സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്തവരെ കാത്തിരിക്കുന്ന നിയമ നടപടി അറിയാത്തവർ അറിഞ്ഞോളൂ

EDITOR

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമ ആണ് എന്നാൽ ചിലർ എങ്കിലും അതിനു തയ്യാറാകുന്നില്ല എന്ന് വാസ്തവം ആണ് .അത് മൂലം വൃദ്ധസദനങ്ങൾ നമ്മുടെ നാടുകളിൽ കൂടി വരുന്ന കാഴ്ച ആണ് കാണുന്നത് .എന്നാൽ മാതാപിതാക്കളെ സംരക്ഷിക്കാതെ മക്കൾക്ക് എതിരെ ശക്തമായ നിയമ നടപടി ഉണ്ടാകും എന്ന് തൃശൂർ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

മക്കളും മരുമക്കളും പേരക്കുട്ടികളും ബഹുമാനമില്ലാതെ പെരുമാറുന്നു. സ്വന്തക്കാരിൽ നിന്നും എപ്പോഴുമുള്ള അവഗണന, പ്രായാധിക്യം കൊണ്ട് താങ്ങാനാകാത്ത ശാരീരിക അസുഖങ്ങൾ.എല്ലാവേദനകളും ഉള്ളിലൊതുക്കി ജനവാതിലൂടെ കണ്ണുനട്ടിരിക്കുന്ന ഒരു അച്ഛൻ അല്ലെങ്കിൽ ഒരു അമ്മ നിങ്ങളുടെ വീട്ടിലുണ്ടോ ?നിങ്ങൾ ആദ്യമായി അമ്മേ.എന്നു വിളിച്ചത്. പിച്ചവച്ചു നടന്നത്, പാൽപല്ലു കാണിച്ച് മധുരമുള്ളൊരു പുഞ്ചിരി സമ്മാനിച്ചത്, തുടങ്ങി നിങ്ങളുടെ മുഖമുള്ള നിരവധി വർണ്ണചിത്രങ്ങൾ അവരുടെ ഓർമ്മകളിൽ മായാതെ കിടക്കുന്നുണ്ടാകും.അവഗണനയുടേയും ഒറ്റപ്പെടലിന്റേയും വേദനയകറ്റാൻ അവർ ഓർത്തെടുക്കുന്ന മറുമരുന്നും ഇതേ ചിത്രങ്ങൾ തന്നെയാണ്.യാത്രയ്ക്ക് അധികം ദൂരമില്ല എന്നോർത്തിട്ടാകാം ആരോടും പരിഭവമില്ലാതെ എല്ലാം ഒതുക്കി നിങ്ങളോടൊപ്പം അവർ മൌനമായി കഴിയുന്നത്.

ശകാരവും അവഗണനയും സാമ്പത്തിക ചൂഷണവും നേരിട്ട് സഹിക്കവയ്യാതെയാണ് ഇവരിൽ പലരും മക്കൾക്കും മരുമക്കൾക്കുമെതിരെ പരാതികളുമായി പോലീസ് സ്റ്റേഷനുകളിലേക്ക് എത്താറുള്ളത്.ആയുസ്സുമുഴുവൻ മക്കൾക്കായി അധ്വാനിച്ച് പ്രായാധിക്യത്തിലെത്തുമ്പോൾ സ്വന്തം മാർഗ്ഗംതേടി മറുനാട്ടിലേക്കും വിദേശത്തേക്കുമൊക്കെ മക്കൾ പറന്നുപോയിട്ടുണ്ടാകും. മരണത്തെകുറിച്ചുള്ള ഭീതി, വൃദ്ധരായ തങ്ങളുടെ അടുത്ത് മക്കളില്ലെന്ന മനോവിഷമം, പ്രായം തളർത്തിയ ശാരീരിക അവശതകൾ, കുറയുന്ന കാഴ്ച, മങ്ങുന്ന കേൾവി, സംരക്ഷിക്കാൻ ആളുണ്ടായിട്ടും ഞങ്ങൾ ഒറ്റപെട്ടുപോയല്ലോ എന്ന ആകുലത ഇതിന്റയെല്ലാം നടുവിലാണ് നമ്മുടെ അച്ഛനമ്മമാർ.എത്രയൊക്കെയുണ്ടായിട്ടും മാതാപിതാക്കളെ വൃദ്ധസദനത്തിലേക്കു നടതള്ളുന്ന മക്കൾ. ഇതെല്ലാം നാം കാണുന്ന നീറുന്ന യാഥാർത്ഥ്യങ്ങളാണ്.

നിങ്ങളുടെ മാതാപിതാക്കൾ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കൊന്നിനും ആരോടും പരാതി പറയുന്നില്ല എന്നത് മക്കളായ നിങ്ങളോട് അവർക്കുള്ള ആത്മാർത്ഥ സ്നേഹംകൊണ്ടുമാത്രമാണ്.അവരുടെ ജീവത്യാഗത്തിനോ മറ്റു ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്കോ കാരണക്കാരാകുന്ന ആർക്കെതിരെയും ഏതൊരു വ്യക്തിക്കോ സംഘടനകൾക്കോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതിനൽകാവുന്നതാണ്.
പ്രായമായവരോട് എങ്ങനെ പെരുമാറാം ?വാർദ്ധക്യത്തിലെ ശാരീരിക വിഷമതകൾ മൂലം മുതിർന്നവർ പലപ്പോഴും വാശിക്കാരായിരിക്കും. ഇതറിഞ്ഞുവേണം മക്കളും മരുമക്കളും പേരക്കുട്ടികളും അവരോട് പെരുമാറാൻ.സംരക്ഷിക്കാനാരുമില്ലെന്നും ഏകരായിപ്പോയി എന്നും ചിന്തിക്കാൻ വൃദ്ധജനങ്ങളെ അനുവദിക്കരുത്.
ശാരീരികമായി അവശതഅനുഭവിക്കുന്നവർക്ക് കൂടുതൽ സഹായവും പരിചരണവും നൽകണം.

പ്രായമായവർക്ക് വീഴ്ചകളോ ഒടിവുകളോ ചതവോ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം.ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക, ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.എല്ലാത്തിനും ഉപരിയായി അച്ഛനമ്മമാർക്കൊപ്പം അല്പനേരം ഇരിക്കാൻ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ, അവർ പറയുന്നതുകേൾക്കാൻ നമ്മൾ സന്മനസ്സ് കാണിക്കുക. അവരെ സ്നേഹത്തോടെ ഒന്നു തൊട്ടാൽ അവരുടെ കണ്ണുകളിൽ വസന്തകാലം വിരിയുന്നതു കാണാം.ഓർക്കുക മുതിർന്ന പൌരന്മാരുടെ സംരക്ഷണം മക്കളുടെ കടമയാണ്. മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്