ഇത് എന്റെ ചേച്ചി എന്ന് പറയാൻ നാണക്കേട് ആയിരുന്നു പക്ഷെ ഇന്ന് ആ ചേച്ചിയുടെ അനിയൻ ആയി ഞാൻ അറിയപ്പെടുന്നു കുറിപ്പ്

EDITOR

ഇവളാണ് സോഫിയ അല്ല സോഫി സെബാസ്റ്റ്യൻ എന്റെ സ്വന്തം ചേച്ചി ഇങ്ങനെ ഒരു പോസ്റ്റ് ഇടുവാൻ ആയി ഒരുപാട് വർഷം എടുത്തു എനിക്ക്.എന്റെ കൂടെയുള്ള ഒട്ടുമിക്ക ഫ്രണ്ട്സിനും എന്നെ അറിയുന്ന വ്യക്തികൾക്കും എന്റെ ചേച്ചിയെ കുറിച്ച് ഞാൻ പറഞ്ഞിട്ടുള്ളത് പലതും ആയിരിക്കാം ചേച്ചി കോൺവെന്റ് സിസ്റ്റർ ആവാൻ പോയെന്നും ചേച്ചി കല്യാണം കഴിഞ്ഞു സെറ്റിൽഡ് ആണെന്നും ചേച്ചി സോഷ്യൽ വർക്കർ ആണെന്നും അങ്ങനെ പല കള്ളങ്ങളും ഞാൻ പറഞ്ഞിട്ടുണ്ടാവാം അല്ല പറഞ്ഞിട്ടുണ്ട്.എന്റെ ചെറുപ്പകാലത്ത് ചേച്ചിക്ക് എന്താണെന്ന് എനിക്കറിയില്ലായിരുന്നു.കാരണം ചേച്ചിയും ഞാനും എപ്പോഴും തല്ലു കൂടുമായിരുന്നു.ചേച്ചി ഒരുപാട് ദേഷ്യം കാണിക്കുമായിരുന്നു.ചേച്ചിയുടെ എല്ലാകാര്യങ്ങളും അമ്മച്ചിയാണ് ചെയ്തു കൊടുത്തിരുന്നത്.ചേച്ചി ഓരോ വയസ്സ് കൂടുന്തോറും ചേച്ചിയുടെ സ്വഭാവ വൈകല്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു.

അതെ എന്തോ എന്റെ ചേച്ചി മറ്റുള്ള വരെപോലെയല്ല.ചേച്ചിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്.കാരണം ഞാൻ എപ്പോഴും മറ്റുള്ള ചേച്ചിമാരെ ശ്രദ്ധിക്കുമ്പോൾ എന്തുകൊണ്ട് എന്റെ ചേച്ചി ഇതു ഒന്നും ചെയ്യുന്നില്ല എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. ചേച്ചി എന്നോട് അധികം മിണ്ടാറില്ല കൂടുതലും ഞങ്ങൾ എപ്പോഴും തല്ലു കൂടും.അന്ന് അമ്മച്ചി പറയും അവൾ അങ്ങനെയല്ലേ.വയ്യാത്ത കുട്ടിയല്ലേ.നിനക്ക് ഒന്ന് ക്ഷമിച്ചു കൂടെ ചേച്ചി ഞാനും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്.അന്ന് ഞാൻ ജയിച്ചു പോകുമ്പോഴും ചേച്ചി അവിടെ തൊറ്റു പഠിക്കുകയായിരുന്നു.എന്റെ ചേച്ചി പഠിക്കാൻ മോശമാണ് അല്ലേ അതെനിക്ക് വലിയ നാണക്കേട് ആയിരുന്നു.

ആ പ്രായത്തിൽ ചെറിയ കുട്ടികളുടെ കൂടെയിരുന്ന് ചേച്ചി പഠിക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ നാണക്കേട് തോന്നി.അങ്ങനെ ഒരു ദിവസം എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു നിന്റെ ചേച്ചി മന്ദബുദ്ധി യാണ് അവൾക്ക് വിവരമില്ലെന്ന്… ചേച്ചിക്ക് എന്താ ഇങ്ങനെ സംഭവിച്ചു എന്നറിയാൻ വേണ്ടി ഞാൻ പലരോടും ആ പ്രായത്തിൽ തന്നെ ചേച്ചിയുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു.പലരും പല വാക്കുകളും കൊണ്ട് എന്റെ മനസ്സിനെ മുറിവേൽപ്പിച്ചു പിന്നീട് എന്റെ വീട്ടിലെ ആരൊക്കെയുണ്ട്.എന്ന് ചോദിക്കുമ്പോൾ എന്റെ വീട്ടിലെ അപ്പൻ, അമ്മ ചേച്ചി പിന്നെ ഞാനും എന്ന് പറയുമ്പോൾ,, അടുത്ത ചോദ്യം ചേച്ചി എന്ത് ചെയ്യുന്നു? എന്നതാണ് അന്ന് ഞാൻ പഠിക്കുന്നത് ഏഴാം ക്ലാസിലും ചേച്ചി പഠിക്കുന്നത് അഞ്ചാം ക്ലാസിലും ആണ് പിന്നെ ഞാൻ എങ്ങനെ പറയും? അങ്ങനെയിരിക്കെ എന്റെ ബന്ധുക്കൾ തന്നെ ഒരു ദിവസം പറയുന്നത് കേട്ടു

ആ കൊച്ചിന് തലയ്ക്കു സുഖമില്ലെന്ന് എന്റെ ചേച്ചിക്കു എന്താ ഭ്രാന്താണോ?? ഇതിനെക്കുറിച്ച് ഒരു ഉത്തരം എനിക്ക് കിട്ടിയത് ചേച്ചി പഠിക്കാൻ പോയ മണ്ണുത്തി പട്ടാളകുന്നിലെ സമരിതേൻ സിസ്റ്റേഴ്സ് എന്ന് കോൺവെന്റ് പോയപ്പോഴാണ്. സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ചലഞ്ച്ട് അവിടെ ചേച്ചിയെ പോലെ ഒരുപാട് കുട്ടികളെ ഞാൻ കണ്ടു.എണീറ്റ് നടക്കാൻ കഴിയാത്തതും സംസാരിക്കാൻ കഴിയാത്തത് അങ്ങനെ ഒരുപാട് കുട്ടികൾ.അവരുടെ ഇടയിലേക്ക് ചേച്ചിയും പോയി പോയി അന്ന് തൊട്ട് ചേച്ചി അവിടെ തന്നെ ആയിരുന്നു പഠിച്ചിരുന്നത്.ചേച്ചി അങ്ങനെ ഒരു കുട്ടി ആണെന്നറിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരുപാട് വേദന ഉണ്ടായി.ഒരുപാടു ഞാൻ വിഷമിച്ചു ചേച്ചി അവിടെ വിട്ടു ഇറങ്ങിവരുമ്പോൾ ചേച്ചി എന്റെ മുഖത്ത് നോക്കിയ നോട്ടം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്
അവൾ എന്നെ കുറിച്ച് എപ്പോഴും അന്വേഷിക്കും.അവളെ ആരും ശ്രദ്ധിക്കാറില്ല. അവളെ ആരും എവിടെയും കൊണ്ടുപോകാറില്ല.

അവൾക്ക് ജീവനാണ് എന്നെ അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.അവൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് അവളുടെ മനസ്സിൽ എന്റെ സ്ഥാനം വളരെ വലിയതാണ് എനിക്ക് അവളെ കുറിച്ച് പറയാൻ നല്ല മടിയായിരുന്നു എന്നാൽ അവൾക്ക് എന്നെ കുറിച്ച് പറയാൻ ഒരു മടിയില്ലായിരുന്നു പല സ്ഥലങ്ങളിൽ അവൾ ഒരു പരിഹാസ കഥാപാത്രം ആയപ്പോൾ ഞാൻ അവളെ ആലോചിച്ച് സങ്കടപ്പെട്ടു അവളെ എല്ലാവരും നോക്കിക്കാണുന്നത് ഒരു വയ്യാത്ത കുട്ടിയെ കുട്ടി ആയിട്ടാണ് പലരും പല വാക്കുകളിലൂടെയാണ് അതിനെ കാണുന്നത്.മന്ദബുദ്ധി ആയിട്ടും തലക്ക് സുഖമില്ലാത്ത കൊച്ച് ആയിട്ടും വയ്യാത്ത കുട്ടി ആയിട്ടും ബുദ്ധികുറവ് ഉള്ള കുട്ടി ആയിട്ടും എല്ലാം പറഞ്ഞുകേട്ടു.

അതുകൊണ്ടുതന്നെ ഞാൻ വിചാരിച്ചു എന്റെ മനസ്സിലുള്ള ചേച്ചി ഒരു സോഷ്യൽ വർക്കർ ആണ് കോൺവെന്റ് സിസ്റ്റർ ആണ്.എന്ന് ഇങ്ങനെയൊക്കെ പറയുമ്പോൾ എന്റെ മനസ്സിൽ കിട്ടുന്ന ചേച്ചിയുടെ മുഖം സന്തോഷം നിറഞ്ഞതാണ്.ആ ഒരു നിമിഷത്തേക്ക് പോലും നിന്റെ ചേച്ചിയെ മറ്റുള്ളവരുടെ മുമ്പിൽ ഒരു ഓട്ടിസം വന്ന ഒരു കുട്ടിയായി കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.ഇന്ന് അവൾക്ക് 32 വയസ്സ്അവൾ എന്നെക്കാളും വളരെ വലിയ അച്ചീവ്മെന്റ് നേടി എടുത്ത ആളാണ്.2013 ഓസ്ട്രേലിയയിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സ് പങ്കെടുത്ത bocce എന്ന കായിക ഇനത്തിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ കരസ്ഥമാക്കി.ഇന്ന് ചേച്ചിയെ കുറിച്ച് പറയാൻ എനിക്ക് ഒരുപാട് അഭിമാനമാണ്.

അത് ഇങ്ങനെ ഒരു കാരണം ആയതുകൊണ്ട് മാത്രമല്ല.ഈ ലോകത്ത് എന്നെ ആത്മാർത്ഥമായി കളങ്കമില്ലാത്ത സ്നേഹിക്കുന്ന എന്റെ ചേച്ചിയെ എനിക്ക് മറ്റുള്ളവരുടെ മുമ്പിൽ പറയുവാൻ ഒരു മടിയുമില്ല.അതെ അവള് മെന്റലി ചലഞ്ച്ട് പെൺകുട്ടിയാണ്.അതിനെക്കാളുപരി അവൾ എന്റെ ചേച്ചിയാണ് അല്ല.ഞാൻ അവളുടെ അനിയനാണ്.വീട്ടിലുള്ളപ്പോൾ അവൾ എനിക്ക് വേണ്ടി കാത്തിരിക്കും അവൾ എന്നെ കുറിച്ച് അമ്മച്ചി യോട് അന്വേഷിക്കും അവൾ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.അവൾ എന്നെ മോനെ എന്ന് വിളിച്ചിരുന്നെങ്കിൽ ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ മറ്റാർക്കും കിട്ടാത്ത ഒരു ഭാഗ്യം എനിക്ക് കിട്ടി എന്റെ ചേച്ചി എന്റെ മരണംവരെ എന്റെ കൂടെ ഉണ്ടാകും.
എന്ന്
സോഫിയുടെ അനിയൻ
എബി