കേട്ട് പരിചയം പോലുമില്ലാത്ത പുതിയ തട്ടിപ്പ് മൂന്ന് സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് അറുപത് ലക്ഷത്തോളം രൂപ

EDITOR

ഫേസ്ബുക്ക് സൌഹൃദം: മൂന്ന് സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് അറുപത് ലക്ഷത്തോളം രൂപ.ഓൺലൈനിലെ ന്യൂജെൻ സ്വഭാവത്തിലുള്ള പുതിയ തരം തട്ടിപ്പിൽ തൃശൂർ സ്വദേശികളായ മൂന്ന് സ്ത്രീകളിൽ നിന്നുമായി അറുപത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പരാതി.ഫേസ്ബുക്കിൽ സജീവമായിട്ടുള്ളവരുടെ പ്രൊഫൈലുകൾ നിരീക്ഷണം നടത്തി, ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റ് അയക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. യൂറോപ്യൻ ശൈലിയിലുള്ള പേരുകളും പ്രൊഫൈൽ ചിത്രങ്ങളുമായിരിക്കും ഇവരുടേത്. സാമൂഹ്യമാധ്യമങ്ങളിൽ ആഴ്ചകളും മാസങ്ങളും നീളുന്ന നിരീക്ഷണത്തിലൂടെ വ്യക്തികളുടെ സ്വഭാവവും ഇഷ്ടങ്ങളും ഇവർ മനസ്സിലാക്കും. ഫേസ്ബുക്ക് മെസെഞ്ചർ ചാറ്റിങ്ങിലൂടെ സൌഹൃദം സ്ഥാപിച്ച്, ആളുകളിൽ നിന്നും വാട്സ് ആപ്പ് നമ്പറും ഇവർ കൈക്കലാക്കും.

യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടർ, കോടീശ്വരൻ, സോഫ്റ്റ് വെയർ കമ്പനി മുതലാളി എന്നിങ്ങനെ വിവിധ തരത്തിലുള്ള മുഖംമൂടികളായിരിക്കും തട്ടിപ്പുകാർ സ്വീകരിക്കുക. വാട്സ് ആപ്പിലൂടെ നടത്തുന്ന നിരന്തരമായ ചാറ്റിങ്ങിലൂടെയും വീഡിയോ കോളിങ്ങിലൂടേയും ഒരു സംശയത്തിനും ഇടനൽകാത്ത വിധം ഇരകളുമായി ഇവർ വൈകാരിക വ്യക്തിബന്ധം സ്ഥാപിച്ചെടുക്കും.പരിചയപ്പെടുന്ന ആളുകളുടെ ജന്മദിനം, വിവാഹ വാർഷികം, കുട്ടികളുടെ ജന്മദിനം തുടങ്ങിയ അനുയോജ്യമായ ദിവസം മനസ്സിലാക്കി, സുഹൃത്തിന്റെ വക യൂറോപ്പിൽ നിന്നും ഒരു സർപ്രൈസ് സമ്മാനം അയക്കുന്നുണ്ടെന്നും, അത് പായ്ക് ചെയ്തതിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഇര അത് വിശ്വസിക്കുകയും ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയും ചെയ്യും.

രണ്ടോ മൂന്നോ ദിവസത്തിനുശേഷം ദൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്നും അവിടത്തെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു പാഴ്സൽ എത്തിയിട്ടുണ്ട് എന്നും, അതിന് പ്രോസസിങ്ങ് ഫീ ഇനത്തിൽ ചെറിയ ഒരു തുക അടക്കണമെന്നും നിർദ്ദേശിക്കുന്നു.
ഇക്കാര്യം ചാറ്റിങ്ങിലൂടെ യൂറോപ്പിലുള്ള സുഹൃത്തിനെ അറിയിക്കുന്നു. ഇന്ത്യയിലേക്ക് പാഴ്സൽ അയക്കുമ്പോൾ മാത്രമാണ് ഇങ്ങനെയുള്ള പ്രോസസിങ്ങ് ഫീസ് ഈടാക്കുന്നുള്ളൂ എന്നും, തങ്ങളുടെ രാജ്യത്ത് ഇതുപോലുള്ള നൂലാമാലകൾ ഇല്ലെന്നും, ഇഷ്ടത്തോടെ താൻ അയച്ച പാഴ്സൽ നിരാകരിക്കരുത് എന്നും മറ്റും പറഞ്ഞ് ഇരയെ വീണ്ടും വിശ്വസിപ്പിക്കുന്നു.

എയർപോർട്ട് അധികൃതരുടെ നിർദ്ദേശപ്രകാരം താരതമ്യേന ചെറിയ തുക ഓൺലൈൻ മുഖേന ഇര കൈമാറുന്നു. രണ്ടോ മൂന്നോ ദിവസത്തിനുശേഷം എയർ പോർട്ട് അധികൃതർ വീണ്ടും വിളിക്കുന്നു. നിങ്ങളുടെ പേരിൽ വന്നിരിക്കുന്ന പാഴ്സൽ ക്ലിയറിങ്ങ് സെക്ഷനിൽ സ്കാനിങ്ങിന് വിധേയമാക്കി എന്നും, അതിൽ കുറേ സ്വർണാഭരണങ്ങൾ, വിലകൂടിയ റോളക്സ് വാച്ച്, വിലകൂടിയ ഐഫോൺ മൊബൈൽ, അൻപതിനായിരം ബ്രിട്ടീഷ് പൌണ്ട്, മുതലായവ കാണപ്പെട്ടു എന്ന് അറിയിക്കുകയും, ഇത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കോടികളുടെ മൂല്യമുണ്ട് എന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, എയർപോർട്ട് ക്ലിയറിങ്ങ് നിയമമനുസരിച്ച്, പാഴ്സൽ ബാഗുകളിൽ ഇത്തരം വിലകൂടിയ വസ്തുക്കൾ അയക്കുന്നത് തെറ്റാണെന്നും, ആയതിനാൽ പാഴ്സൽ ബാഗിലെ വസ്തുക്കളുടെ മൂല്യത്തിന്റെ ചെറിയൊരു ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്നും പറയുന്നു. വിശ്വാസം വരുന്നതിനുവേണ്ടി പാഴ്സൽ ബാഗിലെ വസ്തുക്കളുടെ സ്കാനിങ്ങ് ഫോട്ടോകൾ എന്ന രീതിയിൽ വിലകൂടിയ സ്വർണാഭരണങ്ങളുടേയും പണത്തിന്റേയും ചിത്രങ്ങൾ വാട്സ് ആപ്പിൽ അയച്ചു നൽകുന്നു.

ഇക്കാര്യത്തിൽ അവിശ്വസിക്കാൻ തക്കതായ ഒരു സാഹചര്യവും നൽകാതെ സുഹൃത്ത് യൂറോപ്പിൽ നിന്നും വാട്സ് ആപ്പിലൂടെ ചാറ്റിങ്ങ് തുടരുന്നു. തനിക്ക് അയച്ചു തന്ന പാഴ്സൽ ഇതുവരെ ലഭിച്ചില്ലെന്നും, അതിന് കുറച്ചു പണം ഡ്യൂട്ടിയായി അടയ്കുവാൻ എയർപോർട്ട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട് എന്നു പറയുമ്പോൾ, ആ പാഴ്സൽ ഒരിക്കലും നിരാകരിക്കരുത് എന്നും, കടം വാങ്ങിയെങ്കിലും അവർ പറഞ്ഞ പണമടച്ച് പാഴ്സൽ കൈപ്പറ്റണമെന്നും, ആ പാഴ്സലിലെ വിലകൂടിയ സ്വർണാഭരണങ്ങളും പണത്തിന്റേയും മൂല്യം ഇന്ത്യൻ രൂപയിൽ താരതമ്യം ചെയ്യുമ്പോൾ കോടികൾ ഉണ്ടാകുമെന്നും, ഇരയെ പറഞ്ഞു പ്രലോഭിപ്പിക്കുന്നു.

വികാരപരമായ ഓൺലൈൻ ചാറ്റിങ്ങിലും, എയർപോർട്ടുകളിൽ നിന്നും, കസ്റ്റംസ് ഓഫീസുകളിൽ എന്ന നിലയിൽ ഉദ്യോഗസ്ഥർ വിളിച്ച് വിശ്വസിപ്പിക്കുന്നതു മൂലം ഇര വീണ്ടും വീണ്ടും ചെറിയ തുകകളായി അവരുടെ എക്കൌണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നു. തനിക്ക് വലിയ സമ്മാനം കിട്ടാനുള്ളതുകൊണ്ടും ഏറ്റവും വിദഗ്ദമായുള്ള അവരുടെ സംഭാഷണ ശൈലികൊണ്ടും ഇര വീണ്ടും വീണ്ടും പണം നിക്ഷേപിക്കുന്നു. ഇരയിൽ നിന്നും പണം ആവശ്യപ്പെടുമ്പോൾ വിശ്വാസം നിലനിർത്തുന്നതിനായി തട്ടിപ്പുകാർ പലതരം വിദ്യകളും പ്രയോഗിക്കുന്നു. ഒരു പരാതിക്കാരിയിൽ നിന്നും പലതവണകളിലായി ചെറിയ ചെറിയ തുകകളായി 30 ലക്ഷം രൂപയോളം തട്ടിയെടുത്തശേഷവും ഇരയുടെ വിശ്വാസം നിലനിർത്തുന്നതിനുവേണ്ടി അവരുടെ മകന്റെ ജന്മദിനത്തിൽ പതിനായിരം രൂപ വിലവരുന്ന ഒരു സൈക്കിൾ അയച്ചു കൊടുത്ത സംഭവവുമുണ്ടായി.
കടം വാങ്ങിയും സ്വർണവും ഭൂമിയും വിറ്റുമാണ് പലരും സൈബർ തട്ടിപ്പുകാരുടെ എക്കൌണ്ടുകളിൽ പണം നിക്ഷേപിച്ചത്.

പണം നിക്ഷേപിച്ച ശേഷവും പരാതിക്കാർക്ക് സമ്മാന പാഴ്സൽ ലഭിക്കാതായതോടെ പണം നിക്ഷേപിക്കാൻ വിമുഖത കാണിച്ചപ്പോൾ തട്ടിപ്പുകാർ ഭീഷണിയും പുറത്തെടുത്തു. ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒരാൾ ഇരയുടെ ഫോണിലേക്ക് വിളിച്ചു. തങ്ങളുടെ പേരിൽ പാഴ്സലായി അയച്ചിട്ടുള്ള ബാഗിനുള്ളിൽ സ്വർണവും പണവും കാണപ്പെട്ടത് ഗുരുതര കുറ്റമാണെന്നും, അത് കസ്റ്റംസ് ഡ്യൂട്ടി നൽകി കൈപ്പറ്റിയില്ലെങ്കിൽ പോലീസ് വന്ന് അറസ്റ്റുചെയ്യുമെന്നും പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തി. കൈവശമുള്ള മുഴുവൻ പണവും നഷ്ടപ്പെടുകയും, ഭൂമിയും സ്വർണാഭരണങ്ങളും പണയത്തിലാവുകയും ചെയ്തിട്ടും വാഗ്ദാനം ചെയ്ത പാഴ്സൽ ബാഗ് ലഭിക്കാതിരിക്കുകയും, തുടർന്ന് അറസ്റ്റ് ഭീഷണി വന്നപ്പോഴാണ് പരാതിക്കാർ സൈബർ പോലീസിൽ പരാതി നൽകുന്നതിന് എത്തിയത്.

തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ അന്വേഷണം നടന്നുവരികയാണ്.പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്:
ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സമൂഹ മാധ്യമങ്ങളിലൂടെ സൈബർ കുറ്റവാളികൾക്ക് നിങ്ങളുമായി സംവദിക്കാൻ സാധിക്കും.നിങ്ങളുടെ സമൂഹ മാധ്യമ എക്കൌണ്ടുകൾ വഴി വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോട് സൂക്ഷ്മതയോടെ പെരുമാറുക. തീർത്തും അറിയപ്പെടാത്തവരെ നിരാകരിക്കുക.മോഹന വാഗ്ദാനങ്ങളിലും സൌജന്യ സമ്മാനങ്ങളിലും വിശ്വസിക്കാതിരിക്കുക.നിങ്ങളുടെ ഫ്രണ്ട് റിക്വസ്റ്റിൽ വരുന്ന ആളുകളുടെ പ്രൊഫൈൽ യഥാർത്ഥമാകണമെന്നില്ല.

ഓൺലൈനിലൂടെ പണം ആവശ്യപ്പെടുകയും, വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയും ചെയ്യുമ്പോൾ ആ വിവരം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. ഏതു അവസരത്തിലും രാത്രി പകൽ ഭേദമന്യേ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ടെലഫോണിൽ വിളിച്ച് ചോദിക്കാവുന്നതാണ്.
സൈബർലോകത്ത് അറിയപ്പെടാത്ത സുഹൃത്തിന്റെ വൈകാരിക മെസേജുകളിലും വീഡിയോ ചാറ്റിങ്ങ് നിർദ്ദേശങ്ങളിലും വീഴാതിരിക്കാൻ ജാഗ്രത പുലർത്തുക.
എയർപോർട്ടുകളിൽ നിന്നും, കസ്റ്റംസ് ഓഫീസുകളിൽ നിന്നും യഥാർത്ഥ ഉദ്യോഗസ്ഥർ നിങ്ങളെ അവരുടെ മൊബൈൽ ഫോൺ നമ്പറിൽ നിന്നും വിളിക്കുകയില്ല. അവരോട് അവർ ജോലി ചെയ്യുന്ന ഓഫീസിലെ ലാന്റ്ഫോൺ നമ്പർ ചോദിക്കുക. ഓഫീസ് വിലാസം ചോദിക്കുക. അറിവുള്ളവരുമായി വിവരങ്ങൾ പങ്കിടുക. എയർപോർട്ട്, കസ്റ്റംസ് തുടങ്ങിയ എല്ലാ ഒദ്യോഗിക സേവനങ്ങൾക്കും ഓഫീഷ്യൽ വെബ്സൈറ്റ് വിലാസം ഉണ്ടായിരിക്കും.

കടപ്പാട് :തൃശൂർ സിറ്റി പോലീസ്