വിവാഹ വാഗ്ദാനം നൽകി നിരവധി യുവതികളെ ലൈഗികപീഢനത്തിനിരയാക്കി, പണവും ആഭരണങ്ങളും തട്ടിയെടുത്ത വിരുതൻ ഈസ്റ്റ് പോലീസിന്റെ പിടിയിൽ.വിവാഹ വാഗ്ദാനം നൽകി, നിരവധി യുവതികളെ വലയിൽ വീഴ്ത്തുകയും, ഇവരിൽ നിന്നും പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത് ലൈംഗിക പീഢനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽ വീട്ടിൽ ഷിനോജ് ശശി 35 യെയാണ് ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റുചെയ്തത്.തട്ടിപ്പു രീതി ഇങ്ങനെ:ഫേസ്ബുക്കിലൂടേയും മറ്റ് സമൂഹ മാധ്യമങ്ങൾ വഴിയും, ഡൈവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളിൽ നിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തുന്നു. ഇവരെ പരിചയപ്പെട്ട്, സർക്കാർ ഉദ്യോഗസ്ഥനാണെന്നും, വിവാഹം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞ് കൂടുതൽ അടുത്തിടപഴകുന്നു. വിവാഹം കഴിക്കുന്നതിനുള്ള തിയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളേയും ബന്ധുക്കളേയും വിശ്വസിപ്പിക്കുന്നു.
ഇതിനുശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി, ശാരീരിക പീഢനം നടത്തുകയും, പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.അറസ്റ്റിലായത് പാലക്കാട് സ്വദേശിനിയുടെ പരാതിയിൽ:
വിവാഹം വേർപെടുത്തിയ പാലക്കാട് സ്വദേശിയായ യുവതിയെ ഇയാൾ ദിവസങ്ങൾക്കുമുമ്പേ പരിചയപ്പെട്ടിരുന്നു. വിശ്വസനീയമായ രീതിയിൽ ഓൺലൈനിലൂടെ സംസാരിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും, ചെയ്തശേഷം 13.06.2022 തിയതി തൃശൂർ നഗരത്തിലേക്ക് വിളിച്ചുവരുത്തുകയും, പിറ്റേന്ന് ഗുരുവായൂരിൽ പോയി വിവാഹം നടത്താമെന്ന ഉറപ്പു നൽകി, തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് ലൈംഗിക പീഢനം നടത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിന് സമീപം സ്ത്രീയെ അവിടെ നിർത്തി മുങ്ങുകയും ചെയ്തു.
പീഢനത്തിനിരയായ സ്ത്രീ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.വ്യാജ ഫേസ്ബുക്ക് വിലാസം.അരുൺ ശശി എന്ന വിലാസത്തിലാണ് ഇയാൾ ഫേസ്ബുക്കിൽ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോൻ എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാർത്ഥ പേരും, വിലാസവും ആരോടും വെളിപ്പെടുത്തിയിരുന്നില്ല.പ്രതി വിവാഹ മോചിതനും, ഒരു കുട്ടിയുടെ പിതാവും.
അറസ്റ്റിലായ പ്രതി ഷിനോജ് പത്തുമാസം പ്രായമായ ഒരു കുട്ടിയുടെ പിതാവും വിവാഹബന്ധം വേർപെടുത്തിയയാളുമാണ്. കബളിപ്പിക്കപ്പെട്ടത് നിരവധി സ്ത്രീകൾ.പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നുമാണ് കൂടുതൽ തട്ടിപ്പു വിവരങ്ങൾ പുറത്തായത്. സമാന രീതിയിൽ നിരവധി സ്ത്രീകളെ കബളിപ്പിച്ച് ലൈംഗിക പീഢനം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
ഇയാളുടെ ടെലിഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും നിരവധി സ്ത്രീകളെ ഇയാൾ ബന്ധപ്പെട്ടു വരുന്നതായി അറിവായിട്ടുണ്ട്. വിവാഹം ബന്ധം വേർപെടുത്തിയ തൃശൂർ സ്വദേശിനിയായ ഒരു യുവതിയെ വിവാഹവാഗ്ദാനം നൽകി, അവരുടെ പേരിൽ വാങ്ങിയ ഒരു സ്കൂട്ടർ ഇയാൾ തട്ടിയെടുത്ത് ഉപയോഗിച്ചു വരികയായിരുന്നു. ഇയാളെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് നിരവധി സ്ത്രീകൾ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ടുവരുന്നുണ്ട്. ഇനിയും നിരവധി പേർ പരാതിയുമായി എത്താൻ സാധ്യതയുള്ളതായി ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ അറിയിച്ചു.അന്വേഷണ സംഘാംഗങ്ങൾ.ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ദുർഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർ ഹരീഷ്, സൈബർ സെൽ സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ കെ.ജി, നിധിൻ കെ.എസ്.