്‌ ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങളോരോരുത്തരോടുമുള്ള നന്ദിയും അറിയിക്കുന്നു.ഞാൻ താമസിക്കുന്ന അഥവാ എനിക്ക്‌ കൂടി അവകാശമുള്ള നാലാമത്തെ വീടാണിത്‌.ഈ നാലു വീടുകളിലുമായി വളരെ ചുരുക്കം കാലം മാത്രമേ
എനിക്ക്‌ താമസിക്കാൻ പറ്റിയിട്ടുള്ളൂ.കതിരൂർ കോ:ഓപ്പ്‌ ബാങ്കിൽ ബിൽ കലക്ടർ ആയി ജോലി ചെയ്ത എട്ടോ ഒമ്പതോ വർഷം മാത്രമേ സ്ഥിരമായി കൃത്യമായി ഞാൻ എന്റെ വീട്ടിൽ കിടന്നുറങ്ങിയിട്ടുള്ളൂ.ബാക്കി മുക്കാലും ബസ്സുകളിലും കടമുറികളിലും കേരളത്തിനു അകത്തും പുറത്തുമായി പല ജോലികളുമായി ബന്ധപ്പെട്ട്‌ പല സ്ഥലങ്ങളിലും ആയിരുന്നു.പതിനഞ്ച്‌ ‌വയസ്സ്‌ പൂർത്തിയാകും മുന്നെ വീട്‌ വിട്ട്‌ ജീവിക്കേണ്ടി വന്നൊരാളാണു ഞാൻ.

മൂക്ക്‌ പൊത്താതെ നടക്കാൻ പറ്റാത്ത, ഇരുട്ട്‌ വീണാൽ എല്ലാ സാമൂഹ്യവിരുദ്ധതയും തലപൊക്കുന്ന ഏകദേശം പത്തിരുപത്തഞ്ച്‌ വർഷങ്ങൾക്ക്‌ മുന്നത്തെ തലശ്ശേരി ലോട്ടസ്‌ ടാക്കീസിന്റെ പരിസരത്ത്‌ കാലിന്റെ മുട്ടോളം പുതഞ്ഞ്‌ നിൽക്കുന്ന ചെളിയിൽ നിന്ന് ബസ്സ്‌ കഴുകി, ബസ്സിന്റെ ഈർപ്പം വീണ സീറ്റുകളിലും, മീനിന്റെയും മറ്റും മണം വമിക്കുന്ന തറയിലും,ഇരു ചവിട്ടുപടിയിലും ആരെങ്കിലും കയറുമ്പോൾ തട്ടി വീഴാൻ പാകത്തിൽ ബക്കറ്റിൽ‌ വെള്ളം നിറച്ച്‌ വച്ച്‌ തലക്കരികിൽ ഒരു ധൈര്യത്തിനു മാത്രം ജാക്കിലിവറും വച്ചായിരുന്നു അന്നത്തെ കിടത്തം. സ്വസ്ഥമായ ഒരു ഉറക്കം അപ്രാപ്യമായിരുന്ന കാലം.രാത്രി കാലങ്ങളിൽ ബസ്സ്‌ കഴുകിയിട്ടായാലും പഠിക്കണം എന്നൊക്കെ ആഗ്രഹിച്ചാണു ആ ജോലി പോലും അപ്രാപ്യമായ ആ കാലത്ത്‌ അത്രയും ദൂരം പോയി ആ പണി എടുത്തിരുന്നത്‌.
രക്ഷിതാക്കളുടെ കൂടെ നിന്ന് സ്നേഹവും സന്തോഷവും കരുതലുകളും തിരിച്ചറിഞ്ഞ്‌ വീട്ടകങ്ങളിൽ നിന്ന് സ്വഭാവരൂപീകരണമടക്കം പഠിക്കേണ്ടുന്ന പ്രായത്തിൽ തീർത്തും ഇരുണ്ട ഒരു സാമൂഹ്യജീവിതത്തിലേക്ക്‌ ഇറങ്ങേണ്ടി വന്നവനാണു ഞാൻ.

അതിന്റേതായ തെറ്റുകളും ചില ശരികളും ഒക്കെ എന്റെ ജീവിതത്തിലും കാണാൻ സാധിക്കും.ഇപ്പോൾ ഈ വീട്‌‌ ഒരു വർഷം പിന്നിടുമ്പോഴും ആകെ ഏഴെട്ട്‌ ദിവസം രാത്രി ഉറങ്ങിയ ബന്ധം മാത്രമാണു എനിക്ക്‌ ഈ വീടുമായും ഇതുവരെ ഉള്ളത്‌.
ഇപ്പൊഴും ഉള്ള ഏറ്റവും വലിയ ആഗ്രഹം ആ വലിയ വീട്ടിൽ ഒരുപാട്‌ കാലം ഉറങ്ങണം എന്നല്ല.ഒരുപാട്‌ ആടുമാടുകളെയും പക്ഷികളെയും പൂക്കളെയും പച്ചപ്പുകളെയും പരിചരിച്ച്‌ അവക്കിടയിൽ എന്റെ ആ കൊച്ചുവീട്ടിൽ അമ്മയോടൊപ്പം ജീവിക്കണം കുറച്ചു കാലം എന്നത്‌ മാത്രമാണു.ഒരിക്കലും അഹംഭാവം തൊട്ടുതീണ്ടാത്ത മനസ്സുമായി ഈ മണ്ണു നൽകിയ സൗഭാഗ്യങ്ങൾക്കൊക്കെയും നന്ദിയായി ഈ മണ്ണിനും വരും തലമുറക്കും നൽകി ഒരു ചെറുപുഞ്ചിരിയോടെ ഈ മണ്ണിലേക്ക്‌ മടങ്ങണം.ആയുസ്സും ഭാഗ്യവും ഉണ്ടെങ്കിൽ അതൊക്കെയും പങ്ക്‌ വെക്കാൻ ഞാൻ ഇനിയും വരും.ആത്മരതിയായി പിറക്കുന്നൊരെന്നക്ഷരങ്ങൾm ഒരുമാത്രയെങ്കിലും ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ ക്ഷമിക്ക’ണമെന്നൊരു വാക്കിനാൽ കൈകൂപ്പിക്കൊണ്ട്‌.
ഷാജി എരുവട്ടി.