വലിയ തിരക്കില്ലാത്ത ഒരു വൈകുന്നേരം ഓഫീസിൽ വെറുതെ ഇരുന്നു കിനാവ് കാണുമ്പോഴാണ് ആ മനുഷ്യൻ ആദ്യമായി എൻ്റെ മുന്നിലേക്ക് വന്നത്.എൻ്റെ മുന്നിലേക്ക് നീട്ടി പിടിച്ച ഇടത്ത് കയ്യിൽ മൂന്ന് ലോട്ടറി ടിക്കറ്റുകൾ ഉണ്ടായിരുന്നു.ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് തന്നെ രണ്ടാമത് ഒന്നാലോചിക്കാതെ ഞാൻ പറഞ്ഞു “വേണ്ട”ഈ മൂന്നെണ്ണം കൂടിയേ ഉള്ളൂ മോളെ ഇതും കൂടി തീർന്നാൽ വീട്ടിൽ പോകാമായിരുന്നു..എന്നിട്ടും എനിക്ക് എടുക്കാൻ തോന്നിയില്ല.ലോട്ടറിയോട് പണ്ടെ എനിക്ക് വിരോധമാണ്.”ഞാൻ ഒരെണ്ണം എടുത്താലും വീണ്ടും രണ്ടെണ്ണം മിച്ചം വരില്ലേ.അതെന്ത് ചെയ്യുംഞാൻ ചോദിച്ചു.ഇവിടെയുള്ള സാറമ്മാരോട് പറയുവോ ഇതും കൂടി എടുക്കാൻ.ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.പ്രതീക്ഷയോടെ നിൽക്കുന്ന ആ കണ്ണുകളിൽ നോക്കി.ആ ദൈന്യത യാർന്ന മുഖത്ത് നോക്കി വീണ്ടുമൊരിക്കൽ കൂടി “വേണ്ട “എന്ന് പറയാൻ എനിക്ക് തോന്നിയില്ല.
ഞാൻ എൻ്റെ തൊട്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന സൗമ്യ ചേച്ചിയെ നോക്കി.കണ്ണ് കൊണ്ട് എടുതേക്ക് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് സൗമ്യ ചേച്ചി എണ്പത് രൂപയെടുത്ത് എൻ്റെ നേർക്ക് നീട്ടി.അപ്പോ തന്നെ അടുത്ത റൂമിൽ നിന്നും ഞങ്ങളുടെ ഓഫീസറും വിളിച്ചു പറഞ്ഞു.ദിവ്യാ…എനിക്ക് കൂടി ഒരെണ്ണം എടുത്തോ.അങ്ങനെ ആ മൂന്ന് ടിക്കറ്റും തന്ന് പൈസ കൊടുത്തതും വാങ്ങി അയാള് പോയി…
പിറ്റേന്ന് സർ ലീവായിരുന്നൂ.അതിനു പിറ്റെ ദിവസം രാവിലെ ഓഫീസിലേക്ക് കയറുമ്പോൾ എന്നും ചിരിയും കളിയും തമാശയും ഒക്കെയായി ഓഫീസ് അന്തരീക്ഷം കൂൾ ആക്കുന്ന സർ മ്ളാനമായ മുഖത്തോട് കൂടിയിരിക്കുന്നു.ഗുമ്മോണിങ്.എന്ത് പറ്റി..”ഞാൻ ചോദിച്ചു.തിരിച്ച് വിഷമത്തോടെയുള്ള ഒരു പുഞ്ചിരി മാത്രം.ഞാൻ ഒന്നുമറിയാതെ ഞങ്ങളുടെ കൂടെയുള്ള പ്രശാന്തിനെ നോക്കി
“സാറിന് ലോട്ടറി അടിച്ചു…”പ്രശാന്ത് പറഞ്ഞു.
ലോട്ടറി അടിച്ചെന്ന് അറിഞ്ഞിട്ട് വിഷമിച്ചിരിക്കൂന്ന ഒരാളെ ഞാൻ ആദ്യം കാണുകയായിരുന്നു.അന്തം വിട്ടമതിരി സാറിനെ നോക്കിയ എന്നോട് സർ പറഞ്ഞു.ദിവ്യാ..ഞാനിന്നലെ എൻ്റെ കസിൻ്റെ ഒരു സർജറി കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽ പോയിരുന്നു..അവിടെ വെച്ച് ഞാൻ നമ്മുടെ ലോട്ടറിക്കാരനെ കണ്ടൂ.അയാളൊരു ക്യാൻസർ രോഗിയാണ്.ഇത്തിരി മോശമാണ് അയാളുടെ സാഹചര്യം.സർ എന്താ പറഞ്ഞു വരുന്നത് എന്നറിയാൻ വേണ്ടി ഞാൻ സാറിനെ തന്നെ നോക്കിയിരുന്നു.ഞാൻ അയാളുടെ വീട്ടിൽ അന്വേഷിച്ചിരുന്നു. ഭാര്യക്കും സുഖമില്ലാത്തതാണ്.ഞാൻ എനിക്ക് കിട്ടിയ അയ്യായിരം രൂപ അയാൾക്ക് തന്നെ കൊടുക്കാൻ പോവുകയാണ്.നല്ല തീരുമാനമാണ് സർ.ഞാൻ ആയിരം രൂപ കൂടി തരാം.അതും കൂടി ചേർത്ത് കൊടുക്കൂ.ഞാൻ പറഞ്ഞു.
എന്നാ പിന്നെ നമുക്കെല്ലാർക്കും കൂടി കുറച്ച് പൈസയിട്ട് ആ അയ്യായിരം ഒരു പതിനായിരം ആക്കി കൊടുത്താലോ.അഭിപ്രായം പ്രശാന്തിൻ്റെ ആയിരുന്നു.വിഷമിച്ചിരുന്ന ഞങ്ങളുടെ കോമഡി രാജാവിൻ്റെ മുഖം സ്വർണ്ണം പോലെ തിളങ്ങി.രണ്ടു ദിവസത്തിനു ശേഷം ആ പൈസ പ്രശാന്തും സാറും കൂടി അയാൾക്ക് കൊണ്ട് കൊടുത്തു്.കടലിൽ ഒരു വെള്ളതുള്ളി വീഴുന്നത് പോലെയേ അതുള്ളു എന്നറിയാം.എന്നാലും പറ്റുന്നത് പോലെ.സാറിൻ്റെ മുഖം സ്വർണ്ണം പോലെയാണ് തിളങ്ങിയത് എങ്കിൽ ആ ലോട്ടറിടിക്കറ്റ് കാരൻ്റെ മുഖം നന്ദിസൂചകമായി വജ്രം പോലെയാണ് തിളങ്ങിയത് എന്ന് പ്രശാന്ത് പറഞ്ഞപ്പോൾ എന്തിനോ അയാളുടെ ആ ദൈന്യത നിറഞ്ഞ മുഖം എൻ്റെ മനസ്സിലേക്ക് വന്നു.അതിനും അപ്പുറം ഹൃദയത്തിൻ്റെ കോണിൽ എവിടെയോ ഒരു ആശ്വാസവും.
എഴുതിയത് : ദിവ്യ