അവനെ ഏറ്റവും അവശനായി കണ്ടത് കഴിഞ്ഞ ആഴ്ചകളിലാണ് നന്ദുവിനെ പരിചരിച്ച നേഴ്സ് കുറിപ്പ്

EDITOR

ക്യാൻസർ പോരാളി നന്ദുവിന്റെ വിയോഗം മലയാള സമൂഹത്തിനെല്ലാം തീരാവേദനയാണ് .സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ആണ് നന്ദുവിന്‌ ആദരാഞ്ജലികൾ നേർന്നത്.നന്ദുവിനെ ഹോസ്പിറ്റലിൽ ശ്രുശ്രുഷിച്ച നഴ്സ് ജ്യോതിയുടെ കുറിപ്പ് ഇങ്ങനെ.

നന്ദുവുമായി രണ്ട് വർഷത്തിന് മേലെയുള്ള പരിചയമാണ്. തമ്മിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഒരിക്കെ ആതിരയും അമ്മയും പ്രജുവും തെൻസിയൊക്കെ കോഴിക്കോട് വന്ന സമയത്താണ്. അന്ന് തൊട്ട് നല്ല സുഹൃത്തുക്കളാണ്.വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ “ആഹാ.. അപ്പോ ഇനി അങ്ങോട്ട് നമ്മക്ക് നേരിട്ട് കാണാലോ” എന്നും പറഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു.പിന്നീടങ്ങോട്ട് എംവിആർ കാൻസർ സെന്റർ നന്ദുവിനും അവിടെയുള്ളവർക്ക് നന്ദുവും ആരൊക്കെയോ ആയി മാറുകകയായിരുന്നു.

മോർഫിൻ ഇത്രയും ഹൈ ഡോസിൽ എടുക്കുന്ന ഒരു patient നെ ഞാൻ ആദ്യമായിട്ട് കാണുകയായിരുന്നു. നന്ദുവിന്റെ വേദനകൾക്ക് കൂട്ടിരിക്കാൻ പറ്റിയിട്ടുണ്ട് ഞങ്ങടെ ഫ്ലോറിലെ ഓരോ നഴ്സ്മാർക്കും.അവൻ കൂടുതലും അഡ്മിഷൻ എടുത്തിട്ടുള്ളതും ഞങ്ങടെ 3rd ഫ്ലോറിലാണ്. പല നൈറ്റ്‌ ഡ്യൂട്ടികളിലും വേദനിക്കുന്നു എന്ന് പറഞ്ഞ് വിളിക്കുമ്പോൾ ഇനി എന്താണ് കൊടുക്കേണ്ടതെന്ന് പകച്ചു നിന്നിട്ടുണ്ട്. മോർഫിനും പാച്ചും ഉള്ള 6th hourly പെയിനിന് ഇൻജെക്ഷൻ പോകുന്ന ഒരാൾക്ക് ഇനിയും എന്താണ് കൊടുക്കുക. അവസാനം JR നോട്‌ പറഞ്ഞ് stat എഴുതിയ ഇൻജെക്ഷൻ കൊടുക്കും.. “ഇപ്പോ ശെരിയാവുമെടാ.. മരുന്ന് തന്നില്ലേ വേഗം ഓക്കേ ആവും കേട്ടോ “എന്ന് പറയും. പലപ്പോഴും അതിലും അവന് ഓക്കേ ആവറില്ല.പക്ഷേ ഒന്നുണ്ട് ഏത് വേദനയിലും അവനിങ്ങനെ പതറാതെ പിടിച് നിൽക്കും,ചിരിച്ചു നിൽക്കും.

അവനെ ഏറ്റവും അവശനായി കണ്ടത് കഴിഞ്ഞ ആഴ്ചകളിലാണ്. മുൻപുള്ള അഡ്മിഷൻസിലും ഓക്സിജൻ എടുത്തിരിന്നെങ്കിലും ഇത്തവണ ബൈപാപിലേക്ക് മാറ്റുകയായിരുന്നു.എംവിആർ ലെ ഡോക്ടർമാരാണ് നന്ദുവിന്റെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയതെന്ന് തോന്നിയുട്ടുണ്ട്.പല പല പുതിയ രജിമെനുകളെ പറ്റി നന്ദുവിന്റെ ട്രീറ്റ്മെന്റ്ൽ കേൾക്കാനിടയായിട്ടുണ്ട്. അവന് പിന്നീട് കൊറേ നാള് അസുഖത്തെ തലയുയർത്തി നോക്കാൻ അതെല്ലാം പ്രചോദനമായിട്ടുണ്ട്.

അവിടെ എംവിആർ ലെ എല്ലാവരുടെയും പ്രിയപെട്ടവനാണ് നന്ദു.ഒരു വിളിപ്പാടകലെ അവന് പ്രിയപ്പെട്ട സിസ്റ്റർമാരും ഡ്യൂട്ടി ഡോക്ടർമാരും എല്ലാംഉണ്ടായിരുന്നു.അവസാന നാളുകളിലും ഇങ്ങനെ കോൺഫിഡന്റ് ആയിരിക്കുന്ന ഒരു രോഗിയെ ഇതുവരെ ആരും കണ്ട് കാണില്ല .ടാ ഞാൻ വീട്ടിൽ പോവാണ് ഇനി വന്നിട്ട് കാണാം ” എന്ന് ഞാനും ഓക്കേ ടി എന്ന് അവനും, അതായിരിക്കും ഞങ്ങളുടെ അവസാന സംസാരം എന്നെന്റെ ഉള്ളിലൂടെ കടന്ന് പോയെങ്കിലും അതാവരുതേ എന്ന് ചിന്തിച്ചിരുന്നു. അതിയായി ആഗ്രഹിച്ചിരുന്നു.

അവന്റെ വേർപാട് താങ്ങാൻ കഴിയാതെ ബൈസ്റ്റാൻഡേർ കോട്ടിൽ മരവിച്ചിരിക്കുന്ന അവന്റെ അമ്മയെ എനിക്ക് കാണാൻ സാധിക്കുന്നുണ്ട്.നന്ദു എന്ന പോരാളിയുടെ തേരാളിയായിരുന്നു ആ അമ്മ.അവന്റെ അച്ഛനെയും അനിയനെയും അനിയത്തിയെയുമെല്ലാം.ഈ വേദനയും വേർപാടും സഹിക്കാനുള്ള ശക്തി നിങ്ങൾക്കുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.അവിടെ ഉണ്ടായിരുന്നെങ്കിൽ അവന്റെ അമ്മയെ ഒന്ന് ചേർത്ത് പിടിക്കാമായിരുന്നു എന്ന ആഗ്രഹം മാത്രമാണുള്ളത്.

ആദർഷേട്ടനും ജസ്റ്റിൻ ചേട്ടനും എന്നാണ് ഈ വിഷമത്തിൽ നിന്ന് കരകയറുക എന്ന സങ്കടം കൂടെ എന്നിൽ ഉണ്ട്. എന്നിരുന്നാൽ പോലും ലക്ഷങ്ങൾ വരുന്ന ക്യാൻസർ survivors ന് നന്ദുവിന്റെ ചിരി കൊടുക്കുന്ന ധൈര്യം അത് ഇന്നേ ദിവസം നിങ്ങളിലും ഉണ്ടാവട്ടെ.പുകയരുത് ജ്വലിക്കണം…അല്ലേ നന്ദു.

ജ്യോതി ലക്ഷ്മി