18 വയസ്സിൽ എന്റെയും ജീവിതം ഇങ്ങനെ അവസാനിക്കേണ്ടതായിരുന്നു എന്നാൽ ഞാൻ ചെയ്തത് കുറിപ്പ്

EDITOR

എന്റെയും ജീവിതം ഇങ്ങനെ അവസാനിക്കേണ്ടതായിരുന്നു.18 വയസ്സിൽ വിവാഹം. വീട്ടുകാർ ആർഭാടമായി വിവാഹം നടത്തി. പഠിത്തം തുടരാൻ സമ്മതിക്കാമെന്ന് അവർ വാക്കുതന്നിരുന്നു.വിവാഹം കഴിഞ്ഞ ദിവസം തന്നെ എന്റെ സ്വർണം അമ്മായിഅച്ഛൻ അലമാരയിൽ വച്ച് പൂട്ടി. ഒന്നോ രണ്ടോ ഐറ്റം അല്ലാതെ പിന്നെ ഞാൻ ഒന്നും ഇട്ടിട്ടില്ല.ഭർത്താവിന് ഒരു ഉത്തരവാദിത്തമില്ലാത്ത പ്രകൃതം ആണെന്ന് എനിക്ക് വൈകാതെ തന്നെ മനസിലായി.അയാൾക്ക് കിട്ടുന്ന പൈസ മൊത്തം സ്വയം ചെലവാക്കും. മറ്റുള്ളവരുടെ മുൻപിൽ lavish ആയി നടക്കാനാണ് താൽപ്പര്യം. നമുക്ക് ഒരു ചെരുപ്പ് വാങ്ങണമെങ്കിൽ പോലും സ്വന്തം വീട്ടുകാരുടെ അടുത്ത് കൈനീട്ടേണ്ട അവസ്ഥ.

മകൻ എവിടെപ്പോയാലും അവൻ സുഖിക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. പക്ഷേ ഞാനും ഭർത്താവും എവിടെയെങ്കിലും പോയാൽ അമ്മായിയച്ഛനും അമ്മായിയമ്മയും വഴക്കാണ്.ഒന്നുരണ്ട് മാസം കഴിഞ്ഞപ്പോ കല്യാണം നടത്തിയ വകയിൽ കടം ഉണ്ടെന്നുപറഞ്ഞു സ്വർണം വിൽക്കണമെന്നായി. ഞാൻ സമ്മതിച്ചില്ല. അതുകൊണ്ട് അവർ അത് കൊണ്ടുപോയി പണയം വച്ചു. സ്വർണം വിൽക്കാൻ സമ്മതിക്കാത്തതിന്റെ പേരിൽ പിന്നെന്നും വഴക്കായി.

ആദ്യമൊക്കെ ഞാൻ കോളേജിൽ പോകുന്നതിന് അവർക്ക് പ്രശ്നമില്ലായിരുന്നു. പിന്നെപ്പിന്നെ cliche dialogues ആയി. “കുടുംബജീവിതമാണ് ഏറ്റവും വലുത്”, “സ്വർണം ഭർത്താവിന് അവകാശപ്പെട്ടതാണ്”, “വലിയ വിദ്യാഭ്യാസമൊന്നും വേണ്ടാ” അങ്ങനെയൊക്കെ തുടങ്ങി അവസാനം കോളേജിൽ പോയാൽ “ഏതവനെ കാണാനാ പോകുന്നത്” എന്നുവരെ ചോദിയ്ക്കാൻ തുടങ്ങി.വീട്ടിൽ വന്നാൽ പഠിക്കുന്നത് ഇഷ്ടമല്ല. സുഹൃത്തുക്കളൊന്നും പാടില്ല. അവരുടെ അയൽവാസികളോട് പോലും സംസാരിക്കാൻ പാടില്ല. എന്റെ വീട്ടിൽ പോകാൻ പാടില്ല. അങ്ങനെ താങ്ങാൻ വയ്യാത്ത ഒരു അവസ്ഥയിൽ എത്തി, depression ആയി. അന്നേരം “മാനസികരോഗി ആണ്” എന്ന് പറഞ്ഞുനടന്നു. ഒടുവിൽ സഹിക്കവയ്യാതെ ഞാൻ എന്റെ വീട്ടിൽ പോയി.

ഒന്നുരണ്ട് ആഴ്ച കഴിഞ്ഞപ്പോ ഭർത്താവ് അങ്ങോട്ട് വന്നു. അയാളുടെ അച്ഛനുമമ്മയും മൊത്തം പ്രശ്നമാണെന്നൊക്കെ പറഞ്ഞു. എന്റെ വീട്ടിലേക്ക് വന്നു എന്നെ കണ്ടോളാം എന്നൊക്കെ പറഞ്ഞു. ഞങ്ങളും വിശ്വസിച്ചു പോയി. ഒടുവിൽ ഞാൻ പ്രെഗ്നന്റ് ആയി. അയാളെ വിളിച്ചു പറഞ്ഞപ്പോ വൈകിട്ട് ഡോക്ടറെ പോയി കാണാം എന്നൊക്കെ പറഞ്ഞു. പിന്നെ ഒരു മൂന്നു മാസത്തേക്ക് ഒരു വിവരവുമില്ല. പിന്നെയാണറിഞ്ഞത് അയാളുടെ അമ്മ തൂങ്ങിച്ചാകാൻ ശ്രമിച്ചെന്ന്–ഞാൻ പ്രെഗ്നന്റ് ആണെന്നറിഞ്ഞിട്ട്.

ഏതായാലും നാട്ടുകാരൊക്കെ അറിഞ്ഞപ്പോ എന്നെ വന്നു അയാളുടെ വീട്ടിലേക്കു കൊണ്ടുപോയി. എന്നും കുത്തുവർത്തമാനം ആയിരുന്നു. എന്തെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും ജോലിക്കൊക്കെ കൃത്യമായി പോകണം എന്നുമൊക്കെ പറയുന്നത് പോലും അയാൾക്ക് ദേഷ്യമാണ്.
കുഞ്ഞുണ്ടായിക്കഴിഞ്ഞപ്പോൾ ഞാൻ വഴക്കുണ്ടാക്കി എന്റെ സ്വർണമെല്ലാം അയാളുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി. അതിന്റെ പേരിൽ എന്നെ കുറെ തല്ലി. എന്നാലും ഞാൻ സഹിച്ചു. അത് വിറ്റാണ് ഞാൻ എന്റെ കുഞ്ഞിന്റെ ചെലവിനുള്ള പൈസ കണ്ടെത്തിയിരുന്നത്. ഇന്നേവരെ കുഞ്ഞിന്റെ ഒരു കാര്യത്തിനും അയാൾ ഒന്നും ചെലവാക്കിയിട്ടില്ല.

കുഞ്ഞിന് ഒരു വയസ്സുള്ളപ്പോ ഞാൻ അയാളെ ഉപേക്ഷിച്ചു. എന്റെ പഠിത്തം തുടർന്നു. കുട്ടിക്ക് ചെലവിനുള്ള കേസ് കൊടുക്കാൻ കോടതി തന്നെ എന്നോട് പറഞ്ഞു. ഞാൻ ചെയ്തില്ല. വേറൊന്നും കൊണ്ടല്ല–ഇങ്ങനെയുള്ള ഒരു പാഴിന്റെ ഒന്നും ഒരു നയാപ്പൈസ പോലും എനിക്കോ എന്റെ കുഞ്ഞിനോ വേണ്ട എന്ന് ഞാൻ തീരുമാനിച്ചതുകൊണ്ട്.എന്റെ പഠനം കഴിഞ്ഞപ്പോൾ തന്നെ എനിക്കൊരു ജോലി കിട്ടി. മറ്റൊരു വിവാഹവും കഴിച്ചു. അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മകനും ഒരു അപകടത്തിൽ മരിച്ചതാണ്. അതുകൊണ്ടാകാം എന്റെ മകനെ അദ്ദേഹം സ്വന്തം മകനായിത്തന്നെയാണ് വളർത്തിയത്. അവനും അദ്ദേഹത്തോട് വളരെയധികം സ്നേഹമാണ്. ഇപ്പോ അവന് 20 വയസ്സായി. BTech-നു പഠിക്കുന്നു. ഞങ്ങൾ വളരെ സന്തോഷമായാണ് ജീവിക്കുന്നത്.അന്ന് ഞാൻ ഇറങ്ങിപ്പോന്നതുകൊണ്ടാണ് ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നത്. വീട്ടുകാരൊക്കെ മകനെയോർത്ത് തിരിച്ചുപോകണം എന്നാണ് പറഞ്ഞത്. മകനെയോർത്തതുകൊണ്ട് തന്നെയാണ് തിരിച്ചുപോകാഞ്ഞതും.

കടപ്പാട്