ദുരിതത്തിൽ കൂടെ നിന്ന സർക്കാരിനെ തിരിച്ച് ചങ്ക് പറിച്ച് നൽകി ജയിപ്പിച്ച ജനതയാണിത് അവരോടു ഇങ്ങനെ കാണിക്കരുത്

EDITOR

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ രോഗവ്യാപനം കൂടുതൽ ആയതു മൂലം ലോക്ക് ഡൌൺ ആണ് .പരമാവധി രോഗവ്യാപനം കുറയ്ക്കാൻ ആണ് സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് .എല്ലാ പൊതു ജനങ്ങളും ഇതിൽ സഹകരിച്ചു കല്യാണത്തിന് പോലും അടുത്ത ബന്ധുക്കളെ ഒഴിവാക്കുന്നും ഉണ്ട് .എന്നാൽ കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ആണ് ഇപ്പോൾ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത് .സമൂഹ മാധ്യമങ്ങളിൽ അടക്കം ഇത്രയും ജനങ്ങളെ ഉൾക്കൊള്ളിച്ചു സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്നത് നിരവധി ആളുകൾ വിമർശിക്കുന്നു .

പിണറായി വിജയൻ മന്ത്രിസഭ വേർഷൻ 2.0 സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നത് സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നൊരു ചടങ്ങിലാണെന്ന് വാർത്തകൾ കണ്ടു. ഈ കെട്ട കാലത്ത് ഇക്കണ്ട ജനമെല്ലാം സർവ്വം സഹിച്ചും പൊറുത്തും വീട്ടിലിരിക്കുന്ന സമയത്ത് എന്തൊക്കെ മുൻകരുതലെടുത്താലും എത്രയൊക്കെ ആളെ കുറച്ചു എന്ന് പറഞ്ഞാലും ഇങ്ങനെ ഒരു ചടങ്ങ് നടത്തുന്നത് ഈ നാട്ടിൽ രണ്ട് തരം പൗരന്മാരുണ്ടേന്ന് വിളിച്ച് പറയൽ തന്നെയാണ്. ദുരിതത്തിൽ കൂടെ നിന്ന സർക്കാരിനെ തിരിച്ച് ചങ്ക് പറിച്ച് നൽകി ജയിപ്പിച്ച ജനതയാണിത്. അവർക്ക് മുന്നിൽ ഈ രണ്ട് നീതി കാണിക്കരുത്. പകരം അവിടെ നിർബന്ധമായും ഉണ്ടായേ തീരൂ എന്നുള്ള ഗവർണ്ണറെയും അംഗത്തെയും ഇനി നിയമപരമായി മറ്റാരുടെയെങ്കിലും സാന്നിദ്ധ്യം ആവശ്യമെങ്കിൽ അവരെയും മാത്രം ഉൾപ്പെടുത്തി ഇത് നടത്തണം.

സർക്കാർ തന്നെ ഒരൊറ്റ ക്യാമറ ടീമിനെ ഏർപ്പാടാക്കി അത് ലൈവ് ആയി എല്ലാ ചാനലുകൾക്കും സമൂഹമാധ്യമങ്ങൾക്കും നൽകണം. സന്തോഷം സാമൂഹിക അകലം പാലിച്ച് തന്നെ എല്ലാവരിലുമെത്തട്ടെ.ഈ സർക്കാരിൽ വിശ്വാസമർപ്പിച്ച മൂന്നരക്കോടി ജനങ്ങളാവട്ടെ ഇത്തവണത്തെ മുഖ്യാതിഥികൾ.
ഒരുപാട് കോണുകളിൽ നിന്ന് തുടക്കം മുതൽ അങ്ങനെ ഒരു ആവശ്യം വരുന്നുണ്ട്.ഈ സർക്കാർ അത് പരിഗണിക്കും, അങ്ങനെ ഒരു മാറ്റം, അത് നടക്കും എന്ന് തന്നെ ഇപ്പോഴും ഉറച്ച പ്രതീക്ഷയോടെ.

ഡോക്ടർ ഷിംന