എന്റെ അച്ഛന് യൂസഫലി സാറിനെ അറിയാമെന്ന് പറഞ്ഞപ്പോഴൊക്കെ ഞങ്ങൾ തമാശ എന്ന് കരുതി പക്ഷെ ഇത് ശരിക്കും ഞെട്ടിച്ചു

EDITOR

ഒരുപാട് അഭിമാനത്തോടെയാണ് ഈ സന്തോഷം ഞാൻ നിങ്ങളോട് പങ്കുവെക്കുന്നത് .
21 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ചു അച്ഛൻ നാട്ടിലേക്ക് തിരിക്കുകയാണ് . എനിക്ക് ഒരു ജോലി ആയതിനു ശേഷം നാട്ടിലേക്ക് തിരിച്ചുവരാനായിരുന്നു അച്ഛന്റെ ആഗ്രഹം . അതിനൊന്നും സാധിക്കാതെ ഏറെ ആശങ്കകളോടെയാണ് അച്ഛൻ നാട്ടിലേക്ക് തിരിയ്ക്കാൻ ഇരുന്നത് . എന്നാൽ ഞങ്ങൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നാട്ടിലേക്ക് തിരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് യൂസഫലി സാർ അച്ഛനെ വിളിക്കുകയും തന്നെ നേരിൽ വന്ന് കാണുവാൻ ആവശ്യപ്പെടുകയും ചെയ്തു . അക്ഷരാർത്ഥത്തിൽ ഞങൾ എല്ലാവരും ഞെട്ടിപ്പോയി .

60000-ത്തോളം ആളുകൾ ജോലി ചെയ്യുന്ന ലുലുവിലെ സാധാരണ ഒരു സ്റ്റാഫായ അച്ഛനെ യൂസഫലി സാർ നേരിട്ട് വിളിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല . യൂസഫലി സാറിനെ അച്ഛന് അറിയാമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ഒരു തമാശ ആയിട്ടാണ് ഞാൻ കരുതിയിരുന്നത് . എന്നാൽ ഇന്നു യൂസഫലി സാർ തന്റെ കുടുംബത്തോടൊപ്പം അച്ഛനെ കാണുകയും അച്ഛന്റെ വിഷമങ്ങൾ എല്ലാം ചോദിച്ച് അറിയുകയും സാറിന്റെ വീട്ടിൽ വച്ച് ചേർത്ത് നിർത്തിക്കൊണ്ട് അച്ഛന് യാത്രയയപ്പ് നൽകുകയാണ് അദ്ദേഹം ചെയ്തത് . ഒരു പക്ഷെ സാധാരണ ഒരു പ്രവാസിയെ പോലെ യാത്ര ആകുമായിരുന്ന അച്ഛനെ അദ്ദേഹം തന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചപ്പോൾ അച്ഛന് ഉണ്ടായ അഭിമാനം മറ്റെന്തിനേക്കാളും വലുതായിരുന്നു .

മാത്രല്ല എന്റെ വിസിറ്റിങ്ങ് വിസയും അതോടൊപ്പം ടിക്കറ്റിന്നുള്ള പൈസയും അച്ഛനെ ഏൽപ്പിച്ചപ്പോൾ സത്യസന്ധതയോടെ ആത്മാർത്ഥതയോടെ ജോലി ചെയ്തതിന് അച്ഛനു കിട്ടിയ വലിയൊരു അംഗീകാരമായി ഞാൻ ഇതിനെ കണക്കാക്കുന്നു . തന്റെ സഹപ്രവർത്തകരോട് ഈ വലിയ മനുഷ്യൻ കാണിക്കുന്ന സഹജീവി സ്നേഹം വാക്കുകൾക്കും അപ്പുറമാണ് . 21 വർഷത്തോളം ഞങ്ങളുടെ കുടുംബത്തെ പോറ്റിയ ലുലുവിനും യൂസഫലി സാറിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു . എന്റെ കുടുംബത്തെ പോലെ ഇനിയും ഒരുപാട് കുടുംബങ്ങൾക്ക് താങ്ങാകാൻ യൂസഫലി സാറിനു കഴിയട്ടെ എന്ന് സർവ്വശകതനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു .
ഒരുപാട് സ്നേഹത്തോടെ
വിഷ്ണു പ്രകാശൻ.