ദിവസവും വാർത്ത കാണാം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പോലീസ് പിടിച്ചു എന്ന് എന്നാൽ 99% ആളുകൾക്കും ഇതിന്റെ സത്യാവസ്ഥ അറിയില്ല

EDITOR

കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തിലെ ഇടുങ്ങിയ ഒരു തെരുവിൽ ഉള്ള ഒരു ചെറിയ ആയുർവേദ മരുന്നു കടയുടെ അകത്ത് പ്രവർത്തിച്ചിരുന്ന ‘സമാന്തര എക്സ്ചേഞ്ച് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയുമൊക്കെ ഉണ്ടായല്ലോ. യമണ്ടൻ കെട്ടിടങ്ങൾ ഉള്ള ബി എസ് എൻ എൽ എക്സ്ചേഞ്ചുകളൊക്കെ കണ്ട് ശീലമുള്ള പലർക്കും സമാന്തര എക്സ്ചേഞ്ച് എന്നൊക്കെ കേൾക്കുമ്പോൾ വലിയ ആശയക്കുഴപ്പം ഉണ്ടായേക്കാം. ഇത്ര ചെറിയ ഒരു പെട്ടിക്കടയിൽ രഹസ്യമായി ഇങ്ങനെ ഒരു ടെലിഫോൺ എക്സ്ചേഞ്ച് നടത്തിക്കൊണ്ടു പോകാനും അതുവഴി ലക്ഷങ്ങൾ ലാഭമുണ്ടാക്കാനുമൊക്കെ കഴിയുമോ എന്നൊരു സംശയം സ്വാഭാവികം.ഗൾഫിലൊക്കെ ജോലി ചെയ്യുന്നവർക്ക് ‘കുഴൽ പണം’ പോലെ സുപരിചിതമാണ്‌ ‘കുഴൽ ഫോണും.

ഒരു തരത്തിൽ പറഞ്ഞാൽ കുഴൽ പണം എന്താണോ അതിന്റെ ടെലി കമ്യൂണിക്കേഷൻ രൂപമാണ്‌ കുഴൽ ഫോണും. വിദേശത്ത് നിന്ന് ഹവാല എന്നപേരിലൊക്കെ അറിയപ്പെടുന്ന കുഴൽ പണം അയക്കുന്നത് എന്തിനാണ്‌ ? നിയമപരമായി വിദേശ കറൻസി ഇന്ത്യൻ കറൻസിയിലേക്ക് മാറുമ്പോൾ അതിനു സർക്കാരിനു നൽകേണ്ടി വരുന്ന നികുതി ഒഴിവാക്കിക്കൊണ്ട് വളരെ എളുപ്പത്തിൽ വിദേശത്തെ ഏജൻസിനു വിദേശ കറൻസി നൽകിയാൽ തുല്ല്യമായ തുകയ്ക്കുള്ള ഇന്ത്യൻ കറൻസി അവരുടെ ഇന്ത്യൻ ഏജന്റ് വീട്ടിലെത്തിക്കും. ഇതാണ്‌ ഹവാല പണമിടപാട് രീതി. ഇതിനു സമാനമാണ്‌ കുഴൽ ഫോണും. വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വിളിക്കാനുള്ള ടെലിഫോൺ നിരക്കുകൾ വളരെ കൂടുതൽ ആണ്‌. അതിനു കാരണം ഓരോ സെക്കന്റിനും അല്ലെങ്കിൽ മിനിട്ടിനും വിദേശത്ത് നിന്ന് ഇവിടേയ്ക്ക് വിളികൾ വരുമ്പോൾ അത് ഇന്ത്യൻ ടെലിക്കോം ഓപ്പറേറ്റർമ്മാർ വഴി ഇന്ത്യൻ കസ്റ്റമേഴ്സിലേക്ക് എത്തുമ്പോൾ ടെർമിനേഷൻ ചാർജ് എന്ന പേരിൽ ഒരു നിശ്ചിത തുക ഈടാക്കപ്പെടുന്നു.

ഇത് വിദേശ രാജ്യത്ത് നിന്ന് വിളിക്കുന്ന ആൾ നൽകണം. പൊതുവേ ഭീമമായ നിരക്കുകൾ ആണ്‌ കാൾ ടെർമിനേഷൻ ചാർജുകൾ എന്നതിനാൽ സ്വാഭാവികമായും ഐ എസ് ഡി നിരക്കുകളും അതനുസരിച്ച് കൂടുന്നു. ഇരു രാജ്യങ്ങളിലെയും ഓപ്പറേറ്റർമ്മാർ അറിയാതെ ഇന്റർനെറ്റ് വഴി ഫോൺ വിളികൾ പ്രത്യേക കുഴലുകളിലൂടെ വഴി മാറ്റി വിട്ടാൽ ഭീമമായ ഐ എസ് ഡി നിരക്കുകൾ ഒഴിവാക്കാൻ കഴിയുന്നു. അങ്ങനെ വിളിക്കുന്ന ആൾക്ക് സാധാരണ ഐ എസ് ഡി വിളിക്കുന്നതിന്റെ നാലിലൊന്നോ പത്തിലോന്നോ ഒക്കെ നിരക്കിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വിളിക്കാൻ കഴിയുന്നു. എങ്ങിനെ ആണ്‌ ഇത് സാദ്ധ്യമാകുന്നത്? എന്താണിതിന്റെ സാങ്കേതിക വിദ്യ എന്ന് നോക്കാം.കുഴൽ പണമിടപാടിനു വിദേശത്തും നാട്ടിലും പരസ്പരബന്ധിതമായി പ്രവർത്തിക്കുന്ന ഓരോ പ്രത്യേകം ഏജൻസികൾ ഉണ്ടെന്നതുപോലെ കുഴൽ ഫോണുകൾക്കും വിദേശത്ത് മാസ്റ്റർ ഏജൻസിയും ഇന്ത്യയിൽ അവരുടെ സേവനങ്ങൾ നൽകാനുള്ല ഏജൻസിയും ഉണ്ടായിരിക്കും.

വിദേശത്ത് നിന്ന് ഒരാൾ ഇന്ത്യയിലേക്ക് കുഴൽ സർവീസ് വഴി ഫോൺ വിളിക്കാൻ തീരുമാനിച്ചു എന്ന് കരുതുക. അതിനായി അയാൾക്ക് ഇതിനായി ഏതെങ്കിലും കുഴൽ ഫോൺ ഏജൻസിയെ സമീപിക്കുന്നു. വിസിറ്റിംഗ് കാർഡുകളുടെ രൂപത്തിലും ഇന്റർനെറ്റിലൂടെയും മൗത്ത് പബ്ലിസിറ്റിയിലൂടെയുമൊക്കെ ആവശ്യക്കാരുടെ അടുത്ത് ഇത്തരം സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ എത്തിയിരിക്കും. ഇവരുടെ സർവീസ് രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് മൊബൈൽ കാളിംഗ് ആപ്പുകളുടെ രൂപത്തിൽ. അതിലാണെങ്കിൽ നിങ്ങൾക്ക് നേരിട്ട് ഇന്ത്യയിലുള്ള നമ്പരുകൾ ഡയൽ ചെയ്യാം. സ്മാർട്ട് ഫോണുകൾ ഇല്ലെങ്കിൽ ഏജന്റ് നൽകിയിട്ടുള്ള ചില ലോക്കൽ നമ്പരുകളിലേക്ക് ഡയൽ ചെയ്ത് വരിക്കാരനാണെന്ന് ഉറപ്പ് വരുത്താനായി സീക്രട്ട് പിൻകോഡ് നൽകിക്കൊണ്ട് ഇഷ്ടമുള്ള ഇന്ത്യൻ നമ്പരുകളിലേക്ക് വിളിക്കാം.

ഇത്തരം ഒരു കുഴൽ ഫോൺ സെറ്റപ്പിനായി ഏത് രാജ്യത്തേയ്ക്ക് ആണോ ചുരുങ്ങിയ നിരക്കിൽ വിളിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നത് ആ രാജ്യത്ത് പലയിടങ്ങളിൽ ആയി ചില ഉപകരണങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. അതായത് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ചുരുങ്ങിയ ചെലവിൽ ഐ എസ് ഡി കാളുകൾ വിളിക്കാനുള്ള സംവിധാനമാണെങ്കിൽ ഇന്ത്യയിൽ അതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിന്റെ പേരാണ്‌ ഈ പറയുന്ന സമന്തര എക്സ്ചേഞ്ചുകൾ. ഇന്റർനെറ്റ് കണൿഷൻ സിം ബോക്സുകൾ / ജി എസ് എം ഗേറ്റ് വേകൾ എന്നിവയൊക്കെ അടങ്ങിയതാണ്‌ ഈ സജ്ജീകരണങ്ങൾ.ദുബായിൽ നിന്ന് ഒരാൾ പാലക്കാട്ടേയ്ക് കുഴൽ ഫോൺ വഴി വിളിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് നോക്കാം.

ദുബായിലെ ഏജന്റ് നൽകുന്ന ടെർമിനേസൻ ലോക്കൽ നമ്പരിലേക്കോ അല്ലെങ്കിൽ മൊബൈൽ ഫോൺ ആപ്പ് വഴിയോ നാട്ടിലെ മൊബൈൽ നമ്പർ ഡയൽ ചെയ്യുന്നു. ഇത് ഇന്ത്യയിൽ പലയിടങ്ങളിൽ ആയി സ്ഥാപിക്കപ്പെട്ടിരിക്കുന്ന മൊബൈൽ ഫോണുകൾ പോലെ തന്നെ സിംകാർഡുകൾ ഇട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രത്യേക സംവിധാനം വഴി പാലക്കാട്ടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ഫോണിലേക്ക് ഡയൽ ചെയ്ത് കണക്റ്റ് ചെയ്യുന്നു. ഇതെല്ലാം നടക്കുന്നത് ഓട്ടോമാറ്റിക് ആയിത്തന്നെ ആയിരിക്കും. ഇവിടെ വിളി സ്വീകരിക്കുന്ന ആൾക്ക് ഇൻകമിംഗ് നമ്പർ ആയി കാണിക്കുന്നത് ഒരു ലോക്കൽ നമ്പർ ആയിരിക്കും . നേരത്തെ സൂചിപ്പിച്ച മൊബൈൾ ഫോണുകൾ പോലെ സിം കാർഡുകൾ ഇട്ട് ഉപയോഗിക്കാവുന്ന സജ്ജീകരണത്തിൽ ഒന്നല്ല നൂറുകണക്കിനു സിം കാർഡുകൾ ഒരേ സമയത്ത് ഉപയോഗിക്കാൻ കഴിയുന്നു.

യഥാർത്ഥത്തിൽ ലോക്കൽ സിം കാർഡുകൾ ഇട്ടിരിക്കുന്ന നൂറു മൊബൈൽ ഫോണുകളായി സിംബോക്സുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവയെ കണക്കാക്കാം. ഈ നൂറു മൊബൈൽ ഫോണുകളുടെയും ഓഡിയോ പ്രത്യേകം പ്രത്യേകം ഡിജിറ്റൽ ചാനലുകളിലൂടെ ഇന്റർനെറ്റ് വഴി കൈമാറ്റം ചെയ്യപ്പെടുന്നു. അതിനാൽ 100 ചാനലുകൾ ഉള്ള സിം ബോക്സ് ആണെങ്കിൽ ഒരേ സമയം പരമാവധി നൂറു പേർക്ക് വിദേശത്ത് നിന്ന് നാട്ടിലെ നമ്പരുകളിലേക്ക് ഇതുവഴി വിളിക്കാൻ കഴിയുന്നു. ഇന്റർനെറ്റ് കണൿഷനുള്ള ഒരു റൗട്ടറും സിം കാർഡുകൾ ഇടാൻ കഴിയുന്ന സിം ബോക്സ് എന്നറിയപ്പെടുന്ന ഒരു മോഡ്യൂളും അതിനോട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ജി എസ് എം ഗേറ്റ് വേയും അടങ്ങിയതാണ്‌ ഈ സമാന്തര എക്സ്ചേഞ്ച് സെറ്റപ്പ്.

അന്താരാഷ്ട്ര കുഴൽ വിളി തട്ടിപ്പുകൾക്കും അപ്പുറമായി നിയമവിരുദ്ധമായ കാര്യങ്ങൾക്കും മാർക്കറ്റിംഗിനുമെല്ലാം ഉപയോഗിക്കുന്ന ലൈസൻസ് ഇല്ലാത്ത കാൾ സെന്ററുകൾക്കായും ഇത്തരം സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗപ്പെടുത്തുന്നു. ഈ അടുത്ത കാലത്തായി ടെലി മാർക്കറ്റിംഗിനു ശക്തമായ നിബന്ധനകളും ചട്ടങ്ങളും മോണിറ്ററിംഗുമെല്ലാം വന്നതോടുകൂടി സാധാരണ ടെലി മാർക്കറ്റിംഗ് ഏജൻസികൾക്ക് DND രജിസ്റ്റേഡ് ആയ നമ്പരുകളിലേക്ക് സർവീസ് മെസ്സേജുകൾ അല്ലാതെ പ്രമോഷണൽ മെസേജുകൾ അയയ്ക്കാനോ ഫോൺ വിളിക്കാനോ കഴിയാത്ത സാഹചര്യം ഉണ്ട്. അതിനാൽ ഊരും പേരുമില്ലാത്ത യൂസർ സിം കാർഡുകൾ സിം ബോക്സുകളിൽ ഉപയോഗിച്ച് ഇതുപോലെയുള്ള സമാന്തര കാൾ സെന്റർ സംവിധാനങ്ങൾ മാർക്കറ്റിംഗിനായും ഇന്റർനെറ്റ് തട്ടിപ്പുകൾക്കുമായും ഉപയോഗപ്പെടുത്തുന്നു.

എന്തുകൊണ്ടാണ്‌ കുഴൽ ഫോൺ എക്സ്ചേഞ്ചുകളെ പിടിക്കാൻ കഴിയാത്തത് ?
1. ഏതൊരു കുറ്റകൃത്യവും പോലെ ഇതും ഒരു കള്ളനും പോലീസും കളി ആണ്‌. സ്മാർട്ട് ആയ കള്ളനെ പിടിക്കാൻ പോലീസ് അതിലും സ്മാർട്ട് ആകേണ്ടീ വരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരാളെ കള്ളനാണൊ കൊള്ളക്കാരനാണോ എന്ന് തിരിച്ചറിയാൻ എളുപ്പമല്ലാത്തതുപോലെത്തന്നെയാണ്‌ കുഴൽ ഫോൺ വിളികളുടെയും കാര്യം. പൊതുജനങ്ങളുടെ സഹകരണവും ജാഗ്രതയും ഉണ്ടെങ്കിൽ കുറ്റവാളികളെ എളുപ്പത്തിൽ പിടിക്കാൻ കഴിയുന്നതുപോലെത്തന്നെ സാമ്പത്തിക ലാഭം മാത്രം മുൻനിർത്തിയുള്ള നിസ്സഹകരണവും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനവും ആണ്‌ സ്വാഭാവികമായും ഈ വിഷയത്തിലും ഉള്ളത് എന്നതിനാൽ കുഴൽ ഫോൺ സംവിധാനത്തെ കണ്ടെത്തുക എളുപ്പമല്ല. കുഴൽപ്പണം ഏജന്റുമാർ വീട്ടിൽ പണം കൊണ്ട് വന്ന് തന്നാൽ സന്തോഷത്തോടെ നന്ദി പറയുക അല്ലാതെ ആരെങ്കിലും വിവരം പോലിസിൽ അറിയിക്കുമോ? അതുപോലെത്തന്നെയാണ്‌ കുഴൽ ഫോണിന്റെ കാര്യവും.

ഫോൺ കോണ്ടാക്റ്റിൽ ഇല്ലാത്ത മുൻപരിചയമില്ലാത്ത ഒരു ലോക്കൽ നമ്പരിൽ നിന്ന് വിദേശത്തുള്ള ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വിളി വന്നാൽ അത് കുഴൽ ഫോൺ ആണെന്ന് തിരിച്ചറിയാമെങ്കിലും പൊതുവേ ആരും ഈ വിവരം പോലീസിനെയോ മറ്റ് ഏജൻസികളെയോ അറിയിക്കാൻ മെനക്കെടില്ല. നിയമവിരുദ്ധമായ ഒരു പ്രവർത്തനം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത് പുലിവാലു പിടിക്കാൻ ആരും തയ്യാറാകില്ല എന്നതു തന്നെയാണ്‌ ഇതിനു കാരണം. പക്ഷേ ഇത്തരത്തിൽ റീപ്പോർട്ട് ചെയ്താൽ അന്വേഷണ ഏജൻസികളോ മൊബൈൽ സർവീസ് പ്രൊവൈഡറോ ഒരിക്കലും ഫോൺ വിളിച്ച ആളെയോ വിളിക്കപ്പെട്ട ആളെയോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുകയോ നിയമ നടപടികൾക്ക് വിധേയരാക്കുകയോ ചെയ്യില്ല എന്ന ഉറപ്പ് പൊതുജനങ്ങളിൽ എത്തിയാൽ ചിലരെങ്കിലും ഇത്തരം കുഴൽ ഫോൺ വിളികൾ റിപ്പോർട്ട് ചെയ്തേക്കാം.

2. കുഴൽ ഫോൺ ശ്രുംഖലകളെ തകർക്കേണ്ടതിന്റെ പ്രാഥമികമായ ആവശ്യം ബിസിനസ്സിനെ നേരിട്ട് ബാധിക്കുന്ന ടെലികോം കമ്പനികളുടേത് ആയതിനാൽ എല്ലാ ടെലികോം സർവീസ് പ്രൊവൈഡേഴ്സും ഇതിനുള്ള വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാറുണ്ട്. ഇതിനായി ടെലികോം കമ്പനികൾക്ക് സേവനം നൽകുന്ന ഏജൻസികളുമുണ്ട്. അതായത് വിദേശരാജ്യങ്ങളിൽ നിന്നും സംശയമുള്ള നമ്പരുകളിലേക്ക് ഡയൽ ചെയ്ത് കാൾ ഏത് റൂട്ടിലൂടെയാണ്‌ കണക്റ്റ് ചെയ്യപ്പെടുന്നതെന്ന് പരിശോധിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓരോ മൊബൈൽ കണൿഷന്റെയും കാൾ ഡീറ്റൈൽ റെക്കോർഡ്സ് അനലൈസ് ചെയ്ത് സംശയമുള്ള നമ്പരുകളെ ഫ്ലാഗ് ചെയ്ത് നിരീക്ഷിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്‌.

പക്ഷേ ഇതെല്ലാം മനസ്സിലാക്കുന്ന കുഴൽ ഫോൺ സർവീസ് പ്രൊവൈഡർമ്മാർ അവരുടെ സിസ്റ്റവും ഇത് മറികടക്കുന്ന രീതിയിൽ സാങ്കേതിക വിദ്യകൾ അപ്ഡേറ്റ് ചെയ്യുന്നു. അതായത് ഏതെങ്കിലും ഒരു സ്ഥലത്ത് നൂറുകണക്കിനു സിം കാർഡുകൾ ഉപയോഗിച്ച് ഒരു എക്സ്ചേഞ്ച് ആയി പ്രവർത്തിക്കുമ്പോൾ കാൾ പാറ്റേൺ നോക്കിയാൽ ടെലികോം കമ്പനികളുടെ ഡിറ്റൿഷൻ സോഫ്റ്റ്‌‌വെയറുകൾക്ക് തിരിച്ചറിയാമെന്നതിനാൽ മറ്റൊരു തന്ത്രം പ്രയോഗിക്കുന്നു. ആധുനിക കുഴൽ എക്സ്ചേഞ്ചുകളിൽ പലതും മോഡുലാർ രീതിയിൽ വിവിധ ഇടങ്ങളിൽ ആയാണ്‌ പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിൽ തന്നെ നൂറൂം ഇരുനൂറും സിംകാർഡുകൾ ഉപയോഗിച്ചുകൊണ്ടുള്ള സിസ്റ്റം മാറി സിംകാർഡുകൾ ഇട്ട് ഉപയോഗിക്കുന്ന സിം ബോക്സ് മോഡ്യൂൾ ഒരിടത്തും മൊബൈൽ ടവറുകളുമായുള്ള റേഡിയോ ബന്ധം സ്ഥാപിക്കുന്ന ജി എസ് എം മോഡ്യൂൾ പല ഇടങ്ങളിലുമായി സ്ഥാപിച്ചുകൊണ്ട് ഇവയെല്ലാം പരസ്റ്റ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു നെറ്റ്‌‌വർക്ക് ഉണ്ടാക്കുന്നു.

അതായത് ഒരേ സിം കാർഡ് യൂണിറ്റ് തന്നെ വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ത ജി എസ് എം യൂണിറ്റുമായി കണക്റ്റ് ചെയ്യുന്നതിനാൽ കാൾ ഡീറ്റൈൽസ് റെക്കോഡിൽ ഈ നമ്പർ സാധാരണ മൊബൈൽ ഫോൺ പോലെ വിവിധ ടവർ ലൊക്കേഷനുകളിൽ ആണെന്നായിരിക്കും കാണിക്കുക. അങ്ങനെ സംശയത്തിന്റെ നിഴലിൽ നിന്ന് ഒഴിവാകുന്നു. നൂറ് സിം കാർഡുകൾ ഉപയോഗിക്കുന്ന സിം ബോക്സ് ഒരിടത്ത് വച്ച് അതുമായി കണക്റ്റ് ചെയ്ത് പ്രവർത്തിക്കുന്ന പത്ത് വീതം ലൈനുകൾ ഉള്ള പത്ത് ചെറിയ ജി എസ് എം ബോക്സുകൾ പത്തിടങ്ങളിൽ ആയി സ്ഥാപിച്ച് ഒരു ബ്രോഡ് ബാൻഡ് കണൿഷൻ വഴി ഇവയെ സിംബോക്സുമായി ബന്ധിപ്പിച്ചാൽ മാത്രം മതിയാകും. ഒരു ചെറിയ റൗട്ടറിന്റെ വലിപ്പം മാത്രമുള്ള ഇത്തരം യൂണിറ്റുകളെ ആർക്കും തിരിച്ചറിയാൻ പോലും കഴിയില്ല.

3. പെട്ടന്ന് പിടിക്കപ്പെടാൻ സാദ്ധ്യത ഉള്ളതിനാൽ ഇവർ ഇടയ്ക്കിടെ സിം കാർഡുകൾ മാറ്റി പുതിയ കണൿഷനുകൾ എടുത്തുകൊണ്ടിരിക്കും . വ്യാജ രേഖകൾ നൽകി കണൿഷനുകൾ എടുക്കാൻ ഏറ്റവും എളുപ്പമുള്ള സംസ്ഥാനങ്ങളിലെ ഏജന്റുമാർ വഴി ആയിരിക്കും നൂറുകണക്കിനു കണൿഷനുകൾ എടുക്കുന്നത് എന്നതിനാൽ നമ്പരുകൾ ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടാലും അതിനു പിറകിൽ ആരാണെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലാക്കുക എളുപ്പമല്ല.

4. ഒരു ടെലികോം കമ്പനിയെ സംബന്ധിച്ചിടത്തോളം കുഴൽ ഫോൺ തട്ടിപ്പുകൾ കണ്ടെത്തുക എന്നത് വളരെ അധികം പണച്ചെലവ് ഉള്ള ഒന്നാണ്‌. ഇതിനായുള്ള സോഫ്റ്റ്‌‌വെയറുകളും മറ്റ് സംവിധാനങ്ങളുമെല്ലാം വളരെ അധികം ആവർത്തനച്ചെലവ് ഉള്ളതാണ്‌. അത് വരുമാനവുമായി ഒത്തു പോകുന്നതാണെങ്കിൽ മാത്രമേ ടെലികോം കമ്പനികൾ ഇതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. അതുപോലെ തന്നെ പൊലീസിന്റെയൊക്കെ സഹകരണവും ആവശ്യമായി വരുന്നു. അടിമുടി തകർന്നിരിക്കുന്ന മിക്ക ഇന്ത്യൻ ടെലികോം കമ്പനികൾക്കും ഈ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പരിമിതികൾ ഉള്ളതും കുഴൽ ഫോൺ മാഫിയയ്ക്ക് വളമാകുന്നു.

5. ഗ്രാമപ്രദേശങ്ങളിൽ വരെ ഒപ്റ്റിക്കൽ ഫൈബർ അതിവേഗ ഇന്റർനെറ്റ് കണൿഷനുകൾ ലഭ്യമായ സാഹചര്യത്തിൽ ചെറിയ ജി എസ് എം ഗേറ്റ് വേകൾ സ്ഥാപിക്കാൻ കഴിയുന്നത് തട്ടിപ്പ് കണ്ടുപിടിക്കുന്നത് കൂടുതൽ ദുഷ്കരമാക്കുന്നു.
സിം ബോക്സ് / ജി എസ് എം ഗേറ്റ് വേ ഇതെല്ലാം നിരോധിതമായ ഉപകരണങ്ങൾ ആണോ ?തീർച്ചയായും അല്ല. നിലവിൽ ലാൻഡ് ഫോൺ സേവനങ്ങൾ ഏറെക്കുറെ അപ്രത്യക്ഷമായ സാഹചര്യത്തിൽ ബിസിനസ് ആവശ്യങ്ങൾക്കും കാൾ സെന്ററുകളിലുമെല്ലാം മൊബൈൽ ഫോൺ കണൿഷനുകൾ ഉപയോഗപ്പെടുത്താനായി സിം ബോക്സുകളും ജി എസ് എം ഗേറ്റ് വേകളുമെല്ലാം ആവശ്യമായി വരുന്നു. കുഴൽ ഫോൺ ഇടപാടുകാർ ഇവയെ സമാന്തര എക്സ്ചേഞ്ചുകൾ ഉണ്ടാക്കാനായി ദുരുപയോഗം ചെയ്യുന്നതാണ്‌.

ദുരുപയോഗമെന്ന് വിളിക്കാൻ പോലും പറ്റാത്ത രീതിയിൽ ഇത്തരം സർവീസുകൾ പല രാജ്യങ്ങളിലും നിയമവിരുദ്ധമായി കണക്കാക്കുന്നതുപോലുമില്ല. കാൾ ടെർമിനേഷൻ ചാർജിന്റെ ഇനത്തിൽ വൻ തോതിൽ വരുമാനം നഷ്ടമാകുന്ന രാജ്യങ്ങളിലാണ്‌ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതും നിയന്ത്രണങ്ങൾക്ക് ശ്രമിക്കുന്നതും. അതേ സമയം കാൾ ടെർമിനേഷൻ ചാർജ് കുറവുള്ള ഇടങ്ങളിൽ ഇതുപോലെ കുഴൽ ഫോൺ ബിസിനസ് ലാഭകരമല്ലാത്തതിനാൽ അതിന്റെ ആവശ്യമില്ല എന്നത് മറ്റൊരു വശം.
കുഴൽ ഫോൺ സമാന്തര എക്സ്ചേഞ്ചുകൾ എങ്ങിനെയാണ്‌ ഭീഷണി ആകുന്നത്?
1.കുഴൽ പണവും കള്ളക്കടത്തുമെല്ലാം ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങിനെ ബാധിക്കുവോ അതുപോലെ തന്നെ കുഴൽ ഫോണുകളും ടെലികോം മേഖലയിലെ കമ്പനികളുടെ വരുമാനത്തെയും അതുമായി ബന്ധപ്പെട്ട സർക്കാരിന്റെ നികുതികളെയും സാരമായി ബാധിക്കുന്നു.

2. വിവിധ അന്വേഷണ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടുകൊണ്ട് ഫോൺ വിളികളിൽ നടത്തുന്ന നിരീക്ഷണങ്ങൾ വിഷമകരമാകുന്നു. പൊതുവേ ഇന്റർനാഷണൽ കോളുകൾ വളരെ എളുപ്പത്തിൽ വേർതിരിച്ച് സംശയകരമെങ്കിൽ സർവലൈൻസിനു വിധേയമാക്കാൻ കഴിയുമ്പോൾ കുഴൽ ഫോണുകളിലൂടെയുള്ള അന്താരാഷ്ട്ര വിളികൾ ഇന്റർനെറ്റ് വഴി പ്രത്യേകം എൻക്രിപ്റ്റ് ചെയ്യപ്പെട്ട റൂട്ടിലൂടെ ആയിരിക്കുന്നതിനാലും രാജ്യത്തു തന്നെയുള്ള ലോക്കൽ കാളുകൾ ആയി ഇത് മാറ്റപ്പെടുന്നതിനാലും തിരിച്ചറിയുക വളരെ പ്രയാസമാകുന്നു. അതുകൊണ്ട് തന്നെ കള്ളക്കടത്തുകാരും രാജ്യ ദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഈ വഴി തെരഞ്ഞെടൂക്കുന്നു. അങ്ങനെ കുഴൽ ഫോണുകൾ രാജ്യ സുരക്ഷയ്ക്കും ഭീഷണി ആകുന്നു.

3. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തെ തുടർന്നാണ്‌ ഈ അടുത്ത കാലത്ത് ബാങ്കളൂരിൽ വലിയ ഒരു കുഴൽ ഫോൺ എക്സ്ചേഞ്ച് വലയിലായത്. പൊതുവേ സൈനിക ഓഫീസുകളിലും സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ കാൾ സെന്ററുകളിലും മറ്റും വരുന്ന ഇന്റർനാഷണൽ കാളുകളെ പ്രഥമ ദൃഷ്ട്യാൽ തന്നെ സംശയിക്കുന്നതിനാൽ വിവരങ്ങൾ ഉദ്യോഗസ്ഥർ കൂടുതൽ ജാഗരൂകരാകുന്നതിനാൽ വിവരച്ചോർച്ചയ്ക്കുള്ള സാദ്ധ്യതകൾ അടയുന്നു. ഈ സാഹചര്യത്തിലാണ്‌ വിദേശ രാജ്യങ്ങളിലെ ചാര സംഘടനകളുടെ ഏജന്റുമാർ വിവരശേഖരണത്തിനായി സംശയം തോന്നാതിരിക്കാൻ കുഴൽ ഫോണുകൾ ഉപയോഗപ്പെടുത്തുന്നത്. പക്ഷേ ഏത് ഫോൺ വിളികളെയും സംശയത്തോടെ മാത്രം സമീപിക്കുക എന്ന അടിസ്ഥാന ജാഗരൂകത സൈനിക ഉദ്യോഗസ്ഥർ പാലിച്ചതും അതനുസരിച്ച് തുടരന്വേഷണങ്ങൾ നടത്തിയതുമാണ്‌ ഏറ്റവും വലിയ കുഴൽ ഫോൺ ശ്രുംഖലയുടെ ചുരുളഴിച്ചത്.

4. യാതൊരു വിധ ഓഡിറ്റിംഗിനും വിധേയമല്ലാത്ത, നിയമ വ്യവസ്ഥയെ മറികടന്നുകൊണ്ടുള്ള ഒരു സിസ്റ്റം ആണ്‌ ഇതെന്നതിനാൽ വേണമെങ്കിൽ നിങ്ങളുടെ ഫോൺ വിളികളെ റെക്കോഡ് ചെയ്യാനും ദുരുപയോഗം ചെയ്യാനുമെല്ലാം കുഴൽ ഫോൺ ഏജൻസികൾക്ക് കഴിയും.5. ചില തേഡ് പാർട്ടി സർവീസുകളുടെ സഹായത്തോടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു മാത്രമായി ഒന്നോ രണ്ടോ ലോക്കൽ സിം കാർഡുകൾ മാത്രം ഉപയോഗിക്കുന്ന ചെറിയ സിം ബോക്സുകളിലൂടെ സ്മാർട്ട് ഫോൺ അപ്ലിക്കേഷനുകൾ വഴി വിദേശ രാജ്യങ്ങളിൽ ഇരുന്നുകൊണ്ട് വിളിക്കുന്ന സ്വന്തമായി കുഴൽ ഫോൺ സെറ്റപ്പ് ഉള്ള ടെക്കികളും ഉണ്ട്. ഇതും നിയമ വിരുദ്ധം തന്നെ.

6. കുഴൽ പണം പോലെത്തന്നെ വ്യക്തികൾക്ക് സാമ്പത്തിക ലാഭം ഉണ്ടെങ്കിലും ഇത്തരം കുഴൽ വിളികളിലെ അപകടം തിരിച്ചറിയാതെയാണ്‌ സാധാരണക്കാർ ഇത് ഉപയോഗിച്ച് പോരുന്നത്. നിങ്ങൾ ചെറിയ ലാഭം പ്രതീക്ഷിച്ച് കുഴൽ ഫോൺ വഴി നാട്ടീലെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിക്കുമ്പോൾ ഊരും പേരുമില്ലാത്ത ഏതെങ്കിലും ലോക്കൽ നമ്പരിലൂടെ ആയിരിക്കും വിളികൾ വരുന്നത്. ഇതേ ലോക്കൽ നമ്പർ തന്നെ കള്ലക്കടത്തുകാരും രാജ്യ ദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മറ്റ് തട്ടിപ്പുകാരുമെല്ലാം പല അവസരങ്ങളിൽ ആയി ഉപയോഗപ്പെടുത്താനുള്ള സാഹചര്യമുണ്ട്.

ഏതെങ്കിലും കേസന്വേഷണത്തിന്റെ ഭാഗമായി ഈ നമ്പരുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ വന്നു കഴിഞ്ഞാൽ പ്രസ്തുത നമ്പരിൽ നിന്നുമുള്ള ഇൻകമിംഗ് കാളുകൾ വഴി നിങ്ങളുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും മണിക്കൂറുകൾ സംസാരിച്ചിരുന്നു എന്നത് അവരും കുറ്റവാളികളും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ്‌. അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ടി വരുന്നതിലെ വിഷമതകൾ എന്തെല്ലാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ ചെറിയ സാമ്പത്തിക ലാഭം മാത്രം നോക്കി വിദേശത്തു നിന്ന് കുഴൽ ഫോൺ ഉപയോഗിക്കുമ്പോൾ നിങ്ങൾ അപകടത്തിലാക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതമാണെന്ന കാര്യം മറക്കരുത്.

ഇന്റർനാഷണൽ കാളിംഗ് കാർഡുകളും മറ്റ് ചില VOIP ആപ്പുകളുമെല്ലാം ഇതേ‌ വിഭാഗത്തിൽ പെടുന്നതാണോ എന്നും അവയും ഇതുപോലെ സിം ബോക്സുകൾ ആണോ ഉപയോഗിക്കുന്നതെന്നുമൊക്കെ സംശയം തോന്നിയേക്കാം. ഇന്ത്യയിൽ വിദേശത്തു നിന്നും VOIP ആപ്പുകൾ വഴി മൊബൈൽ ഫോണുകളിലേക്കും നിയമവിധേയമായ ലൈസൻസ് ഉള്ള ഓപ്പറേറ്റേഴ്സിലൂടെ കാളുകൾ സ്വീകരിക്കാം. ഇത്തരം സർവീസുകൾ അന്വേഷണ ഏജൻസികൾക്ക് എല്ലാ വിധ സർവലൈൻസും അനുവദിക്കുന്നതും വിവരങ്ങൾ കൈമാറാൻ ബാദ്ധ്യതപ്പെട്ടവരും ആണ്‌. ഇവരൊന്നും സിംബോക്സ് പോലെയുള്ള ലോക്കൽ മൊബൈൽ നമ്പരുകൾ ഉപയോഗിച്ച് വിളികൾ റൂട്ട് ചെയ്യുന്ന സർവീസ് അല്ല ഉപയോഗിക്കുന്നത്. നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്തുകൊണ്ട് പ്രവർത്തിക്കുന്ന VoIP സർവീസുകളും ഉണ്ടാകാം.

വിവരങ്ങൾക്കും എഴുത്തിനും കടപ്പാട് : സുജിത് കുമാർ (മലയാളത്തിൽ സുജിത് കുമാർ എന്ന് സെർച്ച് ചെയ്താൽ ഇദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പ്രൊഫൈൽ കാണാൻ കഴിയും വായനാ ശീലം ഉള്ളവർക്ക് ടെക് പരമായി ഒരുപാട് വിവരങ്ങളും ചിന്തകളും ലഭിക്കും )