വയനാട് മുത്തങ്ങ റോഡിലൂടെ യാത്രചെയ്യുമ്പോൾ പലപ്പോഴും വഴിയരികിൽ ഇതുപോലെ അരവയർ, അല്ലെങ്കിൽ ഇരുവയർ നിറക്കാനുള്ള പണം സമ്പാദിക്കാൻ നിൽക്കുന്ന ആദിവാസിപ്പെൺകുട്ടികളെയും ആൺകുട്ടികളെയും കാണാം
വെറും 40 രൂപയാണ് ഇവർ അര കിലോയിൽ കൂടുതലുള്ള ഒരു പായ്ക്കറ്റിനു വില ആവശ്യപ്പെട്ടത്. എനിക്കു പകുതി മതിയെന്നു പറഞ്ഞപ്പോൾ പകുതിയെടുത്തശേഷം ആ പായ്ക്കറ്റ് എനിക്കു തന്നു. 40 രൂപ കൊടുത്തുകൊണ്ടു ഞാൻ പറഞ്ഞു. ഇത് നിങ്ങൾ വച്ചോളൂ വളരെ വിനയത്തോടെ മറുപടി: വേണ്ട ചേട്ടാ.20 രൂപ മാത്രം മതി.സന്തോഷത്തോടുകൂടി തരുന്നതല്ലേ വാങ്ങിക്കാൻ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
അല്പം മടിച്ചുകൊണ്ടുതന്നെ 20 രൂപ വാങ്ങിയശേഷം അവർ പറഞ്ഞു.
ചേട്ടാ മിക്കവാറും ആളുകൾ ഞങ്ങളോട് 20 രൂപയ്ക്ക് തരുമോ എന്നാണു ചോദിക്കാറുള്ളത്.പറഞ്ഞുതീരും മുൻപേ രണ്ടു കാറുകൾ വന്നു നിർത്തി. ഒരു ആഡംബര കാറിൽ ഒരു ഫാമിലി, മറ്റൊന്നിൽ അഞ്ചു ചെറുപ്പക്കാർ.അവരോടും അവർ പറഞ്ഞു ഇതേ വില 40 രൂപ. ആ രണ്ടു കാറിലും വന്നവർ 20 രൂപയ്ക്ക് തരുമോ എന്നു ചോദിക്കുന്നതും ഞാൻ കേട്ടു.
മൈസൂർ, ബാംഗളൂർ എവിടെയൊക്കെയോ പോയി ആയിരങ്ങൾ ധൂർത്തടിച്ചു തിരിച്ചുവരുന്നവർ 20 രൂപയ്ക്കു വേണ്ടി ആ പട്ടിണിപ്പാവങ്ങളോട് വിലപേശുന്നത് കണ്ടപ്പോൾ അറിയാതെ ഞാൻ അവരോടുപറഞ്ഞു. “ഇവരോട് വിലപേശരുത്.” നിങ്ങൾ ഈ യാത്രയിൽ എത്രയോ രൂപ മുടക്കി ഹോട്ടലിൽ ഭക്ഷണംകഴിച്ചു. എത്രയോ രൂപ tip കൊടുത്തു. എന്നിട്ടും ഈ പാവങ്ങളോട് 20 രൂപയ്ക്കുവേണ്ടി വിലപേശിയല്ലോ..40 രൂപ കൊടുത്ത് അവർ ഞാവൽപ്പഴം വാങ്ങും മുൻപേ ഞാൻ പറഞ്ഞുകൊടുത്തു. ഇത് ഒരു വിഷവും രാസവളവും ചേർക്കാത്ത കാട്ടു ഞാവൽപ്പഴമാണ്. നിങ്ങൾക്ക് ഒരിക്കലും ഇത് കടകളിൽ കിട്ടൂ….ല്ല.
എന്തായാലും അവർ നാലഞ്ചു പായ്ക്കറ്റുകൾ വാങ്ങി യാത്രയായി. ആ സന്തോഷത്തിൽ ആദിവാസി സ്ത്രീകൾ എന്റെയടുത്തുവന്നപ്പോൾ ഞാൻ പേര് ചോദിച്ചു.
ബിന്ദു:ആ ദിവസത്തെ അനുഭവം അവർ പറഞ്ഞു. ചേട്ടാ… ഞങ്ങളുടെ ഭർത്താക്കന്മാർ ഇന്ന് ഈ ഞാവൽപ്പഴം പറിച്ചുകൊണ്ടിരുന്നപ്പോൾ താഴെനിന്ന ഞങ്ങളോടു പറഞ്ഞു. “ശബ്ദമുണ്ടാക്കരുത്, തൊട്ടടുത്തുതന്നെ രണ്ടു കടുവകൾ നിലയുറപ്പുച്ചിട്ടുണ്ട്. അല്പം ദൂരെയായി കാട്ടാനായും. ഞങ്ങൾ ജീവൻ പണയം വെച്ചാണ് ഈ പഴങ്ങൾ കാട്ടിൽപോയി പറിച്ചെടുക്കുന്നത്. എന്നിട്ടും ഞങ്ങളോട് വിലപേശുന്നവരാണ് അധികവും.”
അവരുടെ സത്യസന്ധമായ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ചപ്പോൾ അവർ സമ്മതം മൂളി. എടുത്ത ഫോട്ടോയെല്ലാം അവരെക്കാണിച്ചു. അവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. എനിക്കും സന്തോഷമായി. 50 രൂപ കൊടുത്ത് ഒരു പായ്ക്കറ്റു ഞാവൽപ്പഴം കൂടി ഞാൻ വാങ്ങിച്ചു. ബാക്കി പണം വാങ്ങാൻ നിൽക്കാതെ ഞാൻ യാത്ര തുടർന്നു.
വലിയ *സൂപ്പർ മാർക്കറ്റുകളിൽ പോയി അമിതമായ തോതിൽ വിഷം കലർന്ന പഴവർഗ്ഗങ്ങൾ കൂടുതൽ വിലകൊടുത്തുവാങ്ങി കഴിക്കുന്നവർ അറിയുന്നില്ല. അവർ വിലകൂടിയ രോഗങ്ങളെക്കൂടിയാണ് വാങ്ങിക്കഴിക്കുന്നതെന്ന്
എല്ലാവരോടും ഒരപേക്ഷ:”ഈ പാവങ്ങളോട് വിലപേശരുത്.”കാരണം, അവർ വലിയ കെട്ടിടങ്ങൾ പണിയാൻ വേണ്ടിയോ, കാർ വാങ്ങാനോ, അടിച്ചുപൊളിച്ചു ജീവിതം അസ്വദിക്കാനോ വേണ്ടിയല്ല ആ വഴിയരികിൽ വന്നു നിൽക്കുന്നത്. ആരുടേയും മുമ്പിൽ കൈനീട്ടാതെ, ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക അദ്ധ്വാനിച്ചു കണ്ടെത്തുകയാണ്.
നമ്മുടെ സെബാസ്റ്റിയൻ വർക്കി ചേട്ടൻ തന്റെ അനുഭവത്തിൽ നിന്ന് എഴുതിയ പോസ്റ്റ് ആണ് അദ്ദേഹത്തിന് ഒരു ബിഗ് താങ്ക്സ്