വെറും 750 രൂപ മതി രണ്ട് പേരെചേർത്താൽ 350 രൂപ കമ്മീഷൻ എന്ന് പറഞ്ഞു കയറി ശേഷം സംഭവിച്ചത്

EDITOR

ഏതാണ്ട് ഒരു 11 കൊല്ലം മുൻപാണ് MLM എന്ന സംഭവത്തിൽ കൊണ്ടു തല വയ്ക്കുന്നത്.പ്ലസ് 2 കഴിഞ്ഞു നിൽക്കുന്ന സമയം അത്യാവശ്യം ബൈക്ക് ഉരുട്ടാനും മറ്റും തുടങ്ങി എന്ന് വച്ചാൽ 50 രൂപയിൽ കുറഞ്ഞു പെട്രോൾ നൽകില്ല എന്ന് ബോർഡ് വച്ച പമ്പിൽ നിന്നും ഞങ്ങൾ പെട്രോൾ അടിക്കുന്ന ഏറ്റവും കൂടിയ തുകയായിരുന്നു 30 രൂപ റിസേർവ് ടാങ്കിന് മുകളിൽ മറ്റൊരു ലോകം ഉണ്ടെന്ന് അറിയാത്ത ബൈക്കിൽ നടക്കുമ്പോൾ ഞങ്ങൾക്ക് ഒരു പ്രിത്യേക സിദ്ധി കൂടി ഉണ്ടായിരുന്നു.. പെട്രോൾ ടാങ്ക് തുറന്നു ഒന്നു കുലുക്കുമ്പോൾ തെറിക്കുന്ന തുള്ളിയുടെ എണ്ണം നോക്കി വണ്ടി ഇനി എത്ര കിലോമീറ്റർ ഓടുമെന്നു ഗണിച്ചറിയുന്നതാണ് ആ സിദ്ധി ആ സിദ്ധി ഇടയ്ക്കൊക്കെ പണി തരാറും ഉണ്ടായിരുന്നു.. വേറൊന്നുമല്ല മീറ്റർ ഇല്ലാത്ത ബൈക്കിൽ കിലോമീറ്റർ കൂടി മനക്കണക്ക് കൂട്ടുമ്പോൾ ആകെ തെറ്റി വഴിയിൽ കിടക്കും.. പിന്നെ വണ്ടി തള്ളിയോ കുപ്പി പെറുക്കിയോ വേണം യാത്ര തുടരാൻ..
അങ്ങനെ ഉള്ള ആ കാലത്താണ് ദിവസവും പതിനായിരം സമ്പാദിക്കുന്ന കഥയുമായി ഒരു ചേട്ടൻ വരുന്നത്.

വെറും 750 രൂപ മതി രണ്ട് പേരെചേർത്താൽ 350 രൂപ കമ്മീഷൻ അങ്ങേര് വലിയ കാർ വാങ്ങാൻ ബുക്ക്‌ ചെയ്തേക്കുന്നു വീട് വയ്ക്കുന്നു.കാശ് എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന ഒരു കോടീശ്വരൻ.ക്ലാസ്സ്‌ എല്ലാം കേട്ടു കഴിഞ്ഞു കോടീശ്വരൻ ആകുമ്പോൾ എന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ എന്നോർത്തു ടെൻഷൻ അടിച്ചു രാത്രിയിൽ ഉറക്കം വരാതെ കിടന്നത് ഇന്നും ഓർക്കുന്നു സംഭവം അത്രയ്ക്ക് ദഹിച്ചില്ലെങ്കിലും രണ്ട് കൂട്ടുകാരുടെ കൂടെ ഞാനും ജോയിൻ ചെയ്തു കഷ്ടപ്പെട്ട് രണ്ടാളെ ചേർത്തപ്പോ ആണ് അറിയുന്നത് മൂന്നാമത് ഒരാൾകൂടി ചേർന്നാൽ മാത്രേ കമ്മീഷൻ റിലീസ് ആവതുള്ളു.പണ്ടാരം അങ്ങനെ എങ്കിൽ അങ്ങനെ പരിചയം ഉള്ള ഒരു ജിമ്മിലെ ആശാനെ ഇതിൽ ഒരു കൂട്ടുകാരൻ ബ്രെയിൻ വാഷ് ചെയ്തതോടു കൂടി കഥ മാറി.ആശാൻ ജിം ക്ലാസ് റൂം ആക്കി.. എല്ലാ ഞായറാഴ്ചയും ജിമ്മിൽ ബിസിനസ് മീറ്റിംഗ്.മറ്റൊരു കൂട്ടുക്കാരൻ ഇടയ്ക്കിടക്ക് എന്നോട് പറയും ഒരു മാസം കഴിഞ്ഞോട്ടെ നമ്മളെ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന്.
അപ്പോഴേക്കും എനിക്ക് കോളേജിൽ അഡ്മിഷൻ കിട്ടി.

ചെന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേ ഞാൻ എനിക്ക് കിട്ടിയ ചെക്കും ഇതിന്റെ ഔദ്യോഗിക മുഖമുദ്രയായ ലെഗ് ഡയഗ്രാം ഒക്കെയായി ക്ലാസിൽ അവതരിച്ചു..
Mlm എന്ന് കേട്ട പാടെ തട്ടിപ്പാണെന്ന് പറഞ്ഞു ബഹളം വച്ചവനെ എങ്ങനെയോ പറഞ്ഞു വീഴ്ത്തിയതോടെ കളി മാറി.അവൻ തന്നെ ആദ്യം ജോയിൻ ചെയ്തു.. തുടർന്ന് ഓരോരുത്തരായി വരാൻ തുടങ്ങി.അപ്പോഴേക്കും എന്റെ താഴെ ജോയിൻ ചെയ്ത കൂട്ടുകാരനും ജിമ്മിലെ ആശാനും കൂടി ജോയിൻ ചെയ്യിപ്പിച്ച ആൾക്കാരുടെ എണ്ണം കണ്ട് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി.അത് തന്നെ ഏതാണ്ട് 100നു മുകളിൽ ഉണ്ട്.ഇനി കോളേജിൽ നിന്ന് ഞാൻ ചേർക്കുന്ന ഓരോ ആൾക്കും എനിക്ക് കമ്മീഷൻ കിട്ടും.വീണ്ടും ചെക്കുകൾ വന്നു.എന്റെ താഴെ ചേർന്നവർക്കും കിട്ടി.. പെട്ടന്നാണ് നിയമങ്ങൾ മാറാൻ തുടങ്ങിയെ.

ഒരു ദിവസം കിട്ടാവുന്ന പരമാവധി തുക 1050 ആക്കി.അതിൽ കൂടുതൽ ആളുകൾ ചേർന്നാലും അത്രയേ കിട്ടു.പിന്നെയും നിയമങ്ങൾ മാറി വരാൻ തുടങ്ങി.ആകെ ഒരു പന്തികേട്.ഇതിന്റെ ഇടയിൽ ഞങ്ങൾ ഒരു കാര്യം അറിഞ്ഞു.. ആദ്യം വന്നു ദിവസവും പതിനായിരം ഉണ്ടാക്കുന്ന കഥ പറഞ്ഞ ചേട്ടൻ എന്റെ കൂട്ടുകാരന്റെ ബന്ധുവിന്റെ അടുത്ത് നിന്ന് ബ്ലേഡ് പലിശയ്ക്കു പണം എടുത്തിട്ട് തിരിച്ചു അടക്കാതെ അച്ചാ പോറ്റി പറഞ്ഞു നടക്കുവാണെന്ന്.ഹോ ഇത്രേം കാശ് ഉണ്ടായിട്ടും ഇയാളെന്താ ഇങ്ങനെ എന്നാലോചിച്ചു ഞങ്ങൾ പ്രവർത്തനം തുടർന്നു.ഇതിന്റെ ഇടയിൽ ഓവർ കോൺഫിഡൻസ് കാരണം ഞാൻ ചില കൂട്ടുകാരെ ചേർത്തപ്പോൾ അവർക്ക് ഒരു വാക്കും കൊടുത്തു, നിങ്ങൾക്ക് കമ്മീഷൻ കിട്ടിയില്ലെങ്കിൽ ഈ തുക ഞാൻ തിരിച്ചു തരുമെന്ന്.. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ കുറച്ചു പേരെ ചേർത്തിട്ടും കാശ് കിട്ടി ഇല്ലെങ്കിൽ എന്നായിരുന്നു.

പക്ഷെ അവർ ഓർത്തു ജോയിൻ ചെയ്തിട്ട് ചുമ്മാ അങ്ങ് ഇരുന്നാൽ മതി കമ്മീഷൻ കിട്ടുമെന്ന്.അങ്ങനെ ഏതാണ്ട് 10-20 പേരെ കോളേജിൽ നിന്ന് ചേർത്തു കഴിഞ്ഞപ്പോൾ ആണ് ആ വാർത്ത കേൾക്കുന്നത് കമ്പനിയിൽ എന്തോ കുഴപ്പം ഉണ്ടായി directors ഒളിവിൽ പോയി.അതോടെ തീർന്നു ഞാൻ ചേർത്തവരിൽ പലരും ചെക്ക് മാറാതെ കയ്യിൽ വച്ചിരിക്കുവാരുന്നു അതും പോയി എന്തോ എല്ലാവരും തന്നെ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല പക്ഷെ ഞാൻ വാക്ക് കൊടുത്ത രണ്ടു പേർ വിടാതെ പിറകെ കൂടി.നിവർത്തിയില്ലാതെ അവർക്ക് തിരിച്ചു കൊടുക്കേണ്ടി വന്നു. അങ്ങനെ വലിയ പരിക്കില്ലാതെ ഞാൻ രക്ഷപ്പെട്ടെങ്കിലും അത്യാവശ്യം നല്ല ചീത്ത പേരായി.ജിമ്മിലെ ആശാൻ നാട് വിട്ടെന്ന് പിന്നെ കേട്ടു.ആർക്കൊക്കെയോ തല്ലും കിട്ടി.അപ്പോൾ അതാണ് എന്റെ mlm അനുഭവം.ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതൊരു ചീട്ട് കൊട്ടാരമാണ്, വീഴുന്നതിന്റെ തൊട്ട് മുൻപ് വരെ നല്ല ഭംഗി ആയിരിക്കും.

കടപ്പാട് : അനുപ് ജോസ്