രണ്ട് വർഷത്തെ വിവാഹ ജീവിതത്തിൽ ഒരമ്മയാവാൻ കഴിയില്ലെന്ന് ഡോക്ടർ വിധിയെഴുതിയ കാരണത്താൽ മൊഴി ചെല്ലപ്പെടുമ്പോൾ ജീവിതം അവസാനിപ്പിക്കാനാഗ്രഹിച്ചിരുന്നു.സഹതാപത്തോടെയുള്ള വാക്കുകളും മാറ്റി നിർത്താലുകളും ജീവിതത്തിലേറെ വേദനപ്പിച്ചു.നാലാള് കൂടുന്നിടത്ത് പോലും പോകാൻ പറ്റാതെ വന്നു.ചെറിയ കുട്ടികളുള്ള അമ്മമാര്‍ ഞാൻ കണ്ടാൽ ദൃഷ്ടി ദോഷം വരുമെന്ന് പറഞ് കുട്ടികളെയും കൊണ്ട് എന്റെടുത്തേക്ക് പോലും വരാതെയായി.ഇരുപത്തി രണ്ടാം വയസ്സിൽ വിവാഹമോചനം നേടി ജീവിക്കുന്നത് കാണുമ്പോൾ നാട്ടിലെ പലപുരുഷ കേസരികളും ഞരമ്പുരോഗത്തിന്റെ പല
രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.ഇതിനിടയിൽ സ്വന്തം ജീവിത മാർഗ്ഗത്തിന് വേണ്ടി തയ്യൽ പഠിക്കാൻ തീരുമാനിച്ചു.അവിടെ വെച്ചാണ് വിദേശത്ത് ഹോം നഴ്സായി ജോലി ചെയ്യുന്ന ബീന ആന്റിയെ പരിചയപ്പെടുന്നത്.സംസാരത്തിനിടയിൽ ജോലി ചെയ്യുന്ന വീട്ടിലേക്ക് ഒരാളെ ആവശ്യമുണ്ടെന്ന് ബീന ആന്റി അമൃതയോട് പറഞ്ഞു.ജോലിക്ക് താല്പര്യമുണ്ടെങ്കിൽ പറയാനാവശ്യപ്പെട്ടു.ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ മനസ്സ് കാത്ത് നിൽക്കുമ്പോഴാണ് ആന്റിയുടെ ക്ഷണം.അമൃതയുടെ വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ ആന്റിയോട് താല്പര്യം അറിയിച്ചു.
വിവാഹ പ്രായമെത്തിയ അനിയത്തിക്ക് വിവാഹമോചനം നേടിയ സഹോദരി വീട്ടിലുണ്ടെന്ന് പറയുന്നത് പോലും വീട്ടിലുള്ളവർക്ക് നാണക്കേടായി തോന്നി തുടങ്ങിയിരുന്നു.അതും മച്ചിയെന്ന് മുദ്രകുത്തപ്പെട്ടവൾ ഈ യാത്ര തീർത്തും അനിവാര്യമായിരുന്നു ബീനാന്റിയുടെ കൂടെ തന്നെ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.രണ്ടാൾക്കും ഒരേ വീട്ടിൽ തന്നെയാണ് ജോലി.ഒഴിവ് സമയങ്ങളിൽ പരസ്പരം സങ്കടങ്ങൾ പങ്ക് വെയ്ക്കാൻ തുടങ്ങി.ഇന്നോളം ഒറ്റപ്പെട്ടതെല്ലാം ചെറിയ നാളുകൾ കൊണ്ട് നേടിയത് പോലെ തോന്നി തുടങ്ങി.എല്ലാ മാസവും മുടങ്ങാതെ നാട്ടിലേക്കുള്ള പണമയച്ചു.എങ്കിലും…അമ്മയാവുക എന്ന സ്വപ്നം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.അർബാബിന്റെ ഭാര്യ ശൈഖ ഇഹ്സാന പ്രസവിച്ചു.പുതിയൊരു കുഞ്ഞു വാവ ജനിച്ചതിൽ വീട്ടിൽ വലിയ ആഘോഷമായിരുന്നു…!പക്ഷെ ഒരമ്മയാവാൻ കഴിയാത്ത ഓർമ്മകൾ അമൃതയുടെ മനസ്സിനെ ഇടയ്ക്കിടയ്ക്ക് നൊമ്പരപ്പെടുത്തിയിരുന്നു.ശൈഖയുടെ എല്ലാ കാര്യങ്ങൾക്കും അമൃതയെയാണ് വിളിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണൊരു കുഞ്ഞു വാവയെ അമൃതയുടെ കയ്യിൽ കിട്ടുന്നത്.ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു കുഞ്ഞിനെ കൈകൊണ്ട് തൊടുന്നത്.മച്ചിയായ പെണ്ണ് കുഞ്ഞുങ്ങളെ കണ്ടാൽ എന്തോ അപരാധം ആണെന്ന് ചിലരുടെ സംസാരത്തിലൂടെ കേട്ടതിൽ പിന്നെ ഒറ്റ കുഞ്ഞുങ്ങളെയും ഇതുവരെ നോക്കാറുപോലും ഇല്ല.പക്ഷെ… ശൈഖ കുഞ്ഞിനെ കയ്യിൽ തന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു.സന്തോഷം കൊണ്ടായിരിക്കാം.കുഞ്ഞിനെ പൊതിഞ്ഞ തുണിയിൽ ആദ്യമായി മഞ്ഞ നിറം കണ്ടപ്പോൾ അറപ്പ് തോന്നിയെങ്കിലും…അതെല്ലാം വൃത്തിയാക്കി കുഞ്ഞിനെ മറ്റൊരു പുതപ്പിൽ കിടത്തി.കണ്ണിമ ചിമ്മാതെ കുഞ്ഞിനെ തന്നെ നോക്കിയിരുന്നു.സുന്ദരികുട്ടിശൈഖ പാല് കൊടുക്കാൻ വേണ്ടി മാത്രം കുട്ടിയെ വാങ്ങിക്കുംബാക്കി മുഴുവൻ സമയവും അമൃതയോടപ്പമായി…കുട്ടിയെ മാത്രം നോക്കിയാൽ മതീ.വീട്ടിലെ മറ്റു ജോലികളെല്ലാം മറ്റു ആയമാര്‍ ചെയ്യുമെന്ന് ശൈഖ അമൃതയോട് പറഞ്ഞു.അമൃതയ്ക്ക് എന്തെന്നില്ലാത്ത സന്തോഷമായി.
ഏഴാം ദിവസം കുഞ്ഞിന്റെ മുടിയെല്ലാം ഡ്രിം ചെയ്ത് ഒഴിവാക്കിമൊട്ടയായ ചുന്ദരികുട്ടിഹുദാ ബിൻത് ഹംദാൻ അൽ ഖുബൈഷി ” എന്ന് പേരിട്ടു.ഹംദാൻ എന്നത് കുട്ടിയുടെ വാപ്പയുടെ പേരാണ്.കുഞ്ഞിനെ എല്ലാവരും ഹുദാ എന്ന് വിളിക്കുംപ്രസവിച്ചു പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ശൈഖ ഷോപ്പിങ്ങിനും മറ്റും പുറത്ത് പോകാൻ തുടങ്ങി.പക്ഷെപെട്ടെന്ന് തന്നെ തിരിച്ചു വരും.വന്നാലുടനെ കുഞ്ഞിന് വയറ് നിറച്ച് പാല് കൊടുക്കുംഅത് കഴിഞ്ഞാൽ പിന്നെ അമൃതയ്ക്ക് കുഞ്ഞിനെ ഉറക്കേണ്ട ജോലി മാത്രം.മൂന്ന് മാസം കഴിഞ്ഞപ്പോൾ വല്ലപ്പോഴും മാത്രമായി പാല് കൊടുക്കൽ.പിന്നെ പൗഡർ കലക്കി കൊടുക്കാൻ തുടങ്ങി.ഇത് കുഞ്ഞിന് വയറിളക്കമുണ്ടാക്കി.ഇതോടെ വിശന്ന് കരയാന്‍ തുടങ്ങി.പേറ്റു നോവറിഞ്ഞില്ലെങ്കിലും വളർത്തു നോവറിഞ്ഞ അമൃതയ്ക്ക് സങ്കടം സഹിക്കാൻ പറ്റാതെയായി.പകലന്തിയോളം കുഞ്ഞിനേയും തോളിലിട്ട് നടക്കാൻ തുടങ്ങി.കരയുമ്പോഴെല്ലാം പൗഡർ കലക്കി കൊടുത്തു.ശൈഖയും ഹംദാനും രാത്രിയുടെ യാമങ്ങളിൽ പുതുചരിത്രം തീർക്കുമ്പോൾ…അമൃത ഹുദയെ അമൃതം ചുരത്താത്ത മാറോട് ചേർത്ത് കിടത്തി.
ഒരമ്മയാവാനുള്ള കൊതികൊണ്ട് മാറിലെ മൊട്ടുകൾ കുഞ്ഞിന്റെ നറുപുഞ്ചിരി വിടരുന്ന ചുണ്ടിലേക്ക് പലപ്പോഴും വെച്ച് കൊടുത്തിട്ടുണ്ട്.ആ കുഞ്ഞു ചുണ്ടുകള്‍ ഞെട്ടുകൾ വലിച്ചു കുടിക്കുമ്പോൾ ശൂന്യമായിരുന്നു.എങ്കിലും…മുലയൂട്ടിയെന്നൊരു തോന്നല്‍.ആഴ്ച്ചകൾ മാസങ്ങളായി.ഹുദാ ചിരിക്കാൻ തുടങ്ങി.അവളുടെ ഉമ്മയെക്കാൾ കൂടുതൽ അമൃതയെ കാണാൻ തുടങ്ങി.മോളെ……പൊന്നു…ചിന്നൂ എന്നൊക്കെ വിളിക്കുമ്പോൾ ചിരിക്കാൻ തുടങ്ങി.ആദ്യമായി മാമാ…മാമ എന്ന് വിളിച്ചപ്പോൾ അമ്മേ എന്ന് വിളിച്ച സന്തോഷമായിരുന്നു അമൃതയ്ക്ക്.ആ കുഞ്ഞു കവിളുകളെ മുത്തം കൊണ്ട് നിറച്ചു…കണ്ണുനീര് ചാലിട്ടൊഴുകി.
ആദ്യമായ് മുട്ടുകുത്തി നടക്കാൻ തുടങ്ങിയപ്പോൾ അമൃതയെ തേടി നടന്നു.രണ്ടുപേരും ഒളിച്ചു കളിക്കാൻ തുടങ്ങി.ഹുദയെ ശൈഖ വല്ലപ്പോഴും മുലപ്പാൽ കൊടുക്കാൻ കൊടുക്കാൻ വേണ്ടി മാത്രം വാങ്ങും.മറ്റു മുഴുവൻ സമയവും അമൃതയോടപ്പമായി.അമൃത നാട്ടിലേക്ക് വിളിക്കാൻ പോലും മറന്ന് തുടങ്ങി. വല്ലപ്പോഴും മാത്രം വിശേഷങ്ങൾ തിരക്കാൻ വേണ്ടി വിളിക്കും.അതിനിടയിൽ അനിയത്തിയുടെ വിവാഹം ഭംഗിയായി നടന്നു.
ശൈഖയും കുടുംബവും നല്ല രീതിയിൽ തന്നെ വിവാഹത്തിന് വേണ്ടി സാമ്പത്തികമായി സഹായിച്ചു.കുഞ്ഞിന്റെ ആദ്യത്തെ പിറന്നാളിന് വീട്ടിലെ എല്ലാവർക്കും ശൈഖ വസ്ത്രങ്ങൾ വാങ്ങി നൽകി.അമൃതയ്ക്ക് മാത്രം രണ്ട് കൂട്ട് വസ്ത്രങ്ങൾ.ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചൊരു തുകകൊണ്ട് പൊന്നുവിന് ചെറിയൊരു സ്വർണ്ണത്തിന്റെ ബ്രേസ്ലെറ്റ് വാങ്ങി പോറ്റമ്മയുടെ സമ്മാനമായി നൽകി.ഹുദയും അമൃതയും അത്രമേൽ അഘാതമായി അടുത്തിരുന്നു.ചെറുതായിട്ടൊന്ന് പനിച്ചപ്പോഴേക്കും ചുട്ടുപൊള്ളിയത് അമൃതയുടെ ഹൃദയത്തിലായിരുന്നു…!ഉറക്കമൊഴിച്ചു സങ്കടത്തോടെ കാത്തിരുന്നു.നാട്ടിലേക്ക് തിരികെ വിളിക്കുമ്പോഴെല്ലാം മകളെ തനിച്ചാക്കി പോകാൻ മനസ്സനുവദിച്ചില്ല.രണ്ട് വർഷങ്ങൾക്ക് ശേഷംരണ്ടുമാസത്തെ ലീവിന് നാട്ടിൽ പോയി വരാൻ പറഞ്ഞപ്പോൾ…ലീവ് വേണ്ടെന്ന് പറയാനാണ് ആദ്യം മനസ്സ് കൊതിച്ചത്.എന്നിട്ട് ഒരു മാസമാക്കി സ്വയം വെട്ടിചുരുക്കി.നാട്ടിലേക്ക് യാത്ര തിരിക്കും നേരം ഹുദയെ കരഞ്ഞു കൊണ്ട് തുരുതുരാ ഉമ്മവെച്ചു.അത് കണ്ട് നിന്നവരെ പോലും സങ്കടപ്പെടുത്തി.
ഹുദയും ഈ കാലയളവിൽ മറ്റു ജോലിക്കാർക്കൊപ്പം തൃപ്തയായിരുന്നില്ല.വാശിയും കുറുമ്പും കാണിക്കും കഷ്ടിച്ചു ഒരു മാസം പൂർത്തിയാക്കി തിരികെയെത്തി.വീട്ടുകാരിയും ജോലിക്കാരിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അമൃതയും ഹുദയും തമ്മിലുണ്ടായിരുന്നത്.അമ്മയും മോളും പോലെയായിരുന്നു.എല്ലാ സമയത്തും അവരൊരുമിച്ചായിരുന്നു.ശൈഖ വീണ്ടും ഗർഭിണിയായി.അമൃതയ്ക്ക് പേടിയാവാൻ തുടങ്ങി.ഇനി ഹുദയെ എങ്ങാനും മാറ്റി നിർത്തുമോ എന്ന് ഭയപ്പെട്ടു.ഭയപ്പെട്ടതുപോലെ സംഭവിച്ചു.ഹുദയെ അമൃതയിൽ നിന്നും മാറ്റി കിടത്തി.അതോടെ കിടന്നിട്ട് ഉറക്കം വരാതെയായി.സ്വന്തമല്ലെന്നറിഞ്ഞിട്ടും ചേർത്തുപിടിച്ച ആ കുഞ്ഞി കൈകളെ മാറോട് ചേർക്കാൻ കഴിയാതെ വന്നപ്പോൾ ഹൃദയം പൊട്ടി.ഇന്നോളം കൂടെ കിടന്ന് മാറോട് ചേർത്തവളെ കാണാതെ വന്നപ്പോൾ ഹുദയുടെ ഉറക്കവും നഷ്ടപ്പെട്ട് കരയാൻ തുടങ്ങി.തൊട്ടടുത്ത മുറിയിൽ നിന്നും കരച്ചില് കേട്ടപ്പോൾ അറിയാതെ ചാടി എണീറ്റു.ആ വാതിലിനരികില്‍ നേരം പുലരുവോളം കാത്തിരുന്നു.ഹുദയും അമൃതയും തമ്മിലുള്ള ബന്ധം വീട്ടിലും വലിയ ചർച്ചയായി.ഹുദയ്ക്ക് അത്രമേൽ ഇഷ്ടമായിരുന്നു അമൃതയെ സ്കൂളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ എല്ലാം ഒരുക്കി കൊടുക്കുന്നതും അമൃതയായിരുന്നു.
വർഷങ്ങൾ പിന്നിട്ടെങ്കിലും അവരിലെ അടുപ്പം കൂടി കൊണ്ടേയിരുന്നു.ശൈഖയ്ക്ക് മറ്റു കുട്ടികള്‍ ജനിച്ചെങ്കിലും ഹുദയുടെ കാര്യത്തിൽ മാത്രമായിരുന്നു അമൃതയുടെ ചുമതല.അത് എല്ലാം ഭംഗിയായി തന്നെ നിർവഹിച്ചു.ഹുദ ഋതുമതിയായി”ചുവന്ന് തുടുക്കും ദിനങ്ങളിൽ ദേഷ്യ കൂടുതലും സങ്കടങ്ങളും കുന്ന് കൂടി.അടിവയറ്റിൽ ചുട്ട് പൊള്ളിയത് കൊണ്ടാകണം അവള് ചുരുണ്ട് കിടന്നുറങ്ങിയതുംഅപ്പോഴെല്ലാം സ്നേഹ തലോടലായ് പോറ്റുമ്മ കാവലിരിക്കും.ശൈഖയ്ക്ക് ഹുദയുടെ ഇത്തരം കാര്യങ്ങളിലൊന്നും ശ്രദ്ദിക്കാൻ സമയം കിട്ടാറില്ല.അത് കൊണ്ടായിരിക്കാം ഹുദ പലപ്പോഴും അമൃതയെ മാമാ എന്ന് വിളിച്ചിട്ടുള്ളതും.
നന്നായിട്ട് പഠിക്കുന്ന കൂട്ടത്തിലായിരുന്നു.പഠനത്തിൽ മികവ് പുലർത്തിയതിനാൽ ഉപരിപഠനത്തിന് വേണ്ടി കാനഡയിലേക്ക് പുറപ്പെട്ടു…!അമൃതയ്ക്ക് അവളുടെ യാത്രകളിൽ കൂടുതൽ സങ്കടമുളവാക്കി.ആദ്യമായി ഒറ്റപ്പെടൽ അനുഭവപ്പെട്ടു.
അതിഥിക്കെങ്ങിനെ വീട്ടുകാരിയെ തിരുത്താൻ കഴിയും …?പോകേണ്ടെന്ന് പറയാൻ കഴിയില്ലല്ലോ…?മനസ്സില്‍ പിറുപിറുത്തു.
പഠനം കഴിഞ്ഞു തിരിച്ചു വരുന്നത് വരെ നിങ്ങൾ ഇവിടെ തന്നെ നിൽക്കണമെന്ന് അമൃതയോട് ആവശ്യപ്പെട്ടു.മോളില്ലാതെ ഇവിടെ ഒരു നിമിഷം പോലും എനിക്ക് നില്ക്കാൻ കഴിയില്ലെന്ന് ഹുദയോട് പറഞ്ഞു.ആദ്യമായിട്ടവർ പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു.ഒന്നാം പിറന്നാളിന് നൽകിയ സമ്മാനത്തിന് പകരമായി കൈനിറയെ സമ്മാനങ്ങളാണ് ഹുദാ പോറ്റുമ്മയ്ക്കായ് നൽകി.അതിൽ വില കൂടിയൊരു ഫോണും…രണ്ടാഴ്ച്ചയ്ക്ക് ശേഷം അമൃത വിസ ക്യാൻസലാക്കി സങ്കടത്തോടെ നാട്ടിലേക്ക് തിരിച്ചു.ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് മനസ്സിലുറപ്പിച്ചു.സ്വന്തമെന്ന് പറയാനില്ലെങ്കിലും പതിനെട്ടു കൊല്ലം പോറ്റുമ്മയായ് ജീവിച്ചു.
ഇനി…ആ ഓർമ്മകൾ മാത്രം മതീ ജീവിതത്തിനെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.ഒരമ്മ മകൾക്ക് നൽകേണ്ട മുഴുവൻ വാത്സല്യവും ഹുദയ്ക്കായ് വേണ്ടി നൽകിയിട്ടുണ്ട്.ഒരു അമ്മയ്ക്ക് കിട്ടേണ്ട മുഴുവൻ പരിഗണനയും തിരിച്ചും കിട്ടി.ഇടയ്ക്കിടക്ക് ഹുദ അമൃതയെ വിളിക്കും അതോടപ്പം വാട്സ്ആപ്പിൽ മെസേജുകളയക്കും.
ഇതിനിടയിൽ പലവട്ടം കാനഡയിൽ നിന്നും വീട്ടില്‍ വന്നു.ആ സമയത്തെല്ലാം ചെല്ലാൻ പറയാറുണ്ട്.പറ്റില്ലെന്ന് മറുപടി കൊടുക്കുംഎന്നാലും ആ ബന്ധം നന്നായിട്ട് തുടർന്നു.പഠനം പൂർത്തിയാക്കി കാനഡയിൽ നിന്നും ഹുദ തിരിച്ചെത്തി.
നിക്കാഹിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് അമൃതയെ അറിയിച്ചു.പോറ്റുമ്മയെ കല്യാണത്തിന് ക്ഷണിച്ചു.മാത്രമല്ലാ…വരാനുള്ള വിസയും ടിക്കറ്റും അയച്ചു കൊടുത്തു.തിരിച്ചൊരു പോക്കില്ലെന്ന് കരുതിയിരുന്നെങ്കിലും മകളുടെ വിളിയില്‍ നാല് വർഷങ്ങൾക്ക് ശേഷം അമൃത വീണ്ടും അറബി നാട്ടിലെത്തി.എയർപോർട്ടിൽ നിന്നും കൊണ്ടു പോകാനെത്തിയതും പൊന്നുമോള് തന്നെ…!
പഴയ ജോലിക്കാരി വീട്ടിൽ അതിഥിയായ് എത്തിയതിൽ എല്ലാവർക്കും സന്തോഷമായി.കല്യാണപ്പെണ്ണിന്റെ മുഴുവൻ വസ്ത്രങ്ങളും ആഭരണങ്ങളും അമൃതയെ കാണിച്ചു.അതോടപ്പം…അമൃതയ്ക്കായ് വാങ്ങി വെച്ച വസ്ത്രങ്ങളും.വിവാഹം എല്ലാ ആർഭാടത്തോടെയും നടന്നു.അമൃത തിരിച്ചു നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയിൽകല്യാണപ്പെണ്ണിന്റെ പുതിയ വീട്ടിലേക്ക് ജോലിക്കാരിയായല്ലാ വീട്ടുകാരിയായിട്ട് പോറ്റുമ്മയെ വീണ്ടും ആജീവനാന്ത കാലത്തേക്ക് ഹുദ നിയമിച്ചു.ജന്മം നൽകാൻ കഴിഞ്ഞില്ലെങ്കിലും കർമ്മം കൊണ്ടൊരു അമ്മയായി.ഇനി ഹുദയുടെ മക്കളെയും നോക്കി ശിഷ്ട ജീവിതംസ്വന്തം ചോരയില്‍ പിറന്ന മക്കൾ അമ്മയെ തല്ലി കൊല്ലുന്ന ഈ കാലത്ത് സ്നേഹ നിധിയായ പോറ്റമ്മയും മകളും കാലങ്ങളോളം ഒരുമിച്ചു ജീവിച്ചു.
ശുഭം
എഴുതിയത് : Rashid Chettipadi