ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടും ആണ് ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടാവാത്തത് എന്ന് പറഞ്ഞു പക്ഷെ സംഭവിച്ചത്

EDITOR

എന്താ ആണിന് കുഴപ്പം???എൻ്റെ വൈഫ് ആതിര പ്രെഗ്നൻ്റ് ആയപ്പോൾ മുതൽ തുടങ്ങിയ ആവലാതി ആണ് എല്ലാവർക്കും ഇവിടെ ആതിരയെ നോക്കാൻ ആരും ഇല്ലാ, ഇഷ്ടത്തിന് ഓരോന്നും വെച്ചുണ്ടാക്കി കൊടുക്കാൻ ആരും ഇല്ലാ അങ്ങനെയൊക്കെ.അങ്ങനെ പ്രസവത്തിന് മുൻപും അത് കഴിഞ്ഞും ഉണ്ടായ ചില സംഭവ വികാസങ്ങൾ ആണ് കുറിക്കുന്നത്.ആതിര പ്രെഗ്നൻ്റ് ആവുന്നത് തന്നെ ഞങ്ങളുടെ കല്യാണം കഴിഞ്ഞ് 3 വർഷങ്ങൾക്ക് ശേഷം ആണ്. PCOD കൺഫേം ചെയ്ത് കഴിഞ്ഞുള്ള ചികിത്സയും അതിൻ്റെ അനുബന്ധമായി നടത്തിയ ജീവിത ശൈലി പരിഷ്കരണങ്ങളും അവസാനം ഞങ്ങൾക്കും ഒരു കുഞ്ഞിനെ കിട്ടാൻ പോവുന്നു എന്ന സന്തോഷത്തിൽ എത്തിച്ചു.

ഉരുളി കമഴ്ത്താനോ തൊട്ടില് കെട്ടി ആട്ടാനോ ശയന പ്രദക്ഷിണം നടത്താനോ പച്ച മരുന്ന് കഴിക്കാനോ ഹോമിയോ മധുരം കഴിക്കാനോ ഒന്നിനും പോയില്ല. സയൻസിലും മോഡേൺ മെഡിസിനിലും “വിശ്വാസം” ഉണ്ടായിരുന്ന ഞങ്ങൾ സ്കാനിംഗും ടെസ്റ്റുകളും നടത്തി പ്രശ്നം കണ്ടുപിടിച്ചു, അതിൻ്റെ ഫോളോ അപ്പ് നടത്തി.ഞാൻ നിരീശ്വരവാദി ആയതുകൊണ്ടും ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടും ആണ് ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടാവാത്തത്എന്ന് വരെ പറഞ്ഞവർ ഉണ്ട്. പക്ഷേ ആ വക വിഡ്ഢിത്തങ്ങളിൽ ഒന്നും എൻ്റെ മനസ്സ് വീണില്ല..എന്ത് കൊണ്ടാണ് ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടാവാത്തത് എന്ന് അറിയാം, അതിനുള്ള ചികിത്സ എടുത്തു, എനിക്കുള്ള ടെസ്റ്റുകളും നടത്തി.അങ്ങനെ ഒരു ദിവസം ഞാൻ ഡ്യൂട്ടിയിൽ ആണ്, രാവിലെ എനിക്കൊരു മെസേജ് ആതിരയുടെ.UPT സ്ട്രിപ്പിൻ്റെ ഫോട്ടോ ആണ്.രണ്ട് ചുവന്ന വര ജീവിതത്തിൽ ഏറെ സന്തോഷിച്ച നിമിഷങ്ങൾ.ഏറ്റവും അധികം സന്തോഷം തോന്നിയത് എൻ്റെ ആതിരയുടെ സന്തോഷവും സമാധാനവും ഓർത്താണ്. അത്രയ്ക്കും ആ പാവം മറ്റുള്ളവരിൽ നിന്നുള്ള ചോദ്യങ്ങളും വിശേഷം അന്വേഷിച്ചു കൊണ്ടുള്ള വിളികളും കൊണ്ട് സഹികെട്ടിരുന്നു. ചോദിക്കുന്നവർ എന്തേലും ചോദിക്കണമല്ലോ എന്നോർത്ത് ചോദിക്കുന്നത് ആവാം പക്ഷേ അതിനൊക്കെ മറുപടി കൊടുക്കുമ്പോഴും മറ്റും ഉണ്ടാവുന്ന വിഷമം.അത് ചോദിക്കുന്നവർക്ക് മനസിലാകില്ല.

പിന്നീട് പ്രഗ്നൻസി സമയത്ത് ആതിരയെ നോക്കുന്ന കാര്യത്തിൽ ആയിരുന്നു മറ്റുള്ളവരുടെ ആവലാതികൾ.ഇവിടെ ഞങ്ങൾ രണ്ടുപേരും മാത്രം, പരിചരിക്കാൻ ആരുമില്ല എന്ന വിഷമം ആണ് വീട്ടുകാർക്ക്.പക്ഷേ ഞങ്ങൾ ഇവിടെ കംഫർട്ട് ആയിരുന്നു. രണ്ടു പേരും ജോലിക്ക് പോയി, ആഹാരം വെച്ച് കഴിച്ചു, ഇഷ്ടം തോന്നിയത് കടയിൽ നിന്നും വാങ്ങിച്ചു കഴിച്ചു.അങ്ങനെ ഡേറ്റ് ആവാറായി, കോവിഡ് കാരണം ഫ്ലൈറ്റ് എല്ലാം ക്യാൻസൽ ആക്കിയത് കാരണം വീട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും വരാൻ കഴിഞ്ഞില്ല. എല്ലാം നോക്കാനും ചെയ്യാനും ഞാൻ മാത്രം. അതൊക്കെ ഓർത്ത് ടെൻഷൻ അടിക്കാനോ കിടന്ന് വിളിച്ചു കൂവി കരയാനോ പ്രാർത്ഥിക്കാനോ ഒന്നിനും പോയില്ല. ധൈര്യമായി ഇരുന്നു. ഡോക്ടർ പറഞ്ഞത് അനുസരിച്ച്, 21st May (ഞങ്ങളുടെ നാലാം വിവാഹ വാർഷിക ദിവസം) വൈകിട്ട് തന്നെ അഡ്മിറ്റ് ആയി. അപ്പൊൾ മുതൽ ലേബർ റൂമിൽ ഞാൻ ആതിരയുടെ കൂടെയുണ്ട്.അവളുടെ ആശങ്കകൾക്കും വേദനയ്ക്കും ഒപ്പം തന്നെ. പിറ്റെ ദിവസം രാവിലെ, On 22nd. അവൻ വന്നു Reon

പിന്നെയുള്ള ആശങ്കകൾ മുഴുവൻ കുഞ്ഞിനെ പരിചരിക്കുന്ന കാര്യത്തിലും പ്രസവ ശുശ്രൂഷയുടെ കാര്യത്തിലും ആയിരുന്നു…(മറ്റുള്ളവർക്ക്). കുഞ്ഞ് ജനിച്ചു വീണപ്പോൾ തന്നെ സ്വർണ്ണവും തേനും നാക്കിൽ തേച്ചു കൊടുത്തോ, ആയുർവേദ മരുന്ന് കഴിക്കണം, എണ്ണ തേയ്ക്കണം, തിളച്ച വെള്ളത്തിൽ കുളിക്കണം, കുഞ്ഞിൻ്റെ പുക്കിൾക്കൊടി നനയാതെ നോക്കണം അങ്ങനെയങ്ങനെ നൂറായിരം വ്യാകുലതകൾ.ഈ വക വിഡ്ഢിത്തരങ്ങളിലൊന്നും എൻ്റെയൊപ്പം കൂടിയത് കൊണ്ട് ആതിരയ്ക്കും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അതിനൊന്നും പോയില്ല. ഹോസ്പിറ്റലിൽ നിന്ന് തന്ന നിർദ്ദേശങ്ങളും ഞങ്ങളുടെ അറിവുകളും പീഡിയാട്രിക് ഐസിയുവിൽ ജോലി ചെയ്തിട്ടുള്ള ഞങ്ങളുടെ അനുഭവങ്ങളും കൊണ്ട് തന്നെ ഞങ്ങൾക്ക് ശരിയായി തോന്നിയതും ആവശ്യമുള്ള കാര്യങ്ങളും മാത്രം ചെയ്തു.

കുഞ്ഞിനെ ആര് കുളിപ്പിക്കും എന്നത് ആയിരുന്നു വീട്ടുകാരുടെ വിഷമം. പാരമ്പര്യമായി തല നരച്ച ഒരു സ്ത്രീ, അത് അമ്മയോ, അമ്മൂമ്മയൊ, അമ്മാവിയോ, അയലത്തെ വീട്ടിലെയൊ ആരേലും തന്നെ ആവണം എന്ന് നിർബന്ധം ആണല്ലോ.അതാണ് ഇവിടെ കുഴപ്പം ആയത്.കുഞ്ഞിനെ അവൻ്റെ അച്ഛൻ ആണ് കുളിപ്പിക്കുന്നത് എന്ന് കേട്ടപ്പോൾ തന്നെ സ്ത്രീ ജനങ്ങൾക്ക് കലിപ്പ് തുടങ്ങി.ഇതറിഞ്ഞ മറ്റുള്ളവരും ചെവി പൊത്തി അയ്യോ എന്ന് നിലവിളിച്ചു.എന്താണ് ഇവരുടെയൊക്കെ കുഴപ്പം എന്ന് ഇപ്പോഴും മനസിലായിട്ടില്ല. സാഹചര്യത്തിന് അനുസരിച്ച് ജീവിക്കാനും പെരുമാറാനും ആണ് മനുഷ്യൻ പഠിക്കേണ്ടത് എന്ന് ഇവരൊക്കെ എന്നാണ് പഠിക്കുക.? ഒരു ആണ് കുഞ്ഞിനെ കുളിപ്പിച്ചാൽ എന്താണ് സംഭവിക്കുക? ഇതൊക്കെ സ്ത്രീകളുടെ മാത്രം അവകാശം ആണോ.നാട്ടിൻപുറങ്ങളിൽ പ്രസവം കഴിഞ്ഞാൽ പിന്നെ ആണുങ്ങൾക്ക് ആ ഏരിയയിലേക്ക് അടുക്കാൻ സാധിക്കില്ല എന്നത് വാസ്തവമാണ്. നാട്ടിലുള്ള സകല സ്ത്രീജനങ്ങളും വട്ടം കൂടി നിൽക്കും..ആരെയും അങ്ങോട്ട് അടുപ്പിക്കില്ല. ഉപദേശങ്ങളും ശകാരങ്ങളും സ്നേഹപ്രകടനങ്ങളും പരിചരണങ്ങളും കൊണ്ട് ആകെ ബഹളമയം. അങ്ങനെ ഒരു അവസരത്തിൽ ആണ് ഇവിടെ ഞാൻ എൻ്റെ കുഞ്ഞിനെ കുളിപ്പിച്ചത് വലിയ എന്തോ സംഭവം/അപരാധം ആയി കണ്ടത്. അല്ലാ വേറെ എന്തായിരുന്നു പോംവഴി? എൻ്റെ കുഞ്ഞിനെയും എൻ്റെ ഭാര്യയേയും നോക്കാൻ ഞാൻ മാത്രമേ ഇവിടെ ഉള്ളൂ അതാണ് സാഹചര്യം അത് പോലും മനസിലാക്കാതെ ഉറഞ്ഞ് തുള്ളിയവർ ഉണ്ട്.

ഉപദേശങ്ങളും ശകാരങ്ങളും പരാതികളും കൊണ്ട് അസഹനീയം ആയിരുന്നു ആദ്യ ഒരു മാസം.എണ്ണ തേച്ച് കുഞ്ഞിൻ്റെ മൂക്ക് ഞെക്കി പിഴിയണം, ഉച്ചിയിൽ എപ്പോഴും എണ്ണ നിറച്ച് വെയ്ക്കണം, കയ്യും കാലും ഒക്കെ വലിച്ച് നീട്ടി തടവണം, പുക്കിൾക്കൊടിയിൽ വെള്ളം വീഴാൻ പാടില്ല, പുക്കിൾക്കൊടി കൊഴിഞ്ഞു കഴിഞ്ഞിട്ട് അതിൻ്റെ മുകളിൽ കട്ടിയുള്ള തുണി ഇട്ട് വെയ്ക്കണം, ആ കൊഴിഞ്ഞു വീണ പുക്കിൾക്കൊടി മണ്ണിൽ കുഴിച്ചിടണം.അങ്ങനെയങ്ങനെ. ഇങ്ങനെയുള്ള അബദ്ധ ധാരണകളുടെ സത്യാവസ്ഥ എന്താണ് എന്നൊക്കെ നോക്കാം.
കുഞ്ഞിൻ്റെ മൂക്ക് എങ്ങനെ ഏത് ആകൃതിയിൽ വരുമെന്നത് പാരമ്പര്യം ആണ്.It’s genetic and depends on the race and environment. പൊതുവേ ഇന്ത്യക്കാരുടെ എല്ലാം മൂക്ക് നീണ്ട് തന്നെയാണ് ഇരിക്കുന്നത്. മൂക്ക് ആരും ഞെക്കി പിഴിയാഞ്ഞത് കൊണ്ടല്ല ആഫ്രിക്കക്കാരുടെയും ചൈനക്കാരുടെയും മൂക്ക് അങ്ങനെ ആയി പോയത്.
കുഞ്ഞിൻ്റെ കാലിൻ്റെ വളവ് ഒന്നര-രണ്ട് വയസ്സ് വരെ അകത്തേയ്ക്ക് വളഞ്ഞായിരിക്കും ഇരിക്കുക, അത് നോർമൽ ആണ്. അത് ഇപ്പോഴേ എണ്ണ തേച്ച് തല്ലി വലിച്ച് നിവർത്തേണ്ട ആവശ്യം ഒന്നുമില്ല.
പുക്കിൾക്കൊടിയിൽ വെള്ളം വീണെന്ന് കരുതി ഒന്നും സംഭവിക്കില്ല, നനവ് പറ്റിയാൽ വൃത്തിയുള്ള തുണി കൊണ്ട് നനവ് ഒപ്പി മാറ്റിയാൽ മതിയാവും. മുൻപൊക്കെ ആൽക്കഹോൾ സ്വാബ് കൊണ്ട് വൃത്തിയാക്കുന്ന രീതി ഉണ്ടായിരുന്നു.പക്ഷേ ഇപ്പൊൾ അതും outdated ആണ്. ഉണങ്ങാൻ സഹായിക്കുന്ന ബാക്ടീരിയകൾ നശിച്ചു പോകും എന്നതിനാലാണ് അത്. Soap and water ആണ് ഇപ്പൊൾ prefer ചെയ്യുന്നത്. തിളപ്പിച്ച വെള്ളത്തിൽ മുക്കിയ കോട്ടൺ ഉപയോഗിച്ച് ആണ് പുക്കിൾക്കൊടിയിൽ അഴുക്ക് പറ്റിയാൽ വൃത്തിയാക്കേണ്ടത്. എന്തേലും പഴുപ്പ് പോലെ വന്നാൽ മാത്രം ആൽക്കഹോൾ സ്വാബ് ഉപയോഗിച്ച് തുടയ്ക്കാം, പിന്നെ എന്തേലും antibiotic ointment ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം Air dry ആയിട്ടാണ് പുക്കിൾക്കൊടിയുടെ stem ഉണങ്ങേണ്ടത്. ചിലപ്പോഴൊക്കെ Umbilical granuloma ആയി മാറിയാൽ Silver nitrate ഉപയോഗിച്ച് Chemical cauterization ചെയ്യേണ്ടി വരും. സാധാരണയായി 7-21 ദിവസത്തിനകം പുക്കിൾക്കൊടി കൊഴിഞ്ഞു പോകും, പക്ഷേ അതിൻ്റെ പേര് പറഞ്ഞ് ആൾക്കാരെ ഇങ്ങനെ പേടിപ്പിക്കരുത് ദയവായി. നാട്ടിൻപുറത്തുള്ള കേട്ട് കേഴ്‌വി അറിവിനേക്കാൾ വലുതാണ് അതിൻ്റെ Anatomy ഉം Physiology um പഠിച്ചവരുടേത്.

പ്രസവത്തിന് ശേഷം അമ്മയുടെ കുളിയുടെ കാര്യമാണ് കുറെ എമണ്ടൻ കോമഡികൾ കേട്ടത്. വെള്ളം തിളപ്പിച്ച് അതിൽ ഇടാൻ എന്തൊക്കെയോ മരത്തിൻ്റെ കമ്പോ വേരോ ഒക്കെ വേണം പോലും. ആ വെള്ളത്തിൽ മാത്രമേ അമ്മ കുളിക്കാൻ പാടുള്ളൂ എന്ന്. ആയുർവേദത്തിലെ കുറെ എണ്ണയും കുഴമ്പും തൈലവും വേരും തൊലിയും തെങ്ങിൻപൂക്കുല രസായനവും കഷായവും ഇല്ലെങ്കിൽ “പ്രസവരക്ഷ” സമ്പൂർണ്ണമാകില്ല എന്നാണ് പലരുടെയും അബദ്ധ ധാരണ. പ്രസവ “രക്ഷ” അല്ല “ശിക്ഷ” ആണ് സത്യത്തിൽ ഇതെല്ലാം കൂടി ഇടിച്ചു പിഴിഞ്ഞ് കൊടുക്കുമ്പോൾ സംഭവിക്കുന്നത്. ഈ ലേഹ്യവും രസായനവും എല്ലാം കൂടി കഴിച്ച് ചേർത്ത് വണ്ണം വെച്ച് ഒരു ആനക്കുട്ടി പോലെ ആയി അനങ്ങാൻ പോലും പറ്റാതെ ഒരു മൂലയ്ക്ക് ഇരിക്കാനെ പിന്നെ പറ്റുകയുള്ളു. പഴയത് പോലെ നല്ല ആരോഗ്യത്തോടെ നടക്കണം എങ്കിൽ ഇതൊന്നും കഴിക്കാതെ ഇരിക്കുക. ഹോസ്പിറ്റലിൽ നിന്ന് തരുന്ന മെഡിസിൻ മാത്രം കഴിക്കുക. ആതിരയ്ക്ക് അവർ തന്നത് Paracetamol ആണ്, 4 നേരം കഴിക്കാൻ പറഞ്ഞു വേദനയ്ക്ക് that’s all…! ഒരാഴ്ച്ച കഴിഞ്ഞ് Pregnacare (വിറ്റാമിൻ ഗുളിക) കഴിക്കാൻ തന്നു…അത്രയേ ഉള്ളൂ. അല്ലാതെ ഒരു ആയുർവേദ മരുന്നും കഷായവും കഴിച്ചില്ല.അമ്മയ്ക്ക് കുഞ്ഞിന് കൊടുക്കാൻ പാലുണ്ടോ എന്നതായി അടുത്ത ആശങ്ക. നെയ്യിൽ വറുത്തെടുത്ത സവാള, തലേന്ന് രാത്രിയിൽ വെള്ളത്തിൽ കുതിർക്കാൻ ഇട്ട ഉലുവ, ചൂട് ചോറ്, വെളുത്തുള്ളി ഇതെല്ലാം കൂടി കഴിക്കാൻ ആയിരുന്നു പലരുടെയും ഉപദേശം. എന്നാല് ആദ്യ പ്രസവം കഴിയുമ്പോൾ 2-3 ദിവസം കഴിഞ്ഞേ സാധാരണ മുലപ്പാൽ ഉണ്ടാകാറുള്ളൂ എന്നത് പലർക്കും ധാരണയില്ല. അറിയില്ല എന്ന് തീർത്ത് പറയുന്നില്ല, ഒട്ടു മിക്കവർക്കും അറിയാം, പക്ഷേ ഈ പറഞ്ഞതെല്ലാം കഴിച്ചു കഴിയുമ്പോൾ 2 ദിവസം കൊണ്ട് പാല് ഉണ്ടാവും എന്നാണ് അവരുടെ വിശ്വാസം. സത്യത്തിൽ ഇതൊന്നും കഴിച്ചില്ലെങ്കിലും 2 ദിവസം കഴിയുമ്പോൾ പാല് ഉണ്ടാകും. അതൊക്കെ ഹോർമോണിൻ്റേ കളിയാണ്. നെയ്യിൽ വറുത്ത സാവാള കഴിക്കുമ്പോഴോ ഉലുവ ഉരുട്ടി കഴിക്കുമ്പോഴോ അല്ല പാൽ ഉണ്ടാവുന്നത്. അങ്ങനെയെങ്കിൽ ഇതൊക്കെ കഴിച്ചാൽ പ്രസവിക്കാത്ത സ്ത്രീകൾക്കും പാല് ഉണ്ടാവേണ്ടത് ആണ്.

പിന്നെയുള്ളത് Episiotomy കഴിഞ്ഞുള്ള സ്റ്റിച്ചിൻ്റെ കാര്യമാണ്. അതിനുള്ള ഉപദേശങ്ങൾ ഒക്കെ ബഹുരസം ആയിരുന്നു. തിളച്ച വെള്ളം കോരി അങ്ങോട്ട് ഒഴിക്കാൻ ആണ് പറഞ്ഞ് തന്നത്, പ്രസവിച്ച് അനുഭവമുള്ള സ്ത്രീജനങ്ങൾ…🙄. Episiotomy കഴിയുമ്പോൾ ഇടുന്നത് Dissolvable/Absorbable suture ആണ് (Catgut, Vicryl). സാധാരണ മുറിവ് ഒക്കെ ഉണ്ടാവുമ്പോൾ പുറമെ കാണുന്ന സ്റ്റിച്ച് ഇടുന്നത് Non Absorbable ആണ് (Prolene), അത് 7 ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ പോയി എടുത്ത് (suture removal) കളയണം. പക്ഷേ Episiotomy കഴിഞ്ഞ് സ്റ്റിച്ച് ചെയ്യുന്നത് തനിയെ ശരീരത്തിൽ അലിഞ്ഞു ചേരുന്നതും, പുറത്തുള്ള ഭാഗങ്ങൾ അലിഞ്ഞ് കൊഴിഞ്ഞ് പോവുന്ന രീതിയിൽ ഉള്ളതും ആണ്. ശരീര കോശങ്ങളിലെ ചില എൻസൈമുകൾ കാരണം ഇവ ശരീരത്തിൽ അലിഞ്ഞ് ചേരും, അതിനെടുക്കുന്നത് 4-5 ദിവസങ്ങൾ മാത്രം. അതിന് തിളച്ച വെള്ളം കോരി ചെപ്പി ഒഴിക്കുകയൊന്നും വേണ്ട, അതല്ല അത്രയ്ക്കുള്ള പ്രാധാന്യമേ ആ ഭാഗങ്ങൾക്ക് ഉള്ളൂ എങ്കിൽ ഒഴിച്ചോളു.നിർബന്ധമുള്ളവർ. തിളച്ച വെള്ളം വീണ് പൊള്ളി പോകുമെന്നല്ലാതെ വേറെ പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെന്ന് മാത്രം.

അമ്മയ്ക്ക് വയറിളക്കാൻ മരുന്ന് കൊടുക്കണം എന്നായിരുന്നു വേറെയൊരു ഉപദേശം. കുഞ്ഞ് വയറ്റിൽ കിടക്കുവായിരുന്നല്ലോ..അപ്പൊൾ കുഞ്ഞ് പുറത്ത് വന്ന് കഴിഞ്ഞ് വയറ്റിൽ ചിലപ്പോൾ അഴുക്ക് ഒക്കെ കാണുമല്ലോ.. അപ്പൊൾ അതൊക്കെ അടിച്ച് കഴുകി പുറത്ത് കളയണമല്ലോ അതാണ് ഉദ്ദേശിച്ചത്. പക്ഷേ കുഞ്ഞ് കിടക്കുന്നത് ഗർഭപാത്രത്തിൽ ആണെന്നും അതിന് stomach യുമായി നേരിട്ട് ഒരു ബന്ധവും ഇല്ലെന്നും ഉള്ള അറിവില്ലായ്മയുടെ കുഴപ്പം ആണിത്. പിന്നെ constipation ചിലപ്പോൾ ഉണ്ടാവാറുണ്ട്, അത് നോർമൽ ആണ്, പ്രത്യേകിച്ച് മരുന്ന് പോലും കഴിക്കാതെ അത് മാറുകയും ചെയ്യും.
പ്രസവം കഴിഞ്ഞ് അനങ്ങുക പോലും ചെയ്യാതെ എപ്പോഴും കട്ടിലിൽ തന്നെ കിടക്കണം എന്നായിരുന്നു വേറെ ഒരു ഉപദേശം. “പ്രസവിച്ച് കിടക്കുവാണ് ” എന്നാണല്ലോ പറച്ചിൽ. എന്നാൽ പ്രസവിച്ച് “നടക്കുക” എന്നതാണ് ശരി. നടക്കണം, ചെറിയ രീതിയിൽ വ്യായാമം ചെയ്യണം ഇതൊക്കെ അറിയാവുന്നത് കൊണ്ട് ഒരിടത്തും വെട്ടിയിട്ട വാഴ പോലെ കിടന്നില്ല. ഒരു 10 ദിവസം കഴിഞ്ഞ് ആതിര അടുക്കളയിലും കയറി തുടങ്ങി.

കുഞ്ഞിൻ്റെ ഉച്ചി (തലയിലെ Anterior fontanelle) വഴിയാണ് കുഞ്ഞിന് അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ ആഹാരം കിട്ടുക എന്ന് വിശ്വസിക്കുന്ന അമ്മമാർ ഉള്ള നാടാണ്.അതാണത്രെ കുഞ്ഞ് ജനിച്ചു കഴിഞ്ഞ് ഉച്ചി ഉറയ്ക്കാതെ കുറെ നാൾ ഇരിക്കുന്നത്…അവിടെ ഓട്ട ഉണ്ടായിരുന്നു പോലും2 artery ഉം 1 vein ഉം ഉള്ള പുക്കിൾക്കൊടി വഴി കുഞ്ഞിന് വേണ്ടുന്ന ആഹാരവും പോഷണവും (ഓക്സിജനും) അമ്മയുടെ placenta വഴി രക്തത്തിൽ അലിഞ്ഞ് ചേർന്ന് അത് രക്തമായി തന്നെ കുഞ്ഞിൻ്റെ ശരീരത്തിൽ കിട്ടുന്നതാണെന്നുള്ള അറിവ് പോലും പലർക്കും ഇല്ലാ. ഗർഭിണി ആയി ഇരിക്കുമ്പോൾ ഒത്തിരി എരിവ് കൂട്ടരുത് കുഞ്ഞിൻ്റെ കണ്ണ് നീറും എന്നൊക്കെ പറയുന്നത് ഈ അറിവില്ലായ്മയുടെ ഭാഗം ആണ്.Anterior fontanelle എന്നത് തലയിലെ 4 അസ്ഥികൾ (2 frontal bone + 2 parietal bone) തമ്മിൽ കൂടി ചേരുന്ന ഭാഗം ആണ്. അത് ഒന്നര – രണ്ട് വർഷം എടുക്കും ഒട്ടിച്ചേരാൻ. അതുവരെ സോഫ്റ്റ് ആയിരിക്കും ആ ഭാഗം. പ്രസവ സമയത്ത് സുഗമമായി birth canal വഴി അഡ്ജസ്റ്റ് ചെയ്ത് പൊരാനും പിന്നീട് ബ്രെയിൻ വികസിക്കുമ്പോൾ അതിനനുസരിച്ച് വലുപ്പം അഡ്ജസ്റ്റ് അവാനും വേണ്ടിയാണ് അത്. പക്ഷേ നല്ല കട്ടിയുള്ള ആവരണം കൊണ്ടാണ് ആ ഭാഗം നിർമ്മിക്കപ്പെട്ടിരിക്കുന്നത്, അതിനാൽ തന്നെ അവിടെ തൊടുന്നത് കൊണ്ട് കുഴപ്പങ്ങൾ ഒന്നും തന്നെയില്ല. അതേപോലെ Posterior fontanelle കൂടി ഉണ്ട്, അതിന് തൊട്ടു പിറകിൽ. അത് 3 അസ്ഥികൾ കൂടി ചേർന്നത് ആണ് (2 parietal bone + Occipital bone). ഇതും ജനിച്ചു കഴിഞ്ഞ് ഉടൻ തന്നെയോ അല്ലെങ്കിൽ ഒന്ന് രണ്ട് മാസം കൊണ്ടോ closed ആകും.

ആയുർവേദ മരുന്ന് കഴിക്കുന്നതിൻ്റെയോപ്പം പഥ്യം നോക്കണമെന്നുള്ള നിർദേശം വരികയുണ്ടായി. അതായത് മാംസാഹാരങ്ങൾ വറുത്ത ഭക്ഷണങ്ങൾ, എരിവ്പുളി ഒന്നും കഴിക്കാൻ പാടില്ലാത്രെ.വയർ ശരിയാവുന്ന വരെ non veg കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് എന്നാണ് ഉപദേശം.കുഞ്ഞ് വയറ്റിൽ (stomach) കിടക്കുക ആയിരുന്നു എന്നുള്ള അബദ്ധ ധാരണ കൊണ്ടുള്ള പ്രശ്നങ്ങൾ ആണിതൊക്കെ.എന്തായാലും അങ്ങനെയുള്ള അബദ്ധങ്ങൾ കാണിക്കാതെയിരുന്നത് കൊണ്ട് ഒരിക്കലും കഴിച്ചിട്ടില്ലാത്ത മട്ടൺ വരെ ഈ സമയത്ത് ആതിര കഴിച്ചു.കാരണം ഈ സമയത്ത് മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടുന്നത് High protein ആണ്. ഗർഭിണി ആയിരിക്കുമ്പോൾ കഴിച്ചതിനേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും ഇപ്പൊൾ കഴിക്കണം.കുഞ്ഞിനെ കുളിപ്പിച്ച് കഴിഞ്ഞ് കണ്ണെഴുതുന്നില്ല പൊട്ട് കുത്തുന്നില്ല എന്നുള്ള പരാതിയും വന്നിരുന്നു. സ്വന്തം കുഞ്ഞ് തന്നെയാണോ എന്ന് തിരിച്ചറിയാത്ത വിധം മുഖത്ത് കരി വാരി തേയ്ക്കുന്ന കാര്യമാണ് വിഷയം. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ആ? കണ്ണ് തട്ടാതെ ഇരിക്കാൻ ആണെന്ന് ആണ് വെയ്പ്പ്.അതായത് മറ്റുള്ളവർ കുഞ്ഞിനെ കണ്ണ് വെയ്ക്കും പോലും.ശുദ്ധ അന്ധവിശ്വാസം അങ്ങനെ ഒരു പവർ കണ്ണിന് ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകം കീഴ്മേൽ മറിഞ്ഞെനെ അപ്പൊൾ അങ്ങനെ കണ്ണും എഴുതി, പുരികവും വരച്ച്, കവിളിലും നെറ്റിയുടെ ഏതോ കന്നി മൂലയ്ക്കും ഓരോ വലിയ കറുത്ത കുത്തും കുത്തി കഥകളിക്ക് ചായം പൂശുന്ന പോലെ കോലം വരച്ചു വെച്ചാൽ ആഹാ പക്ഷേ ചെയ്തില്ല. അങ്ങനെ ചെയ്യേണ്ട എന്ന് തന്നെ ആയിരുന്നു ഞങ്ങളുടെ തീരുമാനം. ഒരു പെൺകുട്ടി ആയിരുന്നു എങ്കിൽ പിന്നെയും അമ്മയ്ക്ക് ഒരു ആഗ്രഹം തോന്നിയേനെ കണ്ണൊക്കെ എഴുതാൻഇതിപ്പോ പിന്നെ, കുഞ്ഞിന് 28 കെട്ട് കെട്ടാത്തതിൻ്റെ (നൂല് കെട്ട്/പേരിടീൽ) പരാതികൾ ആയിരുന്നു. കുഞ്ഞിന് ജനിച്ചപ്പോൾ തന്നെ ഹോസ്പിറ്റലിൽ പേര് കൊടുക്കണമായിരുന്നു, Birth certificate കിട്ടാൻ വേണ്ടി. അതും കിട്ടി, ഇൻഷുറൻസ്, പാസ്പോർട്ട്, വിസ, എമിറേറ്റ്സ് ഐഡി എല്ലാം കിട്ടി കഴിഞ്ഞ് 28 കെട്ടി പേര് ഇടണം എന്ന് പറയുന്നതിൽ എന്ത് ലോജിക് ആണെന്ന് മനസ്സിലാവുന്നില്ല. അതല്ല അതൊരു ചടങ്ങ് ആണെന്നാണ് പറഞ്ഞുവരുന്നത് എങ്കിൽ Sorry ചടങ്ങുകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ അന്ധവിശ്വാസങ്ങൾ എന്നിവയൊന്നും ഒന്നും അറിയാത്ത ഈ കുഞ്ഞിൻ്റെ മുകളിൽ നടത്താൻ ഞങ്ങൾ സമ്മതിക്കില്ല.ഞങ്ങൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ലാ.ഒന്നും അറിയാത്ത ഈ കുഞ്ഞിനും അതൊന്നും വേണ്ട.കൂടെ കുറെ കാര്യങ്ങൾ കൂടി പറയാം.ചോറൂണ്, തുലാഭാരം കുഞ്ഞിനെ ഉരുട്ടൽ എന്നീ ചടങ്ങുകളും ആരും പ്രതീക്ഷിക്കണ്ട. അവന് ആഹാരം കഴിക്കാൻ പ്രായം ആകുമ്പോൾ വിശക്കുമ്പോൾ ആഹാരം കൊടുത്തു തുടങ്ങും. ഭാരം നോക്കണം എന്നുണ്ടെങ്കിൽ Weighing Machine ഉണ്ട്അതിൽ

നോക്കിക്കോളാം. ഉരുട്ടാനും ഉദ്ദേശമില്ല.അവൻ ചാടി കളിച്ച് ഉരുണ്ടു വീണ് വളരട്ടെ.അല്ലാതെ ഉരുട്ടാനും ചവിട്ടിക്കാനും ഉദ്ദേശമില്ല സമ്മതിക്കില്ല ഞങ്ങളെ പോലെ തന്നെ അവന് ജാതിയും ഇല്ല മതവും ഇല്ല ദൈവവും ഇല്ലാ.സ്വയം ചിന്തിക്കാൻ ഉള്ള പ്രായം ആകുമ്പോൾ ഇതൊക്കെ മനസ്സിലാക്കിയിട്ടും അവന് ഏതേലും മതത്തിൽ ചേരണം എന്ന് തോന്നിയാൽ അത് അവൻ്റെ സ്വാതന്ത്ര്യം. അല്ലാതെ അവൻ്റെ കുഞ്ഞ് മനസ്സിലേക്ക് ജാതി മതം,l ദൈവം എന്നീ വിഷങ്ങൾ കുത്തിവെയ്ക്കാൻ ഞങ്ങളില്ല.അതിന് ആരെയും അനുവദിക്കുകയും ഇല്ല.
✍️ Rajesh Pattazhy