കല്യാണം കഴിഞ്ഞ് ഒരു ദിവസം ഭാര്യ ചോദിച്ചു ചേട്ടാ ഇന്ന് എനിക്ക് പിരീഡ് ആയി ഞാൻ ചേട്ടന്റെ കൂടെ കിടക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ കുറിപ്പ്

EDITOR

അശുദ്ധരക്തം വഹിക്കുന്ന സ്ത്രീകൾ ” ? “കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യ എന്നോട് ചോദിച്ചു,ചേട്ടാ ഇന്ന് എനിക്ക് പിരീഡ് ആയി.ഞാൻ ചേട്ടന്റെ കൂടെ കിടക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ, ഞാൻ വേണമെങ്കിൽ അപ്പുറത്തെ റൂമിൽ കിടന്നോളം.എന്ത് കുഴപ്പം, ഒരു കുഴപ്പവുമില്ല.’
ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ലാ എന്നുള്ളതായിരുന്നു എന്റെ മറുപടി.നമ്മൾ കണ്ട് വളർന്ന ശീലങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ അതിന്റെ അടിസ്ഥാനം വിശ്വാസങ്ങൾ മാത്രം ആകരുത്.ഇന്ന് നമുക്ക് ചുറ്റുമുള്ള ദമ്പതികളുടെ ഇടയിൽ കാണപ്പെടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് അറിവുകൾ നമുക്ക് നൽകുന്ന തിരിച്ചറിവുകൾ.

ശരീരത്തിലെ എല്ലാ ആന്തരിക പ്രവർത്തനങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല,പക്ഷേ ആർത്തവത്തിന്റെ ശാസ്ത്രീയ വശങ്ങൾ സ്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ടത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.ഒന്നുമില്ലെങ്കിലും ഇത്രയധികം സംഭവങ്ങൾ ഇതിന് പിന്നിൽ ഉണ്ട് എന്നെങ്കിലും അറിഞ്ഞിരിക്കണം.അശുദ്ധരക്തം വഹിക്കുന്ന സ്ത്രീകൾ എന്നുള്ള തലക്കെട്ട് പോലും തെറ്റാണ്.ലിംഗഭേദമില്ലാതെ ഓരോ സെക്കന്റിലും ശുദ്ധരക്തം പോലെതന്നെ അശുദ്ധരക്തവും വഹിച്ചു നടക്കുന്നവരാണ് നമ്മൾ മനുഷ്യർ.ആർത്തവരക്തത്തെ മലിനമായും കാണേണ്ടതില്ല.ദിവസേനയുള്ള അനേകം മാലിന്യങ്ങൾ ശരീരത്തിൽ സൂക്ഷിക്കുകയും അത് പുറംതള്ളുന്നവരുമാണ് നമ്മൾ ഓരോരുത്തരും.ഒരു സ്ത്രീയുടെ ശരീരത്തിൽ നടക്കുന്ന ആന്തരിക പ്രവർത്തനങ്ങളുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ ഏറെയും നമുക്ക് മാറ്റാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്താണ് ആർത്തവം ?ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം.ഗർഭാവസ്ഥയുടെ സാധ്യതകൾക്കായുള്ള തയ്യാറെടുപ്പിനായി ഒരു സ്ത്രീയുടെ ശരീരം കടന്നുപോകുന്ന പ്രതിമാസ പരമ്പരയാണ് ആർത്തവചക്രം. ഓരോ മാസവും അണ്ഡാശയങ്ങളിലൊന്ന് ഒരു അണ്ഡം പുറപ്പെടുവിക്കുന്നു.ഈ പ്രക്രിയയെ അണ്ഡോത്പാദനം
എന്ന് വിളിക്കുന്നു.ഇതേസമയം,ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ ഗർഭപാത്രത്തെ പ്രെഗ്നൻസിക്കായി തയ്യാറാക്കുന്നു. അണ്ഡോത്പാദനം നടക്കുകയും ബീജസംയോഗം നടക്കാതിരിക്കുകയും ചെയ്താൽ എൻഡൊമെട്രിയം (Endometrium) എന്ന ഗർഭാശയത്തിന്റെ ഉൾപാളി യോനിയിലൂടെ പുറന്തള്ളുന്നു.
ആർത്തവചക്രം ശരാശരി 28 ദിവസം നീണ്ടുനിൽക്കുമെങ്കിലും 20 നും 40 നും ഇടയിൽ ഇത് വ്യത്യാസപ്പെടാം.

ആദ്യത്തെ ആർത്തവം 8 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള പ്രായത്തിൽ സംഭവിക്കുന്നു (ശരാശരി 12 വയസ്സ്).പ്രായപൂർത്തിയാകുമ്പോഴാണ് ആർത്തവചക്രം ആരംഭിക്കുന്നത്.● സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയുടെ ഘടന: യോനി സ്ത്രീകളുടെ ഗർഭപാത്രത്തിലേക്ക് നയിക്കുന്ന ഇലാസ്തികതയുള്ള കുഴൽ പോലെയുള്ള ഒരു ഭാഗമാണിത്.പ്രസവ സമയത്ത് കുട്ടി പുറത്തേക്ക്‌ വരത്തക്ക രീതിയിൽ വികസിക്കാൻ യോനിഭാഗത്തെ പേശികൾക്ക് സാധിക്കും.പുറമെ കാണുന്ന യോനീ നാളത്തെ ഗർഭാശയത്തിന്റെ ഭാഗമായ സെർവിക്സുമായി ബന്ധിപ്പിക്കുന്നു.ഗർഭപാത്രം സ്ത്രീകളുടെ പ്രത്യുൽപ്പാദന വ്യൂഹത്തിലെ പ്രധാന ഭാഗമാണ് ഗർഭപാത്രം.ഒരു പിയർ ആകൃതിയിലുള്ള അവയവമാണിത്.ഗർഭാവസ്ഥയിൽ ഇത് വളരുന്നു.
ഇതിന്റെ മുകൾഭാഗത്തെ ഫണ്ടസ് എന്നും, അതിന് താഴെയുള്ള ഭാഗത്തെ ബോഡിയെന്നും,ഏറ്റവും താഴെയുള്ള ഭാഗത്തെ ഗർഭാശയമുഖം എന്നും പറയുന്നു.

ഇത് യോനിയിലേക്ക് തുറക്കുന്നു. ഫാലോപ്യൻ ട്യൂബുകൾ (Fallopian tubes) ഗർഭപാത്രത്തിൻറെ മുകൾഭാഗത്തായി രണ്ട്‌ കുഴലുകൾ തുറക്കുന്നുണ്ട്‌. ഈ ട്യൂബുകൾ ഓവറിയിലേക്കുള്ളതാണ്. അണ്ഡാശയത്തിൽ നിന്ന് സഞ്ചരിക്കുന്ന അണ്ഡം ബീജവുമായി സംഗമിക്കുന്നത് ഈ ട്യൂബിനുള്ളിൽ വെച്ചാണ്.ഇവിടെയാണ് ബീജസങ്കലനം നടക്കുന്നത്.ഇതിന് ശേഷമാണ് അണ്ഡം ഇവിടെ നിന്നും സഞ്ചരിച്ച് ഗർഭാശയത്തിൽ എത്തി ഗർഭാശയ ഭിത്തിയിൽ പറ്റിപിടിച്ച്പി ന്നീട് ഭ്രൂണമായി രൂപം കൊള്ളുന്നത്.അണ്ഡാശയങ്ങൾ ഗർഭാശയത്തിന്റെ പിന്നിലായി രണ്ട് വശങ്ങളിലായി സ്ഥിതിചെയ്യുന്ന ചെറിയ ഓവൽ ആകൃതിയിലുള്ള ഗ്രന്ഥികളാണ് അണ്ഡാശയം.അണ്ഡാശയത്തിനുള്ളിൽ അണ്ഡം (Egg or ovum) രൂപം കൊള്ളുന്നു.ഇതുകൂടാതെ രണ്ടു സുപ്രധാന ഹോർമോണുകളും അണ്ഡാശയം ഉത്പാദിപ്പിക്കുന്നു.ആർത്തവചക്രത്തിന്റെ ഘട്ടങ്ങൾ:ആർത്തവചക്രത്തിന് നാല് ഘട്ടങ്ങളുണ്ട്: മെൻസ്‌ട്രേഷൻ ,The follicular phase,Ovulation,The luteal phase.

മെൻസ്‌ട്രേഷൻ ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം.ഇത് സാധാരണയായി മൂന്ന് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുമെങ്കിലും ദിവസങ്ങൾ കൂടുകയോ കുറയുകയോ ചെയ്യാം.The follicular phase ഫോളികുലാർ ഘട്ടം ആർത്തവത്തിന്റെ ആദ്യ ദിവസം ആരംഭിച്ച്അണ്ഡോത്പാദനത്തോടെ (Ovulation) അവസാനിക്കുന്നു.ഈ ഘട്ടത്തിൽ പിറ്റ്യൂട്ടറി ഗ്രന്ഥി (തലച്ചോറിന്റെ താഴ്ഭാഗത്തായി സ്ഥിതിചെയ്യുന്നു) അണ്ഡാശയത്തിലെ ഫോളിക്കിളിനെ ഉത്തേജിപ്പിക്കുന്ന Follicle Stimulating Hormone (FSH) ഹോർമോൺ പുറപ്പെടുവിക്കുന്നു.അണ്ഡോൽപ്പാദനത്തിനായി ഒരു അണ്ഡം തയ്യാറാക്കാൻ FSH ഹോർമോൺഅണ്ഡാശയത്തിന് നിർദ്ദേശം കൊടുക്കുന്നു.

FSH ഹോർമോണിന്റെ സഹായത്തോടെ ഓരോ അണ്ഡാശയത്തിലെ ഫോളിക്കിളുകളെ(എഗ്ഗ്‌ അടങ്ങിയ ദ്രാവകം നിറച്ച സഞ്ചികൾ) ഉത്തേജിപ്പിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ളത് പൂർണ്ണ വളർച്ച എത്തിയിട്ടില്ലാത്ത മുട്ടകളായിരിക്കും.
ഫോളിക്കിളുകൾ ഈസ്ട്രോജൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു,
തുടർന്ന് ഈസ്ട്രജൻ ഗർഭാശയത്തിലെ ഉൾപാളിയായ എൻഡോമെട്രിയത്തെ കട്ടിയാക്കുന്നു.ബീജസങ്കലനം സംഭവിച്ച അണ്ഡത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാണ് ഇവിടെ സംഭവിക്കുന്നത്.പലപ്പോഴും ഒരു ഫോളിക്കിൾ നിന്ന് മാത്രമേ പൂർണ്ണ വളർച്ച എത്തിയ അണ്ഡം അണ്ഡാശയത്തിൽ നിന്നും പുറത്തേക്ക് എത്തുകയുള്ളൂ.

അണ്ഡാശയങ്ങളിലൊന്ന് പുറന്തള്ളുന്ന പൂർണ്ണ വളർച്ച എത്തുന്ന അണ്ഡത്തിന്റെ രൂപവത്കരണത്തെ സൂചിപ്പിക്കുന്നതാണ്“അണ്ഡോത്പാദനം അണ്ഡം വളർച്ചയെത്തി ബീജസങ്കലനത്തിന് യോഗ്യമായിത്തീരുമ്പോളാണ് ഇത് നടക്കുന്നത്.അടുത്ത പിരീഡ് തുടങ്ങുന്നതിന് 12 മുതൽ 16 ദിവസം മുൻപാണ് അണ്ഡോത്പാദനം നടക്കുന്നത്.സൈക്കിളിന്റെ മധ്യത്തിൽ ആയിരിക്കും ഇത് സംഭവിക്കുന്നത്,പക്ഷേ ഇത് എല്ലാവരിലും ആർത്തവത്തിന്റെ മധ്യ ദിവസങ്ങളിൽ സംഭവിക്കണമെന്നും ഇല്ല.ഫോളിക്കുലാർ ഘട്ടത്തിൽ സംഭവിക്കുന്ന ഈസ്ട്രജന്റെ ഉൽപ്പാദനം തലച്ചോറിൽ നിന്നും ഗൊനാഡോട്രോഫിൻ-റിലീസിംഗ് ഹോർമോൺ ഉൽ‌പാദിപ്പിക്കുന്നതിന് കാരണമാക്കുന്നു.തത്ഫലമായി പിറ്റ്യൂട്ടറി ഗ്രന്ഥി ഉയർന്ന അളവിലുള്ള ല്യൂട്ടിനൈസിംഗ് ഹോർമോൺ ഉത്പാദിപ്പിക്കുന്നു.

ഈ ഹോർമോൺ അണ്ഡാശയത്തിലെ ഫോളിക്കിളിൽ പൂർണ്ണ വളർച്ച എത്തിയ അണ്ഡത്തെ വേർതിരിച്ചെടുത്തതിന് ശേഷം ( ഫോളിക്കിൾ പൊട്ടി അതിൽ നിന്നും പുറത്ത് വരുന്ന എഗ്ഗ്‌) അവിടെ നിന്ന് ഫാലോപ്യൻ ട്യൂബിലേക്ക് കൊണ്ടുപോകുന്നു.ഈ ഘട്ടത്തിൽ ഫാലോപ്യൻ ട്യൂബിൽ വെച്ച് 12 മുതൽ 24 മണിക്കൂറിനുള്ളിൽ ബീജസങ്കലനം നടക്കുന്നില്ലെങ്കിൽ അണ്ഡം പിന്നീട് ഗർഭാശയത്തിലേക്ക് എത്തുകയുംഅലിഞ്ഞു പോവുകയും ചെയ്യുന്നു.ഈ ഘട്ടത്തിൽ, വളർച്ച എത്തിയ അണ്ഡം പൊട്ടി പുറത്ത് വന്നതിന് ശേഷമുള്ള ഫോളിക്കിൾ (ഇതിനെ അണ്ഡാശയത്തിലെ ‘യെല്ലോ ബോഡി’ അല്ലെങ്കിൽ കോർപ്പസ് ല്യൂട്ടിയം എന്ന് വിളിക്കുന്നു) വലിയ അളവിൽ പ്രോജസ്റ്ററോണും,ചെറിയ അളവിൽ ഈസ്ട്രജൻ എന്നീ ഹോർമോൺ പുറത്തുവിടുന്നു.

ഈ രണ്ട് ഹോർമോണുകൾ എൻഡോമെട്രിയത്തിന്റെ പാളി കട്ടിയാക്കാൻ സഹായിക്കുന്നു.അതിന്റെ കനം നിലനിർത്തുന്നു.ബീജസങ്കലനം സംഭവിച്ച അണ്ഡത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാണ് ഇവിടെ സംഭവിക്കുന്നത്.ബീജസങ്കലനം നടക്കുന്നില്ലെങ്കിൽ പ്രോജസ്റ്ററോൺ അളവ് കുറയുകയും തുടർന്ന് എൻഡൊമെട്രിയത്തിലെ പാളികൾഅസ്ഥിരമാകുന്നു,തുടർന്ന് പാളികൾ പതിയെ അടർന്ന് തുടങ്ങുകയും ആർത്തവം ഉണ്ടാവുകയും ചെയ്യുന്നു.അടുത്ത ആർത്തവചക്രം ആരംഭിക്കുന്നു.മറ്റേതൊരു ശാരീരിക പ്രവർത്തനങ്ങളെയും പോലെ എത്ര സങ്കീർണ്ണതകർ നിറഞ്ഞതാണിത്.അറിവുകൾ നൽകുന്ന തിരിച്ചറിവുകളിലൂടെ ആർത്തവത്തെ അശുദ്ധിയായി കാണാത്ത ഒരു തലമുറയെ നമുക്ക് വളർത്തിയെടുക്കാം.
കടപ്പാട് : ലാൽ കിഷോർ