ബോഡി ആര് കൊണ്ട് പോകും എന്നത് സംസാരിച്ചു നിന്നപ്പോൾ ആരുമില്ലെങ്കിൽ ഞങ്ങൾ വരാം എന്ന് പറഞ്ഞ രണ്ടു പേർ കയ്യടി കുറിപ്പ്

EDITOR

ഇന്നലെ വൈകുന്നേരം ഞങ്ങളുടെ പള്ളിയിലുള്ള കരവാളൂരുള്ള ഒരു പ്രായമായ വ്യക്തി കോവിഡ് ബാധിച്ചു മരണപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ട് മക്കളും പള്ളി സെക്രട്ടറിയും മാത്രമാണുണ്ടായിരുന്നത്. അതുമായി ബന്ധപ്പെട്ടു പ്രണവം ആശുപത്രിക്കു മുന്നിൽ പള്ളി വികാരിയും ഞാനും എന്റെ സഹോദരനുമായി ചെല്ലുകയും സംസ്കാര ശുശ്രുഷകൾ നടത്തുന്നതിനെക്കുറിച്ചും ബോഡി ആര് കൊണ്ട് പോകും എന്നതിനെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ഹോസ്പിറ്റലിലേക്ക് കയറിപ്പോയി. രാത്രി 7 മണിയാണ് സമയം. തിരികെ ഞാനിറങ്ങി വന്നപ്പോൾ 2 സ്ത്രീകൾ അവരുമായി സംസാരിക്കുന്നു. പവർ ഹൌസ് വാർഡ് കൗൺസിലർ പ്രിയ പിള്ളയും മഹിളാ അസോസിയേഷൻ ഭാരവാഹി മണി ബാബുവും. അസമയത്തും പ്രതിരോധ ഗുളികകൾ കൊടുത്തു കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടതും രണ്ട് പേരും പറയുകയാണ്, സഖാവേ ആരുമില്ലെങ്കിൽ ഞങ്ങൾ വരാം സഖാവേ.

വിളിച്ചാൽ മതി എന്ന്. തന്നെയുമല്ല ഇന്നലെ എം എൽ എ ഒരു ഹെൽപ് ഡെസ്ക് ഇതിനായി തൊളിക്കോട് തുറന്നിട്ടുമുണ്ടെന്ന്. മുമ്പും PPE കിറ്റിട്ടു ഇവർ പല സന്ദർഭങ്ങളിലും ഇറങ്ങിയിട്ടുണ്ട് എന്നുള്ളത് കൊണ്ട് തന്നെ സത്യത്തിൽ സന്തോഷവും ബഹുമാനവും തോന്നി. അവശ്യ സന്ദർഭങ്ങളിൽ വേണ്ടപ്പെട്ടവരെല്ലാം മാറി നിൽക്കുമ്പോൾ ആരെന്നുപോലും അറിയാത്തവർക്ക് വേണ്ടി യാതൊരു പ്രതിഫലവുമില്ലാതെ കഷ്ടപ്പെടാൻ ഈ മനസ്സുകളെ പാകപ്പെടുത്തുന്നത് അവർ പ്രവർത്തിക്കുന്ന സംഘടനകളായിരിക്കണം. അങ്ങനെയാകണം മറ്റെല്ലാ സംഘടനകളും മത സംഘടനകളും പഠിപ്പിക്കേണ്ടത്. വീണ്ടും ഫോണിൽ വിളിച്ചു ആരെയെങ്കിലും കിട്ടിയോ എന്ന് തിരക്കുകയും ചെയ്തു. തങ്ങളുടെ കർമ്മ മണ്ഡലം ത്യാഗോജ്വലമായ രീതിയിലുള്ള പ്രവർത്തനങ്ങളാൽ പ്രശോഭിപ്പിക്കുന്ന പ്രിയ സഖാക്കൾക്ക് നന്ദി അറിയിക്കുന്നു.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതൃകാ പ്രവർത്തനം തുടരട്ടെ.
കടപ്പാട് : ജിജി കടവിൽ