തല എവിടെങ്കിലും ചെറുതായൊന്നു മുട്ടിപ്പോയാൽ തന്നെ ജീവൻപോകുന്നപോലെയാണ് നമുക്ക് എന്നാൽ ഇത് ശ്രദ്ധിക്കൂ

EDITOR

തല എവിടെങ്കിലും ചെറുതായൊന്നു മുട്ടിപ്പോയാൽ തന്നെ ജീവൻപോകുന്നപോലെയാണ് നമുക്ക്. മരംകൊത്തികളെ കണ്ടിട്ടില്ലേ, ചുറ്റികകൊണ്ടെന്നപോലെതലകൊണ്ട് ആഞ്ഞടിക്കുകയാണ് മരത്തിൽ. സെക്കന്റിൽ ഇരുപതുതവണവരെ, ദിവസം 12000 തവണ വരെയൊക്കെ അവരിങ്ങനെ മരത്തിൽ തലകൊണ്ട് അടിക്കും. ഗുരുത്വാകർഷണത്തിന്റെ ആയിരം മടങ്ങുശക്തിയിൽ മരംകൊത്തി ഇങ്ങനെ കൊത്തുന്നതിന്റെ പത്തിലൊന്നു ശക്തിയിൽ മനുഷ്യൻ തലകൊണ്ട് അടിച്ചാൽ ജീവൻ നഷ്ടപ്പെടും.
എങ്ങനെയൊക്കെയാണ് മരകൊത്തിയുടെ തലച്ചോറിനു കേടുപറ്റാതെ അവ മരംകൊത്തുന്നത്? ഇവയുടെ തലയിലെ എല്ലുകൾ ഒരു സ്പോഞ്ചിന്റെ സ്വഭാവം ഉള്ളതാണ്, കൊത്തുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കുറെ ഇത് ആഗിരണം ചെയ്യുന്നു. വളരെ വികാസം പ്രാപിച്ച ഹ്യോയിഡ് എന്നൊരു എല്ല് മരംകൊത്തികൾക്കുണ്ട്. താഴത്തെ കൊക്കിനടിയിൽ നിന്നും തുടങ്ങി ഉരുണ്ട് മൂക്കിനുമുകളിൽവരെ തലമുഴുവൻ ചുറ്റി വരുന്ന ഇതും അതിനുള്ളിൽക്കൂടിയുള്ള നീളമുള്ള നാവും എല്ലാം കൂടി ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിക്കുന്നു. ഇതു മറ്റൊരു വലിയ വിഷയമാണ്.

ലോകത്താകമാനം 236 സ്പീഷിസ് മരംകൊത്തികളാണുള്ളത്, പലർക്കും പലസ്വഭാവമാണ്, അതിൽ സവിശേഷശ്രദ്ധയാകർഷിക്കുന്ന ഒരിനമാണ് അക്കോൺ മരംകൊത്തി. ഇത് മരത്തിൽ ആഞ്ഞുകൊത്തുന്നത് അക്കോൺ സൂക്ഷിക്കാനാണ്, അക്കോൺ എന്നുപറഞ്ഞാൽ ഓക്കുമരത്തിന്റെ വിത്താണ്. മഞ്ഞുകാലം വരുമ്പോഴേക്കും ജീവനുള്ളതും ഉണങ്ങിയതുമായ മരങ്ങളിൽ ഇവ കൊത്തിക്കൊത്തി ആയിരക്കണക്കിനു ദ്വാരങ്ങൾ ഉണ്ടാക്കുന്നു, അവയിൽ അക്കോണുകൾ കൊണ്ടുവന്നു നിറയ്ക്കുന്നു. ഓരോ തുളയും കൃത്യം ഒരു വിത്ത് കൊള്ളാൻ മാതം വലിപ്പത്തിൽ ആയിരിക്കും, മാത്രമല്ല വിത്തുകൾ അധികം ഉള്ളിലേക്കുപോവാതിരിക്കാൻ മാത്രം ആഴമേ ആ തുളകൾക്ക് ഉണ്ടാവുകയുള്ളുതാനും. ചിലപ്പോഴെങ്കിലും അവ തിരിച്ചെടുക്കാൻ ആവാതെ തുളകളിൽ കുടുങ്ങിപ്പോകുന്നതും അപൂർവ്വമല്ല.

ചില വലിയ മരങ്ങളിൽ ഇങ്ങനെ അരലക്ഷത്തോളം അക്കോണുകൾ കണ്ടെത്തിയിട്ടുണ്ട്, കുടുംബങ്ങളെയും കൂട്ടത്തെയും തണുപ്പുകാലം മുഴുവൻ തീറ്റിപ്പോറ്റാൻ ഉള്ളതാണ് അവ.ആഴം കുറഞ്ഞ തുളകൾ ആയതിനാൽ അവയിൽ അക്കോണുകൾ ഇരിക്കുന്നത് പുറത്തുനിന്ന് നോക്കിയാൽത്തന്നെ കാണാൻ കഴിയും, അതിനാൽ ആഹാരം മോഷ്ടിക്കാൻ എത്തുന്നവരിൽ നിന്നും അക്കോണുകളെ സംരക്ഷിക്കാൻ മരംകൊത്തികളുടെ ഗ്രൂപ്പുകൾ തന്നെ സജ്ജമായിരിക്കും. പല മരങ്ങളും തലമുറകളോളം മരംകൊത്തികൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും കൃത്യമായി ഈ സംഭരണികൾ അറ്റകുറ്റപ്പണി ചെയ്യേണ്ടിവരും. ഉണങ്ങിച്ചുരുങ്ങുന്ന വിത്തുകളെ ചെറിയ ദ്വാരങ്ങളിലേക്ക് മാറ്റണം ആ തുളകളിൽ വേറെ വിത്തുകൊണ്ടുവന്നു നിറയ്ക്കണം. ഇങ്ങനെ ഭക്ഷണം കേന്ദ്രീകൃതമായി സൂക്ഷിക്കുന്നവയും അവയ്ക്ക് കൂട്ടമായി കാവലിരിക്കുകയും ചെയ്യുന്ന ഏക പക്ഷി വിഭാഗമാണ് അക്കോൺ മരംകൊത്തികൾ. അമേരിക്കയുടെ നിറയെ ഓക്കുമരങ്ങൾ ഉള്ള ഭാഗങ്ങളിലാണ് ഇവയെ കാണാറുള്ളത്.

വിനയരാജ് വി ആർ