ഒരു വഴി അടയുമ്പോൾ അവർ തട്ടിപ്പിന് മറ്റൊരു വഴി കണ്ടെത്തും ഇ പുതിയ തട്ടിപ്പിൽ വീഴരുത് പോലീസ് മുന്നറിയിപ്പ്

EDITOR

ഒരു വഴി അടയുമ്പോൾ മറുവഴി തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പുകാരുടെ പൊതു സ്വഭാവം.സാധാരണയായി തട്ടിപ്പുകാർ നിങ്ങളെ തേടിയെത്തുന്നത് മൂന്ന് രീതികളിലാണ്.1.ഭീഷണി:നിങ്ങളുടെ ബാങ്ക് എക്കൌണ്ട് ബ്ലോക്ക് ആക്കും, KYC അപ്ഡേറ്റ് ചെയ്യുക അല്ലെങ്കിൽ നിങ്ങൾക്ക് എക്കൌണ്ട് നഷ്ടപ്പെടും എന്നൊക്കെയായിരിക്കും അവർ സന്ദേശങ്ങൾ അയക്കുക. മറ്റൊന്നും ആലോചിക്കാതെ ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ, അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ പറഞ്ഞു നൽകുകയോ ചെയ്യുമ്പോൾ അവർ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയെടുക്കുകയായിരിക്കും. അതുവഴി നിങ്ങൾക്ക് പണം നഷ്ടപ്പെടുന്നു.

2.പ്രലോഭനം:നിങ്ങൾക്ക് ലോട്ടറിയടിച്ചു, റിവാർഡ് പോയിന്റുകൾ ലഭിച്ചു, വിദേശത്തുനിന്നും അനാഥമായ കോടിക്കണക്കിനു രൂപ നിങ്ങളെത്തേടിയെത്തും, വിദേശ സുഹൃത്തിന്റെ സമ്മാനം തുടങ്ങി പല രൂപങ്ങളിലായിരിക്കും നിങ്ങൾക്ക് ഇ-മെയിൽ, എസ്എംഎസ് സന്ദേശങ്ങൾ എത്തുന്നത്. ഇതെല്ലാം വിശ്വസിച്ച് ഇതിനോട് പ്രതികരിക്കുന്നതുവഴി കൌശലപൂർവ്വം അവർ ചെറിയ തുകകളായി നിങ്ങളിൽ നിന്നും പണം തട്ടിയെടുക്കുന്നു.

3.ആൾമാറാട്ടം:നിങ്ങളെ അടുത്തറിയുന്ന ഒരു വ്യക്തി അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്ത് എന്ന നിലയിലായിരിക്കും നിങ്ങൾക്ക് സന്ദേശമയക്കുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ അത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ, ടെലഫോണിലൂടെ സംസാരിക്കുകയും വിവരങ്ങൾ കൈമാറുന്നതും വഴി നിങ്ങളുടെ ബാങ്ക് എക്കൌണ്ട് വിവരങ്ങൾ ചോർത്തപ്പെടുകയും, സൂത്രത്തിലൂടെ നിങ്ങളുടെ പണം അപഹരിക്കുകയും ചെയ്യും.എങ്ങിനെ രക്ഷപ്പെടാം?നിങ്ങളെത്തേടിയെത്തുന്ന സന്ദേശങ്ങൾ മേൽ പറഞ്ഞ വിഭാഗത്തിൽ പെടുന്നതാണെങ്കിൽ ഇത്തരക്കാരോട് പ്രതികരിക്കാതിരിക്കുക.ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമായ പ്ലാറ്റ്ഫോമിലൂടെ മാത്രം നിർവ്വഹിക്കുക.ബാങ്കിങ്ങ് സംബന്ധമായ പ്രശ്നങ്ങൾക്ക് ഓൺലൈൻ സെർച്ച് എൻജിനുകളുടെ സേവനത്തിനു പകരം നിങ്ങളുടെ ബാങ്ക് ശാഖയെ നേരിൽ സമീപിക്കുക.ഓൺലൈൻ ഇടപാടുകളിലെ തട്ടിപ്പുകൾ ഉടൻ തന്നെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുക.സൈബർ തട്ടിപ്പിനിരയായാൽ കേരളാ പോലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ 155260 ലേക്ക് വിളിക്കുവാൻ മറക്കരുത്.

തൃശൂർ സിറ്റി പോലീസ്