മണ്ടന്മാര്‍ വീടുകള്‍ പണിയുന്നു.ബുദ്ധിമാന്മാര്‍ അവിടെ വാടകയ്ക്ക് താമസിക്കുന്നു കുറിപ്പ്

EDITOR

മണ്ടന്മാര്‍ വീടുകള്‍ പണിയുന്നു.ബുദ്ധിമാന്മാര്‍ അവിടെ വാടകയ്ക്ക് താമസിക്കുന്നു”.
അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു മണ്ടന്മാര്‍ വീടുകള്‍ പണിയുന്നു.ബുദ്ധിമാന്മാര്‍ അവിടെ വാടകയ്ക്ക് താമസിക്കുന്നു.പറയുന്നത് മറ്റാരുമല്ല, Habitat Technology യുടെ സ്ഥാപകനായ പത്മശ്രീ ജി.ശങ്കര്‍ .അദ്ദേഹം ഏതോ വിദേശചിന്തകന്റെ ഉദ്ധരണികള്‍ തന്റെ അയത്നലളിതമായ പ്രഭാഷണത്തിനിടെ സമയോചിതമായി ഉച്ചരിച്ചതാണ്.
ശക്തി തിയ്യറ്റേഴ്സ് അബുദാബി സംഘടിപ്പിച്ച ‘പാര്‍പ്പിടം ഒരു സുസ്ഥിരകേരളീയ മാതൃക’ എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തില്‍ ഇക്കാലത്തെ പറമ്പിന്റെ വിലയും,വീട് പണിയാനുള്ള ചെലവും വെച്ച് നോക്കുമ്പോള്‍ ആ തുകയ്ക്ക്‌ ലഭിക്കാവുന്ന ബാങ്ക് പലിശയുടെ പത്തില്‍ ഒന്നേ വേണ്ടൂ നല്ലൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍. ബാക്കി വരുന്ന ഒമ്പത് ഭാഗത്തോളം പണം നമ്മുടെ ഭാവികാര്യങ്ങള്‍ക്കും,മറ്റു ജീവിതച്ചെലവുകള്‍ക്കും പാവപ്പെട്ടവരെ സഹായിക്കാനും മാറ്റിവെക്കാനാവും.വരും കാലങ്ങളില്‍ പണമുള്ളവര്‍ പോലും വാടകയ്ക്ക് താമസിക്കുന്നതിനെപ്പറ്റി ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഗള്‍ഫുകാരടക്കമുള്ള പ്രവാസി മലയാളികള്‍ പണികഴിപ്പിച്ച്, ആളില്ലാതെ കിടക്കുന്ന കൊട്ടാരസദൃശ്യഭവനങ്ങളും വാങ്ങിക്കൂട്ടിയ ലക്ഷുറിഫ്ലാറ്റുകളും നാട്ടില്‍ കുറഞ്ഞ വാടകയ്ക്ക് സുലഭമാണ് താനും.

അദ്ദേഹം നേടിയെടുത്ത ഡിഗ്രികള്‍ ഒന്നും ഇല്ലെങ്കിലും,ചെലവ് ചുരുക്കി പണിയുന്ന ഒരു വീടിനെക്കുറിച്ച് പല സാധാരണക്കാര്‍ക്കുമുള്ളതു പോലെ എനിക്കും ചില ധാരണകള്‍ ഒക്കെയുണ്ടായിരുന്നു.അത്ഭുതമെന്ന് പറയട്ടെ.ഞാന്‍ ചിന്തിച്ചിരുന്ന പല കാര്യങ്ങളും തന്നെയാണ് അദ്ദേഹം തന്റെ പ്രഭാഷണത്തിലുടനീളം പറഞ്ഞുകൊണ്ടിരുന്നത്.അദ്ദേഹം തുടര്‍ന്നു.വീട് പണിയാന്‍ മുപ്പത്‌ അല്ലെങ്കില്‍ നാല്‍പ്പത്‌ ലക്ഷം വരുമെന്ന് കോണ്ട്രാക്ടര്‍ പറഞ്ഞാല്‍ അതില്‍ എല്ലാ പണികളും തീരും എന്നാരും ധരിക്കേണ്ട!വീട് പണി പൂര്‍ത്തിയാകും പക്ഷേ പിന്നെ ആ വീടിനൊരു മതില്‍ വേണം,ഗെയ്റ്റ്‌ വേണം.വെള്ളത്തിന് കിണര്‍ വേണം.ലാന്‍ഡ്‌സ്കേപ്പിനുള്ള ചെലവുകള്‍ വേറെ.അങ്ങനെയങ്ങനെ ഒരുപാട് ചെലവുകള്‍ വേറെയുമുണ്ട്‌.അതുകൂടി ഓര്‍ത്തുകൊണ്ടാകണം വീടുപണി തുടങ്ങേണ്ടത്.

നമ്മുടെ പഴയ തലമുറകളാരും തന്നെ വീട് പണിത്‌ പാപ്പരായിട്ടില്ല!
പക്ഷേ പുതുതലമുറ വീട് പണിത് പാപ്പരാവാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. ഇനിയങ്ങോട്ട് പതിനായിരങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞാലും നാട്ടില്‍ ജോലിക്കാരികളെ കിട്ടാന്‍ പ്രയാസമാണ്.അതുകൊണ്ടു തന്നെ പ്രായമായാലും വീട്ടമ്മയ്ക്ക്‌ തന്നെ തുടച്ചു വൃത്തിയാക്കാന്‍ കഴിയുന്ന ഒരു വീടായിരിക്കണം നാം പണിയേണ്ടത്‌.പണി തീരാതെ നില്‍ക്കുന്ന നാലായിരം,അയ്യായിരം സ്ക്വയര്‍ ഫീറ്റ്‌ വീടിനേക്കാള്‍ ചേതോഹരം, പണിയെല്ലാം കഴിഞ്ഞ വെളിച്ചവും കാറ്റും കടക്കുന്ന ഒരു കുഞ്ഞുവീടാണ്.അവിടെ ഉണ്ടാകുന്ന സന്തോഷവും,സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും കടം കയറിയ ആ വലിയ വീട്ടില്‍ ഉണ്ടാകണമെന്നില്ല.

നാട്ടിലും വിദേശത്തുമായി ഒരുപാട് ഡിഗ്രികള്‍ നേടിയെടുത്തെങ്കിലും അദ്ദേഹം തുറന്നു സമ്മതിക്കുന്ന ഒരു കാര്യമുണ്ട്.നാലായിരം,അയ്യായിരം ആറായിരം സ്ക്വയര്‍ ഫീറ്റുകളുള്ള വലിയ വീടുകള്‍ പണിയാന്‍ അറിയില്ലത്രേ വീടുകള്‍ എത്ര ചെറുതാവുന്നോ അത്രയും മനോഹരമാക്കാമെന്നും ചെലവുകള്‍ കുറയ്ക്കാമെന്നുമുള്ള വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്.തനിക്കുള്ള അറിവും കഴിവുകളും ബുദ്ധിയും അല്പമൊന്ന് വളച്ചു വെച്ചിരുന്നെങ്കില്‍ കോടികള്‍ സമ്പാദിക്കാമായിരുന്ന ഒരു വ്യക്തിത്വം,പാവങ്ങള്‍ക്ക്‌ സാന്ത്വനമായി കുഞ്ഞുവീടുകള്‍ പണിത്‌..അവരോടൊപ്പം സന്തോഷിച്ച്.

പ്രഭാഷണത്തിനൊടുവില്‍ സദസ്സിലുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക്‌ അദ്ദേഹം മറുപടി പറഞ്ഞു.ഇതാ എന്റെ ഊഴം വന്നിരിക്കുന്നു എന്നെനിക്ക്‌ തോന്നിയ വേളയില്‍ ഞാന്‍ എഴുന്നേറ്റ്‌ നിന്നു;സര്‍ ,ഒറ്റച്ചോദ്യം. മറുപടി പറയണ്ട! ഒരനുവാദം തന്നാല്‍ മാത്രം മതി.ഞാന്‍ വേദിയില്‍ വന്നൊന്ന് കെട്ടിപ്പിടിച്ചോട്ടെ.അദ്ദേഹം മനം നിറഞ്ഞ് ചിരിച്ചു,ഞാന്‍ വേദിയിലേക്ക്‌ നടന്നു.സദസ്സിലുള്ളവര്‍ എന്നെ സന്തോഷത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ആ വ്യക്തിത്വത്തെ ഒന്ന് കെട്ടിപ്പിടിച്ചെങ്കിലും ആദരിച്ചില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതായേനെ.

ഷാജി സുരേഷ് ചാവക്കാട്