പോസ്റ്റ‍്മോര്‍ട്ടത്തിനുശേഷം അവർ ഇറുക്കി പിടിക്കാറുണ്ട് ഡോക്ടർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

EDITOR

Updated on:

എല്ലാവരും പോകാൻ ഭയപ്പെടുന്ന മോര്‍ച്ചറിയിൽ നിന്നുള്ള നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഒരു ഡോക്ടര്‍. സര്‍ജൻ ആയ കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ് ,പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ലെ’ന്നും ഡോക്ടര്‍.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം മരണം പൊലെ തണുത്തൊരു കഷ്ണം കടലാസും, പിന്നെ പലതും.പൊതുവേ ആരും പോകാനും ചെല്ലാനുമിഷ്ടപ്പെടാത്ത ഒരു സ്ഥലമാണ് മോർഗ് അഥവാ മോർച്ചറി. മിക്കവാറും അത് ഒരു ആശുപത്രിയുടെ ബേസ്മന്റിലോ അല്ലെങ്കിൽ ആശുപത്രിവളപ്പിൽ എല്ലാവരാലും തിരസ്കരിച്ചവഗണിക്കപ്പെട്ട നിലയിലൊരു ഗോഡ്ഫൊർസേക്കൻ മൂലയിലായിരിക്കും മിക്കവാറുമെപ്പോഴും.അതങ്ങനെയാവാൻ കാരണവുമുണ്ട്. സ്വന്തം മൃത്യുവും നശ്വരതയും അസുഖകരമാംവിധം നമ്മെ മോർച്ചറികൾ ഓർമ്മപ്പെടുത്തും. അങ്ങനെ ഓർമ്മപ്പെടുത്തുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് വൈരാഗ്യബുദ്ധിയോടെന്നപോലെ നമ്മൾ തിരിച്ചടിക്കുന്നതാണ് ഈ മൂലയ്ക്ക് തള്ളൽ.

പോസ്റ്റുമോർട്ടം പരിശോധനയ്ക്കായി ശരിരത്തോടൊപ്പം മോർച്ചറിയിൽ എത്തുന്നത് പരേതരുടെ ഏറ്റവും അടുത്ത ബന്ധുക്കളാവില്ല, ഭൂരിപക്ഷം സന്ദർഭങ്ങളിലും.അത് ഒരു തരത്തിൽ നല്ലതാണ്.പോസ്റ്റുമോർട്ടം വേണ്ടിവരുന്നതരം മരണങ്ങൾ പൊതുവേ അപ്രതീക്ഷിതവും വളരെ കുറച്ച് സമയം കൊണ്ട് സംഭവിക്കുന്നതുമാണല്ലോ (sudden and unexpected). അത് കൊണ്ട് തന്നെ മരിച്ച ആളുടെ പ്രിയപ്പെട്ടവർക്ക് ഒരു നമ്പിങ്ങ് എക്സ്പീരിയൻ്സാവും ഇത്തരം മരണങ്ങൾ.ഇത്, ഈ മരവിപ്പ് നല്ലതിനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ അച്ഛൻ പോകുന്നത് 1984 ഡിസംബർ 22ന് ഉച്ചയോടെയാണ്.കഷ്ടിച്ച് 24 മണിക്കൂര്‍ സമയം കൊണ്ടാണ് ലോകം മാറി മറിഞ്ഞത്.പ്രത്യക്ഷത്തില്‍ ആരോഗ്യവാനായിരുന്ന അച്ഛന് ഞങ്ങളെ (അമ്മയേയും ചേച്ചിയും എന്നേയും) ഭീകരമായ ഒരുതരം അനാഥത്വത്തിലേക്ക് തള്ളിവിടാൻ കൂട്ടിന് കിട്ടിയത് acute hemorrhagic pancreatitis എന്ന മാരക രോഗം.

ഓം നമോ രാരായണായ…എന്നൊരു മംമ്പ്ലിങ്ങ് മാത്രമായിരുന്നു ആദ്യത്തെ ഒരു ദിവസം മരവിപ്പ് അല്ലാതെ അമ്മയുടെ ഇമ്മിഡിയറ്റ് റിസ്പോൺസ്.തണുത്ത നിർവികാരമായ ഈ പ്രതികരണം ഒരുതരം അതിജീവന മാർഗ്ഗമാണെന്ന് അന്ന് വെറും പതിമൂന്ന് വയസ്സുകാരനായ എനിക്ക് അറിയില്ലായിരുന്നു. വൈകിട്ടോടെ അച്ഛന്റെ ചിതയ്ക്കരികിൽ നിൽക്കുമ്പോൾ വിജയകരമായി ഈ മരവിപ്പ് അമ്മ എനിക്കും പകർന്നു തന്നിരുന്നു. അച്ഛൻ മരിച്ചയന്ന് പോട്ടിക്കരഞ്ഞ ഓർമ്മയൊന്നും എനിക്കില്ല. രണ്ടിന്റെയോ മൂന്നിന്റെയോ അന്നാണ് അൺകണ്ട്രോളബിളായി അച്ഛൻ പോയതോർത്ത് ഞാൻ പിന്നെ കരയുന്നത്.അമ്മ, അപ്പോഴൊന്നും, എന്റേയോ ചേച്ചിയുടേയോ മുന്നിൽ കരഞ്ഞതായിട്ട് എനിക്കോർമ്മയില്ല.

പറഞ്ഞു വന്നത് ഈ തണുപ്പിനേപ്പറ്റിയാണ്. മരണം അവശേഷിപ്പിക്കുന്ന ഈ തണുപ്പ്. ഈ തണുപ്പിനും വേണം ഒരു ഭാഗ്യം. നമ്മുടെ മോർച്ചറികളിൽ വന്നെത്തുന്ന ദുഖപീഡിതരായ ബന്ധുക്കൾക്ക്, അപ്രതീക്ഷിതമരണത്തിനുമുന്നിൽ പകച്ചു തകർന്ന് തരിപ്പമണായിപ്പോകുന്നവർക്ക്, ഒരു താത്കാലിക അഡഹെസിവ് പ്ലാസ്റ്റർ ഗ്ലൂ ആണ് ഈ തണുത്ത മരവിപ്പ്. ഇതല്ലാതെ ഒന്നും അവരുടെ രക്ഷയ്ക്കില്ല.

സ്വസ്ഥമായി ഇരിക്കാനൊരു കസേര. ഒരു നിമിഷത്തേതെങ്കിൽ ഒന്ന്, ഒരു സ്വകാര്യ നിമിഷത്തിൽ, തന്നെത്തന്നെ നോക്കി നിൽക്കുന്ന പുരുഷാരത്തിന്റെ മുന്നിൽ നിന്നല്ലാതെ ഒരിറ്റ് കണ്ണീർവാർക്കാൻ എവിടെ ഒരിത്തിരി സ്ഥലം? ആലോചിച്ചിട്ടുണ്ടോ നിങ്ങളാരെങ്കിലും? ഒന്ന് അന്തസ്സോടെ മാന്യമായി കരയുവാനും, അതിന് ശേഷം ഒരിത്തിരി വെള്ളമൊഴിച്ചൊന്ന് മുഖം കഴുകി ലോകത്തേ ഒന്ന് ഡിഗ്നിഫൈഡായിട്ട് തിരിഞ്ഞ് നോക്കുവാനും എന്തെങ്കിലും സൗകര്യം ഒരു മോർച്ചറിയിൽ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഇതിനൊന്നുമുള്ള സൗകര്യങ്ങളൊന്നും നമ്മുടെ മോർച്ചറികളിലില്ല. അതിന്റെയൊക്കെ ആവശ്യമുണ്ടെന്ന് ഒരു ബോധം പോലും പൊതുസമൂഹത്തിലില്ല. അത്ര dehumanised ആയിട്ടുള്ള ഒരു സമീപനമാണ് മരണത്തോടും അതുണ്ടാക്കുന്ന ക്രൈസിസിനോടും നമുക്കുള്ളത്.അപ്പോ പിന്നെ ആ തണുത്ത മരവിപ്പ് തന്നെ ആശ്രയം….ഏക ആശ്രയം.
പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് രഹസ്യ സ്വഭാവമുണ്ടാകണമെന്നാണ്, ഉണ്ടെന്നാണ് എനിക്കറിയാവുന്ന ഒരു പാട് പേർക്കുള്ള വിശ്വാസം. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ ആരോടും സംസാരിക്കാത്ത, പോലീസിനും നിയമം കൈകാര്യം ചെയ്യുന്നവരോട് മാത്രമോ സംസാരിക്കാൻ പാടുള്ള ഒരു inaccessible കഥാപാത്രം…. പോലീസ് സർജ്ജൻ…!!!

വാസ്തവമെന്താണെന്ന് വച്ചാൽ നിയമപ്രകാരം ഒരു പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞാൽ 72 മണിക്കൂറിനകം റിപ്പോർട്ട് തയ്യാറാക്കിയിരിക്കണം. അത് പോലീസിനും കോടതികൾ ക്കും അയച്ചിരിക്കണം, അല്ലെങ്കിൽ അയക്കാൻ പാകത്തിലായിരിക്കണം. ഒരു പരിശോധന കഴിഞ്ഞാൽ റിപ്പോർട്ടിന്റെ ഒറിജിനൽ (അക്കാര്യത്തിൽ അന്വഷണാധികാരമുള്ള) മജിസ്ട്രേറ്റിനും പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനും, മൂന്നാമതൊരു പകർപ്പ് ഓഫീസ് കോപ്പിയും, നാലാമതൊരു പതിപ്പ് (prescribed form ൽ അപേക്ഷിച്ചാൽ ) ബന്ധുക്കൾക്കും കൊടുക്കാനുള്ളതാണ്.നിർദ്ദിഷ്ട ഫോംമിൽ അപേക്ഷിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ NOC ലഭിച്ചു കഴിഞ്ഞാൽ അത് അടുത്ത ബന്ധുവിന് കിട്ടും… അത് ഒരു പബ്ലിക് document ആയി കഴിഞ്ഞിരിക്കുന്നു. പിന്നെയും അതിന് ഒരു രഹസ്യ സ്ഭാവമുണ്ടെന്ന് വിചാരിച്ചിരിക്കുന്നവർ വിഡ്ഢികളാണ്, ഒബ്വിയസ്ലി.

പ്രാഥമികമായി CrPC section 174 പ്രകാരമുള്ള ഒരു പരിശോധനയായ പോസ്റ്റുമോർട്ടം പരിശോധന കഴിഞ്ഞ് തയ്യാറാക്കപ്പെടുന്ന ഈ രേഖയുടെ പ്രധാന ഉപഭോക്താക്കൾ ക്രിമിനൽ കോടതികളും പോലീസുമാണെങ്കിലും ബന്ധുക്കൾക്ക് ഇതും കൊണ്ട് വേറേയും ചില ആവശ്യങ്ങളുണ്ടാകും. അതിൽ പ്രധാനമായ ഒന്നാണ് ഇന്ഷുറന്സ് സംബന്ധമായ വിഷയങ്ങൾ. ചിലർ ഓഫീസിൽ വന്ന് അവരുടെ കോപ്പിയും മേടിച്ചോണ്ടങ്ങ് പോകും. ഞാനറിയത്തുപോലുമില്ല. ചിലർക്ക് insurance form ഒക്കെ പൂരിപ്പിച്ച് കൊടുക്കേണ്ടി വരാറുണ്ട്.

മോര്‍ച്ചറിയിൽ വരുന്നവരിൽ നിന്നും വ്യത്യസ്തമാണ് ബന്ധുവിനവകാശപ്പെട്ട ഈ പകർപ്പ് വാങ്ങാനെത്തുന്നവർ. മിക്കപ്പോഴും മരിച്ചയാളുടെ അച്ഛൻ, അമ്മ, ഭാര്യ, മകൻ, മകൾ, സഹോദരനങ്ങൾ തുടങ്ങിയ ഏറ്റവും അടുത്ത രക്തബന്ധുക്കളാണ്.പോസ്റ്റുമോർട്ടം ഒക്കെ ചെയ്യുമെങ്കിലും ആ മരണത്തോട് ചേർന്ന് നിൽക്കുന്ന വികാരങ്ങളും നഷ്ടബോധങ്ങളുമൊന്നും കൈകാര്യം ചെയ്യുവാൻ എനിക്കറിയില്ല. അറിയുകയും വേണ്ട.

കാരണം, അതൊന്നും താങ്ങാനൊന്നും എന്നേക്കൊണ്ട് കഴിയില്ല.ആകെ ഒരിക്കൽ മാത്രമാണ് എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ പോസ്റ്റുമോർട്ടം ചെയ്ത ഒരു കേസ്സിൽ മൃതശരീരം പിന്നീട് കാണുന്നത്. പരിചയമുണ്ടായിരുന്ന ഒരാളായിരുന്നത് കൊണ്ട് മരണാനന്തര ചടങ്ങിന് പോകേണ്ടി വന്നു.

ഒരു അച്ഛന്റെ മൃതശരീരത്തിന്റെ അരികിൽ നിൽക്കുന്ന ഒരു കുഞ്ഞിന്റെ കണ്ണുനീരും കരച്ചിലുമൊന്നും എനിക്ക് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല. ചേതനയറ്റ് തണുത്ത് കിടക്കുന്ന ഒരു മനുഷ്യന്റെ അരികിലിരിക്കുന്ന ഒരു ഭാര്യയിൽ എനിക്ക് ഒരു നിമഷത്തേക്ക്, ഒരു ഫ്ലീറ്റിങ്ങ് മോമന്റിൽ, എന്റെ പാറുവിനേയോ അമ്മയേയോ കാണുവാൻ പറ്റും. ഇതിന്റെ, ഈ നിമിഷത്തിന്റെയൊന്നും പ്രഫൗണ്ട്നസ്സ് താങ്ങാനുള്ള കരുത്തോ ആഴമോ കപ്പാസിറ്റിയോ… ഒന്നും… ഇത്രയും കാലം, ഇത്രയും പോസ്റ്റുമോർട്ടങ്ങൾ ചെയ്തിട്ടും എനിക്ക് കൈക്കലാക്കുവാൻ പറ്റിയിട്ടില്ല.

നഷ്ടപ്പെടലുകൾ അത്ര ഭീകരമാണ്.പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ല.

പറഞ്ഞുവന്നത്,പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങി, insurance ആവശ്യങ്ങൾ ഒക്കെ പറഞ്ഞിട്ട്, അപൂര്‍വ്വം ചിലര്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായിട്ട് കാണാൻ വരും.മരണത്തിന്റെ തണുപ്പും മരവിപ്പും വാക്കുകളായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന റിപ്പോർട്ടും കൊണ്ട് വന്നിട്ട്, ഒരു തരം ഭീകരമായ നിസ്സാഹയതയും വൾനറബിലിറ്റിയും നിറഞ്ഞ കണ്ണുകളുടെ അവർ പോസ്റ്റുമോർട്ടം റിപ്പോർട്ട് നമുക്കതിരേ നീട്ടിയിട്ട് നമ്മളോട് ചോദിക്കും… ഡോക്ടറേ… ഇത് വായിച്ചിട്ട് എനിക്ക് ഒന്നു പറഞ്ഞു താ എന്ന്….

സ്വന്തം അച്ഛനോ അമ്മയോ മകനോ ഭർത്താവോ ആരെങ്കിലുമായിരിക്കും ഒരു PM നമ്പരായോ അക്ഷരങ്ങളോ വാക്യങ്ങളായോ ചുരുങ്ങി തണുത്ത് മരവിച്ച് ഒരു കടലാസിൽ ഒതുങ്ങിയിരിക്കുന്നത്.കടലാസ്സിലെ തണുപ്പ് അത് പിടിച്ചിരിക്കുന്ന കൈകളേയും, അത് വായിച്ച കണ്ണുകളേയും മിക്കപ്പോഴും പാൽപബ്ലി തണുപ്പിച്ച് മരവിപ്പിച്ചിരിക്കും.

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ,മരണത്തിന്റെയും വേർപാടിന്റേയും തീർത്താലും തീരാത്ത നഷ്ടബോധത്തിന്റേയും ഇടയിൽ ഞാൻ പറയാറുണ്ട് മരിച്ചു പോയ ആ മനുഷ്യന്റെ അവസാന നിമിഷങ്ങളെ പറ്റി.
ചില കേസുകളിലെങ്കിലും എനിക്ക് ഒരു ഭാഗ്യം സിദ്ധിക്കാറുണ്ട്. IMMEDIATELY FATAL – ക്ഷണ നേരം കൊണ്ട്- ഒരു ഞൊടിയിടയിൽ മരണം സംഭവിച്ചിട്ടുണ്ടാകാം എന്നും,

അല്ലെങ്കിൽ പരിക്കുണ്ടായ അതേ നിമിഷം തന്നെ അബോധാവസ്ഥയിലായി പോയിരുന്നിരിക്കാമെന്നും, അക്കാരണങ്ങൾ കൊണ്ടുതന്നെ പരേതൻ മരണഭയമോ വേദനയോ ഇല്ലാതെ അപ്പോൾ തന്നെയോ അല്ലെങ്കിൽ അബോധാവസ്ഥയിലായപ്പോഴോ ആയിരിക്കാം മരണം പുൽകിയത് എന്നത് മരണത്തിന്റെ ഗ്ലൂമിലും വേദനയിലും, അർത്ഥമില്ലാത്തതെങ്കിലും അർത്ഥമുള്ള ഒരു ആശ്വാസമാകുന്നു.

തണുത്ത് മരവിച്ച കണ്ണുകളിൽ നിന്നും ചൂടുള്ള ചില തുള്ളി കണ്ണുനീര് വീഴും കൈകളിൽ,അപ്പോൾ.കൈകൾ ഒരാളുടേത് മാത്രമാവില്ല.പലപ്പോഴും എന്റെ കൈകൾ ഇവർ ഇറുക്കി പിടിക്കും. തന്റെ പ്രിയപ്പെട്ടവരേ ഇത്രയും കരുതലോടെ തൊട്ടറിഞ്ഞ എന്റെ കൈകൾ ഇങ്ങനെ അവർ ആശ്വാസത്തിന്റേയും സ്നേഹത്തിന്റെയും കണ്ണുനീര് കൊണ്ട് ചിലപ്പോഴൊക്കെ നനയ്ക്കാറുണ്ട്

ഞാനതിന് ഇരുന്ന് കൊടുക്കാറുമുണ്ട്.ഫോറെൻസിക്ക് പ്രാക്ടീസിന്റെ വില മതിക്കാനാവാത്ത നിമിഷങ്ങളാണത്.അപ്പോഴും ഒരു കാര്യം ഞാൻ ആണയിട്ട് പറയാം. കേൾക്കുന്നത് ഒരു ആശ്വാസമായിക്കോട്ടെ എന്ന് വിചാരിച്ചിട്ട് ഒരിക്കലും ഞാൻ അസത്യം പറഞ്ഞിട്ടില്ല. പറയാൻ കഴിയില്ല എന്നതാണ് വാസ്തവം.

ആ നിമിഷത്തിന് അത്രയും ഡെൻസിറ്റിയുണ്ട്.സത്യത്തിന്റെ ഡെൻസിറ്റി.അവിടെ സത്യം മാത്രമേ വരൂ…സത്യത്തിന് അങ്ങനെയൊരു സവിശേഷതയുണ്ട്.അത് എല്ലാത്തരം മുറിവുകളും ഉണക്കും.അത് ഏത് തണുത്ത മരവിപ്പിനേയും ഉരുക്കി, തണുത്ത ഹൃദയങ്ങളെ ഊഷ്മളമാക്കും.സ്നേഹനിർഭരമാക്കും.ഏത് കടുത്ത നഷ്ടബോധത്തിനിടയിലും…