രാവിലെ പാമ്പുകടിയേറ്റ വീട്ടമ്മ വിഷവൈദ്യന്റെ ചികിത്സതേടി ശേഷം രാത്രി ചർദ്ദി ഉണ്ടായപ്പോൾ വീണ്ടും അതേ വൈദ്യന്റെ ഉപദേശംതേടി കുറിപ്പ്

EDITOR

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തിയ ഒരു കുട്ടിയുടെ വാർത്ത ഏവരും വായിച്ചിട്ടുണ്ടാവും. കടിയേറ്റ ഉടനെ പരമ്പരാഗത വിഷ ചികിത്സ തേടി. അവസ്ഥ മോശമാകുന്നു എന്ന് കണ്ടപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.”
“രാവിലെ പാമ്പുകടിയേറ്റ വീട്ടമ്മ വിഷവൈദ്യന്റെ ചികിത്സതേടി. രാത്രി ചർദ്ദി ഉണ്ടായപ്പോൾ വീണ്ടും അതേ വൈദ്യന്റെ ഉപദേശം സ്വീകരിച്ചു. പിറ്റേന്ന് അബോധാവസ്ഥയിൽ എത്തിയപ്പോൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.”
കഴിഞ്ഞ ഒരു മാസത്തിനകം വായിച്ച രണ്ട് വാർത്തകളാണ്.

ആദ്യത്തെ കേസിൽ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം നീണ്ട ചികിത്സ കൊണ്ട് കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടി. വളരെയധികം ആശ്വാസകരമായ വിവരം.
രണ്ടാമത്തെ കേസിൽ ആശുപത്രിയിൽ എത്തിയ ഉടനെ മരണമടഞ്ഞു.
ഇന്ന് ജൂലൈ 16; വേൾഡ് സ്നേക്ക് ഡേ.പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായ അറിവ് പകർന്നു നൽകാൻ വേണ്ടി തിരഞ്ഞെടുത്ത പ്രത്യേക ദിവസം.ലോകത്തിൽ ഏറ്റവും കൂടുതൽ പാമ്പുകടി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2017 മുതൽ ഇതുവരെ 336 പേർ കേരളത്തിൽ പാമ്പുകടിയേറ്റ് മരണപ്പെട്ടു എന്ന് വനംവകുപ്പ് റിപ്പോർട്ടിൽ പറയുന്നു എന്ന വാർത്ത വായിച്ചു.പാമ്പുകളെക്കുറിച്ചും പാമ്പുകടിയെ കുറിച്ചും പ്രഥമശുശ്രൂഷയെ കുറിച്ചും ശാസ്ത്രീയ ചികിത്സയെക്കുറിച്ചും ഒക്കെ ഇന്ന് പത്രങ്ങളിലും വിവിധ മാധ്യമങ്ങളിലും ലേഖനങ്ങളും ചർച്ചകളും ഉണ്ടാവും. പക്ഷേ പാരമ്പര്യ വിഷവൈദ്യം, പരമ്പരാഗത വിഷചികിത്സ തുടങ്ങിയ പ്രയോജനരഹിതമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ മിക്കവരും തയ്യാറാവാറില്ല.

ഒരു തെളിവുമില്ലാതെ പരമ്പരാഗത വിഷവൈദ്യത്തിന്റെ പേരിൽ പത്മ ബഹുമതി ലഭിക്കുന്ന ഒരു രാജ്യത്ത് അത് എളുപ്പവുമല്ല. പക്ഷേ ഇതിനെ തള്ളിപ്പറയാതെ പാമ്പുകടിയേറ്റ മരണങ്ങൾ ഇല്ലാതാവില്ല. “പാമ്പ് കടിയേറ്റവരെ തീർത്ഥം നൽകി രക്ഷിക്കുന്ന അമ്പലം” എന്ന തികഞ്ഞ ഉടായിപ്പ് വാർത്ത വരെ നൽകിയ മാധ്യമങ്ങൾ കേരളത്തിൽ ഉണ്ട്.തുടക്കത്തിൽ ഞാൻ എഴുതിയത് രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്. കഴിഞ്ഞ ഒരു മാസത്തിനകം വായിച്ച രണ്ട് കാര്യങ്ങൾ മാത്രം.മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാല് പാമ്പുകളുടെ കടിയേറ്റ് ആണ് ഇന്ത്യയിൽ ബഹുഭൂരിപക്ഷം മരണങ്ങളും ഉണ്ടാവുന്നത്. നമ്മുടെ നാട്ടിൽ ലഭിക്കുന്ന ASV ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്നു. ഓർക്കുക, കടിയേറ്റ് രക്തത്തിൽ കലർന്ന വിഷത്തെ നിർവീര്യമാക്കാൻ മാത്രം കഴിവുള്ള ഒരു മരുന്ന് ആണിത്. രക്തത്തിൽ കലർന്ന വിഷം ഓരോ അവയവങ്ങളിൽ എത്തി പ്രവർത്തിച്ചു തുടങ്ങിയാൽ, ആ അവയവങ്ങളിൽ ASV പ്രയോജനം ചെയ്യില്ല. അതുകൊണ്ട് തന്നെ മരണം സംഭവിച്ചേക്കാം. അതുപോലെ ഉയർന്ന അളവ് വിഷം അവയവങ്ങളിൽ എത്തിയാൽ ചിലപ്പോൾ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു എന്നും വരാം.

അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചാൽ സപ്പോർട്ടീവ് കെയർ നൽകേണ്ടി വന്നേക്കാം; ഡയാലിസിസ്, വെൻറിലേറ്റർ അടക്കമുള്ള സപ്പോർട്ടീവ് സൗകര്യങ്ങൾ.
ഈ നാല് പാമ്പുകളെ കൂടാതെ മനുഷ്യ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് മുഴമൂക്കൻ കുഴിമണ്ഡലി, കടൽ പാമ്പുകൾ, രാജവെമ്പാല എന്നിവയാണ്. ഇവയുടെ വിഷത്തിനെതിരെയുള്ള ASV നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്നില്ല. ഈ പാമ്പുകളുടെ കടിയേറ്റാൽ സപ്പോർട്ടീവ് ചികിത്സ വേണ്ടിവരും. രാജവെമ്പാല കടിച്ച് ഇന്ത്യയിലാകെ ഇതുവരെ രണ്ടോ മൂന്നോ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജവെമ്പാല, കടൽ പാമ്പുകൾ എന്നിവയുടെ വിഷം ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തി മരണം സൃഷ്ടിക്കും എന്നതിനാൽ വെൻറിലേറ്റർ സപ്പോർട്ട് എത്രയും പെട്ടെന്ന് ലഭിക്കേണ്ടതുണ്ട്.

കേരളത്തിൽ ആകെ കാണുന്ന നൂറിലധികം സ്പീഷീസുകളിൽ മനുഷ്യ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് പത്തിൽ താഴെ മാത്രമാണ്. അതായത് ഇവയുടേത് അല്ലാത്ത എല്ലാ കടികളും “പരമ്പരാഗത/പാരമ്പര്യ ചികിത്സ” ഉപയോഗിച്ച് രക്ഷിക്കാം എന്ന് മാത്രം. മറ്റൊരു കാര്യം കൂടിയുണ്ട്, മനുഷ്യ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഈ പാമ്പുകളുടെ എല്ലാ കടികളിലും മരണം സംഭവിക്കണം എന്ന് നിർബന്ധമില്ല. “ഡ്രൈ ബൈറ്റ്” എന്ന ഒന്നുണ്ട്. അതായത് കടിച്ചാലും വിഷം കയറില്ല. വിവിധ തരത്തിലുള്ള മൂർഖൻ പാമ്പുകളുടെ കടികളിൽ 30 ശതമാനത്തോളം വരെ ഡ്രൈ ബൈറ്റ് ആവാം എന്ന് പഠനങ്ങളിൽ രേഖപ്പെടുത്തിയതായി വായിച്ചിട്ടുണ്ട്. ഒരുദാഹരണം പറഞ്ഞു എന്നുമാത്രമേയുള്ളൂ. അതുപോലെതന്നെ ഈ പാമ്പുകളുടെ എല്ലാ കടികളിലും വലിയ അളവിൽ വിഷം കയറിയിരിക്കണം എന്ന് നിർബന്ധവുമില്ല.

എന്നാൽ മരണകാരണവുമാകാവുന്ന അളവിൽ ശരീരത്തിൽ വിഷം കയറിയിട്ടുണ്ട് എങ്കിൽ ശാസ്ത്രീയമായ ചികിത്സയിലൂടെ മാത്രമേ രക്ഷപ്പെടുത്താനാവൂ.
അവിടെ അശാസ്ത്രീയമായ രീതികളെ തള്ളിപറയുക തന്നെ വേണം. അതല്ലാതെ, സ്ഥിതി മെച്ചപ്പെടാൻ പോകുന്നില്ല.അതുകൊണ്ട് പാമ്പുകടിയേറ്റാൽ പാരമ്പര്യ വിഷവൈദ്യം, പരമ്പരാഗത ചികിത്സ തുടങ്ങിയ കാര്യങ്ങൾ സ്വീകരിക്കാതിരിക്കുക. പാമ്പുകടിയേറ്റാൽ ആയുർവേദം, ഹോമിയോ, സിദ്ധ, യൂനാനി തുടങ്ങിയ കാര്യങ്ങൾക്കായി സമയം കളയാതിരിക്കുക. കടിയേറ്റാൽ എത്രയും പെട്ടെന്ന് സൗകര്യങ്ങളുള്ള ആശുപത്രിയിൽ ചികിത്സ തേടുക. നിങ്ങളുടെ വീട്ടിൽ പാമ്പുകളെ കണ്ടാൽ അതിനെ പിടിക്കാനും തല്ലാനും പോകാതെ വനംവകുപ്പ് ലൈസൻസ് ലഭിച്ച റെസ്ക്യൂവേഴ്സിന്റെ സഹായം തേടുക.ഇത് മാത്രമാണ് ഈ അന്താരാഷ്ട്ര പാമ്പ് ദിനത്തിൽ പറയാനുള്ളത്. അശാസ്ത്രീയതയെ പുൽകിയുള്ള മരണങ്ങൾ ഉണ്ടാവാതിരിക്കട്ടെ.

ജിനേഷ് പി എസ്