ഒരു പ്രസവ വാര്‍ഡ് കൂടി സ്കൂളുകളില്‍ തുറക്കണം ഇ വിദ്യാഭ്യാസത്തിന് പ്രാക്ടിക്കല്‍ ക്ലാസുണ്ടോ കമെന്റുകൾ ഇങ്ങനെ സന്ദീപ് എഴുതുന്നു

EDITOR

സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സതീദേവി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് കേട്ടതിനുപിന്നാലെ ചില പ്രബുദ്ധരായ മലയാളികള്‍ സ്വന്തം ലൈംഗിക ദാരിദ്ര്യം സോഷ്യല്‍ മീഡിയയില്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി.ഒരു പ്രസവ വാര്‍ഡ് കൂടി സ്കൂളുകളില്‍ തുറക്കണം.ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാക്ടിക്കല്‍ ക്ലാസുണ്ടോ?”ഇങ്ങനെയാണ് കമന്‍റുകളുടെ പൊതുസ്വഭാവം.ഇതുപോലുള്ള വിഡ്ഢികള്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമല്ല അത്യാവശ്യമാണ് നിതിന എന്ന കോളജ് വിദ്യാര്‍ത്ഥിനി എന്തുകൊണ്ടാണ് ഇല്ലാതാക്കപ്പെട്ടത് ? ഒരു നോ പറയാനുള്ള അവകാശം പോലും സ്ത്രീകള്‍ക്കില്ല എന്ന പൊതുബോധത്തിന്‍റെ ഇരയായിരുന്നു ആ പെണ്‍കുട്ടി.

ഇനിയും ഇത്തരം ഇല്ലാതാക്കലുകൾ ഉണ്ടാകാതിരിക്കണമെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം. ലിംഗസമത്വം എന്താണെന്ന് അവരെ പഠിപ്പിക്കണം. അതാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ഉദ്ദ്യേശിച്ചത്.ആ സമയത്താണ് മലയാളികള്‍ ഇക്കിളിപ്പെടുത്തുന്ന കമന്‍റുകള്‍ പാസ്സാക്കുന്നത് ഇവര്‍ക്ക് ബുദ്ധി തെളിയണമെങ്കില്‍ ഇനി എത്ര പെണ്‍കുട്ടികള്‍ ജീവന്‍ കൊടുക്കണം?
മലയാളിയുടെ ലൈംഗികബോധത്തിന്‍റെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാം.
പുരുഷന്‍ സ്ത്രീയെ കീഴടക്കുന്ന പ്രക്രിയയാണ് ആണും പെണ്ണും തമ്മിലുള്ള ബന്ധം എന്നാണ് ഭൂരിഭാഗം മലയാളികളും ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്. അതിനോട് നമുക്ക് തീരെ ബഹുമാനമില്ല. പുരുഷന്‍റെ സ്ത്രീയുടെ ചില അവയവങ്ങളെ ലക്ഷ്യം വെച്ച് തെറികള്‍ പറയുന്ന ജനതയാണ് നാം.

ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ അഭാവം തന്നെയാണ് ഇതിന്‍റെ പ്രധാന കാരണം സ്കൂളിലെ അദ്ധ്യാപകര്‍ സെക്സിനെക്കുറിച്ച് നേരേചൊവ്വേ പഠിപ്പിക്കില്ല. അച്ഛനമ്മമാര്‍ മക്കള്‍ക്ക് ഈ വിഷയം പറഞ്ഞുകൊടുക്കുകയുമില്ല.അങ്ങനെ കുട്ടികള്‍ പെെങ്കിളി വാരികകളില്‍നിന്നും കൂട്ടുകാരില്‍നിന്നും രതിയെക്കുറിച്ച് മനസ്സിലാക്കും. അപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ മിക്കപ്പോഴും അശാസ്ത്രീയവും വികലവും ആയിരിക്കും. സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളുടെയും ഉറവിടം ഇവിടെയാണ്.കുട്ടികള്‍ക്ക് കൃത്യമായ ലൈംഗികവിദ്യാഭ്യാസം നല്‍കിയാല്‍ എന്താണ് സംഭവിക്കുക?പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ചെയ്യേണ്ട ഒരു കാര്യമാണ് സെക്സ് എന്ന് അവര്‍ക്ക് മനസ്സിലാകും.

പുരുഷനും സ്ത്രീയ്ക്കും തുല്യ സ്ഥാനമാണെന്ന് കുട്ടികള്‍ തിരിച്ചറിയും. സ്വവര്‍ഗരതി തികച്ചും നോര്‍മലാണെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാകും. ട്രാന്‍സ്ജെന്‍റര്‍ കമ്മ്യൂണിറ്റിയിലെ വ്യക്തികളെ ശിഖണ്ഡി,നപുംസകം എന്നെല്ലാം പരിഹസിക്കുന്ന ഏര്‍പ്പാട് ഇല്ലാതാകും.ഇതോടെ റേപ്പ് കുറയും.കലിപ്പന്‍മാരായ കാമുകന്‍മാര്‍ക്ക് വംശനാശം സംഭവിക്കും. കിടപ്പറയില്‍ ഭര്‍ത്താവില്‍നിന്ന് പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് മോചനം ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ നിതിനമാര്‍ ഉണ്ടാകാതിരിക്കും.
ആ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ് വനിതാ കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആ സമയത്ത് പരിഹാസമല്ല,പിന്തുണയാണ് നല്‍കേണ്ടത്.
Written by-Sandeep Das