അയൽക്കാരനും ബന്ധുവും പറയുന്ന കേട്ട് 1000 SQFT വീട് പണിയാൻ ഇറങ്ങിയ ഞാൻ അത് 4000 SQFT ആക്കി ശേഷം ജീവിതത്തിൽ സംഭവിച്ചത്

EDITOR

സന്തോഷിന്റെ ഡയറിയിൽ നിന്നും:അങ്ങനെ തീരുമാനമായി വീട് വയ്ക്കുക കഴിഞ്ഞ കുറേ മാസമായി ഞാനും ശ്യാമയും ആലോചനയിലാണ് ഇന്നാണ് ഫൈനൽ ആയി ഉറപ്പിച്ചത് 1000 സ്ക്വയർ ഫീറ്റ് വീട് രണ്ടു ചെറിയ ബെഡ്റൂം.ഹോൾ. അടുക്കള.. ചെറിയ തുകയ്ക്ക് നിൽക്കും.കുറച്ചു ലോൺ എടുക്കേണ്ടിവരും അത് സാരമില്ല ചെറിയവീട് തന്നെയാണ് നല്ലത് എന്ന് ശ്യാമയും പറഞ്ഞു സന്തോഷമുള്ള ദിവസം അടുത്ത വർഷം മിക്കവാറും ഞങ്ങൾ പുതിയ വീട്ടിൽ ആയിരിക്കും.

ശ്യാമയുടെ ഡയറിയിൽ നിന്നും:ഇന്ന് വകയിലൊരു അമ്മാവൻ വന്നിരുന്നു സംസാരത്തിനിടയിൽ വീട് വയ്ക്കുന്ന കാര്യം പറഞ്ഞു.എല്ലാം കേട്ടിട്ട് അമ്മാവൻ പറഞ്ഞു “എന്റെ സന്തോഷേ എന്റെ ശ്യാമേ.വീട് എന്ന് പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ള കാര്യമാണ് പിന്നീട് ഒരിക്കൽ ഇന്ന രീതിയിൽ വയ്ക്കണമായിരുന്നു എന്നാലോചിച്ച് വിഷമിക്കാൻ ഇടവരരുത്, വീട്ടിൽ ഗസ്റ്റ് ഒക്കെ വരുമ്പോൾ അവർക്കുവേണ്ടി ഒരു റൂം മാറ്റിവെക്കണം.. ബെഡ്റൂം 3 എങ്കിലും വേണം എന്നാണ് എന്റെ അഭിപ്രായം.വീട് രണ്ടു നിലയിൽ ചെയ്യണം അങ്ങനെയാണെങ്കിൽ ഭാവിയിൽ മുകളിലെ റെന്റിനു കൊടുക്കുകയും ചെയ്യാം.അമ്മാവൻ പോയി കഴിഞ്ഞ് ഞാനും സന്തോഷേട്ടനും വിശദമായി ചർച്ച ചെയ്തു.. അമ്മാവൻ പറഞ്ഞതിൽ ചില കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നി..വീട് ഇരുനിലയാക്കാൻ തീരുമാനിച്ചു.. ബെഡ്റൂം ഒന്നുകൂടി വർദ്ധിപ്പിച്ചു 3ബെഡ്റൂം ആക്കാൻ ഉറപ്പിച്ചു വീട് എന്നു പറയുന്നത് എന്നും വെക്കാൻ പറ്റുന്നതല്ലല്ലോ ഒറ്റ വയ്പ്പ് അത് ഒരു സംഭവം ആകണം.

സന്തോഷിന്റെ ഡയറിയിൽ നിന്നും:ഇന്ന് ശ്യാമയുടെ കൂട്ടുകാരി ഷംനയുടെ വീട്ടിൽ പോയിരുന്നു.. ഗ്രാൻഡ് വീട്..നമ്മൾ വീടുവയ്ക്കാൻ പ്ലാൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ ശ്രദ്ധിക്കുന്നത് ഒക്കെ മറ്റു വീടുകൾ ആയിരിക്കും എന്നു പറയുന്നത് എത്ര ശരി..ഷംനയുടെ വീടിന്റെ മാസ്റ്റർ ബെഡ്റൂമിന് ഞങ്ങളുടെ ബെഡ്റൂമിന്റെ മൂന്നിരട്ടി വലിപ്പം..അതുമല്ല രണ്ടുവശത്തും ബാൽക്കണി മൂന്നെണ്ണം..ബെഡ്റൂമിനോട് ചേർന്ന് ഡ്രസ്സിംഗിന് പ്രത്യേക പോർഷൻ.. ബാത്റൂം കണ്ണാടി ഇട്ട് സ്പ്ളിറ്റ് രീതിയിൽ
തിരിച്ചുവന്ന് ഞാനും ശ്യാമയും ചർച്ചചെയ്തു.. വീട് കുറച്ചു കൂടി ഒന്ന് ഗ്രാൻഡ് ആക്കാൻ ഞങ്ങൾ തീരുമാനിച്ചു.. നേരത്തെ പ്ലാൻ ചെയ്തതിന്റെ മൂന്നിരട്ടിയിലധികം ലോൺ വേണ്ടിവരും..ശ്യാമയുടെ അനിയത്തി ഹേമയോട് പറഞ്ഞ് അവളുടെ വീടിന്റെ ആധാരം കൂടി പണയം വെച്ച് ലോൺ എടുക്കാം എന്ന് പറഞ്ഞു.ഹേമയുടെ ഭർത്താവ് സമ്മതിക്കും നല്ല ആളാണ് ഷംനയുടെ വീട്ടിലെ ബാൽക്കണിയും ഡ്രസ്സിംഗ് പോർഷനും അടുക്കളയോട് ചേർന്ന് സെപ്പറേറ്റ് സർവ്വന്റു ഏരിയയും വീടിനോട് ചേർന്നുള്ള ഔട്ട്‌ ഹൗസും ഒക്കെ ഇവിടെയും വന്നോട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചു.

എൻജിനീയറുടെ ഡയറിയിൽ നിന്നും:സന്തോഷ് സാറിനെ കൊണ്ട് തോറ്റു ആറാമത്തെ പ്രാവശ്യമാണ് പ്ലാൻ മാറ്റി വരക്കുന്നത് 1000 സ്ക്വയർ ഫീറ്റിൽ തുടങ്ങിയതാണ്..ഇപ്പോഴിതാ 3800 സ്ക്വയർഫീറ്റ് ഇടയ്ക്കുവെച്ച് ഫണ്ട് ബ്ലോക്കായാൽ കുറ്റം മുഴുവൻ നമ്മുടെ തലയ്ക്കാണ് വന്നുവീഴുന്നത്.

സന്തോഷിന്റെ പരിചയക്കാരന്റെ ഡയറിയിൽ നിന്നും.സന്തോഷിന്റെ വീടിന്റെ കല്ലിടൽ ചടങ്ങിന് പോയി.ഇവനിത് എങ്ങനെ 4000 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുന്നു. മാത്രമല്ല വീടിന്റെ മുകളിൽ ചെറിയ സ്വിമ്മിംഗ് പൂളും.അപ്പോൾ കൈക്കൂലി പണം തന്നെ.ഉറപ്പാ.വലിയ ഹരിചന്ദ്രനെന്നല്ലേ നാട്ടിൽ അറിയപ്പെടുന്നത്.ഒരു സമാധാനവും ഇല്ലല്ലോ ഉറക്കം വരുന്നില്ല.കണ്ണടച്ചാൽ 4000 സ്ക്വയർ ഫീറ്റ് വീട് ആണ് മുന്നിൽ വിജിലൻസിന് ഒരു കത്ത് പോകേണ്ടിയിരിക്കുന്നു.

ബാങ്ക് മാനേജരുടെ ഡയറിയിൽ നിന്നും:സന്തോഷിനോട് ഒരല്പം മുഷിയേണ്ടി വന്നു.ഒരു മുൻപരിചയം വച്ചിട്ടാണ് 11 ലക്ഷം രൂപ പാസാക്കാം എന്ന് പറഞ്ഞത്. അപ്പോൾ എന്തൊരു സന്തോഷമായിരുന്നു..ഇപ്പോൾ 45 ലക്ഷം രൂപ വേണമെന്ന്.അയാളുടെ ഭാര്യയുടെ അനിയത്തിയുടെ വീടിന്റെ പ്രമാണം ഒക്കെ കൊണ്ടുവന്നു. ഇയാൾ ഇതെങ്ങനെ തിരിച്ചടയ്ക്കും എന്ന് ചോദിച്ചു പണ്ട് വളരെ ശാന്തനായിരുന്ന കക്ഷിയാണ്.ഇപ്പോൾ മുൻദേഷ്യം വീട് വാർക്കൽ ഘട്ടത്തിലാണ്. മാക്സിമം 20 ലക്ഷം തരാം അതിനപ്പുറം പ്രതീക്ഷിക്കേണ്ട എന്ന് കട്ടായം പറഞ്ഞു.

സന്തോഷിന്റെ സഹപ്രവർത്തകൻ ജോണിക്കുട്ടിയുടെ ഡയറിയിൽ നിന്നും:കുറേ ദിവസമായി സന്തോഷിനെ ശ്രദ്ധിക്കുകയാണ്.ആള് പകുതിയായി പഴയ ചൊടിയും ചുണയും ഒക്കെ പോയി ഫയലൊക്കെ കൃത്യമായി കൈകാര്യം ചെയ്തിരുന്ന ആളാണ്.ഇപ്പോൾ ഒരുപാട് തെറ്റ് വരുത്തുന്നു.ഡയറക്ടർ വല്ലാതെ ചൂടായി.ഞാൻ എന്തുമാത്രം ഉപദേശിച്ചതാണ്,വീട് പണിയുമ്പോൾ സ്വന്തം മനസ്സിന്റെ തീരുമാനങ്ങൾക്കേ വില കൊടുക്കാവൂ എന്ന്.എന്റെ അനുഭവം വച്ച് പറഞ്ഞതാണ്.വീടു വയ്പ്പിന്റെ പുകച്ചിൽ തന്നെയാണെന്നുള്ളത് ഉറപ്പാ. ഞാനുമിതുപോലെ പുകഞ്ഞതാണല്ലോ

ശ്യാമയുടെ ഡയറിയിൽ നിന്നും:സന്തോഷേട്ടനും ഞാനും തമ്മിൽ ചെറുതായൊന്നു വഴക്കുകൂടി വാസ്തുപ്രകാരം ബാത്റൂമിന്റെ പൊസിഷൻ അൽപമൊന്ന് മാറ്റണമെന്നും ഒരു ചുവര് ഇടിക്കണമെന്നും വാസ്തുവിന്റെ ആൾ പറഞ്ഞു..അതിന് രണ്ടു ലക്ഷം രൂപ അധികം ചെലവാകുമെന്നും വാസ്തു വല്ല മനസ്സാണ് നന്നാവേണ്ടത് എന്ന് സന്തോഷേട്ടൻ പറഞ്ഞു സന്തോഷേട്ടന് ഈയിടെയായി ആകെ ഒരു മനപ്രയാസം പോലെയാണ് എനിക്കറിയാം വീടിന്റെ ഫണ്ട് അത്രയ്ക്കങ്ങ് വരുന്നില്ല.ഏതായാലും ബാത്റൂമിന്റെ ചുവർ ഇടിച്ചുമാറ്റി കെട്ടാമെന്ന് സന്തോഷേട്ടൻ അവസാനം സമ്മതിച്ചു.അപ്പോൾ ബാത്റൂം കുറേക്കൂടി വലുതാകും ആകെ 4100 സ്ക്വയർഫീറ്റ്.

വിജിലൻസ് ഓഫീസറുടെ ഡയറിയിൽ നിന്നും:ഊമക്കത്ത്കാരെ കൊണ്ട് തോറ്റു സന്തോഷ് കുമാർ എന്ന ഉദ്യോഗസ്ഥൻ 5000 സ്ക്വയർ ഫീറ്റ് വീട് വച്ചെന്നും ഫ്ലോറിങ് ഇറ്റാലിയൻ മാർബിൾ ആണെന്നും സ്വിമ്മിംഗ് പൂൾ ഉണ്ടെന്നും ഓട്ടോമാറ്റിക് ഗേറ്റ് ആണെന്നും ഒരു കോടിയിൽ കൂടുതൽ ചെലവാക്കി എന്നും വരുമാനം അന്വേഷിക്കണമെന്നും ഊമക്കത്ത്.സർവ്വ ഡോക്യൂമെന്റ്സുമായി നാളെ ഓഫീസിൽ വരാൻ സന്തോഷ് കുമാറിനെ അറിയിച്ചിട്ടുണ്ട്

സന്തോഷിന്റെ ഡയറിയിൽ നിന്നും:ഇന്ന് വീടിന്റെ പാലുകാച്ച് ആയിരുന്നു ഞാൻ ഒഴികെ കുടുംബത്തിലെ ബാക്കി എല്ലാവരും സന്തോഷത്തിൽ.ഞാനും സന്തോഷം അഭിനയിച്ചു രാത്രി അതിഥികൾ പിരിഞ്ഞു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു പുകച്ചിൽ.വിദേശ നിർമ്മിത ഫർണിച്ചറുകൾ എന്നെ പരിഹസിച്ചു ചിരിക്കുന്നു.മുറ്റത്തെ പൂന്തോട്ടത്തിലെ ചെറിയ പുൽത്തകിടിയും കല്ലുകളും എന്നെ നോക്കി പുച്ഛിക്കും പോലെ.വൻ പലിശയ്ക്ക് ആണ് കെ കെ യിൽ നിന്നും ലക്ഷങ്ങൾ എടുത്തത്.ബാങ്കിലെ ഇഎംഐ അടുത്തമാസം തുടങ്ങും.സന്തോഷിന്റെ ഭാര്യയുടെ അനുജത്തിയുടെ ഡയറിയിൽ നിന്നും

ഞാനും ദിനേശ് ചേട്ടനും തമ്മിൽ ജീവിതത്തിലാദ്യമായി വഴക്കുണ്ടാക്കി. ശ്യാമേച്ചിക്ക് ലോണിനു വേണ്ടി ഞങ്ങളുടെ വീടിന്റെ ആധാരം കൊടുത്തത് കൈവിട്ടു ഉള്ള കളി ആയിപ്പോയി.സന്തോഷേട്ടൻ തിരിച്ചടവ് നാലുതവണ മുടക്കി.ഞങ്ങളുടെ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് വന്നു ദിനേശേട്ടൻ സന്തോഷേട്ടനെ വിളിച്ചു വഴക്കുണ്ടാക്കി.എന്നിട്ട് ഞാനുമായും വഴക്കായി സന്തോഷേട്ടൻ ഒന്നും പറയുന്നില്ല കടം പെരുകി കഴിഞ്ഞാൽ പിന്നെ നാണക്കേട് മാറുമല്ലോകാശ് കടം കൊടുത്തവർ അവരെ ബുദ്ധിമുട്ടിച്ചു തുടങ്ങി.

കെ കെയുടെ ഡയറിയിൽ നിന്നും:സന്തോഷ് കുമാർ ആള് പാവമാണ് പക്ഷേ പാവത്താൻ എന്ന് കരുതിയിരുന്നാൽ നമ്മുടെ ബിസിനസ് പൂട്ടുമല്ലോ.കൃത്യമായി പലിശ തരാം എന്ന് പറഞ്ഞാണ് കാശ് വാങ്ങിയത്.ഇപ്പോൾ വിളിക്കുമ്പോൾ നൂറ് ഒഴിവു കഴിവ് പ്രസന്റ് ചെയ്ത ചെക്ക് മടങ്ങി ഇടി കൊടുത്തു വാങ്ങാം പക്ഷേ പാവം അത് ഇപ്പോൾ വേണ്ട ആറു മാസം അകത്തു കിടക്കട്ടെ.അല്ലെങ്കിൽ ഒത്തുതീർപ്പിന് വരട്ടെ ശ്യാമയുടെ കൂട്ടുകാരി ജീനയുടെ ഡയറിയിൽ നിന്നും ഞാനും ഏട്ടനും കൂടി ഇന്ന് ശ്യാമയുടെ വീട് കാണാൻ പോയി. ശ്യാമയും ഭർത്താവും ഉണ്ടായിരുന്നു. ഉഗ്രൻ വീട്. ബാൽക്കണിയും ബെഡ്റൂമും ഒക്കെ ഗംഭീരം.ഡ്രെസ്സിങ്ങിനൊക്കെ പ്രത്യേക ഭാഗങ്ങൾ ബാത്റൂം ഒക്കെ സ്പ്ളിറ്റ് രീതിയിലാണ് ഇഷ്ടംപോലെ ബാൽക്കണികൾ.തിരികെ വന്ന്‌ ഞങ്ങൾ എൻജിനീയറെ വിളിച്ചു ഞങ്ങളുടെ വീടിന്റെ പ്ലാൻ ഒന്ന് മാറ്റണം..കുറച്ചുകൂടി വലുപ്പത്തിൽ വയ്ക്കാൻ പറഞ്ഞു 1100 സ്ക്വയർ ഫീറ്റ് എന്നുള്ളത് കുറച്ചുകൂടെ കൂടും കൂടട്ടെ വീട് എന്നൊക്കെ പറയുന്നത് ഒരിക്കലല്ലേ വയ്ക്കു

സന്തോഷിന്റെ ഡയറിയിൽ നിന്നും:വളരെക്കാലത്തിനു ശേഷം ഞാനും ശ്യാമയും കൂടി ഒരു നല്ല തീരുമാനം എടുത്തു..ഞങ്ങൾ വീട് വിൽക്കുന്നു നാട്ടുകാർ നൂറ് അഭിപ്രായം പറയുമായിരിക്കും പൊതു കാര്യങ്ങൾക്ക് നാട്ടുകാരുടെ അഭിപ്രായം നോക്കണം.മറ്റുചിലത് അവനവന്റെ അഭിപ്രായമേ ശ്രദ്ധിക്കാവൂ ചിലപ്പോൾ വില വളരെ കുറച്ചേ കിട്ടുകയുള്ളൂ വാങ്ങാൻ വരുന്നവർ നൂറു കാര്യങ്ങൾ പറഞ്ഞു വില കുറയ്ക്കും ആയിക്കോട്ടെ ഗസ്റ്റിനു വേണ്ടി കെട്ടിയ മുറിയിൽ ഇന്നുവരെ ഒരു ഗസ്റ്റും കിടന്നിട്ടില്ല വീടിന്റെ ബാൽക്കണിയിൽ ഞങ്ങൾ ഇതുവരെ ഇരുന്നിട്ടില്ല. പരമ്പരാഗത സമ്പ്രദായമനുസരിച്ച് ഇതൊക്കെ ചുമ്മാ അങ്ങ് ചെയ്തു ഇടുന്നതാണ് എന്തായാലും വിറ്റ് കിട്ടുന്ന കാശിന് കടം വീട്ടണം എന്നിട്ട് ഒരു ചെറിയ തുണ്ട് ഭൂമി കൊച്ചുവീട് സമാധാനമുള്ള ജീവിതം.

ശ്യാമയുടെ ഡയറിയിൽ നിന്നും:രണ്ടുവർഷത്തിനുശേഷം ഇപ്പോൾ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ഈ ചെറിയ വീട്ടിൽ സുന്ദര ജീവിതം മുറികളുടെ എണ്ണമോ വീടിന്റെ വലിപ്പമോ അല്ല മനസ്സിന്റെ വലിപ്പമാണ് ജീവിതത്തെ സന്തോഷം നിറഞ്ഞതാക്കുന്നത്.കടങ്ങളൊക്കെ തീർന്നു ഈ കുഞ്ഞു വീട്ടിലേക്ക് വന്നിട്ട് ഇന്ന് ഒരു മാസം തികയുന്നു.എന്നും രാവിലെ ഉറക്കമുണർന്നാൽ വാതിലും ജനലുമൊക്കെ തുറന്ന് കുറച്ചു നേരം പുറത്തേക്ക് അങ്ങനെ നോക്കി നിൽക്കും മനസ്സിന് ഒരു പ്രത്യേക സുഖം കിട്ടും.ഇന്നുംഅങ്ങനെ നോക്കി നിന്നു.. സന്തോഷേട്ടനും അടുത്തുവന്നു പുറത്ത് സൂര്യൻ ഉദിക്കുകയാണ്.രശ്മികൾ വീട്ടിലേക്ക് വീണു.. സന്തോഷേട്ടൻ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു ഞാനുംപുറത്തു നിന്നു വന്ന ഒരു ഇളം കാറ്റ് ഞങ്ങളെ തഴുകി വീട്ടിനുള്ളിലേക്ക് കടന്നു
കടപ്പാട് : (കൃഷ്ണ പൂജപ്പുര) ഫോട്ടോ :പ്രതീകാത്മകം