ആൺപെൺ കുട്ടികൾ കളിക്കുക ആയിരുന്നു ആണിന്റെ കയ്യിലെ ഗോലി കൊടുത്താൽ പെൺകുട്ടി ചോക്ലേറ്റ് തരാം എന്ന് തീരുമാനം എടുത്തു പരസ്പരം കൊടുത്ത ശേഷം ആൺകുട്ടിക്ക് വലിയ സംശയമായി

EDITOR

അയൽക്കാരായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഒരുമിച്ച് കളിക്കുകയായിരുന്നു.ആൺ കുട്ടിയുടെ കൈവശം കുറെയേറെ ഗോലികളും പെൺകുട്ടിയുടെ കയ്യിൽ കുറെയേറെ ചോക്ലേറ്റും ഉണ്ടായിരുന്നു. ആൺകുട്ടിക്ക് ചോക്ലേറ്റ് ഇഷ്ടമായിരുന്നതിനാൽ അവയ്ക്കു പകരമായി തന്റെ എല്ലാ ഗോലികളും നൽകാമെന്ന് അവൻ അവളോട് പറഞ്ഞു. അവൾ അത് സമ്മതിച്ചു. ആൺകുട്ടി ഏറ്റവും മനോഹരമായ ഒരു ഗോലി മാറ്റിവെച്ച് ബാക്കിയുള്ളവ പെൺകുട്ടിക്ക് നൽകി. പെൺകുട്ടി വാഗ്ദാനം ചെയ്തതുപോലെ എല്ലാ ചോക്ലേറ്റും അവന് നൽകുകയും ചെയ്തു. എന്നാൽ അന്ന് രാത്രി ആൺകുട്ടിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, അവന് ഒരു സംശയം താൻ ഏറ്റവും മികച്ച ഗോലി ഒളിച്ചു വെച്ചതുപോലെ അവൾ കുറെ ചോക്ലേറ്റ് ഒളിച്ചു വെച്ചിട്ടുണ്ടാവുമോ എന്ന്. നാം എത്രമാത്രം വിശ്വസ്തരായിരിക്കുന്നുവോ അതിൻ പ്രകാരമാണ് മറ്റുള്ളവരെ വിശ്വസ്തരായി കാണുവാൻ കഴിയുന്നത്. നാം ചതിവ് കാട്ടുമ്പോൾ മറ്റുള്ളവരും അങ്ങനെയാണെന്ന് ചിന്തിച്ചേക്കാം.

മനുഷ്യബന്ധങ്ങളുടെ ഊഷ്മളത വിശ്വസ്തതയിൽ ആശ്രയിച്ചിരിക്കുന്നു. ഒരു വഞ്ചകന് ആരെയും വിശ്വസ്തരായി കാണുവാൻ കഴിയില്ല. ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിന്റെ ഒരു വലിയ പ്രശ്നമാണിത്. വ്യക്തി ബന്ധങ്ങളിലും സാമ്പത്തിക രംഗങ്ങളിലും താലന്തുകളുടെ വിനിയോഗത്തിലും എല്ലാം ഈ അവിശ്വസ്തത കടന്നുകൂടിയിരിക്കുന്നു. അഴിമതിയെ കുറിച്ചുള്ള വലിയ ആരോപണം ഈ കാലത്ത് നാം കേൾക്കാറുണ്ടല്ലോ. ആരോപണം ഉന്നയിക്കുന്നവർ ആരും അഴിമതി കാണിക്കില്ല എന്ന് പറയാൻ ആവാത്ത സാഹചര്യമാണ്. സാമൂഹ്യ സാംസ്കാരിക സാമ്പത്തിക അദ്ധ്യാത്മിക രംഗങ്ങളിൽ എല്ലാം ഇത് പടർന്നു പിടിച്ചിരിക്കുന്നു. ഇതിന്റെയെല്ലാം ഫലം ബന്ധങ്ങളിൽ ഉണ്ടാവുന്ന തകർച്ചയും അരാജകത്വവും തന്നെ. ഇന്ന് കുടുംബ ജീവിതത്തിലും ഈ പ്രശ്നം കടന്നുകൂടിയിരിക്കുന്നു. ഭാര്യ ഭർതൃ ബന്ധത്തിലെ അവിശ്വസ്തത അനേക കൊലപാതകങ്ങൾക്കും കാരണമായിട്ടുണ്ടല്ലോ.

മാതൃ പിതൃ പുത്ര ബന്ധങ്ങളെയും അവിശ്വസ്തത വികലമാക്കിയിരിക്കുന്നു.വ്യക്തിപരമായി ജീവിതം പരിശോധിച്ചാൽ നാം വിശ്വസ്തരാണ് എന്ന് നമുക്ക് നമ്മോട് തന്നെ പറയുവാൻ കഴിയുമോ? അവർ വിശ്വസ്തരോ എന്ന് ചിന്തിക്കുന്നതിനേക്കാൾ ഉചിതം ഞാൻ വിശ്വസ്ത നോ/യോ എന്നു ചിന്തിക്കുന്നതല്ലേ? ഹൃദയങ്ങളെയും അന്തരേന്ദ്രിയങ്ങളെയും ശോധന ചെയ്യുന്ന ദൈവത്തിനു മുൻപിൽ വിശ്വസ്തരായിരിക്കുവാൻ കഴിഞ്ഞാൽ അത് ജീവിതത്തിന്റെ ഭാഗ്യം! ജീവിതത്തിൽ നമുക്ക് ലഭിച്ചിട്ടുള്ളവ ഒന്നും നമ്മുടെ സ്വന്തം അല്ല ദൈവഹിതപ്രകാരം വിനിയോഗിക്കുവാൻ ദൈവം ഏൽപ്പിച്ച താലന്തകളാണ്, നാം അവയുടെ ഗ്രഹവിചാരകന്മാരും എന്ന് ഓർക്കുക.

മറ്റൊരു ഗുണപാഠം കഥ നാം ഒരുപാട് കേട്ടിട്ടുള്ളത് ഇങ്ങനെ സ്കൂളിൽ പഠിക്കുമ്പോൾ സാർ പറഞ്ഞ ഒരു കഥയാണിത്. ഒരു പക്ഷേ നിങ്ങളും കേട്ടിട്ടുണ്ടാവും. ഒരിക്കൽ ഒരു ക്ഷുരകന് ലോട്ടറിയടിച്ചു, ഒന്നാം സമ്മാനം . വലിയ സന്തോഷം. “ഇനിയും കണ്ടവന്റെ മുടിയും വെട്ടി നടക്കേണ്ടല്ലോ”, എന്നു പറഞ്ഞു അയാൾ കത്തിയും കൂടും സമീപം ഉണ്ടായിരുന്ന ആറ്റിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് നേരെ ലോട്ടറി ഓഫീസിലേക്ക് പോയി. സമ്മാനം ആവശ്യപ്പെട്ടു. അവർ പറഞ്ഞു ലോട്ടറി ടിക്കറ്റും കൊണ്ടു ചെല്ലണം എന്ന്. അപ്പോഴാണ് ഓർത്തത് ലോട്ടറി ടിക്കറ്റ് കത്തി വെച്ചിരുന്ന കൂടിലായിരുന്നു എന്ന്. മുടി വെട്ടുന്നതിനുള്ള കത്തിയും പോയി, ലോട്ടറിയും പോയി. അയാൾക്കു തന്നെ, താൻ ചെയ്തിരുന്ന തൊഴിലിനെ കുറിച്ച് ഒരു പതിത മനോഭാവമായിരുന്നു എന്ന് വ്യക്തമാണല്ലോ. ഏത് തൊഴിൽ ആയിരുന്നാലും അതേക്കുറിച്ച് നമുക്ക് ഒരു അഭിമാനം ഉണ്ടായിരിക്കണം. ആധാർമികവും സാമൂഹ്യദ്രോഹപരവുമായ തൊഴിലുകളിൽ ഏർപ്പെടാതെ സൂക്ഷിക്കണം. മനുഷ്യസമൂഹത്തിന് ഉപകാരപ്രദമായ ഏതു തൊഴിലും അന്തസ്സുള്ളതാണ്. എന്റെ ബാല്യകാലത്ത്, നേഴ്സിംഗിനെ കുറിച്ച് പലരും മോശമായി പറയുന്നത് കേട്ടിട്ടുണ്ട്. മാനവ സമൂഹത്തിന് ഏറ്റവും അനുഗ്രഹകരമായ ഒരു ശുശ്രൂഷ അല്ലേ അത്? ഗതികേടുകൊണ്ട് ഞാൻ ഈ ജോലി ചെയ്തു എന്ന് പറയാൻ ആർക്കും ഇടയാകരുത്. നാം ചെയ്യുന്ന ഏതു തൊഴിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളതെങ്കിൽ അത് ശ്രേഷ്ഠമാണ്.

വൈറ്റ് കോളർ ജോബിന് എല്ലായിടത്തും പ്രസക്തി കൂടുതൽ ഉണ്ടെങ്കിലും, കർഷകത്തൊഴിലാളികൾ ഇല്ലായിരുന്നുവെങ്കിൽ അവരും, പട്ടണത്തിലെ പൗരമുഖ്യന്മാരും പ്രമാണികളും പട്ടിണിയായി പോകുമായിരുന്നു. ഇന്ന് ബാർബർ ഷോപ്പുകൾക്ക് പലയിടത്തും ചില പുതിയ പേരുകളാണ്. പേര് മാറുന്നതുകൊണ്ട് ജോലിയുടെ അന്തസ് വർദ്ധിക്കും എങ്കിൽ അത് നല്ലതാണ്. മുൻകാലങ്ങളിൽ പല തൊഴിലുകളും ചില കുലങ്ങൾക്കു മാത്രമുള്ളതായിരുന്നെങ്കിലും, ഇന്ന് ഏതു തൊഴിലും ഏതൊരു വ്യക്തിക്കും അന്തസ്സോടെ ചെയ്യാവുന്നതാണ്. ഏതൊരു തൊഴിലും ഉപജീവനത്തിനു വേണ്ടി മാത്രം എന്ന് കരുതാതെ, സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ചെയ്യുന്നു ശുശ്രൂഷ എന്ന ബോധ്യത്തോടുകൂടി നിർവഹിക്കുവാൻ കഴിയണം. ഈ ബോധ്യം തൊഴിലാളിക്കും തൊഴിലുടമയ്ക്കും, സ്വയം ജോലി ചെയ്യുന്ന എല്ലാവർക്കും തങ്ങളുടെ ജോലിയെക്കുറിച്ച് അഭിമാനിക്കുവാൻ ഇടയാക്കുന്നതാണ്. ഓട വൃത്തിയാക്കുന്നവരും ശുചീകരണ തൊഴിലാളികളും എത്ര മഹത്തായ ശുശ്രൂഷകൾ ആണ് നിർവഹിക്കുന്നത്. ആ തൊഴിലുകൾ ചെയ്യുന്നവരെ ബഹുമാനിപ്പാൻ സമൂഹത്തിനും സാധ്യമാകട്ടെ