പോലീസ് സ്റ്റേഷനിലേക്ക് രാത്രി ഒരു അമ്മയുടെ കോൾ മകൻ ഉപദ്രവിക്കാൻ സാധ്യത വേഗം വരണം ശേഷം പോലീസ് ചെയ്തത് കയ്യടി

EDITOR

Updated on:

അർദ്ധരാത്രി എരുമപ്പെട്ടി സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. മറുപുറത്ത് ഒരു സ്ത്രീയാണ്.വല്ലാതെ പേടിച്ച് വിറച്ചുകൊണ്ടാണ് അവർ സംസാരിക്കുന്നത്.സാർ എന്റെ മകൻ വീട്ടിൽ പ്രശ്നം കാണിക്കുകയാണ്.ഒന്നു വേഗം ഇവിടേക്ക് വരൂ. അവൻ ലഹരി വസ്തു ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു സഹിക്കാൻ വയ്യ സാർ എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം അവർ കരയുകയാണ്.
പോലീസുദ്യോഗസ്ഥൻ അവരുടെ വീടും സ്ഥലവും ചോദിച്ചറിഞ്ഞു. ഉടൻ തന്നെ വാഹനത്തിൽ കയറി അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു.അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു.ലഹരിക്കടിമപ്പെട്ട് മാനസിക വിഭ്രാന്തിയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അവരുടെ ഏക മകൻ. വീടിന്റെ വാതിലുകളും ജനൽചില്ലുകളും അടിച്ചുനശിപ്പിച്ചിരുന്നു.

അവന്റെ അടുത്ത ലക്ഷ്യം മാതാപിതാക്കളാണ്. അവരെ ഇല്ലാതാക്കാൻ ആണ് അവന്റെ അടുത്ത പരിപാടി.അതിനായി മകൻ ഓടിയടുത്തപ്പോൾ അവർ ഒരു മുറിയിൽ കയറി വാതിലടച്ചു. അപ്പോഴാണ്, അവർ പോലീസിനെ വിളിച്ചത്.അക്രമാസക്തനായ മകന്റെ ശ്രദ്ധ വ്യതിചലിപ്പിച്ച്, പോലീസുദ്യോഗസ്ഥർ വീടിനുള്ളിലേക്കുകയറി, അച്ഛനേയും അമ്മയേയും മുറിയിൽ നിന്നും പുറത്തിറക്കി.അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.ലഹരി വസ്തുകൾക്ക് അടിമപ്പെട്ടുപോയ അവരുടെ ഏക മകൻ. അവന് ലഹരി വസ്തുക്കൾ വാങ്ങാനായി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി അവൻ പണം കൈക്കലാക്കി. വീണ്ടും വീണ്ടും ആവശ്യപ്പെടുമ്പോൾ കൊടുക്കാൻ പണമില്ല. അപ്പോഴാണ് അവൻ അക്രമാസക്തനാകുന്നത്.

മകന്റെ ഭാവിയെ ഓർത്താണ്, ഇത്രയും നാൾ സഹിച്ചത്. ആരോടും പരാതി പറഞ്ഞില്ല. പലതവണ അവന്റെ മർദ്ദനമേറ്റു. സമ്പാദിച്ച പണമെല്ലാം അവൻ ഭീഷണിപ്പെടുത്തി കൈക്കലാക്കി. ഇപ്പോൾ അതിക്രമം കാണിച്ച്, വീടും വീട്ടുപകരണങ്ങളുമെല്ലാം തല്ലിത്തകർത്തിരിക്കുന്നു.പോലീസുദ്യോഗസ്ഥർ അച്ഛനേയും അമ്മയേയും ആശ്വസിപ്പിച്ചു. മകന്റെ ലഹരിയുടെ വിഭ്രാന്തിയൊഴിയുന്നതുവരെ അവിടെ അവർ കാത്തിരുന്നു. യുവാവിനെ പതുക്കെ പതുക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവനോട് സംസാരിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു. അന്നു രാത്രി സമാധാനമായി അവൻ കിടന്നുറങ്ങുന്നതുവരെ അവർ അവിടെ നിന്നു.പിറ്റേന്ന് രാവിലെ പോലീസുദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തി.

മകനെ മുന്നിലിരുത്തി, അച്ഛനോടും അമ്മയോടും അവനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി.പഠനത്തിൽ മിടുക്കനായിരുന്നു അവരുടെ മകൻ. പ്ലസ് ടു വിനു ശേഷം പ്രൊഫഷണൽ കോഴ്സിനുചേർന്ന് പഠിക്കുമ്പോഴാണ് അവനിൽ മാനസിക വിഭ്രാന്തി കാണപ്പെടുന്നത്. ഈ അടുത്ത കാലത്താണ് അവൻ ലഹരി വസ്തുക്കൾക്ക് അടിമയാണെന്ന് മാതാപിതാക്കൾ അറിയുന്നത്. അത് പിന്നെ വളർന്ന് വളർന്ന് വഴക്കും, കലഹവുമായി മാറി. സ്വന്തം മകന്റെ ഭാവിയെക്കുറിച്ചോർത്ത് അവർ എല്ലാം സഹിക്കുകയായിരുന്നു.അച്ഛനുമ്മയും ഇതെല്ലാം പോലീസുദ്യോഗസ്ഥരോട് വിവരിക്കുമ്പോൾ അവൻ തല താഴ്തി ഇരിക്കുന്നുണ്ടായിരുന്നു.ലഹരി വസ്തു എന്ന മാരക വിപത്തിന്റെ ദൂഷ്യത്തിൽ നിന്നും അവന് കരകയറണമെന്നുണ്ട്. പക്ഷേ, വീണ്ടും വീണ്ടും അവൻ അതിലേക്ക് ചെന്നു ചാടുകയാണ്.

പോലീസുദ്യോഗസ്ഥർ അവനോട് ഏറെ നേരം സംസാരിച്ചു. അവന്റെ ഭാവി അച്ഛനും അമ്മയുടേയും സുരക്ഷിതത്വം, സമൂഹത്തിൽ അവർക്കുള്ള സ്ഥാനം ഇതെല്ലാം പോലീസുദ്യോഗസ്ഥർ അവനെ പറഞ്ഞു മനസ്സിലാക്കി.കാര്യങ്ങൾ ബോധ്യപ്പെട്ട അവൻ ലഹരിയിൽ നിന്നും വിടുതൽ നേടുന്നതിനുള്ള ചികിത്സക്ക് വിധേയമാകാം എന്ന് സമ്മതിച്ചു.പോലീസുദ്യോഗസ്ഥർ തന്നെ, അവനെ സർക്കാർ അംഗീകൃത ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവന് കൂട്ടായി അവന്റെ അച്ഛനും അമ്മയും.ഇപ്പോൾ അവൻ ലഹരി മുക്തിക്കുവേണ്ടിയുള്ള ചികിത്സയിലാണ്. സൽസ്വഭാവിയായി മികച്ച ഒരു പൌരനായി അവൻ തിരിച്ചുവരും എന്ന് നമുക്ക് വിശ്വസിക്കാം.എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ അർദ്ധരാത്രി ലഭിച്ച ഒരു ടെലഫോൺ കോളിനോട് മികച്ച രീതിയിൽ പ്രതികരിക്കുകയും തത്സമയം സേവനം നൽകുകയും ചെയ്ത എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഹക്കീം, എം.ആർ ജയകുമാർ സിവിൽ പോലീസ് ഓഫീസർമാരായ രെജു, സജിത്ത്, സഗുൻ, ശ്രീജിത്ത്‌ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്