അർച്ചന എഴുതുന്നു ഇന്നലെ അത്യന്തം വേദനാജനകമായ ഒരു സംഭവമുണ്ടായി. സുഖമില്ലാതെ കിടക്കുന്ന ഒരു കുടുംബസുഹൃത്തിനെ കാണാൻ ഞങ്ങൾ രാവിലെ മൂന്നാർ ഭാഗത്തേക്ക് പുറപ്പെട്ടു. യാത്രാമധ്യേ കോതമംഗലത്തു നിന്നും LMS ബസിൽ കയറി. നേര്യമംഗലം കഴിഞ്ഞ് വനപ്രദേശത്തേക്കു കടന്ന് അല്പസമയത്തിനുള്ളിൽ ബസ് പെട്ടെന്ന് ഇടത്തേക്ക് വെട്ടിത്തിരിഞ്ഞതും മുൻപിൽനിന്ന് വലിയൊരു ശബ്ദംകേട്ടതും ഒരുമിച്ചായിരുന്നു. അമിതവേഗതയിൽ വന്ന ഒരു ബൈക്ക് ബസുമായി കൂട്ടിയിടിച്ചു.ബസിന്റെ ടയർ എന്തിലോ കയറിയിറങ്ങിയതു പോലെ തോന്നിയതുകൊണ്ടും സീൻകണ്ട യാത്രക്കാരുടെ പ്രതികരണങ്ങൾ കണ്ടും അപകടത്തിൽപ്പെട്ടവർ കിടക്കുന്നിടത്തേക്ക് നോക്കാൻ എനിക്ക് ആദ്യം തോന്നിയില്ല. പിന്നെ രണ്ടുംകല്പിച്ച് നോക്കി. ബസിന്റെ സൈഡിലായി റോഡിൽ രണ്ട് പയ്യൻമാർ കിടക്കുന്നു, ബൈക്കും അടുത്ത് കിടപ്പുണ്ട്. ബൈക്ക് ഓടിച്ചിരുന്നയാൾ എന്നു തോന്നിക്കുന്ന പയ്യൻ മലർന്നും മറ്റേ ആൾ ചെരിഞ്ഞുമാണ് കിടക്കുന്നത്. ഒറ്റനോട്ടത്തിൽ ഒടിവുകളോ വലിയ മുറിവുകളോ ഒന്നും കാണാനില്ല. ചെറിയ ചില മുറിവുകൾ മാത്രം.
മലർന്നു കിടക്കുന്ന പയ്യന് പക്ഷേ അനക്കമില്ല, കണ്ണുകൾ മുകളിലേയ്ക്ക് തുറിച്ചുനോക്കി കിടക്കുന്നു. ചെരിഞ്ഞു കിടക്കുന്നയാൾ ശ്വാസമെടുക്കുന്നുണ്ട്. ബസിലെയും അവിടേയ്ക്ക് വന്ന മറ്റു വാഹനങ്ങളിലെയും ആളുകൾ അവർക്കു ചുറ്റും കൂടിത്തുടങ്ങി.ഞാൻ പെട്ടെന്ന് ബസിൽ നിന്നിറങ്ങി അവിടേയ്ക്കു ചെന്നു. ആളുകളിൽ പലരും ആംബുലൻസ്, ഫയർ ഫോഴ്സ്, പോലീസ് ഇവർക്കൊക്കെ ഡയൽ ചെയ്യാൻ ശ്രമിക്കുകയാണ്. പക്ഷേ വനത്തിന്റെ നടുവിലായതുകൊണ്ട് ആർക്കും റേഞ്ച് കിട്ടുന്നില്ല, എനിക്കും കിട്ടിയില്ല. ഒരാൾ മരിച്ചു, മറ്റേ ആൾക്ക് ജീവനുണ്ട് എന്ന ധാരണയിലാണ് പലരും. ആംബുലൻസ് വരുന്നത് കാത്തുനിൽക്കാതെ അവിടെയുള്ള ഏതെങ്കിലും വണ്ടിയിൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാമെന്ന് ചിലർ പറയുന്നുണ്ട്.അനക്കമില്ലാതെ കിടക്കുന്ന പയ്യന് പൾസ് ഉണ്ടോയെന്നറിയാൻ കൈയ്യിൽ ഞാൻ പിടിച്ചുനോക്കി. പക്ഷേ പൾസ് കിട്ടിയില്ല. (കഴുത്തിൽ വിരലമർത്തി പൾസ് കണ്ടുപിടിക്കുന്നത് എനിക്കത്ര വശമില്ല, എന്റെ കഴുത്തിൽ വച്ചുനോക്കുമ്പോൾ പോലും പലപ്പോഴും പൾസ് കിട്ടാറില്ല, അതുകൊണ്ട് അതുപോലെ നോക്കിയില്ല).
സിവിൽ ഡിഫൻസ് ട്രെയിനിങ്ങിൽ പഠിച്ച പ്രകാരം ആൾക്ക് ബോധമുണ്ടോ എന്നറിയാൻ തോളിനും നെഞ്ചിനും ഇടയിലായി രണ്ടു കൈകൊണ്ടും സാമാന്യം ശക്തിയിൽ തട്ടിക്കൊണ്ട് മോനെ എന്ന് മൂന്നുനാലു തവണ ഉറക്കെ വിളിച്ചുനോക്കി. പെട്ടെന്നുതന്നെ ആ പയ്യൻ അനങ്ങി, ശ്വാസമെടുത്തു. രണ്ടാമത്തെ ആൾക്കും ജീവനുണ്ടെന്ന് അറിഞ്ഞതോടെ ആളുകൾക്ക് പ്രതീക്ഷയായി, കുറച്ചുപേർ പെട്ടെന്നുതന്നെ വണ്ടികൾ അന്വേഷിക്കാൻ തുടങ്ങി. ഒരാൾ ആ പയ്യന് കുറച്ച് വെള്ളം കൊടുത്തു. അപ്പോഴേക്കും ട്രാഫിക്ക് ബ്ലോക്കിൽ നിന്ന് ഒരു ഡോക്ടറെ ആളുകൾ കണ്ടുപിടിച്ചുകൊണ്ടു വന്നു. ഡോക്ടർ ആ പയ്യനെ പരിശോധിച്ചിട്ട് പെട്ടെന്ന് ഷിഫ്റ്റ് ചെയ്യണം എന്നുപറഞ്ഞു.വണ്ടി അന്വേഷിക്കാൻ ഞാനും കൂടി. കാറുകളുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു. രണ്ട് ജീവനുകളാണ് ആ കിടക്കുന്നത് എന്നൊക്കെ വണ്ടി അന്വേഷിക്കുന്നവർ പറയുന്നുണ്ടെങ്കിലും വാഹനഉടമകൾ ആരുംതന്നെ പ്രതികരിച്ചില്ല. അപ്പോഴേക്കും ഒരു ഓട്ടോയും പിക്കപ്പും ആളുകൾ തരപ്പെടുത്തി. ഓട്ടോയിൽ ഒരു പയ്യനൊപ്പം ബസിന്റെ കണ്ടക്ടർ ഉൾപ്പെടെ ആശുപത്രിയിലേക്ക് പോയി. പിക്കപ്പിൽ രണ്ടാമത്തെ പയ്യനുമായി വേറെ ആളുകളും. (ഓട്ടോ പോയതിനു ശേഷമാണ് പിക്കപ്പ് കിട്ടിയത്.
ആളെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോയിൽ കൊണ്ടുപോയ പയ്യനെയും പിക്കപ്പിലേക്ക് മാറ്റാം എന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു, വഴിക്കുവച്ച് അങ്ങനെ ചെയ്‌തോ എന്നറിയില്ല).ബസിന്റെ ഡ്രൈവറെ അവിടെയെങ്ങും കണ്ടില്ല. അദ്ദേഹം സ്ഥലത്തുനിന്ന് പോയി എന്നാണ് അറിഞ്ഞത്. പക്ഷേ ഡ്രൈവറുടെ ഭാഗത്ത് ഒരു പിഴവുമില്ല. ബസ് ഓവർസ്പീഡിൽ അല്ലായിരുന്നു. അതുകൊണ്ടു തന്നെ അപകടം നടക്കുന്നതിന് സെക്കന്റുകൾക്കു മുൻപ് അദ്ദേഹം വണ്ടി സൈഡിലേക്കു വെട്ടിച്ചു, അല്ലായിരുന്നെങ്കിൽ ബൈക്കും പയ്യന്മാരും വണ്ടിയുടെ അടിയിലേക്ക് ഇടിച്ചുകയറിയേനെ. അപകടം നടന്നിട്ടും സമചിത്തത കൈവിടാതെ അദ്ദേഹം വണ്ടി നിയന്ത്രിച്ചു നിർത്തി. അദ്ദേഹത്തെ ആരും കുറ്റംപറയില്ല, പക്ഷേ നിയമം അദ്ദേഹത്തെ കുറ്റക്കാരനാക്കരുത്.ബൈക്ക് ഓടിച്ചിരുന്ന പയ്യൻ മരിച്ചു എന്നാണ് പിന്നീട് അറിയാൻകഴിഞ്ഞത്. രണ്ടാമത്തെ ആളുടെ നില ഗുരുതരമാണെന്നും. പുറകിൽ ഇരുന്ന പയ്യന് ഹെൽമെറ്റ് ഉണ്ടായിരുന്നു. ഒരു ഹെൽമെറ്റ് റോഡ് സൈഡിൽ കിടപ്പുണ്ടായിരുന്നു (ബൈക്ക് ഓടിച്ച പയ്യൻ ഹെൽമെറ്റ് വച്ചിരുന്നോ അതോ chin strap ഇടാത്തതുകൊണ്ട് അപകടസമയത്ത് ഊരി തെറിച്ചുപോയതാണോ എന്നറിയില്ല). ഏതായാലും അമിതവേഗമാണ് അപകടം ഉണ്ടാക്കിയത്.
ഒരാൾ മരിച്ചു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിന് വല്ലാത്തൊരു ബുദ്ധിമുട്ടാണ്. ആ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണോ ഞാൻ ചെയ്തത്, ആ പയ്യനെ എങ്ങനെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നോ എന്നൊക്കെയുള്ള ചിന്തകളാണ് മനസ്സിൽ.ഞാൻ ഉൾപ്പെടുന്ന സിവിൽ ഡിഫൻസ് യൂണിറ്റ് ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തപ്പോൾ സിവിൽ ഡിഫൻസ് കോഓർഡിനേറ്ററും ഫയർ ആന്റ് റെസ്ക്യൂ ഓഫീസറുമായ സാർ അപകടം പറ്റി കിടന്നയാൾക്ക് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാൾ വെള്ളം കൊടുത്തതിലെയും ഓട്ടോ പോലെ ഇടുങ്ങിയ വാഹനത്തിൽ ആ വ്യക്തിയെ ഷിഫ്റ്റ് ചെയ്തതിലെയും പിഴവുകൾ ചൂണ്ടിക്കാട്ടി.ഫയർ ആന്റ് റെസ്ക്യൂ സർവീസസിനു കീഴിലുള്ള സിവിൽ ഡിഫൻസ് വോളന്ററി സേനയുടെ ഭാഗമായതിനാൽ മാത്രമാണ് ഒരു അപകടം കണ്ടപ്പോൾ അതിൽ ഇടപെടാനുള്ള അറിവും ആത്മവിശ്വാസവും എനിക്ക് കിട്ടിയത്. അല്ലെങ്കിൽ ഒരു കാഴ്ചക്കാരിയായി ഞാൻ മാറിനിൽക്കുകയേ ചെയ്യുമായിരുന്നൊള്ളൂ. സമയവും സാഹചര്യവും ഉള്ളവർ സിവിൽ ഡിഫൻസിൽ ചേരാൻ ശ്രമിക്കണം.