നിറ വയര്‍ താങ്ങിക്കൊണ്ട് ടെറസില്‍ കയറുമ്പോഴാണ് ദീപ്തിക്ക് വയറ്റില്‍ വേദന തോന്നിയത്. അപ്പോള്‍ തന്നെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. സന്തോഷിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. അതുകൊണ്ട് അതിനു നിന്നില്ല. അമ്മ വരുമ്പോഴേയ്ക്ക് ബ്ലീഡിംഗ് തുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ഒരു ഓട്ടോ വിളിച്ച അമ്മ അവളെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി.അവളെ നോക്കിയ ഡോക്ടര്‍ ഓപ്പറേഷന് വേണമെന്ന് പറഞ്ഞു. കൂടുതല്‍ ചിന്തിച്ചു നില്ക്കാന് പറ്റില്ല. അമ്മ ഓക്കേ പറഞ്ഞു. സന്തോഷിനെ ഉള്‍പ്പെടെ എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞ ശേഷം ആ ഹാളിലെ ബഞ്ചില്‍ ഇരുന്ന അമ്മയുടെ നെഞ്ചില്‍ തീയായി. ഒരു കൈ സഹായത്തിന് ഒരാളില്ലാതെ. അമ്മയുടെ നെഞ്ചിടിപ്പ് കൂടി. ഒന്നും വരുത്തല്ലേ ഭഗവാനെ എന്ന് ഉരുവിട്ട് കൊണ്ടിരുന്നു.ദൈവം ഇത്തവണയും കൂടെ നിന്നു. പെണ്‍കുഞ്ഞാണ്. ഇത് ദീപ്തിയുടെ നാലാമത്തെ പ്രസവമാണ്. നിര്‍ത്താന്‍ സന്തോഷ് സമ്മതിക്കുന്നില്ല. അവന് ആണ്‍കുട്ടി വേണം. ആദ്യത്തെ മൂന്നും പെണ്ണാണ്.
ഇത് വേണ്ടിയിരുന്നില്ല എന്ന് ദീപ്തി പലപ്പോഴും പറയുമെങ്കിലും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യ് മോളെ എന്ന് അമ്മ പറഞ്ഞ് നിന്നു. അമ്മയ്ക്കും മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.വീട്ടില്‍ കൊണ്ട് നിര്‍ത്തിയാല്‍ ഈ മൂന്നു മക്കളുടെ കാര്യം എങ്ങനെ നോക്കും. ദീപ്തിയുടെ അച്ഛന് മരിച്ചിട്ട് അഞ്ചു കൊല്ലമായി. അതിനു ശേഷമാണ് സന്തോഷ് ഇങ്ങനെ മാറിപ്പോയത്. ചോദിയ്ക്കാന്‍ ആരുമില്ലെന്ന അഹങ്കാരം. അമ്മ പലതിനോടും കണ്ണടച്ച് നിന്നു.ഹോസ്പിറ്റലില്‍ എത്തിയ സന്തോഷ് കുഞ്ഞിനെ കണ്ടു. ഒരു നോക്കില്‍ ആരോടും ഒന്നും മിണ്ടാതെ അയാള്‍ ഇറങ്ങി പോയി. ഇത്തവണ അമ്മയും ഞെട്ടി. നീ അഡ്ജസ്റ്റ് ചെയ്യ് എന്ന് ദീപ്തിയോടു പറയാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. അവര്‍ തമ്മില്‍ പ്രായ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ഒരു ജെനറേഷന്ഗ്യാപ്പ് വരുന്നുണ്ട്. ഇതൊന്നും ആരോടും പറഞ്ഞിട്ട് മനസ്സിലാകുന്നില്ല.മനസ്സിലാക്കുന്ന പലരും അതിനോട് പ്രതികരിക്കുന്നില്ല. ഇത് നിന്റെ വിധി എന്ന മട്ടിലാണ് എല്ലാവരും അവളോട് പെരുമാറുന്നത്. അവള് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞു. ആശ്വസിപ്പിക്കാന്‍ അമ്മയ്ക്കായില്ല.. അമ്മയും കരഞ്ഞു.
അന്നും പതിവ് തെറ്റാതെ ബാറില്‍ പോയ സന്തോഷ് ബാറില്‍ നിന്ന് ദീപ്തിയെ വിളിച്ചു. “ഡീ,, നീയെന്റെ ആണ്‍കുട്ടിയെ പെറും.. എന്നിട്ടേ നിര്‍ത്തൂ.അടുത്തെന് ദൈവത്തോട് പ്രാര്‍ത്ഥിച്ചോ” മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ സന്തോഷ് കോള്‍ കട്ട് ചെയ്തു. ഈ പ്രസവത്തില്‍ മരിച്ചു പോയിരുന്നെകില്‍ എന്ന് ഒരു നിമിഷം അവള്‍ക്ക് തോന്നി. അമ്മ ഇതിനോടും ഒന്നും പ്രതികരിച്ചില്ല.ഡിസ്ചാര്‍ജ് ദിവസമാണ് പിന്നെ സന്തോഷ് വരുന്നത്. ബില്‍ അടയ്ക്കാന്‍ നോക്കിയപ്പോള്‍ അത് വേണ്ടെന്നു പറഞ്ഞ അമ്മ ബില്‍ തുക തീര്‍ത്ത് കൊടുത്തു.അത് പതിവല്ലല്ലോ എന്ന് തോന്നിയ സന്തോഷിന്റെ മുഖം മാറിയിരുന്നു. ദീപ്തിയെ ഓട്ടോയില്‍ കയറ്റിയ അമ്മ സന്തോഷിന്റെ അടുത്ത് ചെന്നു.ഈ നാല് മക്കളെയും നോക്കാന്‍ പറ്റുന്ന ഒരു ബന്ധം ഞാനവള്‍ക്ക് നോക്കും. അത് പറ്റിയില്ലെങ്കില്‍ ഈ നാല് മക്കളെയും ഞാന്‍ മരിക്കുവോളം നോക്കും. ബാക്കി ഞാന്‍ അവള്‍ക്ക് വിട്ടു കൊടുക്കും. ഇനി എന്റെ അടിച്ചതിന്റെ അകത്ത് കയറരുത്.കയറിയാല്‍ വാക്കത്തിക്ക് വെട്ടും ഞാന്‍”അമ്മ പറയുന്നത് കേട്ട് സന്തോഷ് മരച്ചു നിന്ന് പോയി. അവന്റെ കൈ വിറയ്ക്കാന്‍ തുടങ്ങി.ഓട്ടോയില്‍ കയറാന്‍ പോയ അമ്മയ്ക്ക് എന്തോ ഒരു കുറവ് വീണ്ടും തോന്നി. തിരികെ വീണ്ടും സന്തോഷിന്റെ അടുത്ത് ചെന്ന അമ്മ അവന്റെ കരണം പുകച്ച് ഒരെണ്ണം കൊടുത്തു. ശേഷം ഓട്ടോയില്‍ കയറിയപ്പോള്‍ ദീപ്തിയും ഓട്ടോ ഡ്രൈവറും ഒരു നിമിഷം ഞെട്ടി പോയി.അയാള്‍ ഒന്നും മിണ്ടാതെ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. ദീപ്തിയും ഒന്നും പറഞ്ഞില്ല. കരഞ്ഞിരുന്ന അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വന്നിരുന്നു
എഴുതിയത് : വിപിൻ