മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോ കേരളത്തിലെ ഡ്രൈവിംഗ് ലൈസെൻസ് ഒരു തുണ്ട് പേപ്പർ പോലെ അതിനു പിന്നിൽ വലിയ ഒരു കാരണം ഉണ്ട് കുറിപ്പ്

EDITOR

വർഷങ്ങളായി പലരും പലതവണ പറഞ്ഞു കൊണ്ടിരിക്കുന്നതും ഈയടുത്ത ദിവസങ്ങളിൽ പല വ്ലോഗേഴ്‌സും ഒന്നിന് പിറകെ ഒന്നായി വീണ്ടും ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് കേരളത്തിൽ ഇഷ്യൂ ചെയുന്ന പേപ്പറിൽ പ്രിന്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസും ആർ.സി യും. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറിയിട്ടും കേരളത്തിൽ ഇപ്പോഴും ഒരു പേപ്പറിൽ കളർ പ്രിന്റ് എടുത്ത് ലാമിനേറ്റ് ചെയ്താണ് ലൈസൻസും ആർ.സി യും നൽകുന്നത്. ഇത് കേരളത്തിന് വെളിയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് വലിയ അപമാനമുണ്ടാക്കുന്ന കാര്യമാണ് എന്നാണ് വ്ലോഗേഴ്‌സ് ഉൾപ്പെടെയുള്ള ആളുകളുടെ പരാതി.ശരിയാണ് 2022 ലും പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത ലൈസൻസ് എന്നൊക്കെ പറയുന്നത് അപമാനകരം തന്നെയാണ്.എന്നാൽ ഇന്നത്തെ ഒരു സാഹചര്യത്തിൽ കേവലം അൻപതിനായിരം രൂപക്ക് അടുത്ത് വിലവരുന്ന കാർഡ് പ്രിന്ററുകൾ ഉപയോഗിച്ച് മാഗ്നറ്റിക് സ്ട്രിപ്പും ചിപ്പും ആർ.എഫ്.ഐ.ഡി യുമൊക്കെയുള്ള കാർഡുകൾ പ്രിന്റ് ചെയ്യാം എന്നിരിക്കെ എന്തുകൊണ്ടാവും കേരളത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ലൈസൻസുകളും ആർ.സിയും സ്മാർട്ട് കാർഡിലേക്ക് മറ്റാത്തത്?പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് ഇന്ന് കാർഡ് പ്രിന്റ് ചെയ്യാൻ. എന്നിട്ടും എന്ത് കൊണ്ട് കേരളത്തിൽ ഇന്നും പേപ്പർ ലൈസൻസും ആർ.സി യും?

നിർഭാഗ്യവശാൽ മറ്റൊരാളുടെ കുറവുകൾ തെറ്റുകുറ്റങ്ങളും കണ്ടെത്താൻ മാത്രം സമയവും ഊർജ്ജവും ചിലവാക്കുന്ന നമ്മൾ ‘പ്രബുദ്ധ’ മലയാളികൾ ഈ ഈ വിഷയത്തിലും വസ്തുതകൾ തേടി ഇറങ്ങാൻ മെനക്കെട്ടില്ല, മെനക്കെടുകയും ഇല്ല.കേരള സർക്കാർ ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും (RC) യും സ്മാർട്ട് കാർഡ് ആക്കാൻ തീരുമാനിക്കുന്നത് ഇന്നും ഇന്നലെയുമല്ല. പതിനേഴ് വർഷങ്ങൾക്ക് മുൻപ് 2005 ലാണ്. കൃത്യമായി പറഞ്ഞാൽ 2005 ഏപ്രിൽ 27 ന് സ്മാർട്ട് ഒപ്റ്റിക്കൽ കാർഡ് അടിസ്ഥാനമാക്കി ആർ.സി യും സ്മാർട്ട് കാർഡിൽ ലൈസൻസും തയ്യാറാക്കി നൽകാനുള്ള ടെൻഡർ കേരള സർക്കാർ വിളിച്ചു.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ITI Ltd നേതൃത്വം നൽകുന്ന ഒരു കൺസോർഷ്യമാണ് ടെൻഡർ വിജയിച്ചത്.സ്മാർട്ട് ഒപ്റ്റിക്കൽ കാർഡ് ഒന്നിന് 395 രൂപ നിരക്കും സ്മാർട്ട് കാർഡ് ഒന്നിന് 198 രൂപ നിരക്കുമാണ് അവർ കോട്ട് ചെയ്‌തത്‌.

സർക്കാറിന്റെ ഒരു സെലക്ഷൻ കമ്മിറ്റി കൺസോർഷ്യവുമായി നടത്തിയ നെഗോസിയേഷനിൽ ഒപ്റ്റിക്കൽ കാർഡിന് 385 രൂപയും സ്മാർട്ട് കാർഡിന് 193 രൂപയുമായി വീണ്ടും കുറവ് വരുത്തി.അതേ സമയം ടെക്നിക്കൽ കമ്മിറ്റി പ്രസ്തുത ടെൻഡറുമായി മുന്നോട്ട് പോകുന്നതിനെ എതിർത്തുകൊണ്ട് റിപ്പോർട്ട് നൽകി.എന്നാൽ സർക്കാർ ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് ടെൻഡർ കൺസോർഷ്യത്തിന് അനുവദിച്ചു നൽകി.ഇത്രയും കാര്യങ്ങൾ നടന്നതിന് ശേഷം കേരളത്തിൽ നിയമസഭാ ഇലക്ഷൻ നടക്കുകയും സർക്കാർ മാറുകയും ചെയ്തു. തുടർന്ന് വന്ന സർക്കാർ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള ഫോർമാറ്റിൽ സ്മാർട്ട് ലൈസൻസും ആർ.സി യും നടപ്പിലാക്കാൻ തീരുമാനിച്ചു.പുതിയ സർക്കാർ മുൻ സർക്കാരിന്റെ കാലത്ത് ടെക്നിക്കൽ കമ്മിറ്റി നൽകിയ റിപ്പോർട്ട് വിശദമായി പഠിച്ചതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അനുവദിച്ച ടെൻഡർ പ്രകാരമുള്ള സ്മാർട്ട് കാർഡ് ലൈസൻസുകളും ആർ.സി യും സാങ്കേതികമായും സാമ്പത്തികമായും വയബിൾ അല്ല എന്ന് കണ്ടെത്തി. 385 രൂപ വിലവരുന്ന സ്മാർട്ട് ഒപ്റ്റിക്കൽ കാർഡ് ആവശ്യമില്ല എന്നും 100 രൂപയോളം മാത്രം വിലവരുന്ന 64 KB സ്മാർട്ട് കാർഡിൽ തന്നെ ഡ്രൈവിംഗ് ലൈസൻസും ആർ.സി യും ചെയ്യുന്നതാവും സാങ്കേതികമായും സാമ്പത്തികമായും വയബിൾ എന്നുമാണ് ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട്.

കേന്ദ്ര നിയമപ്രകാരം ഇത്രയും തുക കസ്റ്റമറുടെ കൈയിൽ നിന്ന് ലൈസൻസിനായോ ആർ.സി ക്കായോ ഈടാക്കാൻ സാധിക്കില്ല എന്നതിനാൽ ഓരോ ആർ.സി ഇഷ്യു ചെയ്യുമ്പോഴും സർക്കറിന് അത് അധിക ബാധ്യതയാകും എന്നതും റിപ്പോർട്ടിലുണ്ട്.
പ്രസ്തുത റിപ്പോർട്ട് സർക്കാർ പരിഗണിക്കുകയും അനുവദിച്ച ടെൻഡർ 19.02.2007 ൽ പിൻവലിക്കുകയും ചെയ്തു.ഇതിനെതിരെ കൺസോർഷ്യത്തിലെ ഒരു കമ്പനി കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച കോടതി, സാങ്കേതിക വിദ്യയിലുള്ള മാറ്റം അനുസരിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം സർക്കാരിന് നൽകി. ഇതേ കൺസോർഷ്യവുമായി സാങ്കേതിക കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും റീ ടെൻഡർ പോകുന്നതിന് മുൻപേ നെഗോസിയേഷൻ നടത്താനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.സർക്കാർ ആവശ്യപ്പെട്ട ടൈമിനുള്ളിൽ പുതുക്കിയ ടെക്നിക്കൽ ബിഡ് നൽകാൻ കൺസോർഷ്യത്തിന് സാധിച്ചില്ല എന്നതിനാൽ റി ടെൻഡറിന് സർക്കാർ ശ്രമിക്കുകയും അത് വീണ്ടും കോടതി കയറുകയും ചെയ്തു.

ഓരോ തവണ സർക്കാർ ശ്രമങ്ങൾ നടത്തുമ്പോഴും കോടതിയിലൂടെ ROSMERTA SOLUTIONS എന്ന കൺസോർഷ്യത്തിലെ ഒരു പാർട്ണർ കമ്പനി സ്റ്റേ വാങ്ങിച്ചു കൊണ്ടേയിരുന്നു.ഇന്നും നിലക്കാത്ത ഒരു പ്രഹേളികയായി സർക്കാരും കമ്പനിയും തമ്മിലുള്ള യുദ്ധം കോടതിയിൽ തുടരുന്നു.നിലവിലെ കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ച് Form 7, Form 23A മാതൃകയിലുള്ള സ്മാർട്ട് കാർഡ് അല്ലെങ്കിൽ ലാമിനേറ്റഡ് ലൈസൻസുകളും ആർ.സി യും രാജ്യത്ത് അനുവദനീയമാണ്.നമ്മുടെ ലാമിനേറ്റഡ് ലൈസൻസ് കാണുമ്പോൾ ഇത് ഒറിജിനൽ ആണോ എന്ന് നമ്മുടെ രാജ്യത്ത് നിന്ന് ആരെങ്കിലും ചോദിക്കുന്നു എങ്കിൽ അത് നമ്മുടെ കുഴപ്പമല്ല. 100% വാലിഡ്‌ ആണ് അത്തരം ലൈസൻസുകൾ എന്ന് അറിയാത്തത് അവർക്കാണ്.അപ്പോൾ കേരളത്തിൽ ഇനി സ്മാർട്ട് കാർഡ് ലൈസൻസുകൾ വരില്ല എന്നാണോ?.
വരും. പക്ഷെ എല്ലാം കോടതി തീരുമാനങ്ങൾക്ക് അനുസരിച്ചിരിക്കും എന്ന് മാത്രം. അല്ലെങ്കിൽ കേന്ദ്ര നിയമത്തിൽ മാറ്റം വരികയും രാജ്യമൊട്ടാകെ ഒരൊറ്റ മാതൃകയിലുള്ള ലൈസൻസ് വരികയും വേണം. അപ്പോൾ നിലവിലെ കേസിന് പ്രസക്തി ഇല്ലാതാവും. ഇതിൽ രണ്ടിലൊന്ന് സംഭവിക്കുന്നത് വരെ സ്മാർട്ട് കാർഡ് ലൈസൻസ് എന്നത് സ്വപ്നം മാത്രമായിരിക്കും നമുക്ക്.

അതേസമയം mParivahan ആപ്പിൽ ലൈസൻസും ആ.ർ.സി യും ഇൻഷുറൻസും ടാക്‌സും PUC സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റലായി ലഭിക്കും എന്നിരിക്കെ, അവയെല്ലാം രാജ്യത്ത് വാലിഡ്‌ ആണ് എന്നിരിക്കെ സ്മാർട്ട് കാർഡിൽ ഡ്രൈവിംഗ് ലൈസൻസ്, ആർ.സി എന്നിവ നൽകുക എന്നതിന്റെ പ്രസക്തി പോലും ഇന്ന് നഷ്ട്ടപ്പെട്ടിരിക്കുന്നു.പ്രസ്തുത കേസിന്റെ 2022 ലെ സ്റ്റാറ്റസ് എന്താണ് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. 2019 വരെയുള്ള അവസ്ഥ അറിയാൻ 2011, 2019 എന്നീ വർഷങ്ങളിൽ വന്ന രണ്ട് കോടതി വിധികൾ കമന്റിൽ കൊടുക്കുന്നു.2005 മുതൽ 2022 കേരളം ഭരിച്ച സർക്കാരുകൾ കൈയും കെട്ടി നോക്കി നിന്നിട്ടോ, 100 രൂപ പോലും വിലയില്ലാത്ത ഒരു സ്മാർട്ട് കാർഡിൽ ഇതൊക്കെ പ്രിന്റ് ചെയ്ത് തരാൻ അറിയാഞ്ഞിട്ടോ അല്ല കേരളത്തിൽ സ്മാർട്ട് കാർഡ് ലൈസൻസുകളും ആർ.സി യും ലഭ്യമാവാത്തത് എന്ന് കുറച്ചുപേർക്കെങ്കിലും മനസിലായിക്കാണും എന്ന് കരുതുന്നു.എന്തെങ്കിലും ഒരു കാര്യം കണ്ടാലോ കേട്ടാലോ അത് എന്ത് കൊണ്ടാണ് (Why) എന്ന് സ്വയം ചോദിക്കാനും കണ്ടെത്താനുമുള്ള മനുഷ്യന്റെ ബേസിക് നേച്ചർ നമ്മൾ മറക്കരുത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറിന് ആമസോണിൽ ഓർഡർ ഇടരുത്.അതേസമയം സർക്കാർ സംവിധാനങ്ങളും 100% നിരപരാധികളൊന്നുമല്ല. ഇങ്ങനെയുള്ള കേസുകൾ വരുമ്പോൾ എന്ത് വിലകൊടുത്തും അവയൊക്കെ എത്രയും പെട്ടെന്ന് തീർപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇതേ കമ്പനി മറ്റ് പല സംസ്ഥാനങ്ങൾക്കെതിരെയും ഇതേ വിഷയത്തിൽ കേസുകൾ നൽകിയിട്ടുണ്ട് എന്നും അതിൽ പലതിലും സർക്കാരുകൾ വിജയിച്ചിട്ടുണ്ട് എന്നും ഓർക്കുക. ഒരു ടെക്ക് കമ്പനി പതിനേഴ് വർഷക്കാലത്തെ മാറ്റങ്ങളെ തടഞ്ഞു വെച്ചു എന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ പരാജയം തന്നെയാണ്. സംശയം ഒന്നും ഇല്ല.

എഴുതിയത് : വിനീത് കെ