ഒരിക്കൽ ജോൺ തനിയെ കാർ ഓടിച്ചു പോകുമ്പോൾ, ലിഫ്റ്റ് ചോദിച്ച ഒരുവനെകൂടെ ജോൺ കാറിൽ കയറ്റി. എന്നാൽ യാത്രയ്ക്കിടയിൽ ജോണിന് അവനെ കുറിച്ച് സംശയം തോന്നി. അവന്റെയും തന്റെയും ഇടയിലിട്ടിരിക്കുന്ന തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും അവൻ തന്റെ പേഴ്സ് എടുത്തുവോ എന്നൊരു സംശയം. ജോൺ പോക്കറ്റിൽ നോക്കിയപ്പോൾ പേഴ്സ് ഇല്ല. ജോൺ പെട്ടെന്ന് വണ്ടി ചവിട്ടി നിർത്തി. അയാളോട് തന്റെ പേഴ്സ് തിരികെ നൽകുവാൻ ആവശ്യപ്പെട്ടു. എന്നാൽ അയാളുടെ പക്കൽ പേഴ്സ് ഇല്ല എന്ന് കണ്ടെങ്കിലും ജോൺ ക്രൂദ്ധനായി അയാളെ വണ്ടിയിൽ നിന്നും ഇറക്കി വിട്ടു. ജോൺ വീട്ടിലെത്തി ഭാര്യയോട് നടന്ന സംഭവങ്ങൾ. എല്ലാം വിവരിച്ചു. അപ്പോൾ ഭാര്യ പറഞ്ഞു: “ജോൺ താങ്കൾ ഇന്ന് പേഴ്സ് എടുക്കാതെയാണ് പോയതെന്ന് അറിയാമോ”? ഇല്ലാത്ത പേഴ്സ് എടുത്തു എന്നു പറഞ്ഞ് ജോൺ അയാളെ ഇറക്കിവിട്ടു. ഇങ്ങനെയുള്ള അബദ്ധങ്ങൾ അനേകർക്കും സംഭവിക്കാറുണ്ട്. ഇവിടെയെല്ലാം നമ്മുടെ ശ്രദ്ധയില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണം.
പലപ്പോഴും പേഴ്സും മൊബൈൽ ഫോണും അതുപോലെയുള്ള മറ്റ് പലതും കൈവശമുണ്ടെന്നു കരുതി യാത്ര ചെയ്യുകയും ആവശ്യസമയത്ത് കാണാതെ വരുമ്പോൾ അത് അന്വേഷിച്ച് സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന അനുഭവം നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ടാവാം. ജീവിതത്തിൽ ഏത്രയെല്ലാം കാര്യങ്ങളിൽ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം! സൂക്ഷ്മതയില്ലാതെ പ്രവർത്തിക്കുന്നതിന്റെ അനന്തരഫലങ്ങൾ എത്ര വിനാശകരമായിരിക്കും! അതുമൂലം മറ്റുള്ളവരും ബുദ്ധിമുട്ടുവാൻ ഇടവരും. യേശുവിന്റെ തിരുജനനത്തിങ്കൽ അവനെ നമസ്കരിപ്പാൻ കിഴക്കുനിന്നും വന്ന വിദ്വാന്മാർക്ക് നക്ഷത്രം വഴികാട്ടിയായിരുന്നു. എന്നാൽ ജെറുസലേമിൽ എത്തിയ അവർ വഴികാട്ടിയായ നക്ഷത്രത്തെ ശ്രദ്ധിക്കാതെ സ്വന്തം ആലോചന പ്രകാരം ഹെരോദാ രാജാവിന്റെ കൊട്ടാരത്തിലേക്ക് ചെന്ന് യഹൂദന്മാരുടെ രാജാവായ ജനിച്ചവൻ എവിടെയെന്ന് അന്വേഷിച്ചു. തന്റെ കുടുംബത്തിൽ അല്ലാതെ മറ്റൊരു രാജാവ് പിറന്നുവെന്ന് മനസ്സിലാക്കിയ ഹേരോദാവ് ആ ശിശുവിനെ നശിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ ആ ശിശു ആരെന്നറിയായ്കയാൽ ആ രാജ്യത്തുള്ള എല്ലാ ശിശുക്കളെയും നശിപ്പിക്കാൻ കല്പന പുറപ്പെടുവിച്ചു.
ആ വിദ്വാന്മാരുടെ അല്പം അശ്രദ്ധ അനേക നിർമ്മല ശിശുക്കൾ വധിക്കപ്പെടുന്നതിന് കാരണമായി. ഒരു ചെറിയ അശ്രദ്ധ, അതിന്റെ ഫലമായ വിനാശം എത്ര ഭയങ്കരം! നമ്മുടെ ജീവിതത്തിലും അങ്ങനെ സംഭവിക്കാറില്ലേ? ക്രിസ്തുമസ്സിന്റെ ആഘോഷങ്ങളിൽ ഏർപ്പെടുമ്പോൾ, അലസമായി നാം ചെയ്യുന്ന കാര്യങ്ങൾ ക്രിസ്തുമസ്സിന്റെ അന്തസത്തയെ തന്നെ നശിപ്പിക്കുന്നതാണ് എന്ന് വിസ്മരിക്കരുത്. പലപ്പോഴും ആഘോഷങ്ങൾ പൊടിപൊടിക്കാൻ അനേകരും ലഹരിയുപയോഗിക്കുകയും മറ്റ് വിനാശകരമായ പല മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. വേറെ ചിലർ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നത് സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ്. ഇവ എല്ലാത്തിലൂടെയും സമൂഹത്തിന് ലഭിക്കുന്ന സന്ദേശം ക്രിസ്തുവിന്റെ മാർഗ്ഗത്തിന് ഘടകവിരുദ്ധമാണ്.
മറ്റൊരു ക്രിസ്മസ് സന്ദേശം ഇങ്ങനെ കുറെ വർഷങ്ങൾക്കു മുൻപ് ഒരു രാത്രിയിൽ ഒരു പ്രാർത്ഥനാ മീറ്റിങ് കഴിഞ്ഞ് ഞാൻ ഭവനത്തിലേക്ക് പോകുമ്പോൾ അവിടെ സമീപേ പാർക്കുന്ന ഒരു അന്ധൻ വെളിച്ചം ഒന്നുമില്ലാതെ എനിക്കെതിരെ വന്നു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: “തോമാച്ചാ ഈ രാത്രിയിൽ എവിടെ പോവുകയാണ്”? അദ്ദേഹം പറഞ്ഞു: “കുളിക്കാൻ”. ഞാൻ ചോദിച്ചു: “ഈ രാത്രിയിലോ”? അപ്പോഴാണ് ഞാൻ ഓർത്തത് അദ്ദേഹത്തിന് രാത്രിയും പകലും ഒരുപോലെയാണല്ലോ എന്ന്. അന്ധർക്ക് എന്ത് രാത്രി, എന്ത് പകൽ? രാത്രിയും പകലും അല്ലെങ്കിൽ ഇരുട്ടും വെളിച്ചവും അവർക്ക് ഒരുപോലെയാണ്. സൂര്യൻ ഉദിച്ചാലും, ഭൂമിയിൽ പ്രകാശം പരന്നാലും, അന്ധരുടെ ജീവിതത്തിൽ അതൊരു വ്യത്യാസം വരുത്തുന്നില്ല. ആ പ്രകാശം കാണുവാൻ അവർക്ക് കഴിയില്ലല്ലോ. എന്നാൽ കാഴ്ചയുള്ളവർക്ക് ഇരുളും പകലും തമ്മിൽ വലിയ അന്തരമുണ്ടല്ലോ. അന്ധന്മാർ രണ്ടുവിധമുണ്ട്. ഒരു കൂട്ടർ ബാഹ്യമായ കാഴ്ചയില്ലാത്തവർ. മറ്റെ കൂട്ടർ ആന്തരിക ദർശനമില്ലാത്തവർ. ആന്തരിക ദർശനം ഇല്ലായ്മ ബാഹ്യ കണ്ണുകളുടെ കാഴ്ചയില്ലായ്മയെക്കാൾ എത്ര ഭയങ്കരമാണ്! സത്യമെന്തെന്ന് വെളിപ്പെട്ടിട്ടും അത് അംഗീകരിക്കാത്തവരാണ് അവർ.
ഏതു മാർഗ്ഗമാണ് സ്വീകരിക്കേണ്ടതെന്ന് അറിയാമെങ്കിലും അത് സ്വീകരിക്കുവാൻ വൈമനസ്യം ഉള്ളവരാണ് അവർ. തങ്ങൾ പ്രവർത്തിക്കുന്നത് അനീതിയാണെന്ന് അറിയാമെങ്കിലും സാരമില്ലെന്ന് കരുതുന്നവരാണ് അവർ. പ്രകാശം അവരുടെ ഹൃദയങ്ങളിൽ വന്നിട്ടും അത് അംഗീകരിക്കാതെ കണ്ണടച്ച് ഇരുട്ടുണ്ടാക്കുന്നവരാണ് അവർ. പ്രകാശത്തോട് അവർക്ക് വെറുപ്പാണ്. ഇരുളിന്റെ പ്രവർത്തികളിൽ അവർ തൽപരരാണ്. “വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം” എന്ന കവി വചനം പോലെ അധർമ്മത്തിന്റെ മാർഗ്ഗത്തിൽ ജീവിക്കുന്നത് സുഖമായി കരുതുന്ന അനേകർ ഈ ലോകത്തിലുണ്ട്. പലപ്പോഴും നീതിമാന്മാർ എന്ന് സ്വയം കരുതുന്നവരും പലപ്പോഴും ചെറിയ ചെറിയ അധാർമിക മാർഗ്ഗങ്ങളിളിൽ സന്തോഷിക്കുന്നവരല്ലേ? അല്പം അധാർമികത കൂടാതെ ഈ ലോകത്ത് ജീവിക്കുവാൻ കഴിയില്ല എന്ന് കരുതുന്നവരാണ് അവർ. എന്നാൽ ഈ അധർമ്മത്തിന്റെ മാർഗ്ഗത്തിൽ നിന്നും ധർമ്മത്തിന്റെ മാർഗത്തിലേക്ക് വഴികാട്ടുന്നതിനാണ് യേശുക്രിസ്തു ലോകത്തിൽ ജാതമായത്. ഭക്തർ എന്ന സ്വയം കരുതിയിരുന്നവരുടെ മുൻപിലും അവരുടെ ദർശനങ്ങളിൽ നിന്നും ഉന്നതമായ ഒരു ദർശനം യേശു കർത്താവ് വെളിപ്പെടുത്തുകയായിരുന്നു. ആ പ്രകാശം ഉൾക്കൊള്ളാൻ മനസ്സില്ലാഞ്ഞവരാണ് അവനെ ക്രൂശിച്ചത്. യേശുവിന്റെ തിരുജനനത്തെ ലോകം ആഘോഷിക്കുന്ന ക്രിസ്തുമസിന്റെ ഈ കാലയളവിൽ വെളിച്ചം പ്രദാനം ചെയ്യുന്ന നവദർശനം ഉൾക്കൊള്ളുവാൻ നാം എത്രമാത്രം സന്നദ്ധരാണ്? ക്രിസ്തു ലോകത്തിന്റെ മുൻപാകെ വെളിപ്പെടുത്തിയ നീതിയുടെ മാർഗ്ഗത്തിൽ ജീവിക്കുവാൻ ക്രിസ്തുമസ് കാലം നമുക്ക് മുഖാന്തരമായി തീരട്ടെ.