ഇങ്ങനെയും ചിലർ എന്റെ ചെറുപ്പത്തിൽ കള്ള് ചെത്തുകാരും തേങ്ങ പറിക്കാരുമായിരുന്നു നാട്ടിൽ ഗൾഫ്‌കാരുടെ ഗമയും മണവും പരത്തിയിരുന്നത്.അവരുടെ വടിവൊത്ത വെള്ള ഡബിൾ മുണ്ടും ഇളം മഞ്ഞ കളറുള്ള മുട്ടറ്റം മടക്കി വച്ച ഷേർട്ടും, ഉള്ളിലെ വെള്ള ബനിയൻ കാണുന്ന വിധത്തിൽ മൂന്നോ നാലോ ബട്ടനഴിച്ച് അതിനിടയിലൂടെ കാണുന്ന സ്വർണ്ണമാലയും വിരലിലെ വലിയ മോതിരവും, തോളിൽ തൂക്കിയ വലിയ ചുവന്ന് ടോർച്ചും, നല്ല മണമുള്ള പെർഫ്യൂമിന്റെയും വാസനയുള്ള സോപ്പിന്റെയും മണവും, നന്നായി കഴുകി വെളുപ്പിച്ച നീല പാരഗണിന്റെ ചെരുപ്പും ഒക്കെ ഇട്ട് വരുന്ന അവരായിരുന്നു നാട്ടിലെ ഏറ്റവും സുന്ദരന്മാരും പ്രമാണിമാരും.
ഗൾഫുകാർക്കും വീട്ടമ്മമാർക്കും ഏറ്റവും പ്രിയപ്പെട്ടവരും അവരായിരുന്നു.
അവരോടുള്ള ആരാധനയാണു എന്നെയും ഒരു ചെത്ത് കാരനും തേങ്ങപ്പറിക്കാരനുമാക്കിയത്.ചെറുപ്പത്തിലേ അച്ഛനില്ലതെ പോയ ആ വീടിനെ വളർത്തിയതും വലുതാക്കിയതും ഞാൻ തന്നെ ആയിരുന്നു.കാലത്തെ ചെത്ത് കഴിഞ്ഞ് വന്ന് പത്ത് ഇരുപത് തെങ്ങ് കയറി തേങ്ങയുമിട്ട് ഏണിയുടെ രണ്ട് അറ്റത്തും നിറയെ തേങ്ങയുമായി വരുന്ന വഴിയിൽ എന്നെയും കാത്ത് നിൽക്കുന്ന വീട്ടിൽ അരക്കാൻ പോലും തേങ്ങ തികയാത്തവർ എന്നോട് പറയും“നാണ്വേ ഒരു തേങ്ങ തന്നേടാ പുളിം മൊളകും കൂട്ടി പിള്ളേരൊക്കെ വയറു പൊകഞ്ഞ് കരയുന്നാ”എന്ന് പറയുന്നവർക്ക് മുന്നിൽ അരയിലെ വലിയ കത്ത്യാൾ കൊണ്ട് ഏണിയിൽ കോർത്ത തേങ്ങക്കണ്ണികൾ അറുത്തിടുമ്പോ അരയിലെ കോന്തലയിൽ നിന്ന് ഉറുപ്പ്യേം രണ്ടുറുപ്പ്യേം പെറുക്കുന്നവരോട്“പൈസ ആട വെച്ചേക്ക്,നല്ല തേങ്ങ അരച്ച് കറി വെച്ചാൽ ഒരു പിഞ്ഞാണത്തിൽ എനിക്കും മാറ്റി വച്ചേക്ക്”ന്നും പറഞ്ഞ് ഞാൻ നടക്കും.
ആ കറിയുടെ രസം ഇതു വരെയും അറിഞ്ഞിട്ടില്ലെങ്കിലും ആ കടം ഒരു സ്നേഹമായി രണ്ടു കൂട്ടരും ഹൃദയത്തിന്റെ പറ്റിൽ ചേർക്കും.തേങ്ങയൊക്കെ മുറ്റത്ത് കൂട്ടിയിട്ട് ഏണിയും ചാരി വച്ച് വരുമ്പോളേക്കും അമ്മയുടെ കഞ്ഞിയും ചമ്മന്തിയോ പുഴുക്കോ കഴിച്ച് ഉച്ചക്കേത്തത് അരിയാനുള്ള കത്തി അണക്കലും തയ്യാറെടുപ്പും തുടങ്ങി കഴിഞ്ഞിരിക്കും.പോയി അഞ്ചാറു തെങ്ങും അടിച്ച് വന്ന് ഉച്ചക്കൊരു മീൻ കറിയും കൂട്ടി മൃഷ്ടാന ഭോജനവും കഴിഞ്ഞ് ഒന്നുകിൽ ഇറയത്തെ ചേതിക്ക് തോർത്തും വിരിച്ചൊരു നല്ലൊരു ഉച്ചമയക്കം.
ചില ദിവസങ്ങളിൽ ടാക്കീസിൽ സിനിമ മാറിയെങ്കിൽ അതും കണ്ട് ബീഫും രണ്ട് പോറോട്ടയും കഴിച്ച് പെങ്ങൾക്കും അമ്മക്കുമുള്ളത് പൊതിഞ്ഞ് വാങ്ങി ഒരു സിസറും വലിച്ച് ഗമയിലൊരു നടത്തമുണ്ട് വീട്ടിലേക്ക്.വീട്ടിലെത്തി വേഷവും മാറി വൈകുന്നേരത്തെ കള്ളുമെടുത്ത് വരുമ്പോളേക്കും പറ്റുകാർ എത്തിയിരിക്കും വീട്ടിൽ ഗൾഫുകാർ,പട്ടാളക്കാർ, സ്ഥലത്തെ പ്രധാന പ്രമാണിമാർ.
അവർക്ക് വരാനും പോകാനുമായി ചെറിയ വഴി പിന്നിലൂടെ ഉണ്ട്.
മുന്നിലെ വഴിയിലൂടെ പ്രായമായവരും സ്ഥിരം പറ്റുകാരും.
അങ്ങനെ മുറ്റം നിറയെ തേങ്ങയും മേശവലിപ്പിൽ എപ്പോഴും കാശും.
പെങ്ങൾ വളർന്നപ്പൊ വീടൊന്ന് മൊഞ്ചാക്കി അവളെ നല്ലൊരുത്തന്റെ കൂടെ കെട്ടിച്ചയച്ചു.“ആ എന്നിട്ട് നീ ഒന്ന് വേഗം പറയ്”
കുറേശ്ശെ പാട്ടവും തുടങ്ങി ജോറായി പോകുമ്പോളാ അമ്മ പറഞ്ഞേ..
“നാണ്വ്വേ ഇനി ഇഞ്ഞിയും ഒരു പെണ്ണു കെട്ടണം ന്ന്”അതും എടുപിടീന്നും പറഞ്ഞങ്ങ് നടന്നു.കുറച്ചകലെയുള്ള ശങ്കരാട്ടന്റെ നാലാമത്തെ പെണ്ണു കൗസു.
കാഴ്ചയിൽ മോശോന്നുണ്ടായിരുന്നില്ലാന്നുള്ളത് കൊണ്ട് വേറൊന്നും നോക്കാനും ചോയ്ക്കാനും നിന്നില്ല.പെണ്ണും കണ്ട് രണ്ടാം മാസം മംഗലം.പത്ത് നൂറാളെയും വിളിച്ച് മിറ്റത്തൊരു പന്തലുമിട്ട് അതും അങ്ങനെ കയിഞ്ഞു.രണ്ടാഴ്ച കഴിഞ്ഞപ്പൊ പെണ്ണിനൊരു തൊട്ടു കൂടായ്മ“ന്താ കൗസൂ”
ന്ന് ചോയ്ചപ്പോ പറയാ“ഇങ്ങള വല്ലാണ്ട് മരം മണക്ക്‌ന്ന് ന്ന്”“അയിനല്ലേ കൗസൂ ഞാനീ സോപ്പിട്ട് കുളിക്ക്യേം സെന്റ് അടിക്ക്യേം ചെയ്യ്ന്നേ”“ന്നാലൊന്നും മണം പോകൂലാന്ന് അത് മാത്രോമല്ല ഇങ്ങളെ ഒടുക്കത്തെ തയമ്പ് കാരണം മേലാകെ വേദനായാവുന്നു മനുഷ്യനു”എന്നും പറഞ്ഞ് ഓളു കട്ടിലിന്റെ താഴെ കെടക്കാൻ
തുടങ്ങി ഓളെയും പറഞ്ഞിട്ട് കാര്യമില്ല . കാലിലും കൈയ്യിലും കൈത്തണ്ടയിലും ഒക്കെ കറുത്ത് മരത്തിന്റെ വിണ്ടു കീറിയ തടി പോലായിട്ടുണ്ട് തയമ്പ്.
വർഷങ്ങളുടെ അദ്ധ്വാനത്തിന്റെ ബാക്കി പത്രം.
ഞമ്മള വീട്ടിൽ വന്നൊരു പെണ്ണല്ലേ അങ്ങനെ ചെയ്യരുതല്ലോന്ന് കരുതി ഞാൻ അവള പിടിച്ച് കട്ടിമ്മേൽ കിടത്തി ഞാൻ താഴെയുമായി കിടത്തം.ഇതിനിടയിലെപ്പൊഴോ ഞമ്മക്കൊരു കുഞ്ഞുമോളും ആയി.പിന്നീട് അമ്മയും മോളും കട്ടിലിലും ഞാൻ താഴെയും താഴെ നിന്ന് നടുക്കേത്തെ അകത്തേക്കും അവിടുന്ന് പിന്ന പിന്ന എറയത്തേക്കുമായി ഉറക്കം.എറയത്തെ കൊതുക് കടി സഹിക്ക്യാൻ പറ്റാണ്ടായപ്പൊ മൊതലു രാത്രി ഒറങ്ങാൻ വേണ്ടി നല്ലോണം കള്ളു കുടിയും തുടങ്ങി. കള്ളു കുടിച്ച് ചൂടാകാണ്ടായപ്പം നല്ല നാടൻ ചാരായമടിക്കാൻ തുടങ്ങി.മോളങ്ങു വലുതായി.
അവൾ വലുതായപ്പൊ വീട്ടിൽ വരുന്ന പറ്റുകാരുടെ നോട്ടവും വർത്താനവും ശരിയല്ലാന്ന് ഓളും മോളും പറഞ്ഞപ്പൊ തൊട്ട് കള്ളു ചെത്തങ്ങ് നിർത്തി.
ഉള്ള ചെറിയ പാട്ടവും മറ്റുമായി മെല്ലെ പോകുന്നതിനിടയിലാണു തെങ്ങിനു മണ്ഡരി വന്നത്.. മണ്ഡരി വന്നതും അമ്മ പോയതും ഒക്കെ ഒന്നിച്ചായിരുന്നു.പാട്ടവും പോയി മേശയിലെ പൈസയും തീർന്നു.നാട്ടിൽ തേങ്ങ പറിക്കാനൊന്നും ആർക്കും തെങ്ങില്ലാതായി. കേറിയ തെങ്ങിലെ തേങ്ങ കൊണ്ട് കൂലി കൊടുക്കാനും പറ്റാണ്ടായി.അങ്ങനെയാ ടൗണിലെ തേങ്ങ പറിക്കാൻ വേണ്ടി ഇറങ്ങിയത്.
ടൗണിലോ ഇപ്പുറത്തെ വീട്ടിലെ തെങ്ങിന്റെ മണ്ട അപ്പുറത്തേതിന്റെ അപ്പുറത്തെ വീട്ടിലായിരിക്കും. അതിനിടയിലെ രണ്ട് വീടിന്റെ കാർ പോർച്ച്,പട്ടിക്കൂട്, മുറ്റത്തെ ചെടിച്ചട്ടി എന്ന് വേണ്ട സകല പണ്ടാരങ്ങളിലും തട്ടാതെ വേണം തേങ്ങ താഴെ ഇടാൻ പഠിച്ച സർക്കസ്സെല്ലാം കളിച്ച് അരമണിക്കൂറോളം തളയും കാലിലിട്ട് ബാലൻസ് ചെയ്ത് തേങ്ങയും തടിയും കേടില്ലാതെ താഴെ എത്തിച്ച് അമ്പത് രൂപ കൂലിക്ക് ചോദിച്ചാ നൂറായിരം ഡയലോഗും അതിൽ നിന്ന് രണ്ട് തേങ്ങയെടുത്താൽ ഒടുക്കത്തെ പ്രാക്കും
ചുമലിലെ സഞ്ചിയിൽ രണ്ട് തേങ്ങയുമായി വരുമ്പോ ഇന്ന് തേങ്ങ ചോദിക്കാൻ ആരും നാണുവിനെ കാത്ത് നിൽക്കാറില്ല.നിന്ന വീടുകളൊക്കെ വലിയ മതിലുകളും ഗേറ്റുകളും വച്ച് അടച്ചിരിക്കുകയാണു.വീട്ടിലെത്തി ക്ഷീണത്തിനൊരു ഗ്ലാസ്സ് വെള്ളം കൊണ്ട് തരാൻ കൗസുവിനു മൊബൈൽ താഴെ വച്ചിട്ട് സമയവുമില്ല..
ഉമ്മറത്തെ വലിയ സോഫയിൽ തനിച്ചിരിക്കുമ്പോ ഇപ്പോളും വെറുതെ ആഗ്രഹിക്കാറുണ്ട്.“ആ ചേതിക്കിരുന്ന് ഒരിക്കൽ കൂടി അമ്മ വിളമ്പിയ കഞ്ഞി കുടിക്കാൻ കഴിഞ്ഞെങ്കിലെന്ന്”..
കടപ്പാട് :ഷാജി എരുവട്ടി